Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightവിംബ്ള്‍ഡണിലെ മധുരം...

വിംബ്ള്‍ഡണിലെ മധുരം മാഞ്ഞ സ്ട്രോബറി

text_fields
bookmark_border
വിംബ്ള്‍ഡണിലെ മധുരം മാഞ്ഞ സ്ട്രോബറി
cancel
ബാല്യത്തില്‍ എന്നുപറഞ്ഞാല്‍ അത് ശരിയാവുകയില്ല, തിരിച്ചറിവുണ്ടാകുന്നതിനുമുമ്പ് നിറമുള്ള സങ്കല്‍പങ്ങളും സ്വപ്നങ്ങളും മനസ്സിലത്തെുംമുമ്പ് മനസ്സില്‍ പതിഞ്ഞ ഒരു വാക്കും സ്ഥലവുമാണ് ‘ലണ്ടന്‍’. എന്‍െറ ഉമ്മയുടെ അമ്മാവന്‍െറ മകള്‍ ഫൗസിയത്താത്തയെ ലണ്ടനിലാണ് കെട്ടിച്ചയച്ചതെന്ന് കൊച്ചിലേ കേട്ടിരുന്നു. അതു കൊച്ചിക്കപ്പുറമുള്ള ഏതോവലിയ സ്ഥലമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. കാരണം, അക്കാലത്ത് കല്യാണങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കുമായി ഇടക്കിടക്ക് ഇടവയില്‍നിന്ന് ആലപ്പുഴവഴി കൊച്ചിയിലേക്ക് യാത്രകളുണ്ടായിരുന്നു. അന്ന് മനസ്സില്‍ പതിഞ്ഞിരുന്ന സ്ഥലങ്ങളായിരുന്നു കൊല്ലവും ആലപ്പുഴയും കൊച്ചിയും. കുറെക്കൂടി തിരിച്ചറിയാനായപ്പോള്‍ ‘ലണ്ടന്‍ നഗരം’ വീട്ടിലെ ചര്‍ച്ചകളില്‍ ഇടക്കിടക്ക് കടന്നുവരുകയും ചെയ്തു. എന്‍െറ ബാപ്പയുടെ അടുത്ത ബന്ധുവും അതിലധികം കൂട്ടുകാരനുമായ ഹുസൈന്‍ മാമ, വിഭജനത്തിനുമുമ്പേ അവിടാണ് താമസം. ഇടക്കിടക്ക് വരുമ്പോള്‍ മിഠായിയും ടിന്നിലടച്ച പഴങ്ങളും ഒരു ചാവി തിരിച്ച് തുറക്കാവുന്ന ടിന്നിലെ ഓട്സും പിന്നെ സ്ഥിരം പുകവലിക്കാരനായ ബാപ്പക്ക് അദ്ദേഹത്തിന്‍െറ ബ്രാന്‍ഡായ അന്നത്തെ ടിന്നിലടച്ച ‘പ്ളയേഴ്സ്’ സിഗരറ്റുമൊക്കെ എത്തിച്ചിരുന്നത് ഹുസൈന്‍ മാമയായിരുന്നു. നിന്നെ ഞാനങ്ങോട്ട് കൂട്ടാം, നല്ല മാര്‍ക്ക് വാങ്ങി ജയിച്ചാല്‍ എന്നുപറയുകയും ചെയ്യുമായിരുന്നു. അവസാനം ഞാന്‍ ബിരുദമൊക്കെ കഴിഞ്ഞ് കോച്ചായിക്കഴിഞ്ഞ് ഒരു ദിവസം അദ്ദേഹം വീട്ടില്‍വന്നപ്പോള്‍, പറഞ്ഞത് ഒരു പാസ്പോര്‍ട്ട് എടുത്തുവെക്ക്, എപ്പോഴെങ്കിലും ഒരു സന്ദര്‍ശനമാകാം ഞാന്‍ ക്ഷണക്കത്തും വിസക്കുള്ള കടലാസുകളും അയച്ചുതരാം. അന്ന് ഞാനത് കാര്യമാക്കിയില്ല. പോകണമെന്ന് തോന്നിയതുമില്ല...
