Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightദൂ$ഖം നിറക്കുന്ന...

ദൂ$ഖം നിറക്കുന്ന സന്തോഷ്ട്രോഫി

text_fields
bookmark_border
ദൂ$ഖം നിറക്കുന്ന സന്തോഷ്ട്രോഫി
cancel

കാത്തിരിപ്പിന് നീളം കൂടുകയാണ്. ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരിക്കല്‍കൂടി കേരളം പടിക്കല്‍ എത്തി കലം ഉടച്ചു.
അറുപത്തൊമ്പതാമത് സന്തോഷ് ട്രോഫി മത്സരത്തിന്‍െറ സെമി ഫൈനലില്‍ ഒന്നര മണിക്കൂറും ഗോളടിയില്ലാതെ പിടിച്ചുനിന്നശേഷം എക്സ്ട്രാ ടൈമില്‍ മൂന്നു തവണ പോസ്റ്റ് തുറന്നു വിട്ടു. അവര്‍ പഞ്ചാബില്‍ നിന്നു മടങ്ങി. രണ്ടു വര്‍ഷം മുമ്പ് കൊച്ചിയിലെ ഫൈനലിലെന്നപോലെ ഇവിടെ സെമിയിലും മലയാളികള്‍ നിറഞ്ഞ സര്‍വിസസ് ടീമാണ് അവരുടെ കഥ കഴിച്ചത്്.
 ആ സൈനിക ടീം ആതിഥേയരെകൂടി കീഴടക്കി, നാലാമതൊരിക്കല്‍ ചാമ്പ്യന്മാരായി എന്നത് നേര്. അഞ്ചു തവണ ഫൈനലിലത്തെി തോറ്റ സര്‍വിസസിനു ഇത് നാലാം കിരീടമായിരുന്നു. 2012ല്‍ കട്ടക്കിലും 2013ല്‍ കൊച്ചിയിലും വിജയപീഠം കയറിയ അവരെ ഇത്തവണയും ചാമ്പ്യന്‍പട്ടത്തിലത്തെിക്കാന്‍ കഴിഞ്ഞതില്‍ കോച്ച് സതീശ് കുമാര്‍ ഏറെ ആഹ്ളാദിക്കുന്നുണ്ടാവും. കര്‍ണാടകയുടെ ജൂനിയര്‍ ടീമില്‍ കളിച്ച് സര്‍വിസസിന്‍െറ കളിക്കാരനായി അഞ്ചു തവണ മിലിട്ടറി യൂനിഫോമിട്ട ഈ ഫോര്‍വേഡ്, പരിശീലകനായി വേഷമിട്ടശേഷം സൈനികര്‍ക്ക് നേടിക്കൊടുക്കുന്ന മൂന്നാമത്തെ സന്തോഷ് ട്രോഫി ആണിത്. ബംഗളൂരു എം.ഇ.ജിയില്‍ സുബേദാര്‍  ആണ് ഈ ആലപ്പുഴ തകഴി സ്വദേശി.
കേരളവും അഞ്ചു തവണ നാഷനല്‍ ജയിച്ചിരുന്നു എന്നത് നേര്. എന്നാല്‍, പഴയകാല സൈനികര്‍ പരിശീലന ചുമതല ഏറ്റെടുത്തിട്ടും ആവര്‍ത്തിക്കാന്‍ കഴിയാത്ത ജയമായി സന്തോഷ് ട്രോഫി കേരളത്തെ ടച്ച് ലൈനിനു പുറത്തു നിര്‍ത്തുന്നു.
സ്വന്തം മണ്ണില്‍ ചരിത്രത്തിലാദ്യത്തെ കപ്പ് ജയം കൊച്ചിയില്‍ ആഘോഷിക്കാന്‍ തമിഴ്നാട്ടുകാരനായ കോച്ച് ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്‍െറ തുണ നമ്മുടെ കണ്ണൂര്‍ മണിക്കും കൂട്ടുകാര്‍ക്കുമുണ്ടായിരുന്നു. പിന്നീട് നാലു തവണകൂടി കേരളം ആ ചാമ്പ്യന്‍ഷിപ് നേട്ടത്തിലേക്കു തിരിച്ചുവന്നു.
അതില്‍ പിന്നീട് ഫൈനലില്‍ എത്തിയപ്പോള്‍പോലും പെനാല്‍ട്ടികള്‍ക്കു തോല്‍ക്കുന്ന കഥകൂടി പറഞ്ഞ ശേഷമാണ് ഇത്തവണ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് നാം ചെന്നത്.
