പുതിയ എം.ടി.പി നിയമ ഭേദഗതിയുടെ നാൾവഴികൾ
text_fieldsസ്ത്രീകളുടെ സ്വയം നിർണയാവകാശം ഉറപ്പാക്കാൻ തൊഴിൽ, സേവനവ്യവസ്ഥകൾ, ജനപ്രാതിനിധ്യം തുടങ്ങിയ മേഖലകളിൽ കാലാകാലങ്ങളിൽ നിയമനിർമാണങ്ങൾ നടക്കാറുണ്ട്. എന്നാൽ, ലൈംഗികത, ആരോഗ്യം, പ്രജനനം എന്നീ വിഷയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് തീരെ പതുക്കെയാണെന്നു കാണാം.
സാങ്കേതികമായി പറഞ്ഞാൽ ഒരു സ്ത്രീക്ക് വിവാഹിതയാവാനോ വേണ്ടെന്നുവെക്കാനോ സ്വാതന്ത്ര്യമുണ്ട്; ലൈംഗികബന്ധത്തിൽ ഏർപ്പെടാനോ അത് വേണ്ടെന്നുവെക്കാനോ നിയമപരമായി തടസ്സമില്ല. എന്നാൽ, സാമൂഹിക ജീവിതത്തിൽ ഇത്തരം സ്വാതന്ത്ര്യങ്ങൾ വ്യക്തികൾക്ക് ലഭ്യമാകാറില്ല എന്നതാണ് സത്യം. സ്ത്രീകളുടെ മേൽ പതിക്കുന്ന സാമൂഹിക നോട്ടം (gaze), സമ്മർദം, സ്ത്രീബോധങ്ങളുടെ നിർമിതി എല്ലാം സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു. അതെല്ലാം സ്ത്രീകളെ സാരമായി ബാധിക്കുന്നുവെന്നത് സമൂഹം കാര്യമാക്കാറുമില്ല.
അവിവാഹിതയായി ജീവിക്കുന്ന സ്ത്രീ സമൂഹത്തിെൻറ തുടർച്ചയായ നോട്ടത്തിന് പാത്രമാകുന്നു. വിവാഹിതയായ സ്ത്രീയുടെ മേൽ ഗർഭിണിയാകാനുള്ള സമ്മർദവും ഏറും. അവിവാഹിത ഗർഭം ധരിക്കുക എന്നത് പരിഹാരമില്ലാത്ത മാനഹാനിയാകുന്നു. ഇതിെൻറയെല്ലാം പ്രത്യാഘാതം നാം മനസ്സിലാക്കേണ്ടതുണ്ട്.
ഇവിടെ ജീവിക്കുന്ന നാമോരോരുത്തരും സ്ത്രീകളെ വ്യക്തികൾ മാത്രമായി കാണുന്നതിനാൽ പ്രത്യുൽപാദനാരോഗ്യം എന്ന സാമൂഹികാവസ്ഥ സ്ത്രീകളെ ബാധിക്കുന്ന പൊതുപ്രശ്നമായി കാണുന്നുമില്ല. ഇന്ത്യയിൽ ഗർഭധാരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് സുശീല സിങ്, ചന്ദർ ശേഖർ തുടങ്ങിയവർ തയാറാക്കിയ പഠന പ്രബന്ധം ലാൻസെറ്റ് (2018) പ്രസിദ്ധീകരിക്കുകയുണ്ടായി. പഠനം നടന്ന 2015 ലെ കണക്കുകളാണ് ലാൻസെറ്റ് പുറത്തുവിട്ടത്. പ്രധാന കണ്ടെത്തലുകൾ ഇപ്രകാരമാണ്. ഒരു കോടി അമ്പത്താറു ലക്ഷം ഗർഭച്ഛിദ്രങ്ങൾ ഇന്ത്യയിൽ നടക്കുന്നു.
15നും 45നും ഇടയിൽ പ്രായമുള്ള 1000 സ്ത്രീകളിൽ 47 ഗർഭച്ഛിദ്രങ്ങൾ എന്നതാണ് കണക്ക്. അതിൽ 22 ശതമാനം മാത്രമാണ് ആരോഗ്യകേന്ദ്രങ്ങളിൽ നടക്കുന്നത്. മരുന്നുകൾ ഉപയോഗിച്ച് വീട്ടിൽ വെച്ചുതന്നെ 73 ശതമാനം പേർ അബോർഷൻ സാധ്യമാക്കുന്നു. ബാക്കി അഞ്ചു ശതമാനം അബോർഷനുകൾ അപകടകരമാംവിധത്തിൽ നടത്തപ്പെടുന്നു. ജീവൻപോലും പണയം വെച്ച് ഗർഭച്ഛിദ്രത്തിനൊരുങ്ങുന്നത് ഉദ്ദേശം എട്ടുലക്ഷം സ്ത്രീകളാണെന്നത് തികച്ചും വിഭ്രമജനകമാണ്.
