മൂന്നാം തരംഗം അപകടകാരിയല്ലേ?
text_fieldsകോവിഡിെൻറ മൂന്നാം തരംഗം നേരിടേണ്ടതെങ്ങനെയെന്നും മറ്റുമുള്ള ചർച്ച ധാരാളമായി കേട്ടുവരുന്നു. അതിനിടയിൽ മൂന്നാം തരംഗം അത്ര രൂക്ഷമാവില്ലെന്ന വാദവും പരക്കുന്നുണ്ട്. ചില പകർച്ചവ്യാധികൾ കൂടിയും കുറഞ്ഞും സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതായി കാണാം. തരംഗങ്ങൾ എന്ന് നാം വിളിക്കുന്നത് ഈ പ്രതിഭാസമാണ്. ലോകാരോഗ്യ സംഘടന നൽകുന്ന നിർവചനപ്രകാരം, നിയന്ത്രണവിധേയമായ വൈറസ് വ്യാപനം ശക്തമായി പുനരാരംഭിക്കുമ്പോഴാണ് തരംഗങ്ങൾ വ്യക്തമാകുന്നത്. രോഗബാധിതരുടെ എണ്ണമാണ് തരംഗരൂപത്തിെൻറ അടിസ്ഥാനം.
എന്നാൽ ഫൈസയോ, സുകാഘോഷി എന്നീ ഗവേഷകർ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ അടുത്തിടെ എഴുതിയ ലേഖനത്തിൽ തരംഗങ്ങളെ മറ്റൊരു രീതിയിൽ കാണാൻ ശ്രമിക്കുന്നു. രോഗികളുടെ എണ്ണമല്ല, രോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതമാണ് തരംഗമായി വിലയിരുത്തുന്നത്. കോവിഡിെൻറ സാമൂഹിക രോഗാതുരത തുടർപഠനത്തിനു വെക്കുകയാണിവർ ചെയ്യുന്നത്. ഇതനുസരിച്ചു ഒന്നാം തരംഗമെന്നാൽ കോവിഡ് രോഗം നേരിട്ട് കാരണമാകുമെന്ന പ്രശ്നങ്ങൾ ഉൾപ്പെട്ടിരിക്കുന്നു; ആശുപത്രിവാസം, മരണം, മറ്റു ശാരീരിക പരാധീനതകൾ എല്ലാം ഇതിൽപെടും.
രണ്ടാം തരംഗത്തിൽ സമൂഹത്തിന് ഇടക്കാലങ്ങളിൽ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങളാണുള്ളത്. ആശുപത്രികളിൽ എത്താനാവാത്തത്, സ്ക്രീനിങ്, വാക്സിനേഷൻ എന്നിവ ലഭിക്കാതിരിക്കൽ, കാൻസർ പോലെ സങ്കീർണ രോഗങ്ങളുടെ ചികിത്സ മാറ്റിവെക്കേണ്ടിവരിക, എന്നിവ പ്രശ്നവത്കരിക്കപ്പെടുന്നു. മൂന്നാം തരംഗമായി ഇവർ കാണുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കോവിഡ് സമൂഹത്തെ ബാധിക്കുന്ന രീതിയാണ്. എങ്ങനെയാണ് അടുത്തതലമുറയെ കോവിഡ് ബാധിക്കുക; ഇപ്പോൾ തന്നെ അനാഥരായ കുട്ടികളും വാർദ്ധക്യത്തിലുള്ളവരും സ്ത്രീകളും ഉണ്ടല്ലോ. ആരോഗ്യസേവനം ലഭിക്കുന്നതിൽ വരുന്ന അസമത്വം, അപ്രാപ്യത എന്നിവ പ്രവചിക്കപ്പെട്ടുകഴിഞ്ഞു. കൂടുതൽ ധനവിനിയോഗവും ലക്ഷ്യബോധത്തോടുള്ള ആസൂത്രണവും ഉണ്ടായില്ലെങ്കിൽ അതി സങ്കീർണമായ സാമൂഹികാവസ്ഥയുണ്ടാകും എന്നതിൽ സംശയം വേണ്ട. പുതിയ ആശയങ്ങൾ പരിഗണിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ സാമൂഹികാരോഗ്യ മേഖലയിൽ വികസനമുരടിപ്പ് ക്രമേണ ഉണ്ടായിവരും. ഇപ്പോൾ തന്നെ, ഗർഭിണികളിലെ അനീമിയ, ശൈശവത്തിലെ വളർച്ചാവിളംബം എന്നിവ നിലവിലുള്ളതിനാൽ കോവിഡാനന്തര ആസൂത്രണം അടിയന്തരസ്വഭാവം കൈവരിക്കുന്നു.
