ഇന്ത്യൻ വിദ്യാർഥികളുടെ യു.കെ മോഹത്തിന് നിറം മങ്ങുന്നു
text_fieldsന്യൂഡൽഹി: വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജ്യമാണ് യു.കെ. പഠന വിസയിൽ എത്തുന്നവർക്ക് കുടുംബത്തെയും ഒപ്പം കൂട്ടാമെന്നതാണ് യു.കെ വിസയുടെ പ്രധാന ആകർഷണം. എന്നാൽ, ജനുവരി ഒന്നിന് നിലവിൽ വന്ന പുതിയ വിസ നിയമങ്ങൾ ഇത് ഇല്ലാതാക്കുന്നതാണ്.
പിഎച്ച്.ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്സുകൾ ചെയ്യുന്നവർക്ക് മാത്രമേ ഇനിമുതൽ മാതാപിതാക്കളെയും പങ്കാളികളെയും മക്കളെയും ആശ്രിത വിസയിൽ യു.കെയിലേക്ക് കൊണ്ടുപോകാൻ കഴിയൂ. മറ്റ് കോഴ്സുകളിൽ ചേരുന്നവർക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാൻ കഴിയില്ലെന്നർഥം.
2023 ജൂണിൽ അവസാനിച്ച വർഷം ഇന്ത്യക്കാർക്ക് അനുവദിച്ചത് 1,42,848 സ്പോൺസേർഡ് പഠന വിസകളാണ്. ഒരു വർഷത്തിനിടെ 54 ശതമാനം വർധന. 2023 ജൂണിൽ ആകെ അനുവദിച്ച അഞ്ച് ലക്ഷം പഠന വിസകളിൽ 1,54,000 എണ്ണവും വിദ്യാർഥികളുടെ ആശ്രിതർക്കായിരുന്നു. ഇതിൽ മൂന്നിലൊന്നും നേടിയത് ഇന്ത്യൻ വിദ്യാർഥികളാണ്.
പിഎച്ച്.ഡി കോഴ്സുകൾ ചെയ്യുന്നവർ തൊഴിൽ വിസയിലേക്ക് മാറുന്നതിനുമുമ്പ് ചുരുങ്ങിയത് 24 മാസം പഠനം നടത്തിയിരിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു. ബിരുദ കോഴ്സ് പൂർത്തിയാക്കിയ ശേഷം രണ്ടു വർഷം കൂടി യു.കെയിൽ തങ്ങാൻ അനുവദിക്കുന്ന നിലവിലെ നിയമം പുനഃപരിശോധിക്കാനുള്ള ഒരുക്കത്തിലുമാണ് ഋഷി സുനക് സർക്കാർ. ദുരുപയോഗം തടയാനാണെന്നാണ് പറയുന്നത്.
വിദേശികളായ സാമൂഹിക പരിചരണ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ മാതാപിതാക്കളെയും മക്കളെയും കൊണ്ടുവരുന്നതും സർക്കാർ വിലക്കിയിട്ടുണ്ട്. യു.കെ പഠനവും അതുവഴി സ്ഥിരതാമസവും സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് വൻ തിരിച്ചടിയാണ് പുതിയ മാറ്റങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.