Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നവംബർ നൽകുന്ന ആശയും ആശങ്കയും
cancel

രണ്ടു സുപ്രധാനകാര്യങ്ങളാണ് കോവിഡുമായി ബന്ധപ്പെട്ട് നവംബറിൽ റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്. മൃഗത്തിൽനിന്ന്​ മനുഷ്യരിലേക്ക് പകർന്നു എന്ന് കരുതപ്പെടുന്ന പുതിയ മ്യൂ​ട്ടേഷൻ കണ്ടെത്തിയതാണ് ആദ്യത്തേത്. കൈയെത്തും ദൂരത്ത് കോവിഡ് വാക്‌സിൻ എത്തിയെന്ന വാർത്തയാണ് രണ്ടാമത്തേത്. രണ്ടും അതീവ ശ്രദ്ധയർഹിക്കുന്നു.

​െഡൻമാർക്കിലാണ് പുതിയ കൊറോണ വൈറസ് മ്യൂ​ട്ടേഷൻ കണ്ടെത്തിയത്. നീർനായ് കുടുംബത്തിൽപെട്ട മിങ്ക് എന്ന മൃഗത്തിൽ കോവിഡ് അതിവേഗം വ്യാപിക്കുന്നതായി അവർ കണ്ടെത്തി. അതേക്കുറിച്ചുള്ള പഠനങ്ങൾ ഉടൻതന്നെ ആരംഭിച്ചു. ഒപ്പം കണ്ടെത്തിയ കാര്യങ്ങൾ ആശങ്കയുണർത്തുന്നതായിരുന്നു. മിങ്ക് മൃഗങ്ങളുടെ ഇടയിൽ കോവിഡ് വ്യാപനം വേഗത്തിലായത് പ്രത്യേക ശ്രദ്ധക്ക്​ കാരണമായി. മിങ്ക് ഫാമുകളിൽ ജോലിചെയ്യുന്നവരിൽ കണ്ട കോവിഡ് മിങ്കിൽനിന്ന് പകർന്നതാണെന്ന് വൈറസ് പഠനങ്ങൾ വ്യക്തമാക്കി. ഏതാണ്ട് മുന്നൂറോളം പേരിൽ മിങ്ക് വൈറസ് സ്ഥിരീകരിക്കപ്പെട്ടു.

വൈറസി​െൻറ ജിനോം പഠിച്ചപ്പോൾ ജനിതകമാറ്റമുണ്ടായ വൈറസാണ് 12 പേരിൽ രോഗകാരണമെന്ന് വ്യക്തമായി. അതായത്, ഫാമുകളിൽ വളർത്തുന്ന മിങ്ക് മൃഗങ്ങളിൽ കോവിഡ് 19 വ്യാപിക്കുന്നു. അവിടെ വൈറസിന് ജനിതകമാറ്റം സിദ്ധിക്കുന്നു. പുതിയ വൈറസ് തിരിച്ച്​ മനുഷ്യരിൽ കോവിഡ് രോഗമുണ്ടാക്കുകയും ചെയ്യുന്നു. മിങ്ക് മൃഗങ്ങളെ വ്യാപകമായി ഫാം അടിസ്ഥാനത്തിൽ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ പല പ്രദേശങ്ങളിലും വളർത്തുന്നുണ്ട്. അതി​െൻറ രോമം മേൽത്തരം കമ്പിളിവസ്ത്രങ്ങൾ ഉൽപാദിപ്പിക്കാൻ നന്ന് എന്നതിനാലാണ് ഫാമുകൾ നിലനിൽക്കുന്നത്. മിങ്ക് ഫാമുകളിൽ രോഗവ്യാപനം ഉറപ്പാവുകയും പുതിയ വൈറസ് മനുഷ്യരിലേക്ക് സ്പിൽ ഒാവർ ചെയ്യാൻ കെൽപുള്ളതാണെന്ന് മനസ്സിലാവുകയും ചെയ്തപ്പോൾ മൃഗത്തിൽനിന്ന്​ മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിൽ വൈറസ് സ്വഭാവം മാറിയിരിക്കുന്നെന്ന് കണ്ടു. ജനിതകമാറ്റം വന്ന വൈറസായതിനാൽ ഭാവിയിൽ അത് പുതിയ പകർച്ചവ്യാധി സൃഷ്​ടിക്കുമോ എന്ന സംശയവുമുണ്ട്. അതി​െൻറ പേരിൽ ഇൗ പകർച്ച തടയാൻ ലക്ഷക്കണക്കിന് മിങ്ക് മൃഗങ്ങളെ കൊന്നൊടുക്കാൻ ഡെന്മാർക്ക് സർക്കാർ തീരുമാനമെടുത്തു.

