Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഫ്ളക്സ് കേരളം

ഫ്ളക്സ് കേരളം

text_fields
bookmark_border
ഫ്ളക്സ് കേരളം
cancel
പ്ളാസ്റ്റിക് ഷീറ്റില്‍ സ്ക്രീന്‍ പ്രിന്‍റിങ്  നടത്താനുള്ള സാങ്കേതികവിദ്യ വ്യാപകമാവുന്നതിന് മുന്‍പ് തുണി ബോര്‍ഡുകളായിരുന്നു.  തുണിയുടെ പരിമിതികള്‍ അതിജീവിക്കാന്‍ ഫ്ളക്സിനു സാധിച്ചിരിക്കുന്നു.  കൂറ്റന്‍ ഫ്ളെക്സ് ബോര്‍ഡുകളുടെ കാലമാണിപ്പോള്‍.  അവയുടെ ബാഹുല്യം വലിയൊരു പാരിസ്ഥിതിക പ്രശ്നമായി മാറുകയും അവ നിരോധിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നിരുത്സാഹപ്പെടുത്തണമെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.  എന്നാല്‍ നിരോധനം, നിരുത്സാഹപ്പെടുത്തല്‍ തുടങ്ങിയ ഓലപ്പാമ്പുഭീഷണികളൊന്നും ഏശാതെ ഫ്ളക്സ് ബോര്‍ഡുകള്‍ ഇന്ന് കേരളത്തി
ന്‍െറ പൊതുജീവിതത്തിലെ അപ്രതിരോധ്യവും അതിശക്തവും സര്‍വവ്യാപിയുമായ സാന്നിദ്ധ്യമായി വിരാജിക്കുന്നു.  ഫ്ളക്സ് ബോര്‍ഡില്ലാത്ത ഒരു പൊതുജീവിതത്തെക്കുറിച്ച് സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്തവിധം ഈ പ്രതിഭാസം നമ്മുടെ ജീവിതത്തില്‍ അധിനിവേശം നടത്തിക്കഴിഞ്ഞു.
പ്ളാസ്റ്റിക് ഷീറ്റിന്‍െറ വ്യാപകമായ ഉപയോഗം ക്ഷണിച്ചുവരുത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചല്ല ഇവിടെ ചിന്തിക്കുന്നത്.  (അത് തീര്‍ച്ചയായും ആശങ്കപ്പെടേണ്ട കാര്യം തന്നെയാണെങ്കിലും.)  "എവിടത്തെിരിഞ്ഞങ്ങു നോക്കിയാലെന്തവിടെല്ലാം ഫ്ളക്സ് ബോര്‍ഡുകള്‍ മാത്രം' എന്ന അവസ്ഥ.  പരിസ്ഥിതിക്ക് ഏല്‍പിക്കുന്ന ആഘാതത്തേക്കാളേറെ ഗൗരവമായ ധാര്‍മികതയുടെ പ്രശ്നങ്ങള്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ ഉണര്‍ത്തുന്നു.  അത് ഓര്‍മപ്പെടുത്തലാണ് ഈ കുറിപ്പിന്‍െറ ഉദ്ദേശ്യം.