ലോകാരോഗ്യ സംഘടന തലവൻ ഡോ. ടെഡ്രോസിെൻറ അഭിപ്രായത്തിൽ നാമിപ്പോൾ മൂന്നാം തരംഗത്തിെൻറ ആദ്യഘട്ടത്തിലാണ്. ജൂലൈ മാസത്തിൽ ആദ്യ നാലാഴ്ചകളിലും ലോകത്തെ കോവിഡ് ബാധ വർധിച്ചു വരുന്നു. അതിനു മുമ്പുള്ള പത്താഴ്ച്ച മരണനിരക്കിൽ അയവുണ്ടായെങ്കിലും ഇപ്പോൾ അതിലും ആഗോളതലത്തിൽ വർധന കാണുന്നു.
വാക്സിൻ വിതരണത്തിലെ അസന്തുലിതാവസ്ഥ കോവിഡ് വ്യാപനത്തെയും നൂതന വേരിയൻറുകളെയും സ്വാധീനിക്കാനിടയുണ്ട്. ഉദ്ദേശം 379 കോടി വാക്സിനുകൾ ഇതിനകം ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടു. എന്നാൽ ദരിദ്രരാജ്യങ്ങളിൽ 1.1% പേർക്കുമാത്രമാണ് ഒരു ഡോസെങ്കിലും കിട്ടിയത്. ചികിത്സ സാമഗ്രികൾ, പരിശോധനക്കിറ്റുകൾ എന്നിവയിലും ദരിദ്രരാഷ്ട്രങ്ങൾക്ക് പരാധീനതയുണ്ട്. അപ്പോൾ അടുത്ത തരംഗം കൂടുതൽ രോഗവ്യാപനമുണ്ടാക്കും എന്നുമാത്രമല്ല നാം മനസ്സിലാക്കേണ്ടത്, കുറേരാജ്യങ്ങൾ ഇളവുകളിലേക്ക് പോകുമ്പോൾ മറ്റുള്ളവ തുടർച്ചയായി ലോക്ഡൗൺ അനുഭവിച്ചുകൊണ്ടിരിക്കും. ഇത് പാൻഡെമിക്കിനെ രണ്ടു ട്രാക്കിലൂടെ സഞ്ചരിപ്പിക്കും. വർധിച്ച വ്യാപനം വേരിയൻറുകളെ സൃഷ്ടിക്കും. പുതിയ വേരിയൻറുകളിൽ ചിലതെങ്കിലും വാക്സിൻ ഇമ്യൂണിറ്റിയെ മറികടക്കാൻ (immune escape) കെൽപുണ്ടാക്കിയെടുക്കാൻ എന്തായാലും സാധ്യതയുണ്ട്.
ഡെൽറ്റ വേരിയൻറ് ശക്തിപ്രാപിക്കുന്നുവെന്നും ഇനിവരുന്ന തരംഗങ്ങൾ ഡെൽറ്റയോ അതിെൻറ വകഭേദങ്ങളോ ആയിരിക്കുമെന്നും പൊതുധാരണയുണ്ട്. വളരെനന്നായി രൂപകൽപന ചെയ്ത ഒരു പഠനം ചൈനയിൽ നിന്ന് പുറത്തുവരികയുണ്ടായി. ബൈഷെങ് ലി എന്ന ഗവേഷക നയിച്ച പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്. ഒന്ന്, രോഗാണുബാധ മുതൽ രോഗലക്ഷണം കാണുന്നതുവരെ ഇപ്പോൾ നാലു ദിവസമായി കുറഞ്ഞിരിക്കുന്നു. ഒന്നാം ഘട്ടത്തിൽ അത് ശരാശരി ആറു ദിവസമായിരുന്നു. രണ്ട്, ആദ്യകാല വൈറസ്ബാധയിൽ ഉണ്ടായിരുന്നതിനേക്കാൾ ഇക്കുറി 1260 ഇരട്ടി വൈറസ് ലോഡ് രോഗികളിൽ കാണുന്നു. അതായത്, ഡെൽറ്റ വാഹകർ ആയിരം ഇരട്ടി വൈറസുകളെ പുറന്തള്ളുകയും സ്വീകരിക്കുന്നവർ വലിയ അളവിൽ വൈറസ് സാന്ദ്രത ശരീരത്തിലേക്കെടുക്കുകയും ചെയ്യുന്നു. മൂന്ന്, അതിവേഗത്തിൽ വൈറസ് പകർപ്പുകളുണ്ടാവാൻ കാരണമാകുന്നു. വൈറസ് പകർപ്പുകൾ ശരീരത്തിൽ കൂടുതലുണ്ടെങ്കിൽ വ്യാപനത്തിലും ശേഷിവർധിക്കാൻ കാരണമാകും. ആദ്യകാല സ്ട്രെയിൻ D614G എന്ന വൈറസിനേക്കാൾ 50% വ്യാപനശേഷി കൂടുതലായിരുന്നു ആൽഫ വേരിയൻറിന്; അതിനേക്കാൾ 64% വ്യാപനശേഷി കൂടുതലാണ് ഡെൽറ്റ വേരിയൻറിന്. എന്നാൽ മുൻ വേരിയൻറുകളേക്കാൾ ഇക്കുറി വൈറസ് കൂടുതൽ സമയം വായുവിൽ തങ്ങും എന്ന് തെളിയിക്കാനായിട്ടില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.