ഡെന്മാർക്കിലെ വൈറോളജിസ്​റ്റായ ജ്യാന്നിക് ഫൊനേജർ നാൽപതു ഫാമുകളിൽനിന്ന് അസംഖ്യം സാമ്പിളുകൾ പരിശോധിച്ചു. അതിൽ 170 കോറോണ വൈറസ് വ്യതിയാനങ്ങൾ കണ്ടെത്തി. ഈ ജനിതക വ്യതിയാനങ്ങൾ 300 കോവിഡ് രോഗികളിലും കണ്ടെത്തുകവഴി മിങ്കിൽനിന്ന്​ മനുഷ്യരിലേക്കുള്ള വ്യാപനം ഉറപ്പാക്കി. ഈ വ്യതിയാനങ്ങളിൽ ഒരു പ്രത്യേക മ്യൂ​ട്ടേഷനാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ക്ലസ്​റ്റർ-5 എന്ന് ഇപ്പോൾ പേരിട്ടിരിക്കുന്ന ഈ മ്യൂട്ടൻറ്​ വ്യാപിക്കുന്നപക്ഷം മറ്റൊരു എപിഡെമിക് സ്വഭാവം കൈവരിക്കും. വൈറസി​െൻറ സ്പൈക്ക് പ്രോട്ടീൻ ഘടനയിൽ മൂന്ന് അമിനോ ആസിഡുകൾ മാറ്റപ്പെടുകയും രണ്ടെണ്ണം ഒഴിവാക്കപ്പെടുകയും ചെയ്യുന്നത്​ കണ്ടെത്തി. വ്യാപനം, ശക്തി, ആക്രമണശേഷി എന്നിവ വൈറസ് ഘടനയുമായി ബന്ധമുള്ളതിനാൽ പുതിയ വൈറസ് നിലവിലുള്ളവയിൽനിന്ന്​ വ്യത്യസ്തമാകാനിടയുണ്ട്. ഉദാഹരണത്തിന്, മുൻ കൊറോണ വൈറസ്​മൂലം രോഗം വന്ന്​ പിന്നീട്​ മുക്തരായവർ ക്ലസ്​റ്റർ-5 വൈറസ്മൂലം വീണ്ടും രോഗബാധിതരാകാം, ഇമ്യൂണിറ്റി ഉണ്ടാകണമെന്നില്ല. അങ്ങനെയായാൽ കോവിഡ് വാക്സിനുകൾ ക്ലസ്​റ്റർ-5 വൈറസുകളെ പ്രതിരോധിക്കുന്നതിൽ ദുർബലമാകാനിടയുണ്ട്.

ഇതാണ് മിങ്ക്ഫാമുകളിൽ കോവിഡ് കണ്ടെത്തിയ ഡെൻമാർക്കിൽ ശക്തമായ നടപടികളുണ്ടാകാൻ കാരണം. ഇതിനിടെ നെതർലൻഡ്‌സ്‌, സ്വീഡൻ, സ്പെയിൻ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളിലും ഇതേ വൈറസ് കണ്ടെത്തി. നെതർലൻഡ്‌സ്‌ 2024ഓടെ മിങ്ക് ഫാമുകൾ പൂർണമായി നിർത്തൽ ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞു.

