Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2015 2:59 PM GMT Updated On
date_range 13 July 2015 2:59 PM GMTപുല്‍പ്പറമ്പുകാര്‍ നിരാശരാണ്!
text_fieldsbookmark_border
ഞങ്ങള്‍ പുല്‍പ്പറമ്പുകാര്‍ ഇത്തവണ നിരാശരാണ്. മിഥുനം അവസാനിക്കാറായിട്ടും ഒരിക്കല്‍പോലും പ്രളയം അങ്ങാടിയെ തഴുകാത്തതില്‍. ഓര്‍ക്കുന്നില്ളേ? മുക്കം പഞ്ചായത്തിലെ (ഇനിയത് നഗരസഭയിലെ) ചേന്ദമംഗലൂര്‍ ഗ്രാമത്തില്‍പെട്ട പുല്‍പ്പറമ്പ് അങ്ങാടിയുടെ പ്രളയക്കാഴ്ച! ഓരോ കാലവര്‍ഷത്തിലും പലതവണ വെള്ളത്തിനടിയിലാവാന്‍ വിധിക്കപ്പെട്ട പുല്‍പ്പറമ്പ് പത്രങ്ങളില്‍ ഒന്നാംപേജിലെ പതിവുദൃശ്യമാണ്. ഇക്കുറി പക്ഷേ, കാലവര്‍ഷം ചതിച്ച മട്ടാണ്. കച്ചവടക്കാര്‍ പതിവിന് വിപരീതമായി 12 മാസത്തെ വാടകതന്നെ കൊടുക്കേണ്ടിയുംവരും. അല്ളെങ്കില്‍, 10 മാസത്തെ വാടകയേ കൊടുക്കേണ്ടിയിരുന്നുള്ളൂ.
ഓര്‍മവെച്ചനാള്‍ മുതല്‍ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകാറുണ്ട്, അപ്പോഴൊക്കെ ഞങ്ങളുടെ കൊച്ചങ്ങാടി ആവോളം വെള്ളത്തില്‍മുങ്ങി ശുചീകരിക്കപ്പെടാറുമുണ്ട്. ജീവിതത്തില്‍ എത്രതവണ പള്ളിക്കു മുകളിലൂടെ തോണിയാത്ര ചെയ്തിരിക്കുന്നു! ഒരു പെരുന്നാള്‍ദിവസം പുലര്‍ച്ചെ വെള്ളം കയറിത്തുടങ്ങിയ നേരത്ത് പീടികവരാന്തയിലെത്തി നീന്തിക്കുളിച്ചതിന്‍െറ ആഹ്ളാദം ഇന്നും മധുരസ്മരണയാണ്. പുല്‍പ്പറമ്പിലെ തലമുറകള്‍ എവിടെപ്പോയാലും മണ്‍സൂണ്‍കാലത്ത് പ്രളയ വിവരത്തിന് കാതോര്‍ക്കും; ഒരുവിധം കഴിയുമെങ്കില്‍ നാട്ടിലത്തെുകയും ചെയ്യും. മുമ്പത് കൈത്തോണി തുഴയാനും വാഴപ്പിണ്ടിയുടെ തെരപ്പംകെട്ടി സഞ്ചരിക്കാനും ആയിരുന്നെങ്കില്‍ ഇന്നാ സ്ഥാനം കടല്‍ കടത്തിക്കൊണ്ടുവന്ന റബര്‍ ബോട്ടുകള്‍ കൈയടക്കി എന്ന വ്യത്യാസമേയുള്ളൂ.
ബാല്യങ്ങളുടെ ആഹ്ളാദങ്ങള്‍ക്കപ്പുറത്ത് ഖാദുകമായ ദുരിതങ്ങളുടെതായിരുന്നു മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം ചേന്ദമംഗലൂരിലെ പ്രളയകാലം. ഗതാഗതയോഗ്യമായ റോഡിന്‍െറ അഭാവത്തില്‍ പുഴയിലൂടെ കല്ലായിവരെ എത്തുന്ന തോണികളായിരുന്നു അക്കാലത്ത് ഗ്രാമത്തിന്‍െറ അതിജീവനത്തിനാധാരം. പ്ളാവിലയും മലഞ്ചരക്കുകളും കോഴിക്കോട്ടെത്തിച്ച് പകരം, അരിയും പലവ്യഞ്ജനങ്ങളുമായി തിരിക്കുന്ന വലിയ തോണികളെ ആശ്രയിച്ച് ജീവിതം ചിട്ടപ്പെടുത്തിയ നീണ്ട സംവത്സരങ്ങള്‍. മിഥുനം, കര്‍ക്കടകം മാസങ്ങളില്‍ പക്ഷേ, പുഴയില്‍ വെള്ളം ക്രമാതീതമായുയരും. റോഡും നാടും മുങ്ങും. തോണികള്‍ കട്ടപ്പുറത്തുമാവും. പഞ്ഞമാസങ്ങളില്‍ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത വഴിമുട്ടുന്നതോടെ, മഴു വീഴ്ത്തുന്ന പനത്തടികള്‍ മാത്രമാവും ജീവന്‍ നിലനിര്‍ത്തുന്ന അവശ്യവസ്തു. അറുപതുകളുടെ ആരംഭത്തില്‍ ഗ്രാമത്തെ പകുതിയിലധികം