ഈ ബോര്‍ഡുകള്‍ എന്താണ് വിളംബരം ചെയ്യുന്നതെന്ന് അന്വേഷിക്കാം.  കച്ചവട സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍, ഉത്സവങ്ങള്‍, പെരുന്നാളുകള്‍, കലാസമിതിയുടെ വാര്‍ഷികം അങ്ങനെ ഒരു വിഭാഗം.  എന്നാല്‍ എണ്ണമറ്റ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത് ജനനേതാക്കളെ അഭിനന്ദിച്ചുകൊണ്ടാണ്.  റോഡ് ടാര്‍ ചെയ്യിച്ച എം.എല്‍.എക്ക് അഭിവാദ്യങ്ങള്‍, കെ.എസ്.ആര്‍.ടി.സി.യുടെ  പുതിയ ബസ്റൂട്ട് അനുവദിച്ച മന്ത്രിയ്ക്ക് അഭിനന്ദനം, ഏതോ സംഘടനയുടെ അഖിലലോക ജോയിന്‍്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അനുമോദനം- അങ്ങനെ നീളുന്നു പ്രാദേശിക - സംസ്ഥാനതല അനുമോദന-അഭിവാദ്യബോര്‍ഡുകളുടെ നൂറുമേനിവിളവ്.  കേരളത്തിലെ കൊച്ചുപട്ടണങ്ങളിലും ഉള്‍നാടന്‍ കവലകളിലും കാണാം ഈ വിധമുള്ള അനവധി അഭിവാദ്യബോര്‍ഡുകള്‍.  പ്രത്യുപകാരം ചെയ്താല്‍ കൃതജ്ഞതാപൂര്‍വം ഒന്നു മന്ദഹസിക്കാനോ ഒരു നല്ല വാക്ക് പറയാനോ ശീലിക്കാത്ത മലയാളി എപ്പോള്‍ മുതലാണ് തങ്ങള്‍ക്ക് വേണ്ടി ചെയ്ത നല്ലകാര്യങ്ങള്‍ ഓര്‍മിച്ചെടുത്ത് നേതാവിന് കൃതജ്ഞത പ്രകാശിപ്പിക്കാന്‍ തുടങ്ങിയത്?  ഒരാള്‍ക്ക് നേട്ടമോ സ്ഥാനലബ്ധിയോ ഉണ്ടാകുമ്പോള്‍ ഊമക്കത്തും പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന സഹപ്രവര്‍ത്തകര്‍ എന്നു മുതലാണ് അഭിനന്ദനം ഇത്ര പരസ്യമായി അറിയിക്കാനുള്ള മഹാമനസ്കതയ്ക്ക് ഉടമകളായത്? പൊതുജീവിതത്തില്‍ പുതുതായി ആവിര്‍ഭവിച്ച പ്രോത്സാഹനത്തിന്‍െറയും കൃതജ്ഞതാപ്രകടനത്തിന്‍െറയും ഈ പുതിയ അദ്ധ്യായം കണ്ട് "ആശ്ചര്യം ആശ്ചര്യം' എന്നേ പറയാനാവൂ.
ആശ്ചര്യചൂഢാമണി അണിയാന്‍ വരട്ടെ! ആരാണ് ഈ സദ്വികാരങ്ങള്‍ ബോര്‍ഡുകളില്‍ പ്രകാശിപ്പിക്കാന്‍ മുന്നോട്ട് വന്ന "അവര്‍'? ആരാണ് ഈ ബോര്‍ഡുകള്‍ വേണമെന്ന് ആദ്യം പറഞ്ഞവര്‍? ആരാണ് സാമാന്യം നല്ല ചെലവ് വരുന്ന ഈ ബോര്‍ഡുകള്‍ പ്രിന്‍്റ് ചെയ്യിക്കുന്നതിനും വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള പണം മുടക്കിയവര്‍?  അതൊക്കെ അന്വേഷിക്കുമ്പോഴാണ് അഭിന്ദനത്തിന്‍െറയും അഭിവാദ്യത്തിന്‍െറയും അനുമോദനത്തിന്‍െറയും പിന്നാമ്പുറത്ത് എത്തിച്ചേരുന്നത്.  അപ്പോഴാണ് നമുക്ക് അദൈ്വതാനുഭൂതി ഉണ്ടാവുക.  (വേദാന്തികള്‍ സദയം പൊറുക്കുക.  ഇത് വേറെ അദൈ്വതം.) ബോര്‍ഡ് എഴുതിച്ചതും അതിലെ ചിരിക്കുന്ന ഫോട്ടോ തെരഞ്ഞെടുത്തു കൊടുത്തതും ബോര്‍ഡിലെ പ്രശംസാവചനങ്ങള്‍ എഴുതിക്കൊടുത്തതും എവിടെയൊക്കെ അവ സ്ഥാപിക്കണമെന്ന് തീരുമാനിച്ചതും സര്‍വോപരി മുഴുവന്‍ പണവും കൊടുത്തതും ബോര്‍ഡിലെ കഥാനായകന്‍ തന്നെയാകുന്നു.  അതാണ് പരസ്യത്തിന്‍െറ രഹസ്യം.  പക്ഷേ ബോര്‍ഡ് വായിക്കുമ്പോള്‍ ധരിച്ചുകൊള്ളണം ഇതൊക്കെ അനുയായികളുടെ നിര്‍വ്യാജമായ അഭിനന്ദനപ്രകടനമാണെന്ന്.
