മൂന്നാം തരംഗവും സികയും
text_fieldsകോവിഡ് രോഗത്തിെൻറ രണ്ടാം തരംഗം അവസാന ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന പ്രതീതി നൽകുമ്പോഴും രാജ്യത്തിെൻറ ചിലയിടങ്ങളിൽ വ്യാപനം ശക്തമായി തുടരുന്നു. മഹാരാഷ്ട്രയും കേരളവും ഉയർന്ന കോവിഡ് നിരക്കുകളാണ് റിപ്പോർട്ടു ചെയ്യുന്നത്. ഇതോടൊപ്പം രോഗനിർണയ തോതും (test positivity rate) ഉയർന്നുനിൽക്കുന്നത് കോവിഡ് വ്യാപന രീതിയെക്കുറിച്ചു പുനരവലോകനം ആവശ്യമാക്കുന്നു. ഇപ്പോൾ കണ്ടെത്തിയ സിക രോഗം മറ്റൊരു പൊതുജനാരോഗ്യപ്രശ്നമായി വളരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
നമ്മുടെ പ്രധാന ആശങ്ക കോവിഡ് വ്യാപനത്തിെൻറ മൂന്നാം തരംഗത്തെ കുറിച്ചാണ്. അതിപ്പോൾ ഉണ്ടാകുമെന്നതിനെക്കുറിച്ചു വിദഗ്ധരുടെ ഇടയിൽ സമാന അഭിപ്രായമല്ല ഉള്ളത്. വാക്സിൻ ലഭിച്ചവരിലും കോവിഡ് ബാധിച്ചവരിലും പ്രതിരോധശേഷിയുണ്ടാകും എന്നതിനാൽ മൂന്നാം തരംഗം പ്രവചനാതീതമായി നിൽക്കുന്നു. അമേരിക്കയിൽ പ്രതിദിന കോവിഡ് ബാധയിൽ പോയവാരം മുതൽ വർധനവുണ്ടായിരിക്കുന്നു. പ്രതിദിന കണക്ക് ഉദ്ദേശം 14,000 ആയി ഉയരുകയും കൂടാനുള്ള ട്രെൻഡ് കാണിക്കുകയും ചെയ്യുന്നു. മുൻ വാരത്തേക്കാൾ 13ശതമാനംവർധനവാണ് ഇതു സൂചിപ്പിക്കുന്നത്. സൂക്ഷ്മ നിരീക്ഷണത്തിൽ രണ്ടുകാര്യങ്ങൾ വ്യക്തം. ഒന്ന്, പുതിയ വകഭേദമായ ഡെൽറ്റ വൈറസ് വർധിത വ്യാപനത്തെ സഹായിക്കുന്നു. രണ്ട്, രോഗം റിപ്പോർട്ട് ചെയ്യുന്നത് വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരിലും ഭാഗികമായി വാക്സിൻ എടുത്തവരിലുമാണ്. ഏറ്റവും കൂടുതൽ രോഗവ്യാപനം നടക്കുന്ന അഞ്ചു പ്രവിശ്യകളിൽ പൂർണമായി വാക്സിൻ ലഭിച്ചത് 33 മുതൽ 42 ശതമാനം വരെ പേർക്കു മാത്രം. ഇതു രാജ്യത്തിലെ 47.7ശതമാനം പേർക്ക് വാക്സിനെത്തിച്ച നാട്ടിലെ കഥയാണ്. ഇന്ത്യയിൽ ഉദ്ദേശം 37 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തുകഴിഞ്ഞു. രണ്ടു ഡോസും ലഭിച്ചവർ 7.2 കോടി (5.1ശതമാനം) പേര് മാത്രമാണുള്ളത്. കേരളത്തിൽ ആദ്യഡോസ് 1.1 കോടി പേർക്കും രണ്ടു ഡോസ് 36 ലക്ഷം പേർക്കുമാണ് ലഭിച്ചത്. അതിനാൽ, മൂന്നാം തരംഗം തടയാനുള്ള വാക്സിൻ പ്രതിരോധം ഉണ്ടെന്നു കരുതാനാവില്ല.