വാക്സിനുകൾ നമ്മുടെ വാതിൽപുറത്തെത്തിയെന്ന തോന്നൽ ശക്തിയാർജിക്കുന്നു. പകർച്ചവ്യാധി ആരംഭിച്ച്​ ഒരു വർഷം പിന്നിടുമ്പോൾ വാക്സിൻ എത്തുന്നത് അത്ഭുതകരമായ നേട്ടംതന്നെ, തർക്കമില്ല. ശരാശരി അഞ്ചുവർഷത്തെ ശ്രമമാണ് മുൻകാലങ്ങളിൽ വാക്‌സിൻ വികസനത്തിന് പിന്നിലുണ്ടായിരുന്നത്. മുണ്ടിവീക്കം (mumps) എന്ന രോഗത്തിന് ഇപ്പോഴും ഉപയോഗിക്കുന്ന വാക്‌സിൻ വെറും നാലു വർഷത്തിനുള്ളിൽ ഉണ്ടായതാണെന്ന് അഭിമാനപൂർവം പറഞ്ഞിരുന്നത് നമുക്കോർക്കാം. വാക്​സിനുകളുടെ ഫലപ്രാപ്തി മറ്റൊരു ഘടകമാണ്. ഫ്ലൂ വാക്സിനുകൾക്ക്​ പൊതുവേ 40 മുതൽ 60 ശതമാനം വരെ ഫലപ്രാപ്തിയുണ്ടെന്ന് കരുതപ്പെടുന്നു. ഓരോ വർഷവും ഫ്ലൂവൈറസുകൾക്ക് ഘടനയിൽ മാറ്റംവരുന്നതിനാൽ ഇത്​ അപ്രതീക്ഷിതമെന്നു പറയാനാവില്ല. എന്നാൽ, കോവിഡിനെതിരെ ഇപ്പോൾ തയാറായിരിക്കുന്ന ഓക്സ്ഫഡ് വാക്സിൻ, ഫൈസർ വാക്‌സിൻ എന്നിവ ഏതാണ്ട് 95 ശതമാനം പ്രവർത്തനക്ഷമമാണെന്നു പറയപ്പെടുന്നു. നിലവിലുള്ള പഠനങ്ങൾ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ, പഠനഫലങ്ങൾ സമൂഹത്തിൽഅതേ പടി മാച്ച്​ ചെയ്തുകൊള്ളണമെന്നില്ല. എന്തായാലും ഫലപ്രാപ്‌തി ഇനിയും പത്തു ശതമാനം കുറഞ്ഞാലും വാക്‌സിൻ മെച്ചപ്പെട്ടതുതന്നെയെന്ന വിലയിരുത്തലിൽ മാറ്റം വരില്ല.

പരീക്ഷണങ്ങളിൽ ഫൈസർ വാക്‌സിൻ 90 ശതമാനം പേരിലും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതായി കണ്ടെത്തി. അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് ലൈസൻസ് ലഭിക്കാൻ ഫൈസർ ശ്രമം തുടങ്ങി. അനുവാദം കിട്ടിയാൽ ഡിസംബർ രണ്ടാംവാരം മുതൽ അമേരിക്കയിൽ വാക്സിൻ നൽകിത്തുടങ്ങും. ബ്രിട്ടന് ഒരു കോടി വാക്സിൻ ലഭിക്കുമെന്നും ഉറപ്പായി. വാക്സിൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടതിനാൽ സുരക്ഷ സംവിധാനങ്ങൾ അതിവിപുലമാണ്. വാക്സിൻ പാക്കുകൾ ജി.പി.എസ് ട്രാക്കർ വഴി പിന്തുടരാവുന്ന വിധമാണ് വിതരണശൃംഖല ഒരുക്കിയിരിക്കുന്നത്. തുടക്കത്തിലേ ഉൽപാദനം മുഴുവൻ വികസിത രാജ്യങ്ങൾ പ്രീ-ബുക്ക് ചെയ്​തതിനാൽ ഫൈസർ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകാനിടയില്ല. മാത്രമല്ല, മൈനസ് 70 ഡിഗ്രി ശീതാന്തരീക്ഷം നിലനിർത്താനും ഇന്ത്യൻ സാഹചര്യത്തിൽ സാധ്യതയില്ല.

