എന്‍.പി. മുഹമ്മദ് c/o എന്‍.പി. മൊയ്തീന്‍
text_fieldsഎന്‍.പി മുഹമ്മദും (ഇടത്) എന്‍.പി മൊയ്തീനും (ഫയല്‍ ചിത്രം)
കോഴിക്കോട്ടെ ദേശീയ മുസ്ലിം സമൂഹത്തിലെ ഒടുവിലത്തെ കണ്ണിയും ഉറച്ച മതേതര ജനാധിപത്യവാദിയും അഴിമതിയുടെ കറപുരളാത്ത കോണ്‍ഗ്രസുകാരനുമാണ് എന്‍.പി. മൊയ്തീന്‍െറ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍ ജ്യേഷ്ഠന്‍ എന്‍.പി. മുഹമ്മദിന്‍െറ കൂടെ പതിറ്റാണ്ടുകള്‍ക്കുമുമ്പ് പങ്കെടുത്ത ഒരു പരിപാടിയുടെ അനുഭവം ഓര്‍ക്കാതെവയ്യ. മതേതരത്വത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സെമിനാറായിരുന്നു വേദി. സെമിനാര്‍ നടക്കുന്ന മഞ്ചേരിയിലേക്കുള്ള യാത്രാമധ്യേ ഞങ്ങള്‍ പലതും സംസാരിച്ചു. ആശയപരമായി ഞാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ബദ്ധവൈരിയായിരുന്നു അന്ന് അദ്ദേഹമെങ്കിലും തികച്ചും സൗഹൃദപരമായിരുന്നു സംഭാഷണങ്ങള്‍. ഞങ്ങള്‍ നിശ്ചിതസമയത്ത് വേദിയിലത്തെി. പരിപാടിയില്‍ പ്രഥമ പ്രസംഗകന്‍ മുതിര്‍ന്ന സാഹിത്യകാരന്‍ എന്‍.പി തന്നെ. അദ്ദേഹം പ്രസംഗം തുടങ്ങിയത് ഇങ്ങനെ: ‘ഞാന്‍ ഈ സെമിനാറില്‍ സംബന്ധിക്കാന്‍ ഒരേയൊരു കാരണമേയുള്ളൂ. ഇതിലേക്കു സംഘാടകരുടെ ക്ഷണം എനിക്ക് ലഭിച്ചത് ശ്രീ. എന്‍.പി. മുഹമ്മദ് C/o എന്‍.പി. മൊയ്തീന്‍ എന്ന വിലാസത്തിലാണ്. അനുജന്‍ മൊയ്തീന്‍െറ C/oല്‍ അല്ലാതെ എനിക്ക് സ്വന്തമായ ഒരു മേല്‍വിലാസം ഇല്ളെന്ന് ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി. ഇത്രയുംകാലം എഴുതിയും പറഞ്ഞും നടന്നിട്ട് എന്തുകാര്യം? മുഴുസമയ രാഷ്ട്രീയക്കാരനായ മൊയ്തീനെ മാത്രമേ ജനം അറിയൂ. ഇനി എന്നെ നേരിട്ടറിയിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന അന്വേഷണത്തിലാണ് ഇവിടെ എത്തിയത്.’ കൂട്ടച്ചിരികള്‍ക്കിടയില്‍ എന്‍.പി സഗൗരവം പറഞ്ഞുനിര്‍ത്തിയപ്പോള്‍ വല്ലാതായത് സംഘാടകരാണ്.
സാഹിത്യ-സാംസ്കാരിക രംഗമായിരുന്നു ജ്യേഷ്ഠന്‍ തെരഞ്ഞെടുത്തതെങ്കില്‍ ദേശീയ പ്രസ്ഥാനത്തിന്‍െറ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു പിതാവ് എന്‍.പി. അബുവിനെപോലെ മൊയ്തീനും. മതേതര ദേശീയതയുടെ ഭൂമികയില്‍ നിലയുറപ്പിച്ച് മുസ്ലിം സാമുദായികതയോട് നിരന്തരം പൊരുതിയതാണ് സ്വാതന്ത്ര്യ സമരസേനാനികളായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറയും ഇ. മൊയ്തു മൗലവിയുടെയും സഹപ്രവര്‍ത്തകനായിരുന്ന എന്‍.പി. അബു സാഹിബിന്‍െറയും കുടുംബത്തിന്‍െറയും പാരമ്പര്യം. പില്‍ക്കാലത്ത് അതേ സാമുദായികതയോട് കോണ്‍ഗ്രസ് രാജിയാവേണ്ടി വന്നപ്പോള്‍ ദേശീയ മുസ്ലിംകള്‍ എന്നപേരില്‍ അറിയപ്പെട്ട ഈ വിഭാഗം അനുഭവിച്ച അന്തസ്സംഘര്‍ഷം തീവ്രതരമായിരുന്നു. ഒടുവില്‍ യാഥാര്‍ഥ്യങ്ങളോട് സമരസപ്പെട്ട് മൊയ്തീന്‍ പ്രായോഗിക രാഷ്ട്രീയത്തിന്‍െറ നിസ്സഹായത ഏറ്റുവാങ്ങിയപ്പോഴും സഹോദരന്‍ മുഹമ്മദ് നിലപാടുകളില്‍ ഉറച്ചുനിന്നു. സാംസ്കാരിക ജീവിതത്തിന്‍െറ ഉത്തരാര്‍ധത്തില്‍ മതമൂല്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടുതന്നെ മതനിരപേക്ഷ ജനാധിപത്യത്തിനു വേണ്ടിയാണ് അദ്ദേഹം അവസാനംവരെ പേനയെടുത്തത്.
മൊയ്തീനാവട്ടെ അവസരവാദിയും അഴിമതിക്കാരനുമെന്ന ദുഷ്പേര്‍ കേള്‍പിക്കാതെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്‍െറ മാതൃകയായി ജീവിച്ചു. ഒടുവില്‍ അദ്ദേഹവുമായി ഈ ലേഖകന്‍ സന്ധിച്ചത് കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്ലാമിന്‍െറ ആഭ്യന്തര ഭരണം പ്രതിസന്ധിയിലായപ്പോള്‍ പരിഹാരംതേടി കോഴിക്കോട്ടെ സമുദായ സ്നേഹികള്‍ ഒരുമിച്ചിരുന്ന വേദിയിലാണ്. സുതാര്യവും സംശുദ്ധവുമായ നേതൃത്വവും ഭരണവും മഹത്തായ ആ സ്ഥാപനം അര്‍ഹിക്കുന്നു എന്ന ഉറച്ച നിലപാടിലായിരുന്നു മൊയ്തീന്‍. ഏറെക്കഴിയുംമുമ്പേ അദ്ദേഹം രോഗിയായി. മഹത്തായ സ്വാതന്ത്ര്യസമര പങ്കാളിത്തത്തിന്‍െറ പൈതൃകം സാഭിമാനം കൊണ്ടുനടന്ന ആ ആദര്‍ശശാലിയുടെ ആത്മാവിന് ദൈവം നിത്യശാന്തി പ്രദാനം ചെയ്യട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.