വാക്സിൻ നയതന്ത്രത്തിെൻറ പിന്നാമ്പുറങ്ങൾ
text_fieldsകോവിഡ് നിയന്ത്രണത്തിന് വാക്സിൻ അനിവാര്യമാണെന്ന തിരിച്ചറിവ് എല്ലാർക്കുമുണ്ട്. അങ്ങനെ വാക്സിൻ നിർമാണം 2020ലെ പ്രധാന അജണ്ടയായി. വാക്സിൻ കണ്ടെത്തുകയും, വികസിപ്പിക്കകയും ചെയ്താൽ അതെല്ലാവരിലും എത്തിച്ചേരും എന്ന് കരുതിയവർക്ക് തെറ്റി. രോഗം നിയന്ത്രിക്കാൻ വാക്സിൻ ലോകമെമ്പാടും എത്തണമെന്നിരിക്കെ, വാക്സിൻ ഉൽപാദിപ്പിക്കാനാകാത്ത രാജ്യങ്ങൾ, വാക്സിൻ വിതരണ ശൃംഖല കെട്ടിപ്പടുക്കാനാവാത്ത രാജ്യങ്ങൾ എന്നിവ പ്രത്യേക പരിഗണന അർഹിക്കുന്നു. വിവേചനരഹിതമായ ആരോഗ്യ, സാമൂഹിക പുരോഗതിക്ക് ഇതാവശ്യവുമാണ്. പ്രാപ്യത, വിപണി, വിതരണം, സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള കഴിവ് എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിലപാടുകളും തന്ത്രങ്ങളും അന്താരാഷ്ട്ര തലത്തിൽ വളരെവേഗമാണ് രൂപപ്പെട്ടുവരുന്നത്. ഈ പ്രവർത്തനങ്ങൾ വാക്സിൻ ഡിപ്ലോമസി എന്ന പേരിൽ അറിയപ്പെടുന്നു.
വാക്സിൻ ഉണ്ടായാൽമാത്രം പോരാ, എത്രവേഗത്തിൽ ഭൂരിപക്ഷം പൗരന്മാരിൽ എത്തിക്കുന്നു എന്നതും പ്രധാനമാണ്. ഇതിനായി മത്സരം മുറുകുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയാതെവരും. ഏതാനും ദിവസങ്ങൾക്കു മുമ്പുള്ള കണക്കുകൾ പരിശോധിച്ചാൽ ഇസ്രായേൽ ഇപ്പോൾ ഏറ്റവും മുന്നിലാണ്. അവിടെ 60 ശതമാനം പേരും വാക്സിൻ എടുത്തുകഴിഞ്ഞു. തൊട്ടുപിന്നിലെത്തിയവർ യഥാക്രമം യു.എ.ഇ (36), ബ്രിട്ടൻ (15.5), ബഹ്റൈൻ (10.3), അമേരിക്ക (10.1ശതമാനം).
ജനസംഖ്യയുടെ വലുപ്പം, വിതരണ ശൃംഖലയുടെ കാര്യക്ഷമത, സർക്കാറുകളുടെ പ്രതിബദ്ധത, വാക്സിൻ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയുടെ സ്വാധീനം പ്രകടമാണ്. ആദ്യഘട്ടത്തിൽ വാക്സിൻ കരസ്ഥമാക്കിയത് സമ്പന്ന രാഷ്ട്രങ്ങളാണെന്നു കാണാം. ഇത് ക്രമേണ സമ്പന്ന രാജ്യങ്ങളുടെ ഇടയിൽ മെച്ചപ്പെട്ടതെന്നു കരുതപ്പെടുന്ന വാക്സിനുകൾ കൈക്കലാക്കാൻ മത്സരമുണ്ടാക്കും. അതിൽനിന്ന് മൂന്നാംലോക രാജ്യങ്ങൾ പിന്തള്ളപ്പെടുകയും ചെയ്യും.