മൊഡർന വാക്‌സിനും പരീക്ഷണങ്ങളിൽ ഉയർന്ന നിലവാരം പുലർത്തി. രണ്ടാം ഡോസ് കിട്ടിയവരിൽ 99 ശതമാനം പേർക്കും സുരക്ഷിതത്വം ഉറപ്പായതായി പരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നു. ഈ വാക്സിനും മൈനസ് 20 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടതിനാൽ ഇന്ത്യയിൽ അത്രകണ്ട് സാധ്യമാകുമെന്ന് പറയാനാവില്ല. ബ്രിട്ടനിൽ അമ്പതു ലക്ഷം പേർക്ക് വാക്സിൻ ലഭിക്കുമെന്നറിയുന്നു. ഈ രണ്ടു വാക്സിനും ഫലപ്രദമാണെങ്കിൽ കൂടി ദേശീയ വാക്സിനേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്താനാകുമോ എന്നും അറിയില്ല; അതി​െൻറ വില 20 മുതൽ 35 ഡോളർ വരെയാകാമെന്നതിനാൽ അതും തടസ്സമാകാം. ഡ്യൂക്ക് യൂനിവേഴ്സിറ്റിയുടെ ആരോഗ്യപഠന ഗവേഷണ കേന്ദ്രം പൊതുജനാരോഗ്യ രംഗത്ത് കാണുന്ന പ്രവണതകൾ പഠിക്കുകയും നയരൂപവത്​കരണത്തിൽ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. ശ്രദ്ധേയമായ നിരവധി കണ്ടെത്തലുകൾ അവരുടെതായി പുറത്തുവരുന്നു. വാക്‌സിൻ കൈയടക്കാൻ രാജ്യങ്ങളുടെയിടയിൽ നടക്കുന്ന മത്സരത്തി​െൻറ സൂചനയും അതിൽപെടും. ഇതിനകം 880 ഡോസ് വാക്‌സിൻ അതിസമ്പന്ന രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളും ചേർന്ന് കൈക്കലാക്കി. മൊഡർന വാക്‌സി​െൻറ 78 ശതമാനവും ഫൈസർ വാക്സി​െൻറ 70 ശതമാനവും ഉൽപാദനം കഴിയും മുമ്പ് വിറ്റുപോയി.

ഇന്ത്യയുടെ പ്രതീക്ഷ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനുകളിൽതന്നെ. വളരെയധികം ഉൽപാദന ശേഷിയുള്ള വാക്‌സിൻ കമ്പനികൾ രാജ്യത്തുള്ളതിനാൽ ഓക്സ്ഫഡ് വാക്‌സിനും ഇന്ത്യയിൽ ലഭ്യമാകുമെന്ന് കരുതുന്നു. അതി​െൻറ ഉൽപാദന പങ്കാളി ഇന്ത്യൻകമ്പനികളായതിനാൽ നാട്ടിൽ വാക്‌സിൻ ലഭ്യതയുണ്ടാകും. അടുത്തവർഷാരംഭത്തോടെ വാക്‌സിൻ നൽകിത്തുടങ്ങാമെന്ന്​ കമ്പനി പറയുന്നത് ആശാവഹമാണ്. അവസാനഘട്ട പരീക്ഷണത്തിലാണ് ഓക്സ്ഫഡ് വാക്സിൻ; അതോടൊപ്പം സ്​പ​ുട്നിക്-5 വാക്‌സിനുമുണ്ട്. ഭാരത് ബയോടക്​, സയ്‌ഡ്‌സ് എന്നീ കമ്പനികൾ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക്​ കടന്നുകഴിഞ്ഞു. അടുത്ത ആറു മാസത്തിനുള്ളിൽ ഏതാനും വാക്സിനുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെങ്കിൽ അത് നല്ല തുടക്കമായി പരിഗണിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine​Covid 19
Next Story