ഇത്രയും പേരിൽ ചെറുതായെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാകാവുന്ന മറ്റേതു രോഗമായിരുന്നെങ്കിലും സമൂഹം ശക്തിയായി പ്രതികരിക്കുമായിരുന്നു എന്നുറപ്പാണല്ലോ. പ്രതിവർഷം 4.81 കോടി സ്ത്രീകൾ ഗർഭിണികളാകുന്നു; അതിൽ 48.45 ശതമാനം പേരും ആകസ്മികമായാണ് ഗർഭം ധരിക്കുന്നത്. അതായത്, ഗർഭിണിയാവാനുള്ള മുന്നൊരുക്കമോ താൽപര്യമോ അവർക്കില്ലായിരുന്നു; തങ്ങളുടെ ജീവിതത്തിലേക്ക് ഒരു ശിശുവിനെ കൊണ്ടുവരാനുള്ള മാനസിക തയാറെടുപ്പുകൾ നടത്താൻ അവർക്കവസരം കിട്ടിയിരുന്നില്ല. ഗർഭച്ഛിദ്രങ്ങൾ 160 ലക്ഷത്തോളമാകുന്നതിന് മറ്റു കാരണങ്ങൾ തേടേണ്ടതില്ല. പ്രജനന വൈദ്യസഹായം വലിയൊരു വിഭാഗം പേരെ അരികിലാക്കുന്നു എന്നതാണ് സത്യം.
രണ്ടു കോടി മുപ്പത്തിമൂന്നു ലക്ഷം സ്ത്രീകളുടെമേൽ ഗർഭാവസ്ഥ അടിച്ചേൽപ്പിക്കപ്പെടുന്നു എന്നത് നമ്മെ ഞെട്ടിക്കും. ഇവർക്ക് സുരക്ഷിത മാർഗങ്ങളെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നില്ല; ഗർഭനിരോധന ഉപാധികളും കൈയെത്തും ദൂരത്തല്ല. അവരോടൊത്തു കഴിയുന്ന പങ്കാളികൾക്കാകട്ടെ, ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതിൽ തികഞ്ഞ പരാങ്മുഖത്വമാണുള്ളത്. സ്ത്രീകളുടെ സ്വയംനിർണയാവകാശം എന്നത് പ്രാപ്യമല്ലാത്ത ആദർശമായി മാറ്റപ്പെടുന്നു. കോൺട്രാസെപ്ഷൻ എന്നാൽ ഗർഭം തടയുക എന്ന് മാത്രമല്ല; അതിനുമേൽ അധികാരം സ്ഥാപിക്കുക കൂടിയാണെന്നു കണ്ടാൽ, ഈ മേഖലയിൽ സർക്കാർ സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാകും.
തനിക്ക് വേണ്ടാത്ത ഗർഭം പേറേണ്ടിവരുന്നതും അതവസാനിപ്പിക്കണം എന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാനാകാത്തതും സ്വതന്ത്രമായി ജീവിക്കാൻ സ്ത്രീക്കുള്ള അവകാശം പരിമിതപ്പെടുത്തലാണ്. നിയമപരമായി ഗർഭം അവസാനിപ്പിക്കാൻ ചില പ്രത്യേക സാഹചര്യങ്ങളിൽ സാധ്യമാണ്. ഇതാകട്ടെ 1971 ലെ എം.ടി.പി ആക്ടിനു വിധേയമായിരിക്കും.
50 വർഷം പഴകിയ ആക്ട് ഇന്നത്തെ ജീവിതവീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടാകില്ല. ചട്ടങ്ങളിൽ ചില ഭേദഗതികൾ 2003ൽ ഉണ്ടായതൊഴിച്ചാൽ 1971 ചിന്താരീതികൾ ആക്ടിൽ കാണാം. സുപ്രീം കോടതിയുടെ ചില നിരീക്ഷണങ്ങളിലൂടെ പിൽക്കാലത്ത് ഇതിനൊരു മാറ്റം ഉണ്ടാകുന്നു. കോടതി നിലപാടുകൾ എന്തുതന്നെയായാലും ഗർഭം അവസാനിപ്പിക്കാൻ ആശുപത്രിയിലെത്തുന്ന യുവതിക്ക് ആരോഗ്യപ്രവർത്തകർ നൽകുന്ന സേവനങ്ങളിൽ തൃപ്തിപ്പെടേണ്ടതായി വരുന്നു. ആരോഗ്യസംവിധാനം അയവില്ലാത്ത നിലപാടെടുത്താൽ വ്യക്തികൾ അശരണരാകും എന്നുമാത്രം.