വാക്സിൻ വിപണിയിൽ വികസ്വര രാജ്യങ്ങളോട് അനുഭാവപൂർവം സമീപിക്കണമെന്ന നയം സാമൂഹികനീതിക്കു ചേർന്നതാണ്. ഇത് ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ശക്തമായി പിന്താങ്ങുന്ന ആശയമാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുന്നോട്ടുവെക്കുന്ന ആശയം ഇങ്ങനെ കാണാം. സ്വകാര്യ ലാബുകളും ഗവേഷണ സ്ഥാപനങ്ങളും വാക്സിനുകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു. അത് വ്യത്യസ്ത കമ്പനികൾ ഉൽപാദിപ്പിക്കുകയും തുടർന്ന് വിപണിയിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്. വാക്സിൻ കണ്ടെത്തി വികസിപ്പിക്കുന്നവർക്ക് നിലവിൽ ബൗദ്ധിക സ്വത്തവകാശ നിയമമനുസരിച്ചുള്ള ലാഭം അഥവാ റോയൽറ്റിക്ക് അവകാശമുണ്ട്.
പേറ്റൻറ് നിയമവും ഇതുപോലെ കമ്പനികൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നു. വാക്സിൻ വിതരണത്തിലും പ്രാപ്യതയിലും അസന്തുലിതാവസ്ഥ ഇത്തരം നിയമങ്ങൾ പ്രകടമാക്കുന്നു. ദരിദ്രരാജ്യങ്ങളിൽ വാക്സിൻ എത്തുകയും ലോകമെമ്പാടും ഹെർഡ് ഇമ്യൂണിറ്റി സ്ഥാപിക്കപ്പെടുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമാണെന്നതിൽ തർക്കമില്ല.
അതുവരേക്കും പേറ്റൻറ് നിയമം, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ ഇളവുവരുത്തണമെന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക നയം അതിനാൽതന്നെ ശ്രദ്ധനേടുന്നു. ഇതുസംബന്ധിച്ച പ്രമേയം കഴിഞ്ഞ ഒക്ടോബറിൽ തന്നെ ലോക വാണിജ്യ സംഘടനയിൽ അവതരിപ്പിച്ചുവെങ്കിലും, വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്ന കൗൺസിലിനപ്പുറം പോകാൻ വാക്സിൻ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ അനുവദിച്ചിട്ടില്ലെന്നു കാണാം. പ്രമേയത്തിന് ഇതിനകം 100 രാജ്യങ്ങളുടെ പിന്തുണ നേടാനായി. അമേരിക്ക, കാനഡ, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ തടസ്സമുന്നയിക്കുന്നു; ഇളവുകൾ ആവശ്യപ്പെടുന്ന രാജ്യങ്ങളിൽ വാക്സിൻ ഉൽപാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇളവുകൾക്ക് പ്രസക്തിയില്ലെന്ന് അവർ കരുതുന്നു.
എന്നാൽ, വിലയിൽ ഇളവുകൾ ഉണ്ടായാൽ മൂന്നാംലോകത്തെ വാക്സിൻ ഉൽപാദനത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നും കൂടുതൽ സ്ഥാപനങ്ങൾ ഉൽപാദനരംഗത്തേക്ക് വരാൻ അവസരമൊരുക്കുമെന്നും അതിനാൽതന്നെ കൂടുതൽ നീതിപൂർവമായ ലോകം കോവിഡാനന്തര കാലത്ത് ഉണ്ടായിവരുമെന്നും അവർ കരുതുന്നു. ബൗദ്ധിക സ്വത്ത് നിയമ വിദഗ്ധനും നോർത്തീസ്റ്റേൺ യൂനിവേഴ്സിറ്റിയിലെ പ്രഫസറുമായ ബ്രൂക് ബേക്കർ പറയുന്നത്, സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ കഴിയുന്ന രാജ്യങ്ങൾക്ക് വാക്സിൻ തടയുന്നത് നൈതികവിരുദ്ധമാണ് എന്നാണ്.
അവർക്കെല്ലാം ലഭിച്ചുകഴിഞ്ഞാൽ മറ്റുള്ളവർക്ക് വാക്സിൻ കിട്ടാതാകുന്നു എന്നപോലെയുണ്ട് എന്നും അദ്ദേഹം കരുതുന്നു. വാക്സിൻ വിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഏതു ശ്രമവും ചെറുക്കപ്പെടും എന്നുമിപ്പോൾ വ്യക്തമാകുന്നു. വാക്സിൻ ഉൽപാദകരുടെ കൂട്ടായ്മ ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. വൈദ്യശാസ്ത്രത്തിലെ ആരോഗ്യത്തിൽ ഭാവിയിൽ ഉണ്ടാകേണ്ട ഇന്നൊവേഷനുകൾ ഇല്ലാതാക്കാനും പുതുതായുണ്ടാകുന്ന രോഗങ്ങൾക്ക് അടിപ്പെടാനും കാരണമാകും എന്നവർ മുന്നറിയിപ്പ് നൽകുന്നു.