ഇതിലിപ്പോള്‍ എന്താണിത്ര കുഴപ്പം എന്ന് ചോദിക്കാം.  നയനാനന്ദകരമായ ബോര്‍ഡുകള്‍ നമ്മുടെ നഗരങ്ങള്‍ക്ക് മോടിക്കൂട്ടുകയല്ളേ?  അതില്‍ സന്തോഷിക്കുകയല്ളേ വേണ്ടത്? അങ്ങനെയും വാദിക്കാം.  എന്നാല്‍ ശീലംകൊണ്ട് ശ്രദ്ധിക്കാതെ പോകുന്ന ഒരു വലിയ അപകടം ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്.  ക്വിറ്റിന്ത്യാസമരം വിജയിച്ചതില്‍ തന്നെ അഭിനന്ദിക്കുന്ന ആയിരം ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അതിനുള്ള പണം താന്‍ തരികയോ സ്പോണ്‍സര്‍മാരെ കണ്ടത്തെുകയോ ചെയ്യാമെന്നും ഗാന്ധിജി അനുയായികളോട് പറയുന്ന ഒരു സന്ദര്‍ഭം നമുക്ക് സങ്കല്‍പ്പിക്കാന്‍കൂടി സാധിക്കുമോ?  അത് ഭാവനയില്‍ പോലും വഴങ്ങാത്തത് അസത്യവും അധാര്‍മികതയും ഗാന്ധിജിയോട് ചേര്‍ത്ത് വായിക്കാന്‍ നമുക്ക് കഴിയാത്തതുകൊണ്ടാണ്.  ഫ്ളക്സ് ബോര്‍ഡുകളിലൂടെ വിളംബരം ചെയ്യപ്പെടുന്ന ആത്മാനുമോദനത്തിലെ കാപട്യം അനുവദനീയവും അനിവാര്യവുമായി നാം അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.  "മധുരിച്ചീടും സ്വയം പരിശീലിപ്പൊരു കയ്പ് താനുമേ' എന്ന കവിവചനത്തിന് ഇങ്ങനെയുമൊരു വ്യാഖ്യാനമോ?  "ഇത്രയൊക്കെ കാപട്യം ഇല്ലാതെ ജീവിക്കാനാവുമോ' എന്ന പ്രായോഗിക നിലപാടില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ തെറ്റും ശരിയും തമ്മിലുള്ള വേര്‍തിരിവ് മലവെള്ളത്തില്‍ മണല്‍ത്തുരത്തു കണക്കെ ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു.  നിര്‍ദോഷമെന്ന് തോന്നുന്ന ഈ വ്യാപകമായ കാപട്യം വലിയ കളവുകള്‍ ചെയ്യാന്‍ അവശ്യം വേണ്ട ധാര്‍മികതയുടെ മരവിപ്പിലേക്ക് ഒരു സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെ, പിടിച്ചുതാഴ്ത്തുന്നു.  ഫ്ളക്സ് കേരളത്തിന്‍െറ അപായ സൂചനകള്‍ അത്ര നിസ്സാരമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story