1988 നവംബറിലാണ് എനിക്ക് അന്നത്തെ ഈസ്റ്റ് ജര്‍മനിയില്‍ ബിരുദാനന്തരപഠനത്തിന് സ്കോളര്‍ഷിപ് ലഭിച്ച വിവരമറിഞ്ഞത്. പിന്നൊക്കെ ധിറുതിയിലായിരുന്നു. 1989 മാര്‍ച്ച് ഒന്നിന് ലൈപ്സിഷിലെ കാള്‍ മാര്‍ക്സ് യൂനിവേഴ്സിറ്റിയിലത്തെണം. എങ്ങനെയൊക്കെയോ സമയത്തിനുതന്നെ അവിടെയത്തൊനായി. ആദ്യ ആഴ്ചതന്നെ ഞാന്‍ ഹുസൈന്‍ മാമയെ വിളിച്ചു വിവരമറിയിച്ചു. അദ്ദേഹം അതീവ സന്തുഷ്ടനായി കാണപ്പെട്ടു. ഏറ്റവും അടുത്ത അവധിക്കുതന്നെ വരാന്‍ തയാറായിക്കോ, നിന്‍െറ പാസ്പോര്‍ട്ടിന്‍െറ ഒരു കോപ്പിയും അവിടെ വിദ്യാര്‍ഥിയാണെന്നുകാണിച്ച് പ്രഫസറുടെ ഒരു കത്തും ഇങ്ങോട്ടയച്ചുതാ. ഞാനൊരു ഉപാധിവെച്ചു, വന്നാല്‍ എനിക്ക് വിംബ്ള്‍ഡണ്‍ മത്സരങ്ങള്‍ കാണണം. അതിനുള്ള അവസരമുണ്ടാക്കണം. എന്നാല്‍, അത് ജൂണ്‍ ഒടുവിലും ജൂലൈ ആദ്യവും ആക്കണം അന്നാണ് മത്സരങ്ങള്‍. ഭാഗ്യത്തിന് ഞങ്ങളുടെ ആദ്യ അവധി അതേ സമയത്തുതന്നെ  ആവുകയും ചെയ്തു.
ഡോര്‍ട്ട്മുണ്ടിനടുത്ത് കാസ്ട്രോപു റൗസ്സല്‍ എന്നസ്ഥലത്ത് പോള്‍ പനക്കല്‍ എന്ന എന്‍െറ കൂട്ടുകാരനുണ്ട്. അദ്ദേഹത്തിന്‍െറ ചേട്ടന്‍ ബാങ്ക് ജീവനക്കാരനായ ജോണ്‍ പനക്കല്‍ വഴിയാണ് പോളിനെ പരിചയപ്പെടുന്നത്. നേരെ ഡോര്‍ട്ട്മുണ്ടിലത്തെിയാല്‍ അവിടെനിന്ന് ലണ്ടനിലേക്ക് പറക്കാനുള്ള സൗകര്യമുണ്ടാക്കിത്തരാമെന്ന് അറിയിക്കുകയും ചെയ്തു. എനിക്കാണെങ്കില്‍ ലണ്ടന്‍ യാത്രക്കൊപ്പം മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. അന്ന് ബെല്‍ജിയത്തിലെ ആന്‍ഡ് വെര്‍ഷ്യ സര്‍വകലാശാലയില്‍ രസതന്ത്രത്തില്‍ ഗവേഷണം നടത്തുന്ന എന്‍െറ ബന്ധു ഹിഷാമിനെയും സന്ദര്‍ശിക്കണം. ഹിഷാം വക്കം മൗലവിയുടെ ചെറുമകനും നല്ല എഴുത്തുകാരനുമായിരുന്നു. അടുത്തകാലത്ത് മസ്കത്ത് സര്‍വകലാശാലയില്‍ പ്രഫസറായിരിക്കെ, ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അങ്ങനെ പോള്‍ എനിക്കായി യാത്രാപദ്ധതി തരമാക്കി. ലണ്ടനില്‍നിന്ന് ഡോവര്‍ വഴി ഇംഗ്ളീഷ് ചാനല്‍ കടന്ന് ‘ഓസ്റ്റ് എന്‍ഡ്’ തുറമുഖത്തത്തെുക, അവിടെ ഹിഷാമത്തെും. ഒരാഴ്ച ബെല്‍ജിയത്തില്‍ പറഞ്ഞുറപ്പിച്ചതുപോലെ ഞാനും അന്നത്തെ എന്‍െറ സഹപാഠി ഗ്വാളിയോര്‍ ലക്ഷ്മീഭായ് ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലെ പ്രഫസര്‍ ഡോ. വീരേന്ദ്രകുമാര്‍ ദബാസുമായി ലൈപ്സിഷില്‍നിന്ന് ഡോര്‍ട്ട്മുണ്ടിലത്തെി. അടുത്തദിവസം ഡ്യൂസല്‍ ഡോര്‍ഫ് വിമാനത്താവളത്തില്‍നിന്ന് പറക്കാനായി, പോള്‍ ടിക്കറ്റും തയാറാക്കിയിരുന്നു.
