കോവിഡ് നിയന്ത്രണവും സാമ്പത്തിക വികസനവും
text_fieldsകോവിഡ് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. വാക്സിൻ കൊടുത്തുതുടങ്ങാം എന്നു കണ്ടതോടെ രോഗവ്യാപനം നിയന്ത്രിക്കാനാകുമെന്നും സാമ്പത്തികവികസനം സാധ്യമാകുമെന്നും ഉള്ള തോന്നൽ ശക്തമായിരിക്കുന്നു. കോവിഡ് നിയന്ത്രണത്തിന് മറ്റൊരായുധംകൂടി ലഭിച്ചുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതും അതിനാലാണ്. രോഗവും മരണവും ആശുപത്രിച്ചെലവും മാത്രമല്ല കോവിഡിനെ അടയാളപ്പെടുത്തുന്നത്. കോവിഡ് ബാധിക്കാത്ത കോടിക്കണക്കിന് ജനങ്ങൾ ദാരിദ്ര്യം, വ്യത്യസ്തമായ പീഡനങ്ങൾ, വിദ്യാഭ്യാസം മുതലായ മേഖലകളിൽ വന്ന നഷ്ടം, വികസന മുരടിപ്പ് എന്നിവയാൽ കഷ്ടതയനുഭവിക്കുന്നു. ഇവയെല്ലാം തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് 2021ലെ പ്രധാന ചിന്താവിഷയം തന്നെ.
കോവിഡ് 2020ൽ സൃഷ്ടിച്ചത് തീവ്ര സാമ്പത്തികമാന്ദ്യമാണെന്ന് പറയുമ്പോഴും സാമ്പത്തികമെച്ചം കൈവരിച്ച മേഖലകൾ പലതുണ്ട്. സ്ഥിരതയുള്ള പൂർണസമയ ജോലിയിൽ ഉള്ളവരും വീട്ടിൽനിന്ന് പ്രവർത്തിക്കാൻ കഴിയുന്ന തൊഴിൽ മേഖലകളിലുള്ളവരും സാമ്പത്തികമായി മെച്ചപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. വരവിൽ കാര്യമായ കുറവുണ്ടായില്ലെന്നു മാത്രമല്ല, ചെലവാക്കാൻ അവസരങ്ങൾ ചുരുങ്ങിയതും അവർക്ക് അനുകൂല സാഹചര്യമൊരുക്കി. അമേരിക്കയിൽ വൻകിട കമ്പനികൾ നെറ്റ്ഫ്ലിക്സ്, ആമസോൺ, സൂം എന്നിവ ഗണ്യമായ ലാഭമുണ്ടാക്കി. സാമ്പത്തികമാന്ദ്യം പാശ്ചാത്യ വികസിതരാജ്യങ്ങളിൽ വ്യക്തമായി കാണാമെങ്കിലും വാക്സിൻവിന്യാസം ഫലപ്രദമായിക്കഴിഞ്ഞാൽ വിപണിയിലും സാമ്പത്തികരംഗത്തും ഉണർവുണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ, വികസ്വരരാജ്യങ്ങളുടെ കാര്യം അങ്ങനെ പറഞ്ഞുതീർക്കാവുന്നതല്ല. പൊതുജനാരോഗ്യരംഗം ശക്തിപ്പെടുത്താനും വേണ്ടത്ര വാക്സിൻ ശേഖരിച്ചുവെക്കാനും അവർക്ക് ബുദ്ധിമുട്ടാവും. വികസിതരാജ്യങ്ങൾ ഏർപ്പെടുത്തിയ വ്യാപ്തിയിൽ തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ സബ്സിഡി, സാമ്പത്തിക പിന്തുണ, ഉദാരമായ മറ്റു പാക്കേജുകൾ എന്നിവ നടത്തിക്കൊണ്ടുപോകാൻ അവർക്ക് കഴിയുകയുമില്ല. ലോകമെമ്പാടും സാമ്പത്തികമാന്ദ്യം ഉണ്ടായതിനാൽ അവികസിത പ്രദേശങ്ങളിലെ അസംസ്കൃതവസ്തുക്കൾക്ക് ഡിമാൻഡും വിപണനസാധ്യതയും കുറയും. വിപണി ദുർബലമാകുമെന്നു മാത്രമല്ല, പൊതുവെ വികസിത രാജ്യങ്ങളിൽനിന്ന് പ്രതീക്ഷിക്കാവുന്ന സാമ്പത്തികസഹായവും ഇല്ലാതാകും. കോവിഡ് നിയന്ത്രിക്കുകയും സാമ്പത്തികരംഗം തുറക്കുകയും ചെയ്യുകയാണ് അവികസിതപ്രദേശങ്ങൾക്ക് ചെയ്യാവുന്നത്. കൂടുതൽ ലോക്ഡൗണുകൾ താങ്ങാനാവുന്നതിലും അധിക സാമൂഹിക സാമ്പത്തികബാധ്യതകൾ വരുത്തിവെക്കും എന്നതിനാൽ വാക്സിൻ ഉപയോഗിച്ച് കോവിഡ് നിയന്ത്രണം സാധ്യമാക്കുക എന്ന മാർഗം മാത്രമാണ് അവർക്ക് മുന്നിലുള്ളത്.