ഒരു ദശകത്തിനുമുമ്പ് സുചിത ശ്രീവാസ്തവ ചണ്ഡിഗഢ് സർക്കാറിനെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ എം. ടി.പി ആക്ട് (1971) വായിക്കേണ്ടതെങ്ങനെയെന്ന് കോടതി നിരീക്ഷിക്കുന്നു. കോടതിയുടെ അഭിപ്രായത്തിൽ, പ്രത്യുൽപാദന കാര്യങ്ങളിൽ സ്ത്രീയുടെ അഭിപ്രായവും തെരഞ്ഞെടുപ്പും ഭരണഘടനയുടെ 21ാം വകുപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിെൻറ പ്രതിഫലനം കൂടിയാണ്. പ്രജനന സ്വാതന്ത്ര്യം എന്നാൽ പ്രത്യുൽപാദനം നടത്താനുള്ള സ്വാതന്ത്ര്യം മാത്രമല്ല, അത് വേണ്ടെന്നു വെക്കാനും കൂടിയുള്ളതാണ്.
സ്ത്രീയുടെ സ്വകാര്യത, അന്തസ്സ്, പൂർണത്വം എന്നിവ ഹനിക്കപ്പെടാതിരിക്കുന്നുണ്ടോ എന്ന പരിഗണന സർവപ്രധാനമാണ്. പ്രജനന കാര്യങ്ങളിൽ സ്ത്രീയുടെ തെരഞ്ഞെടുപ്പുകൾക്ക് നിയമസാധുതയുണ്ട്; പ്രത്യുൽപാദനത്തിലും ലൈംഗികതയിലും തീരുമാനമെടുക്കാനും, ഗർഭനിരോധന മാർഗങ്ങൾ നിർബന്ധമായി നടപ്പാക്കാനും സാധിക്കും. വിശാലമായ ദർശനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ജുഡീഷ്യൽ പ്രഖ്യാപനം എം.ടി.പി ആക്ട് (1971) അനുസരിച്ച് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും ബാധകമാണെന്നും അവർ ഓർക്കണം.
ഗർഭം അവസാനിപ്പിക്കൽ എം.ടി.പി ആക്ടിലെ വകുപ്പുകൾക്കനുസൃതമായിത്തന്നെ വേണം. എന്നാൽ, 2003ൽ സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും ഉറപ്പിക്കാൻ സഹായിക്കുന്ന ചട്ടങ്ങൾ നിലവിൽ വന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ഗർഭം അവസാനിപ്പിക്കുന്ന സ്ത്രീയുടെ തിരിച്ചറിയൽ സാധ്യമല്ലാത്ത വിധം സീലൊട്ടിച്ച കവറിൽ സൂക്ഷിക്കണമെന്നും, മറ്റു പരാമർശങ്ങൾ നമ്പർ സൂചകങ്ങളായി വേണമെന്നും നിഷ്കർഷിക്കപ്പെട്ടു. പ്രായപൂർത്തിയായെങ്കിൽ ഗർഭച്ഛിദ്രത്തിന് വിധേയയാകുന്ന സ്ത്രീ തന്നെ സമ്മതപത്രം എഴുതിനൽകിയാൽ മതിയെന്നും തീരുമാനമായി. അബോർഷൻ സേവനം സ്വീകരിച്ച സ്ത്രീയുടെ സ്വകാര്യജീവിതത്തിലേക്ക് ആശുപത്രി രേഖകൾ കടന്നാക്രമിക്കാതിരിക്കാനുള്ള മുൻകരുതലായി 2003ലെ ചട്ടങ്ങളെ കാണാം.