ബ്രിട്ടനിൽനിന്ന് വരുന്ന കണക്കുകളും സമാന സൂചനകൾ നൽകുന്നു. ഇതിനകം മൂന്നാം തരംഗം തുടങ്ങിക്കഴിഞ്ഞുവെന്നു കരുതുന്നവരാണ് ലണ്ടൻ പൊതുജനാരോഗ്യ സ്കൂളിലെ വിദഗ്ധർ. ഡെൽറ്റ വേരിയൻറ് ശക്തമായ പ്രസരണശേഷി പ്രകടിപ്പിക്കുന്നു; മാത്രമല്ല, അതിെൻറ R0 അഞ്ചിലധികമാണെന്നും അവർ കണക്കുകൂട്ടുന്നു. ജൂൺ അവസാന വാരം തുടങ്ങുമ്പോൾ പ്രതിദിന കോവിഡ് രോഗം 16,000 ആയിക്കഴിഞ്ഞു. പൂർണമായും വാക്സിനേഷൻ ലഭിച്ചവർ 65ശതമാനത്തിലധികമുള്ള രാജ്യമാണ് ബ്രിട്ടൻ. അതിനാൽ, പുതിയ തരംഗം ഉണ്ടാകുമ്പോഴും ആശുപത്രി ചികിത്സ, വെൻറിലേറ്റർ, മരണം എന്നിവ രോഗവുമായി പഴയ ബന്ധം കാണിക്കുന്നില്ല. ഒരു വർഷം മുമ്പ് ആയിരം രോഗികളിൽ 84 പേരെ ആശുപത്രികളിൽ കിടത്തി പരിചരിക്കേണ്ടി വന്നിരുന്നിടത്ത് ഇപ്പോൾ അത് 16 ആയി കുറഞ്ഞിരിക്കുന്നു. ഇത് വാക്സിൻ ഫലപ്രാപ്തിയുടെ സൂചകം മാത്രമല്ല, വാക്സിൻ വിതരണം ഫലപ്രദമായി നടക്കുന്നിടങ്ങളിൽ പുതിയ തരംഗം എങ്ങനെ പ്രത്യക്ഷപ്പെടും എന്നതിന്റെയും അനുഭവമാണ്.
മൂന്നു വ്യത്യസ്ത മാതൃകകൾ മൂന്നാം തരംഗം സ്വീകരിക്കാം. ആദ്യമാതൃകയിൽ രണ്ടാം തരംഗം ലഘുവായി തുടരുകയും മെല്ലെ മൂന്നാം തരംഗത്തിലേക്ക് ലയിക്കുകയും ചെയ്യുക. വാക്സിനേഷൻ, കോവിഡ് ബാധ നൽകുന്ന പ്രതിരോധ ശേഷി എന്നിവകൂടി കണക്കാക്കിയാൽ മൂന്നാം തരംഗം തീവ്രത കുറഞ്ഞിരിക്കുകയും ചെയ്യാം. രണ്ടാമതായി പരിഗണിക്കേണ്ടത് ഇപ്പോൾത്തന്നെ വ്യാപനം ശക്തമായ പട്ടണങ്ങളിൽനിന്ന് പുതിയ ക്ലസ്റ്ററുകൾ മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും പുതിയ തരംഗം സൃഷ്ടിക്കുകയും ചെയ്യാം. ഇപ്പോൾ ശക്തമായിരുന്ന ഡെൽറ്റ വകഭേദം തുടർന്നും വ്യാപിക്കാൻ കെൽപുള്ളതാണ്. വാക്സിൻ രണ്ടു ഡോസും ലഭിച്ചവർ സെപ്റ്റംബർ ആകുമ്പോൾ 10 ശതമാനം ആകാൻ സാധ്യതയുള്ളൂ എന്നതിനാൽ രോഗസാധ്യതയുള്ളവർ വളരെപ്പേർ ഉണ്ടെന്നുതന്നെ കാണണം. ആഘോഷങ്ങളും യാത്രകളും പുനരാരംഭിക്കുന്ന മുറക്ക് മറ്റിടങ്ങളിലേക്ക് വൈറസ് വിന്യസിക്കപ്പെടാൻ അനുകൂലസാധ്യതയുണ്ടാകുന്നു. മെച്ചപ്പെട്ട വാക്സിൻ വ്യാപനം തരംഗ തീവ്രതയെ സ്വാധീനിച്ചേക്കാമെങ്കിലും ആഗസ്റ്റിനുശേഷം മൂന്നാം തരംഗമെത്തുമെന്ന് ഈ മാതൃക പറയുന്നു. മറ്റൊരു സാധ്യതകൂടിയുണ്ട്. ശക്തമായി പടർന്നുപിടിക്കുന്ന ഡെൽറ്റ വകഭേദത്തിനുശേഷം മറ്റു വേരിയൻറുകൾ ജനശ്രദ്ധയാകർഷിച്ചിട്ടില്ല. വൈറസിെൻറ അടിസ്ഥാന സ്വഭാവം തന്നെ മ്യൂട്ടേഷൻ ആയതിനാൽ കഴിഞ്ഞ ഒമ്പതു മാസത്തിൽ പുതിയ വേരിയൻറുകൾ ഉണ്ടായില്ല എന്ന് കരുതാനും വയ്യ. ഇന്ത്യയിൽ ജിനോം പഠനങ്ങൾ വേണ്ടത്ര നടക്കാത്തതും ഇതിനു കാരണമായിരിക്കാം. ലോകാരോഗ്യ സംഘടന അനേകം വേരിയൻറുകൾ 2021 ൽ തന്നെ കണ്ടെത്തുകയുണ്ടായി. അവ നിരീക്ഷണത്തിലുമാണ്.