ഈ പശ്ചാത്തലത്തിൽ വേണം ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം 2021 സമ്മേളനത്തെ നോക്കിക്കാണാൻ. ബൃഹത്തായ പുനഃക്രമീകരണം (The Great Reset) എന്നതാണ് ഇക്കുറി സമ്മേളന ലക്ഷ്യം. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനോടൊപ്പം, ഇപ്പോൾ ലഭിക്കുന്ന സമയം സാമ്പത്തികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമായി കാണുകയും വേണമെന്നാണ് ഫോറം ഡയറക്ടർ സാദിയാ സാഹിദി പറയുന്നത്. സാമൂഹിക അസമത്വം നിയന്ത്രിക്കുകയും സാമൂഹിക ഉൾപ്പെടുത്തൽ ആസൂത്രണത്തിെൻറ ഭാഗമാവുകയും ചെേയ്യണ്ടതും അത്യാവശ്യമാണ്. ഭീകരാക്രമണങ്ങൾ, വിവരസാങ്കേതിക വിദ്യയുടെ അട്ടിമറി എന്നിവയെക്കാൾ ഇനി വരുന്ന കാലം പ്രാധാന്യമർഹിക്കുന്നത് സാംക്രമിക രോഗങ്ങൾ, ജീവിതസുരക്ഷ പ്രതിസന്ധി, അപ്രതീക്ഷിത കാലാവസ്ഥ ദുരന്തങ്ങൾ എന്നിവയായിരിക്കും. ആഗോളതലത്തിൽ കൂടുതൽ ക്രിയാത്മകമായ പങ്കാളിത്തം വികസനമാതൃകകളിൽ ഉണ്ടാകുന്നത് ദുർബലസമൂഹങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കും. കോവിഡ് വാക്സിൻ വികസിപ്പിച്ചതും ഡിജിറ്റൽ വിപണി തയാറാക്കിയതും ഇതിനുദാഹരണമാണ്. സാധാരണഗതിയിൽ വർഷങ്ങൾ എടുക്കുമായിരുന്ന കാര്യമാണിവ. അതായത് കോവിഡാനന്തര സാമൂഹികാഭിവൃദ്ധി കടന്നുപോകേണ്ടത് ആരോഗ്യരംഗം, ആസൂത്രണം, പങ്കാളിത്ത മാതൃകയിൽ ഊന്നിയ വികസനം എന്നിങ്ങനെ അനേകം ദുർഘടമായ പാതകളിലൂടെയാണെന്നു വരുന്നു.