മാനസികവും ശാരീരികവുമായ ആരോഗ്യകാരണങ്ങളാൽ സ്ത്രീകൾക്ക് തങ്ങളുടെ ഗർഭം അവസാനിപ്പിക്കാൻ സഹായം തേടാം. തീരുമാനമെടുക്കേണ്ടത് ഡോക്ടർമാരാണെങ്കിലും ഗർഭിണി വിവാഹിതയാണോ അല്ലയോ എന്ന് അന്വേഷിക്കേണ്ടതില്ല. വിവാഹിതർക്ക് ഭർത്താവിന്റെ സമ്മതം തേടേണ്ടതും ഇല്ല. ഇതെല്ലാം നിയമങ്ങളിൽ പറഞ്ഞുവെച്ചിട്ടുണ്ടെങ്കിലും അപ്രകാരം പ്രവർത്തിക്കുന്നതിൽ ഡോക്ടർമാരുൾെപ്പടെ ആരോഗ്യപ്രവർത്തകർ പലപ്പോഴും മടികാട്ടുന്നു. അതായത്, വിവാഹേതര ഗർഭച്ഛിദ്രം, അംഗീകരിക്കാനാവാത്തതാണെന്നും, വിവാഹത്തിനുള്ളിലായാൽ പോലും കഴിയുന്നത്ര ഗർഭം അവസാനിപ്പിക്കുന്നതിൽനിന്ന് സ്ത്രീയെ പിന്തിരിപ്പിക്കണമെന്നും ഉള്ള ചില സദാചാര നിർമിതികൾ ആരോഗ്യപ്രവർത്തകർ മനസ്സിൽ കരുതിയിട്ടുണ്ട്.
മറ്റു ചിലർ എം.ടി.പി സേവനങ്ങളിൽനിന്നു വിട്ടുനിൽക്കാനും താൽപര്യപ്പെടുന്നു. ചുരുക്കത്തിൽ നിയമം നടപ്പാക്കേണ്ടവർ തങ്ങളുടെ വ്യക്തിഗതമായ മുൻവിധികൾക്കനുസരിച്ച് പെരുമാറുന്നത് നിയമത്തിെൻറ ആത്മാവിനെ തളർത്തിക്കളയും. നിയമത്തിൽ അടങ്ങിയ പല ദൗർബല്യങ്ങളെയും പരിഹരിക്കാനാവുന്ന പുതിയ ഭേദഗതി ഇക്കഴിഞ്ഞ മാർച്ച് 2021ൽ പാസാക്കുകയുണ്ടായി.
സമഗ്രമായ എം.ടി.പി സംവിധാനം വികസിപ്പിക്കാൻ പുതിയ നിയമം സഹായിക്കുമെന്ന് കരുതപ്പെടുന്നു. എം.ടി.പി ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ 24 ആഴ്ചവരെ ചെയ്യാനാകും. അൾട്രാസൗണ്ട് പോലുള്ള പരിശോധനയിലൂടെ ഭ്രൂണത്തിന്റെ പ്രായം നിശ്ചയിക്കുന്നതിനും അവസരമുണ്ട്. വിവാഹിതർക്ക് എന്തെങ്കിലും പ്രത്യേക പരിഗണന നിയമം അംഗീകരിക്കുന്നില്ല. എം.ടി.പി ചെയ്ത വിവരം ആശുപത്രിയിലെ തുറന്ന രേഖകളിൽ എഴുതിവെക്കാൻ പറ്റില്ലെന്നും വ്യവസ്ഥയുണ്ട്. സ്ത്രീയുടെ സ്വകാര്യത ഉറപ്പാക്കാൻ ഇതുമൂലം സാധിക്കും.
ഒ.പി ടിക്കറ്റിൽ പോലും എം.ടി.പി വിവരങ്ങൾ എഴുതി സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാകാൻ നിയമം അനുവദിക്കുന്നില്ല. എം.ടി.പി നയം 2021ലെ ഭേദഗതി വന്നതിനാൽ പൂർണതയിലെത്തി എന്ന് പറയാനാകില്ല. മുൻ നിയമത്തെക്കാൾ ഉദാരമാണ് പുതിയ ഭേദഗതി; തീർച്ചയാണ്. ഗർഭം അവസാനിപ്പിക്കൽ സ്ത്രീക്ക് ഡിമാൻഡ് ചെയ്ത് വാങ്ങാനാകില്ല. ഡോക്ടറുടെ കണ്ടെത്തലും ഉത്തമവിശ്വാസവും ഇന്നും നിയമത്തിലുണ്ട്. എം.ടി.പി ഓൺ ഡിമാൻഡ് എന്ന രീതിയിലേക്ക് സേവനം മാറിയിട്ടില്ല എന്നും മുൻ കോടതിവിധികൾ സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമ ഭേദഗതി ഈ ദിശയിലേക്കുള്ള ചർച്ച തുടങ്ങിവെക്കുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.