ഫിലിപ്പീൻസിൽ കണ്ടെത്തിയ P3, ഇന്തോനേഷ്യയിൽ കണ്ടെത്തിയ B.1.466.2, കൊളംബിയയിൽ കണ്ടെത്തിയ B.1.621, റഷ്യയിൽ കണ്ടെത്തിയ AT.1, ഇതിനകം അനവധി രാജ്യങ്ങളിലെത്തിയ C36.3, 36.3.1, എന്നിവ അവയിൽ ചിലതുമാത്രം. ചുരുക്കത്തിൽ, ഇവയോ ഇനി വികസിക്കാനിടയുള്ള മറ്റൊരു മ്യൂട്ടേഷനോ മൂന്നാം തരംഗത്തിന് കാരണമാവില്ലെന്ന് എങ്ങനെ പറയാനാകും.ഇതോടൊപ്പം നമ്മെ അലോസരപ്പെടുത്തുന്ന വിഷയമാണ് സിക വൈറസ് രോഗം. ഒട്ടുമിക്ക പേർക്കും പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ സിക വൈറസിന് പടരുവാൻ അനുകൂലസാഹചര്യമുണ്ട്. കൊതുകിലൂടെയും ലൈംഗികബന്ധത്തിലൂടെയുമാണ് സിക പടരുന്നത് എന്നതിനാൽ അധിക ജാഗ്രത ആവശ്യമാണ്. ഗർഭസ്ഥ ശിശുക്കളെ ബാധിക്കുന്നുവെന്നതിനാൽ ഗർഭിണികൾക്ക് ഊന്നൽ കൊടുക്കുന്ന പ്രതിരോധ സംവിധാനമൊരുക്കേണ്ടതായുണ്ട്. ലൈംഗിക ബന്ധത്തിലൂടെ പകരാനുള്ള സാധ്യത കണക്കിലെടുത്ത് സ്ത്രീകൾക്ക് ഗർഭനിരോധന മാർഗങ്ങളുടെ പ്രാപ്യത വർധിപ്പിക്കുക, ഗർഭകാല സ്കാനിങ് കൂടുതൽ കാര്യക്ഷമമാക്കുക, എന്നിവ അത്യാവശ്യമാണ്.
ഗർഭസ്ഥ ശിശുക്കളിൽ മസ്തിഷ്കസങ്കോചം (microcephaly) ഉണ്ടാകാനുള്ള സാധ്യത ഏറെയുള്ളതിനാൽ ഗർഭിണികളാകാൻ താൽപര്യമുള്ളവർക്ക് സിക രോഗത്തെക്കുറിച്ചുള്ള അറിവുകൾ എത്തിക്കാൻ പദ്ധതിയുണ്ടാകണം. അതുപോലെ, സികയുടെ പശ്ചാത്തലത്തിൽ ഗർഭം മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യമില്ലാത്തവർക്ക് സ്ത്രീസൗഹാർദപരമായ രീതിയിൽ ഗർഭമവസാനിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നതും സിക പ്രതിരോധത്തിനാവശ്യമാണ്.
ഏതാനും നാളുകൾ നീണ്ടുനിൽക്കുന്ന പനിക്കാണ് സിക വൈറസ് കാരണമാകുന്നത്. സിക വന്നുപോയവരിൽ അധികമായി ഗീലൻ-ബാറി സിൻഡ്രോം എന്ന രോഗം വരുന്നതായി കാണുന്നു. നാഡീവ്യൂഹങ്ങളെ ബാധിക്കുകവഴി പേശികൾക്ക് തളർച്ചയും ബലക്ഷയവും ഉണ്ടാകുന്ന അവസ്ഥയാണത്. സിക രോഗലക്ഷണങ്ങളില്ലാതെ വന്നുപോകുന്നതാകയാൽ പെട്ടെന്നു പേശികൾക്കുണ്ടാകുന്ന ബലക്ഷയം സികയുടേതാണോ എന്ന അന്വേഷണവും ഉചിതമാകും.
ഇതിനു മറ്റൊരു പ്രാധാന്യവുമുണ്ട്. കോവിഡ് വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വാക്സിൻ വിരോധികളും ആൻറിവാക്സിൻ പ്രചാരകരും സജീവമാണ്. കോവിഡ് വാക്സിൻ എടുത്തുകഴിഞ്ഞുണ്ടാകുന്ന ഗീലൻ-ബാറി രോഗങ്ങൾ വാക്സിൻ പാർശ്വഫലമായി ചിത്രീകരിക്കപ്പെട്ടേക്കാം. കോവിഡ്, സിക രോഗങ്ങളുടെ ഒത്തുചേരൽ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിനുമേൽ സമ്മർദമുണ്ടാകാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.