സമീപകാല വികസനസാധ്യത അനിശ്ചിതത്വത്തിലാണ് എന്നേ പറയാനൊക്കൂ. പുതിയ തരംഗങ്ങൾ ഉണ്ടാകുകയും കോവിഡ് വ്യാപനം തുടരുകയും ചെയ്താൽ സാമ്പത്തികമാന്ദ്യം തുടരുകതന്നെ ചെയ്യും; പ്രത്യേകിച്ചും വാക്സിൻ വിന്യസിക്കുന്നതിൽ താമസം നേരിട്ടാൽ. അങ്ങനെയായാൽ ലോക സാമ്പത്തികപുരോഗതി വെറും 1.6 ശതമാനമായി ചുരുങ്ങും. അതേസമയം, വാക്സിൻവിതരണം നന്നായി പോകുകയും രോഗം നിയന്ത്രിക്കാനാകുകയും ചെയ്താൽ ഇക്കൊല്ലം അഞ്ചു ശതമാനംകണ്ട് വികസനം പ്രതീക്ഷിക്കാം. അമേരിക്കയും യൂറോപ്പും ഉദ്ദേശം 3.5 ശതമാനം വളർച്ച രേഖപ്പെടുത്തുെമന്നാണ് കരുതപ്പെടുന്നത്. ജപ്പാൻ 2.5 ശതമാനം വികസിക്കുമെന്നും കരുതുന്നു. ഇതിൽ ഒരപവാദം ചൈനയാണ്. അവരുടെ വികസനം അഞ്ചു ശതമാനംവരെ ഉയരാം; ഇക്കോണമി 7.9 ശതമാനംവരെ ഉയർന്നാൽ അത്ഭുതമില്ല. ചൈനയെ മാറ്റിനിർത്തിയാൽ മറ്റു ഏഷ്യൻ രാജ്യങ്ങൾക്ക് വളർച്ച പരിമിതമായിരിക്കും. ആസൂത്രണം ഫലപ്രദമാകാൻ സാമ്പത്തികസഹായത്തിനു പകരം പറ്റുന്ന ഇടങ്ങളിൽ വികസനത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നയങ്ങൾ നടപ്പാക്കേണ്ടതുണ്ട്. വിപണിയെ ഉത്തേജിപ്പിക്കുകയും ക്രയവിക്രയങ്ങൾ നടക്കുകയും ചെയ്താൽ സമീപകാല മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. ദീർഘകാല വികസനം ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നടത്തുന്ന നിക്ഷേപത്തെ ആശ്രയിച്ചിരിക്കും. അവികസിതസമൂഹങ്ങൾക്ക് നിക്ഷേപം കണ്ടെത്തുന്നതുപോലും പ്രയാസം ഉണ്ടാക്കുന്നതാണ്; കടക്കെണിയിൽ പെട്ടുപോകാതെ പിടിച്ചുനിൽക്കുകപോലും വലിയ നേട്ടമായിരിക്കും.
ശക്തമായ സാമ്പത്തികമുന്നേറ്റം നടത്തിക്കൊണ്ടിരുന്ന ഇന്ത്യയും ബ്രസീലും വളർച്ചമുരടിപ്പ് അനുഭവിക്കുമെന്ന് ചില നിരീക്ഷകർ പ്രവചിക്കുന്നു. അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും തങ്ങളുടെ ഗ്രാമങ്ങളിൽ പെട്ടുപോകുകയും ചെയ്യുന്നു. അവർ മെല്ലെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങിയതിൽ അത്ഭുതമില്ല. ഇത് കോവിഡ് പ്രവർത്തനങ്ങളെയും വാക്സിൻ വിന്യാസത്തെയും ബാധിക്കുകയും കോവിഡാനന്തര വികസനം മന്ദമാക്കുകയും ചെയ്യും. അപ്പോൾ ഈ രാജ്യങ്ങളിലും കോവിഡ് നിയന്ത്രണം, ശക്തമായ വാക്സിൻ പ്രോഗ്രാം എന്നിവ അതിപ്രധാനമാണെന്നു വരുന്നു.
