കോവിഡ് രോഗത്തിന്റെ ഭാവിവഴികൾ
text_fieldsകോവിഡ് ബാധിതരുടെ സംഖ്യ വർധിക്കുമെന്നും അതിജാഗ്രത മാത്രമാണ് പ്രതിരോധിക്കാനുള്ള ഏകമാർഗമെന്നും നേതാക്കളും അധികാരികളും പറയുന്നത് ശ്രദ്ധാപൂർവം കേൾക്കേണ്ടതാണ്. കോവിഡ് ശക്തിപ്രാപിക്കുന്ന രീതി ശ്രദ്ധിച്ചാൽ ഗ്രാഫ് ഉയർന്നുതന്നെ പോകുന്നതായി കാണാം. ഉയർച്ചയുടെ അഗ്രത്തിൽ എത്തിയതായി തോന്നുന്നുമില്ല. ജൂലൈ മുതൽ കോവിഡ് വ്യാപനം ഉയർന്ന തോതിൽ തന്നെയാണ് മുന്നോട്ടു നീങ്ങിയത്. ജൂലൈ അവസാനത്തിൽ 23,600 പേർ രോഗബാധിതർ ആയിരുന്നപ്പോൾ, ആഗസ്റ്റിൽ അത് 75,300 ഉം, സെപ്റ്റംബർ 27 ന്1,75,000 ഉം ആയി ഉയർന്നു.
ഇതോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധന കാണിക്കുന്നു; അതായത്, നൂറു പേരെ പരിശോധിച്ചാൽ എത്രപേർക്ക് പോസിറ്റിവ് ആകും എന്ന അന്വേഷണമാണ് ടെസ്റ്റ് പോസിറ്റിവിറ്റി ചെയ്യുന്നത്. അത് എത്ര താഴ്ന്നിരിക്കുന്നുവോ അത്ര നന്ന്. ജൂലൈ അവസാനത്തിൽ ഇത് 3.3 ശതമാനം മാത്രമായിരുന്നു; ഇപ്പോഴാകട്ടെ, 11.3 ശതമാനമായി വർധിച്ചിരിക്കുന്നു. കൊറോണ വൈറസ് ബാധിച്ച അനേകം പേർ സമൂഹത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാതെയുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാതെ ബഹുഭൂരിപക്ഷം പേർ അണുവാഹകരായി ദിവസങ്ങളോളം സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കും. വർധിച്ച പരിശോധനയിലൂടെ രോഗം കണ്ടെത്തി അവരെ മറ്റുള്ളവരിൽ നിന്ന് അകറ്റി താമസിപ്പിക്കാനായാൽ മാത്രമേ വ്യാപനം തടയാനോ വേഗത കുറക്കാനോ സാധിക്കൂ.
ജനങ്ങൾക്കിടയിലെ കപടശാസ്ത്ര വിശ്വാസം ഈ അവസ്ഥക്ക് സഹായകരമാകുന്നു. ഒറ്റമൂലികളും പലതരം പ്രതിരോധ മാർഗങ്ങളും ശക്തമായ വിപണി കണ്ടെത്തിയിരിക്കുന്നു. ഉപ്പ്, നാരങ്ങ എന്നിവ മുതൽ വിലയേറിയ വസ്തുക്കൾ വരെ മാർക്കറ്റിലുണ്ട്. ഗൂഗ്ൾ വഴി അന്വേഷണം നടത്തിയാൽ ഇതിെൻറ വ്യാപ്തി മനസ്സിലാകും. പലപ്പോഴും കോവിഡ് പ്രതിരോധിക്കാൻ കഴിവുള്ള പല ചികിത്സകളും അതുടലെടുത്ത സംസ്ഥാനത്തിനപ്പുറം പോകുന്നില്ലെന്നു കാണാം. ചിലത് ഇന്ത്യയിലെമ്പാടും ജനസമ്മിതി നേടി; മറ്റുചിലത് പരിമിതമായി വിപണിയിൽ സ്വാധീനം ഉറപ്പിച്ചു.