ഇതൊരു വെറും ഭീഷണിയായി കാണാനാണ് വികസ്വര രാജ്യങ്ങൾ ശ്രമിക്കുന്നത്. കോവിഡ് വാക്സിൻ ഗവേഷണം ഏതാനും സ്ഥാപനങ്ങളുടെ കുത്തകയായിരുന്നില്ല. പൊതുജനങ്ങളുടെയും സർക്കാറുകളുടെയും ഉദാരമായ നിക്ഷേപം അതിലുണ്ടായിരുന്നു; ധാരാളം പണം സന്നദ്ധ സ്ഥാപനങ്ങളുടെ ദാനമായി കിട്ടിയതാണ്. ഇതെല്ലാം പൊതു സമ്പത്തായി മാത്രം കാണേണ്ടതുമാണ്. എന്നിട്ടും ചില രാജ്യങ്ങൾ, ഉദാഹരണത്തിന് കാനഡ വേണ്ടതിലും പത്തിരട്ടി വാക്സിൻ ഡോസുകൾ വാങ്ങിക്കൂട്ടി. ആവശ്യത്തിലുമധികം വാങ്ങിവെക്കുന്നത് വിപണിയിൽ മത്സരത്തിനും ലഭ്യതക്കുറവിനും കാരണമാകുമല്ലോ.
പൊതുനന്മയെ മാറ്റിനിർത്തുന്ന വാക്സിൻനയം ഉത്തര-ദക്ഷിണ മേഖലയിൽ ഇനിയും സംഘർഷങ്ങൾക്ക് ആക്കം കൂട്ടും എന്ന് ആഫ്രിക്കൻ രോഗപ്രതിരോധ കേന്ദ്രത്തിെൻറ വക്താവ് പറഞ്ഞുകഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ഏതാണ്ടിതേ ആശയമാണ് പങ്കുവെക്കുന്നത്.
പണമുള്ള രാജ്യങ്ങൾ മാത്രം വാക്സിൻ എടുക്കുകയെന്നാൽ ദക്ഷിണരാജ്യങ്ങളിൽ രോഗം പടർന്നുപിടിക്കുകയും കൂടുതൽ ശക്തമായ ജനിതക മാറ്റമുള്ള വൈറസ് ഉണ്ടായിവരുകയും ചെയ്യും. വാക്സിൻ മറികടക്കാൻ കഴിയുന്ന വൈറസിന് സമ്പന്ന രാജ്യങ്ങളെ ഇനിയും ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ. അപ്പോൾ വാക്സിൻ വെറും മരുന്ന് എന്നതിലപ്പുറം അന്താരാഷ്ട്ര സ്വാധീനങ്ങൾ ചെലുത്താനാകുന്ന നയതന്ത്ര പ്രശ്നം കൂടിയാകുന്നു.
ഇതിനിടെ ചൈന വികസിപ്പിച്ച രണ്ടു വാക്സിനുകൾ വിപണിയിൽ എത്തി. സങ്കീർണമായ ശീതശൃംഖല വേണ്ടെന്നതും താരതമ്യേന ചെലവുകുറഞ്ഞതുമായതിനാൽ പലരാജ്യങ്ങൾക്കും വാക്സിൻ സ്വീകരിക്കാൻ ഉത്സാഹമായിരുന്നു. സിംഗപ്പൂർ, ഇന്തോനേഷ്യ, തുർക്കി, ഫിലിപ്പീൻസ്, തായ്ലൻഡ്, ഹോങ്കോങ്, ബ്രസീൽ. തുടങ്ങി 17 രാജ്യങ്ങൾ ചൈനീസ് വാക്സിൻ ഉപയോഗിക്കാൻ സന്നദ്ധരാണ്. യൂറോപ്യൻ യൂനിയൻ അംഗീകാരം കിട്ടുന്ന മുറക്ക് ചില യൂറോപ്യൻ രാജ്യങ്ങളും ചൈനീസ് വാക്സിൻ വാങ്ങുമെന്ന് പറയുന്നു. വാക്സിൻ കരാറുകൾ വിപുലമായ സാധ്യതകളാണ് ചൈനക്ക് തുറന്നുകൊടുക്കുന്നത്.