ഇന്ത്യ വാക്സിൻ പ്രോഗ്രാം ആരംഭിച്ചുവെങ്കിലും വാക്സിൻ സ്വീകരിക്കുന്നതിൽ പലേടത്തും ജനങ്ങൾ വിമുഖത കാട്ടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 25 ാം തീയതിവരെ 16,15,500 പേർ വാക്സിൻ സ്വീകരിച്ചു. ജനസംഖ്യയുടെ 0.1164 ശതമാനം മാത്രമാണിത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ പ്രോഗ്രാമാണിതെങ്കിലും ടാർഗറ്റ് എത്താൻ നമുക്കാകുന്നില്ല. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് ലക്ഷ്യമിട്ടവരിൽ 65 ശതമാനം പേർ മാത്രമേ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. ആരോഗ്യപ്രവർത്തകർപോലും വാക്സിൻ സ്വീകരിക്കാൻ മടികാട്ടുന്നു എന്നത് ആശങ്കയുളവാക്കുന്നതാണ്. വാക്സിൻ വിരുദ്ധതയും വാക്സിൻ ശങ്കയും (Hesitancy) ആണ് കാരണമായി പറയുന്നത്. വാക്സിൻവിരുദ്ധത കേരളത്തിൽ കുറെപ്പേരുടെ ശക്തമായ നിലപാടാണ്; മതം, കപട ശാസ്ത്രം, സാമൂഹിക പിന്നാക്കാവസ്ഥ എന്നിവ വാക്സിൻവിരുദ്ധതക്ക് കാരണമാകും. ഫലപ്രാപ്തി, െതളിവുകൾ വിശ്വസനീയമല്ലെന്നു തോന്നൽ, പാർശ്വഫലത്തെക്കുറിച്ചുള്ള ആശങ്ക, രോഗത്തെ കാര്യമായെടുക്കേണ്ടതില്ലെന്ന തോന്നൽ, വ്യാജപ്രചാരണം എന്നിവ വാക്സിൻശങ്കക്ക് കാരണമാകും. വാക്സിനെക്കുറിച്ചുള്ള ആശങ്കകൾ നിയന്ത്രിക്കാൻ വാക്സിൻ പ്രോഗ്രാമിനെക്കുറിച്ചുള്ള അറിവുകൾ സുതാര്യമാക്കണം. ഇതാണ് ഫൈസറും മൊഡെർണയും തുടക്കം മുതൽ ചെയ്തുവന്നത്. ഓക്സ്ഫഡ് വാക്സിനും പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ശ്രമിച്ചു. കോവിഷീൽഡ് ജനങ്ങൾ അംഗീകരിക്കാൻ തുടങ്ങിയത് അതിെൻറ ഗവേഷകരും നിർമാതാക്കളും ഒന്നും മറച്ചുവെക്കുന്നില്ല എന്നതോന്നൽ ഉണ്ടായപ്പോൾ മുതലാണ്.
വാക്സിൻ പ്രോഗ്രാം വിജയിക്കണമെങ്കിൽ വേഗവും ശ്രദ്ധിക്കണം; എത്ര നാൾ കൊണ്ട് രാജ്യത്തെ 60 - 70% വരെ ജനങ്ങളിൽ വാക്സിൻ എത്തിക്കാനാകും എന്നത് പ്രധാനമാണ്. ജനങ്ങളുടെ പ്രതിരോധശക്തി (Herd immunity) ഉറപ്പാക്കാൻ വേഗത്തിൽ വാക്സിൻ എത്തിക്കുന്നത് തീർച്ചയായും ഗുണംചെയ്യും.
എല്ലാ വിദഗ്ധരും വാക്സിൻ പോഗ്രാം മെച്ചപ്പെടുത്തണമെന്നും എല്ലാവരിലും എത്തിക്കണമെന്നും അഭിപ്രായപ്പെടുന്നതും അതിനാൽതന്നെ. ജനിതകമാറ്റം കൂടുതലായി കാണപ്പെടുകയും അത് രോഗവ്യാപനത്തിെൻറ വേഗം കൂട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനു പ്രത്യേക പ്രസക്തിയുണ്ട്. കോവിഡ് നീണ്ടുനിന്നാൽ പരിശോധനകൾ ഫലപ്രദമല്ലാതെ വരാനും ദീർഘകാല രോഗപ്രതിരോധശേഷി ദുർബലമാകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. ചില വാക്സിനുകളുടെ ഫലപ്രാപ്തിയും കുറയാനിടയുണ്ട്; പുതുതായി നിർമിക്കേണ്ടതായി വരും എന്ന ശങ്ക അതിനാൽ നിലനിൽക്കുന്നു. നമുക്ക് വേഗത്തിൽ രോഗനിയന്ത്രണവും സാമ്പത്തിക ഉത്തേജനത്തിനുള്ള ആസൂത്രണവും ഒപ്പം കൊണ്ടുപോകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.