വെള്ളത്തില്‍മുക്കിയ പ്രളയം മാസത്തോളംനീണ്ട അനുഭവമുണ്ട് എന്‍െറ ജീവിതകാലത്ത്. അതിനിടെ, ഒരു ബലിപെരുന്നാള്‍കൂടി കടന്നുവന്നപ്പോള്‍ അങ്ങാടിയില്‍ പലചരക്ക് കടക്കാരുടെ ചാക്കുകള്‍ ശുദ്ധശൂന്യം. അപ്പോഴും നാവൂരി പാലുകൊണ്ട് നാടാകെ പെരുന്നാളാഘോഷിച്ചു. പട്ടിണി പങ്കിടാനുള്ള സോഷ്യലിസത്തിന്‍െറ പാഠം ആരും പഠിപ്പിക്കാതെ ഗ്രാമവാസികള്‍ക്ക് വശമായിരുന്നല്ളോ. പില്‍ക്കാലത്ത് താറിട്ട റോഡായി, നഗരത്തിലേക്കും അവിടന്നിങ്ങോട്ടും ബസും ലോറിയും കുതിക്കുകയായി. ഗള്‍ഫ് പ്രവാസത്തിന്‍െറ കവാടം മലര്‍ക്കെ തുറക്കുകകൂടി ചെയ്തതോടെ വറുതിയും പ്രാരബ്ധങ്ങളും വഴിമാറി. പിന്നീടും പ്രളയങ്ങള്‍ മുറതെറ്റിച്ചില്ല. ഗതാഗതം മുടങ്ങുന്നകാലത്ത് അലവിക്കാക്കയുടെ കടത്തുതോണിയായിരുന്നു ആശ്രയം. 1969 ജൂലൈ 20ന് നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയ ചരിത്രനിമിഷത്തില്‍ ജനനിബിഢമായ തോണിയില്‍ മണാശ്ശേരിവരെ കുടയും ചൂടി യാത്രചെയ്തവരില്‍ ഒരുവനായിരുന്നു ഞാനും! പിന്നീടൊരു ജൂലൈയിലും റമദാനിലും തന്നെയായിരുന്നു മാധ്യമ-സാമൂഹികപ്രവര്‍ത്തകനായിരുന്ന ബി.പി. മൊയ്തീനും മറ്റു രണ്ടുപേരും കൊടിയത്തൂരില്‍നിന്ന് ചേന്ദമംഗലൂരിലേക്ക് കടത്തുവഞ്ചിയില്‍ കടക്കെ, ശക്തമായ ഒഴുക്കില്‍പെട്ട് തോണിമറിയുന്നതും അപമൃത്യുവരിച്ചതും. ഇന്ന് പക്ഷേ, ഇരുഗ്രാമങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമായിക്കഴിഞ്ഞു. നിരന്തരമായ മണലൂറ്റുകാരണം ഒരുവക പെരുമഴക്കാലത്തൊന്നും പുഴക്ക് കരകവിയാനാവാത്ത അവസ്ഥയും വന്നുചേര്‍ന്നു.
പ്രളയപുരാണത്തിലെ ഒരനുഭവംകൂടി പകര്‍ത്തി ഇതവസാനിപ്പിക്കട്ടെ. പുരയിടത്തില്‍ വെള്ളം നിറഞ്ഞുനില്‍ക്കെ ഒരുനാള്‍ വീട്ടില്‍ വന്നുകയറുമ്പോള്‍ അന്ന് മൂന്നാം ക്ളാസില്‍ പഠിക്കുന്ന മൂത്ത മകന്‍ ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പുരയിടത്തിലെ താഴെകണ്ടത്തില്‍ ഒഴിക്കുന്ന തിരക്കിലാണ്. ‘എന്തിനാണെടാ ഇപ്പണി’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍െറ മറുപടി: ‘വെള്ളം ഇറങ്ങിപ്പോവുകയാണ്, കളി നിന്നുപോവും.’ അപ്പോള്‍ വെള്ളപ്പൊക്കം തടഞ്ഞുനിര്‍ത്താനാണ് അവന്‍െറ ബക്കറ്റ്പ്രയോഗം. എങ്ങനെയുണ്ട് പുന്നാരമകന്‍െറ ബുദ്ധി എന്നോര്‍ത്ത് ചിരിക്കുമ്പോഴാണ് രണ്ടാം ക്ളാസുകാരനായ അനിയന്‍െറ വരവ്. ഉടനെവന്നു അവന്‍െറ കമന്‍റ്: ‘എന്‍െറ പാഠപുസ്തകത്തിലെ ഡേവിഡിനെ പോലെയാണ് ഉണ്ണി.’ ഡേവിഡ് ഒരു സന്ധ്യക്ക് പണി മതിയാക്കി വീട്ടിലത്തെി, കുളിക്കാന്‍ കിണറിനരികെ എത്തിയപ്പോള്‍ അതിനടിയില്‍ പൂര്‍ണചന്ദ്രനെ കണ്ടതും അവന്‍ ഉടനെ പാതാളക്കരണ്ടി കൊണ്ടുവന്ന് അമ്പിളിമാമനെ പിടിച്ചുകയറ്റാന്‍പെട്ട പാടുമായിരുന്നു രണ്ടാംക്ളാസിലെ കഥ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story