കൃത്യം 26 വര്‍ഷങ്ങള്‍ക്കുമുമ്പ് ജൂണ്‍ 23 ഞാനും ഡോക്ടര്‍ ദബാബുംകൂടി ഡ്യൂസല്‍ ഡോര്‍ഫ് നഗരത്തില്‍നിന്ന് എന്‍െറ ബാല്യത്തിലെ ലണ്ടനിലേക്ക് കൊച്ചിക്കപ്പുറമുള്ള ആ വലിയ പട്ടണത്തിലേക്ക് ഞാന്‍ പറന്നു. ഒരു മണിക്കൂറിലും കുറഞ്ഞ സമയമേ വേണ്ടിവന്നുള്ളൂ. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍െറ തലസ്ഥാനമായ ലണ്ടന്‍ നഗരത്തിലെ ഹീത്രു വിമാനത്താവളത്തില്‍ പറന്നിറങ്ങാന്‍ ദബാസിന്‍െറ വല്യച്ചനും മക്കളും വന്നിരുന്നു. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാന്‍. ഹുസൈന്‍ മാമ കുടുംബസമേതമത്തെിയിരുന്നു എന്നെ സ്വീകരിക്കാന്‍. ആക്ടറ്റണിലെ അദ്ദേഹത്തിന്‍െറ വീടത്തെും വരെ, ബാല്യവും കൗമാരവുമൊക്കെ ഓര്‍ത്തെടുക്കുന്ന സംഭാഷണത്തിന്‍െറ അകടമ്പടിയോടെ ലണ്ടനിലേക്കുള്ള യാത്രയുടെ ചരിത്രപശ്ചാത്തലം ഞങ്ങള്‍ പങ്കിട്ടു.
ഹുസൈന്‍ മാമയുടെ അളിയന്‍െറ മകന്‍ നവാസ് അന്നു തുര്‍ക്കിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. അവധിക്കാലത്ത് അവനും അവിടെയുണ്ടായിരുന്നു. ഞാന്‍ പോകുന്നതുവരെ എന്‍െറ ഗൈഡായിട്ടവനുണ്ടാകുമെന്ന് ഹുസൈന്‍ മാമ അറിയിച്ചു. കാരണം, മറ്റാരെക്കാള്‍ ലണ്ടന്‍ നഗരത്തെ കുറിച്ചറിയുന്ന ആളായിരുന്നു അന്നത്തെ ആ പയ്യന്‍സ്.
എനിക്കാണെങ്കില്‍ ലണ്ടന്‍ നഗരത്തില്‍ ആകെ കാണണമെന്നുണ്ടായിരുന്നത് വിംബ്ള്‍ഡന്‍ കളിക്കളവും അവിടത്തെ കളികളും പിന്നെ ഫുട്ബാള്‍ ടെമ്പ്ള്‍ എന്നു പേരുള്ള വെംബ്ളി സ്റ്റേഡിയം പറഞ്ഞുകേട്ടിരുന്ന ഹൈഡ് പാര്‍ക്കിലെ സ്പീക്കേഴ്സ് കോര്‍ണറും. 15 ദിവസം സമയമുള്ളതുകൊണ്ട് ‘ഹുസൈന്‍ മാമ’ അല്‍പം അകലെയുള്ള ബന്ധുക്കളെയൊക്കെ കാണാനും സൗകര്യമൊരുക്കി.