തെളിവില്ലാത്ത ഇത്തരം ചികിത്സകളുടെ കഴിഞ്ഞ ഏതാനും മാസത്തെ ജനസ്വാധീനം പരിശോധിച്ചാൽ വൈറസിനു സമാനമായ വ്യാപനം ഇവക്ക് നേടാനായി എന്നും കാണാം. അമിതമായ സുരക്ഷിതത്വ ബോധം തോന്നുന്നവർക്ക് കോവിഡ് റിസ്ക് എടുക്കാൻ ഭയം തോന്നുകയില്ല. ഇപ്പോൾതന്നെ ആൾക്കൂട്ടങ്ങൾ വർധിക്കുന്നതായും സാമൂഹിക അകലവും ശാരീരിക ദൂരവും പാലിക്കാതെ പോകുന്നതും കാണാനാകും. കൈകഴുകലും പലേടത്തും നാമമാത്രമായ സാന്നിധ്യമായി. പൊതുപ്രവർത്തകർക്കും പ്രാദേശിക നേതാക്കൾക്കും ഇക്കാര്യത്തിൽ ഏറെ സംഭാവന നൽകാനാകും; എന്നാൽ, അവർ ശാസ്ത്രബോധത്തെ അടിസ്ഥാനപ്പെടുത്തിയ പ്രതിരോധ മതിൽ എന്ന സങ്കൽപത്തോടൊപ്പം ചേരാൻ വിമുഖരാണ്.
കോവിഡ് എന്നവസാനിക്കും എന്നു പറയാമോ എന്ന ചോദ്യം പലപ്പോഴും ഉയർന്നുകേൾക്കുന്നു. അടുത്ത വർഷം യുദ്ധമുണ്ടാകുമോ, പണത്തിെൻറ ഭാവിയെന്താകും എന്നൊക്കെയുള്ള ചോദ്യങ്ങൾക്കും കൃത്യമായ പ്രവചനം സാധ്യമല്ലല്ലോ. മറ്റൊന്ന് കോവിഡ് പുതിയ രോഗമാണെന്നും അതിെൻറ പെരുമാറ്റം മാറിക്കൊണ്ടിരിക്കുന്നു എന്നും നമുക്കറിയാം. ദിവസേന 8000 മരണങ്ങൾ നടന്നിരുന്ന ലോകത്ത്, ഇപ്പോൾ രോഗവ്യാപനം വർധിച്ചിട്ടും 5000 മരണങ്ങൾക്ക് താഴെ എത്തിയിരിക്കുന്നു. അതായത്, വൈറസിെൻറ മാരകശേഷി കുറഞ്ഞുവരുന്നതായി മനസ്സിലാകുന്നു. വൈറസിൽ വന്ന ചില പുതിയ മാറ്റങ്ങൾ മരണനിരക്ക് ശുഷ്കമാകാൻ കാരണമായിക്കാണും. ജനങ്ങളുടെ സാമൂഹിക ഇടപെടൽ മാറുന്നതനുസരിച്ചു വൈറസിൽ മാറ്റമുണ്ടായി എന്ന തോന്നൽ ശക്തമാണ്.
വൈറസ് എന്ന് പിൻവാങ്ങും എന്ന ചോദ്യം ഭാവിയെ പറ്റിയുള്ള ആകുലതകൾ പരിഗണിക്കുമ്പോൾ പ്രസക്തമാണ്. രണ്ടു തരത്തിലാണ് ശാസ്ത്രം ഇതിനെ കാണുന്നത്. ഒന്ന്, എപിഡെമിയോളജി മാതൃക; രണ്ട്, സാമൂഹിക'നോർമൽ'. ഇവ രണ്ടും രണ്ടു വ്യത്യസ്തരീതികളിൽ വികസിച്ചുവരും എന്നും കരുതപ്പെടുന്നു.
എപിഡെമിയോളജി മാതൃകയാണ് ഇതിൽ പ്രധാനം. ഇതിൽ പ്രധാനമായത് വാക്സിൻ കണ്ടെത്തലാണ്. അതിന് ഇനിയും ആറു മാസം കൂടി കാത്തിരിക്കേണ്ടി വരും എന്ന് കരുതാം. ഇപ്പോൾ മുൻനിരയിലുള്ള വാക്സിനുകളിൽ അഞ്ചിൽ ഒന്നിനു മാത്രമേ വിജയസാധ്യതയുള്ളൂ. അതിനാൽ വാക്സിനുകൾ സമൂഹത്തിലെത്തിക്കഴിഞ്ഞാൽ മാത്രമേ ഫലപ്രാപ്തി അറിയാൻ കഴിയൂ. വിജയകരമായ വാക്സിൻ എല്ലാ മേഖലകളിലും ലഭ്യമായിക്കഴിഞ്ഞാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മാത്രമേ സാമൂഹിക പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. കണക്കുകൾ കാണിക്കുന്നത്, നിലവിൽ 30 കോടി ജനങ്ങളിൽ മാത്രമേ പ്രതിരോധശേഷി ഉണ്ടായിട്ടുള്ളൂ. പകുതിയോളും ജനങ്ങളിൽ പ്രതിരോധശേഷി ഉണ്ടായാൽ സാമൂഹിക ഇമ്യൂണിറ്റി സാധ്യമാകും. ഇനിയും 300 കോടി ജനങ്ങൾക്ക് പ്രതിരോധശേഷി വരേണ്ടതുണ്ട്.