മൂന്നാം തരംഗവും വാക്സിനുമായി ബന്ധപ്പെട്ടിരിക്കുന്നു. വിജയകരമായി വാക്സിനേഷൻ നടന്ന പ്രദേശങ്ങളിൽ കോവിഡ് മരണങ്ങൾ അപ്രത്യക്ഷമായി എന്നുപറയാം. അമേരിക്കയിലെ വിവിധ പഠനങ്ങൾ കോവിഡ് രോഗവും മരണവും വാക്സിൻ എടുക്കാത്തവരിലാണെന്ന് സൂചിപ്പിക്കുന്നു. വാക്സിൻ എടുത്തവരിലും ബ്രേക്ക് ത്രൂ കോവിഡ് ബാധ കാണുന്നുവെങ്കിലും സാധ്യത കുറവാണെന്ന് ഉറപ്പാക്കാനായി. വാക്സിനേഷൻ ജീവരക്ഷാമാർഗമാണെന്നതിൽ സംശയമില്ല. അതിവേഗം എല്ലാവർക്കും വാക്സിനെത്തിക്കുക എന്നതാവണം ദൗത്യം. രോഗബാധിതരിൽ 97% പേരും വാക്സിൻ എടുക്കാത്തവരാണിപ്പോൾ. ആശങ്കയുയർത്തുന്ന കാര്യം ചില വാക്സിനുകൾക്കെങ്കിലും ഡെൽറ്റ വൈറസിൽ ഫലപ്രാപ്തി കുറവാണെന്നതാണ്.
മൂന്നാം തരംഗമെത്താൻ വാക്സിൻ വിരുദ്ധത കാരണമായി പലരും പറഞ്ഞുതുടങ്ങി. വാക്സിനേഷന് ഇത്രയധികം സംരക്ഷണം നൽകാനായത് ശാസ്ത്രീയമായി ചിന്തിപ്പിക്കാൻ കാരണമാകേണ്ടതാണ്. എന്നാൽ ഇന്ത്യയുൾെപ്പടെ പല രാജ്യങ്ങളിലും ആൻറി വാക്സിൻ പ്രചാരണം ശക്തമാണ്. ഇതുവരെ വെറും 10% പേർ മാത്രമാണ് ഇന്ത്യയിൽ രണ്ടു വാക്സിൻ എടുത്തവർ. അതായത് ഒരു തരംഗമുണ്ടായാൽ വ്യാപനസാധ്യതയേറും എന്നതിൽ സംശയവും വേണ്ട.
മൂന്നാം തരംഗം ശക്തമായാലും അല്ലെങ്കിലും കോവിഡ് പകർച്ചവ്യാധി നമ്മുടെ സാമൂഹിക ജീവിതത്തെ നന്നായി ഉലച്ചുകഴിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തിൽ ഊഹാപോഹങ്ങളിലും കിംവദന്തികളിലും വിശ്വസിച്ച് ഉപേക്ഷ പുലർത്തുന്നത് ആത്മഹത്യാപരമാണ്. വാക്സിനേഷനും മറ്റ് പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്താത്ത ഒരു ചെറുത്തുനിൽപ്പിനെപ്പറ്റി ആലോചിക്കുന്നത് തന്നെ മണ്ടത്തരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.