ടെന്നിസ് ഒരു വികാരമായിരുന്നു. രാമനാഥന്‍ കൃഷ്ണനും ആനന്ദ് അമൃതരാജുമൊക്കെ വിംബ്ള്‍ഡന്‍ സെമിഫൈനലില്‍ എത്തിയതും അച്ഛനെ പിന്തുടര്‍ന്ന് രമേശ് കൃഷ്ണനും ‘പുണ്യ പുല്‍ത്തകിടിയില്‍’ സെമിയിലത്തെിയതും ഡേവിഡ് കപ്പില്‍ പ്രേംജിത്ലാലും ജയദീപ് മുഖര്‍ജിയുമൊക്കെ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്നതും അന്നത്തെ ‘ടെലിവിഷനായ’ ആകാശവാണിയിലെ വിവരണങ്ങള്‍ കേട്ടറിഞ്ഞ്, ടെന്നിസ് ആരാധകനായ ഞാന്‍ കളി എഴുത്തുകാരനായിട്ടും അതിനോടുള്ള സൗഹൃദം വിട്ടില്ല. ഒരുപാട് ഞാനെഴുതി ബോറിസ് ബക്കറെക്കുറിച്ചും സ്റ്റെഫാന്‍ എഡ്ബര്‍ഗിനെയും. ഒരിക്കലും വിംബ്ള്‍ഡണില്‍ മുത്തമിടാനാകാതെ പുല്ല് പശുവിന് തിന്നാനുള്ളതാണെന്നുപറഞ്ഞു രംഗമൊഴിഞ്ഞ ഇവാന്‍ ലെന്‍ഡലിനെക്കുറിച്ചുമൊക്കെ.
ദിവസവും രാവിലെ എട്ടുമണിയാകുമ്പോള്‍ ഞാനും നവാസും പുറത്തിറങ്ങും ആറുമണിക്കകം തിരിച്ചത്തെണമെന്ന നിബന്ധനയോടെ. കാരണം, രാത്രികള്‍ ബന്ധുക്കള്‍ക്കുള്ളതായിരുന്നു ദീര്‍ഘ ദൂരമുള്ള കാര്‍യാത്രകള്‍.
ആദ്യമെ ഞങ്ങളത്തെിയത് ലണ്ടന്‍ മെട്രോ സ്റ്റേഷനിലായിരുന്നു. ജര്‍മന്‍ യു ബാനെക്കാള്‍ (ജര്‍ന്‍ മെട്രോയുടെ പര്യായം) തിരക്കും ഭംഗിയും സൗകര്യങ്ങളും ഒക്കെയുള്ളതാണ് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്. നേരെ ചെന്നിറങ്ങിയത് മദം തുസേയുടെ വാക്സ് മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് വിസ്മയക്കാഴ്ചകള്‍ കണ്ട് ഇന്ദിര ഗാന്ധി മഹാത്മാഗാന്ധി, ബോറിസ് ബക്കര്‍, മാര്‍ട്ടീന നവരത്ലോവ, യാസര്‍  അറാഫത്, ഹിറ്റ്ലര്‍ ‘എന്നിവര്‍ക്കൊപ്പംനിന്ന് ഫോട്ടോയുമെടുത്ത്’ മടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെംബ്ളി സ്റ്റേഡിയം, ട്രാഫല്‍ഗര്‍ സ്ക്വയര്‍, പിക്കാഡ് ലീ സര്‍ക്കസ്, ലണ്ടന്‍ ബ്രിഡ്ജ്. പ്രധാനമന്ത്രിയുടെ വസതി, നമ്പര്‍ പത്ത് ഡൗണിങ് സ്ട്രീറ്റ്, ടവര്‍ ബ്രിഡ്ജ്, ഹൈഡ് പാര്‍ക്ക് ഒക്കെ കണ്ട് ഒടുവില്‍ ഹൈഡ് പാര്‍ക്കിലെ പ്രസംഗവേദിയും കണ്ട് കഴിഞ്ഞപ്പോഴേക്കും വിംബ്ള്‍ഡന്‍ ഉദ്ഘാടനമായി ഹുസൈന്‍ മാമയുടെ മൂത്ത മകന്‍ ഷാന്‍ ഫൈനലടക്കമുള്ള നാല് കളികള്‍ക്കുള്ള ടിക്കറ്റ് സംഘടിപ്പിച്ചിരുന്നു.