വാക്സിൻ ഇല്ലാതെ അത് കരസ്ഥമാക്കാമെന്ന് കരുതാനും വയ്യ. മറ്റു വാക്സിനുകൾ ഭാഗികമായി പ്രതിരോധശേഷി കോവിഡ് രോഗത്തിൽ പ്രദാനം ചെയ്യുമെന്ന ധാരണയും പ്രസക്തമാണ്. ഇതിൽ പ്രധാനം ക്ഷയരോഗത്തിൽ ഉപയോഗിക്കുന്ന ബി.സി.ജി വാക്സിനാണ്. ജനങ്ങൾ പരസ്പരം ഇടപെടുന്ന രീതികൾ സാമൂഹികപ്രതിരോധം കെട്ടിപ്പടുക്കാൻ വ്യത്യസ്തമായ സ്വാധീനം പല മേഖലകളിലും സൃഷ്ടിക്കും. ഇതും ഇമ്യൂണിറ്റിക്ക് സഹായകരമാവാം. വാക്സിൻ 2021 മാർച്ചിനുശേഷം മാത്രം ഉണ്ടാകുന്നതാണ്, വർഷാവസാനമാകുമ്പോൾ പത്തുകോടിയിലധികം പേർക്ക് വാക്സിൻ നൽകാനും കഴിഞ്ഞെന്നിരിക്കും.
അമേരിക്കയിൽ സാമൂഹിക ഇമ്യൂണിറ്റി സാധ്യമാകുക 2021 അവസാന പാദത്തിലായിരിക്കും എന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയുടെ ജനസംഖ്യ ഇന്ത്യയുടേതിലും കുറവാണ്. വാക്സിൻ ലഭ്യത കുറയുകയോ സാമൂഹികാംഗീകാരം സാർവത്രികമാകാതെപോകുകയോ പാർശ്വഫലങ്ങൾ ഭയം പടർത്തുകയോ ചെയ്താൽ എപിഡെമിയോളജി മാതൃക പ്രാവർത്തികമാകാനും താമസം ഉണ്ടാകും. പല ഘടകങ്ങളും പരിഗണിച്ച മാക്കിൻസി കരുതുന്നത് അമേരിക്കയിൽ പോലും രോഗം അവസാനിക്കാൻ 2022 വരെ ദീർഘിച്ചുപോകാമെന്നും മുന്നറിയിപ്പ് തരുന്നു.
രണ്ടാമത്തേത്, സാമൂഹിക 'നോർമൽ' കൈവരിക്കുന്നത് എപ്രകാരം എന്ന ചോദ്യമാണ്. ജനങ്ങൾ ക്രമേണ പൊതു ഇടങ്ങളിൽ കടന്നുവരുകയും ജീവിതം പറ്റുന്നത്ര നോർമൽ ആക്കാൻ ശ്രമിക്കുകയും ചെയ്യും എന്നു കാണാം. മരണനിരക്ക് കുറയുന്നു എന്ന തോന്നൽ സാമൂഹിക 'നോർമൽ' നിർമിക്കാൻ സഹായിക്കും. ദിനം പ്രതി എത്രപേർക്ക് കോവിഡ് ബാധിച്ചു എന്ന കണക്ക്, മരണനിരക്ക് കുറയുന്നതോടെ ഗൗരവമല്ലാതാകും.
ഇതും സാമൂഹികപ്രതിരോധത്തിെൻറ രീതിയിൽ പെടുന്നു. മരണം, ന്യൂമോണിയ, ഐ.സി.യു ചികിത്സ, രോഗത്തിെൻറ വിവിധ സങ്കീർണതകൾ എന്നിവ നന്നായി നിയന്ത്രിച്ചു വരുക എന്നത് ലോക്ഡൗൺ പോലുള്ള ശക്തമായ മാർഗങ്ങളെക്കാൾ ഫലപ്രദമാകും. അതോടൊപ്പം സാമൂഹിക സാമ്പത്തിക പ്രവർത്തനങ്ങളിൽ വലിയ ആഘാതമുണ്ടാക്കാതെ അതിവേഗ പരിശോധനകൾ വർധിപ്പിച്ചു കോവിഡ് ബാധിച്ചവരെ കണ്ടെത്തുന്നത് അത്യാവശ്യം തന്നെ. കോവിഡ് ബാധക്കുശേഷം സാമൂഹിക ജീവിതത്തിലേക്ക് മടങ്ങിവരാൻ സഹായിക്കുന്ന മാനസിക, ശാരീരിക പിന്തുണയും ആരോഗ്യമേഖല ഇനി വരും നാളുകളിൽ ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.