മഞ്ചേരിയില്‍നടന്ന മേഖലാ മത്സരത്തില്‍ കോഴിക്കോട്ടുകാരനായ സുര്‍ജിത്തിന്‍െറ നേതൃത്വത്തില്‍ യോഗ്യത നേടി ഫൈനല്‍ റൗണ്ടില്‍ മറ്റു ഒമ്പതു ടീമുകളോടൊപ്പം എത്തിയതായിരുന്നു കേരളവും. എന്നാല്‍, കോഴിക്കോട്ടെ നാഷനല്‍ ഗെയിംസിലെന്നപോലെ പഞ്ചാബിലെ ഫൈനല്‍ റൗണ്ടിലും വിഷാദത്തിന്‍െറ  കോപ്പയാണ്  നിറഞ്ഞത്. മഞ്ചേരിയില്‍ കര്‍ണാടകയെ നാലു ഗോളിന് തകര്‍ത്ത ഷൂട്ടിങ് ബൂട്ടുകള്‍ നമ്മുടെ കുട്ടികള്‍ മറന്നുപോയി.
നാഷനല്‍ ഗെയിംസിലെ പരാജയത്തിനു ഗോവയോട് മധുരതരമായി പകവീട്ടി കയറിയ അവര്‍ നിലവിലുള്ള ചാമ്പ്യന്മാരായ മിസോറമിനോട് തോറ്റപ്പോഴും ഡല്‍ഹിയെയും റെയില്‍വേസിനെയും പരാജയപ്പെടുത്തിയാണ് സെമിഫൈനലിലേക്കു കടന്നുചെന്നത്.
എന്നാല്‍, 1961ല്‍ നടാടെ സെമിഫൈനല്‍ കണ്ട കോഴിക്കോട് നാഷനല്‍പോലെ ഇവിടെയും അവര്‍ക്കു പരാജയത്തിന്‍െറ കയ്പുനീരാണ് കുടിക്കേണ്ടിവന്നത്.
രണ്ടു വര്‍ഷം മുമ്പത്തെ കൊച്ചി നാഷനലിന്‍െറ ഫൈനലിലെന്നപോലെ, സൈനിക ടീം അവര്‍ക്കു ബാലികേറാമലയായി ലുധിയാനയില്‍െ ഗുരു ഗോവിന്ദ് സ്റ്റേഡിയത്തില്‍  മുഴുസമയവും സര്‍വിസസിനെ സമനിലയില്‍ തളച്ച അവരുടെ ഗോള്‍വലയം എക്സ്ട്രാ സമയത്ത് മൂന്നു തവണ തകര്‍ന്നുപോകുകയായിരുന്നു.
കേരളത്തെ ജയിച്ചുകയറ്റിയ ഏഴു മലയാളികളുള്‍പ്പെട്ട സര്‍വിസസാകട്ടെ മുന്‍ ചാമ്പ്യന്മാരായ മിസോറമിനെ കെട്ടുകെട്ടിച്ചുവന്ന ആതിഥേയരായ പഞ്ചാബിനെ കലാശക്കളിയില്‍ പെനാല്‍ട്ടികള്‍ക്കു കീഴടക്കുകയും ചെയ്തു.
എല്ലാ സംസ്ഥാനങ്ങളില്‍നിന്നും മികച്ച കളിക്കാരെ കണ്ടത്തെി ടീം ഒരുക്കുന്ന സര്‍വിസസിനു തീര്‍ച്ചയായും അവരുടെ തൊപ്പിയില്‍ ഒരു തൂവലാണിത്. ഇന്ത്യക്ക് പന്തുകളി പഠിപ്പിച്ചവരാണ് പട്ടാളക്കാര്‍. എണ്ണം പറഞ്ഞ ഒട്ടേറെ ക്ളബുകള്‍ക്ക് ജന്മം നല്‍കിയ സര്‍വിസസിന് ഫുട്ബാളില്‍ ആദ്യത്തെ വസന്തം വിരിയിക്കാന്‍ 1961 വരെ കാത്തുനില്‍ക്കേണ്ടിവരുകയുണ്ടായി.
അന്നു കോഴിക്കോട്ട് നാഷനലില്‍ ഒളിമ്പ്യന്‍ ഗോളി തങ്കരാജാണ് ഒരൊറ്റെ ഗോളും വഴങ്ങാതെ അവര്‍ക്ക് സന്തോഷ് ട്രോഫി നേടിക്കൊടുത്തത്. അത്ലറ്റിക്സിലും ഹോക്കിയിലും ബാസ്കറ്റ്ബാളിലും വോളിബാളിലുമൊക്കെ ദേശീയ കിരീടങ്ങള്‍ ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കു തുടര്‍ച്ചയായി എത്തിക്കാറുള്ള അവര്‍ക്ക് ഫുട്ബാളും ക്രിക്കറ്റും എന്നും കിട്ടാക്കനിയായിരുന്നു.
കോഴിക്കോട്ടെ ആ തുടക്കം, വര്‍ഷങ്ങള്‍ക്കു ശേഷം ആവര്‍ത്തിച്ച അവര്‍ ഒരു വര്‍ഷത്തെ വിടവിനുശേഷം ചാമ്പ്യന്‍പട്ടത്തിലേക്കു തിരിച്ചുവരുമ്പോള്‍ രാജ്യാന്തരങ്ങളില്‍ വര്‍ഷംതോറും മൂന്നു നാലും പടി ഇറങ്ങി നില്‍ക്കേണ്ടിവരുന്ന ഇന്ത്യന്‍ ഫുട്ബാളിനു പുതിയ കുറേ നല്ല സ്വപ്നങ്ങള്‍ കാണാവുന്നത്രെ.

ശേഷവിശേഷം: പട്ടാളക്കാരോട് കളിക്കുമ്പോള്‍ നാം കവാത്ത് മറക്കുകയാണോ?
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story