26ാം തീയതിയായിരുന്നു ഉദ്ഘാടനമത്സരം. അത് വീട്ടിലിരുന്ന് ടെലിവിഷനില്‍ കണ്ടു. ബോറിസ് ബെക്കറും പോള്‍ ചേംബര്‍ലിനും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു ആദ്യ കണ്ടത്. ബക്കര്‍ അനായാസം ജയിച്ചു. സ്കോര്‍ ഓര്‍ക്കാനാകുന്നില്ല. കളിയെക്കാള്‍ ഹരമായിട്ടുള്ളത് മത്സരം കാണാനത്തെുന്നവരുടെ ആഘോഷസംവിധാനങ്ങളാണ്. ഓരോരൊ കളിക്കാരന്‍െറയും ആരാധകര്‍ സംഘമായി, തികച്ചും മാന്യമായി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ പ്രോത്സാഹിപ്പിക്കുന്നതും ഇടവേളകളില്‍ പുറത്തു നിരനിരയായിട്ട് വയലറ്റ് നിറത്തില്‍ സ്ഥാപിച്ചിരിക്കുന്ന
സ്റ്റാളുകളില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന മില്‍ക് ക്രീം ചേര്‍ത്ത സ്ട്രോബറി പഴങ്ങള്‍ വാങ്ങി കൈയില്‍ കൊണ്ടുവന്ന് ആസ്വദിക്കാത്ത ഒരു വിംബ്ള്‍ഡന്‍ കാണിയും ഉണ്ടാകില്ളെന്നറിയിച്ചത് ഹുസൈന്‍ മാമയുടെ മകനായിരുന്നു. ഇടക്ക് പുറത്തുപോയി രണ്ട് ബൗള്‍ നിറയെ തുടുത്ത ചുവപ്പുനിറമുള്ള സ്ട്രോബറിയുമായി മടങ്ങിയത്തെി. ലൈവ്സിഷ് നഗരത്തില്‍ കിട്ടിയിരുന്ന സ്ട്രോബറിയുടെ എത്രയോ ഇരട്ടിമധുരവും ആസ്വാദ്യതയും അന്നതിന് അനുഭവപ്പെട്ടു. ജൂലൈ ഒമ്പതിനുള്ള ഫൈനല്‍ എനിക്ക് ദു$ഖവും വേദനയുമാണ് സമ്മാനിച്ചത്. നിലവിലെ ജേതാവായിരുന്ന അക്കാലത്തെ യുവജനങ്ങളുടെ ആരാധനാപാത്രമായിരുന്ന ബോറിസ് ബക്കര്‍, സ്റ്റെഫാന്‍ എഡ്ബര്‍ഗിനെ ഫൈനലില്‍ നേരിട്ടത്. ഞാനടക്കമുള ബോറിസ് ബക്കര്‍ ആരാധകരെ വേദനിപ്പിച്ചുകൊണ്ട് സ്വീഡന്‍ കാരന്‍ വിംബ്ള്‍ഡന്‍ ചരിത്രത്തിലെ ഏറ്റവും ‘സമയം കുറഞ്ഞ’ ഒരു ‘ഫൈനല്‍ മത്സരത്തില്‍’ ബക്കറെ വീഴ്ത്തി. എന്‍െറ ഓര്‍മ ശരിയാണെങ്കില്‍ ആദ്യ സെറ്റ് 6-0ന് ആണ്‍ ബക്കര്‍ തോറ്റത്. മധുരം നുകര്‍ന്ന സ്ട്രോബറിയുടെ ആസ്വാദ്യതപോലും നാവില്‍നിന്ന് മാഞ്ഞുപോയി. വല്ലാത്ത നഷ്ടബോധത്തോടെയും വേദനയോടെയുമായിരുന്നു അന്ന് വിംബ്ള്‍ഡനോട് യാത്ര പറഞ്ഞത്.
 
യാത്ര തുടരുന്നു
‘നടുക്കടലില്‍’
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story