ഗൾഫ്, യൂറോപ്പ് മേഖലയിൽ ശാസ്ത്ര സാങ്കേതിക കൂട്ടുകെട്ടിനും ആരോഗ്യമേഖലയിലെ അനുബന്ധ വ്യാപാര ബന്ധങ്ങൾക്കും ഇത് വഴിയൊരുക്കും എന്നും ചൈന കരുതുന്നു. പ്രത്യയശാസ്ത്രപരമായ അകൽച്ചയാണ് പലപ്പോഴും യൂറോപ്യൻ വിപണിയിലേക്ക് കടന്നുവരുന്നതിന് ചൈനക്ക് തടസ്സം. കോവിഡ് ഇത് മാറ്റിമറിക്കും എന്നും കരുതപ്പെടുന്നു. എന്നാൽ, ബ്രസീലിൽ നടന്ന വാക്സിൻ പഠനങ്ങളിൽ ചൈനീസ് വാക്സിന് ഉദ്ദേശിച്ച ഫലം കൈവരിക്കാനായില്ല എന്നത് പുതിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.
ഇതിനിടെ വാക്സിൻ ഡിപ്ലോമസിയിൽ ഇന്ത്യയും ഭാഗമായിക്കഴിഞ്ഞു. മ്യാന്മർ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, കംബോഡിയ തുടങ്ങി പതിനേഴു രാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമിത വാക്സിൻ പോകുന്നു. ഇതിനകം ഒരു കോടി അമ്പത്താറു ലക്ഷം ഡോസുകൾ കയറ്റിയയക്കാൻ തീരുമാനമായി. ഗ്രാൻഡ്, വാണിജ്യകരാർ, സംഭാവന എന്നീ വിവിധ നിലയിലാണ് വാക്സിൻ അയക്കുന്നത്. നയതന്ത്രതലത്തിൽ ഇത്തരം ബന്ധങ്ങൾ അനിവാര്യവുമാണ്.
വാക്സിൻ ഡിപ്ലോമസി എന്നാൽ സ്വാധീനം ഉറപ്പിക്കൽ എന്നതിലേക്ക് ചുരുങ്ങുന്ന കാര്യമല്ല. വികസിത രാജ്യങ്ങൾ വാക്സിൻ നിധിയെന്നപോലെ സൂക്ഷിക്കുകയും വേണ്ടതിലധികം പൂഴ്ത്തിവെക്കുകയും ചെയ്യുമ്പോൾ പൊതുജനാരോഗ്യ നൈതികത ഉറപ്പാക്കാൻ വികസ്വര രാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യപോലുള്ള രാജ്യങ്ങൾ സഹായത്തിനെത്തണം. വാക്സിൻ പണത്തിനോ സ്വർണത്തിനോ പകരം കാണാനാവില്ല; ഉപയോഗിക്കാത്ത വാക്സിൻ ഉപയോഗശൂന്യമാകുമെന്നും നാം അറിയേണ്ടതുണ്ട്.
ചുരുക്കത്തിൽ മൂന്നാംലോക രാജ്യങ്ങളുടെ വാക്സിൻ ഡിപ്ലോമസി നീതിപൂർവമായ വാക്സിൻ വിതരണം ഉറപ്പാക്കാൻ സഹായിക്കും. ദക്ഷിണാഫ്രിക്കക്കു സംഭവിച്ചതുപോലെ അധിക വിലകൊടുക്കേണ്ട അവസ്ഥയെ പ്രതിരോധിക്കാനും വാക്സിൻ കുത്തകകളെ നിയന്ത്രിക്കാനും ആഗോള ശാസ്ത്ര ഭൂപടത്തിൽ മൂന്നാം ലോക രാജ്യങ്ങൾക്ക് നിലയുറപ്പിക്കാനും സഹായകമാകും എന്നും കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.