സുരക്ഷയുടെയും കരുതലിെൻറയും കാലം
text_fieldsഇപ്പോൾ കോവിഡ് വാക്സിൻ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നു. വാക്സിൻ പരീക്ഷണങ്ങൾ ഇത്രയധികം ജനശ്രദ്ധയാകർഷിക്കുന്നത് വളരെ അപൂർവമായാണ്. ഏറ്റവും അവസാനം, നമ്മെ ആകാംക്ഷയിൽ നിർത്തിയത് ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം ആസ്ട്ര സെനക നിർത്തിവെച്ച വാർത്തയാണ്. പരീക്ഷണത്തിനു വിധേയരായ അനേകം പേരിൽ ഒരാൾക്ക് തീവ്രമായ ആരോഗ്യപ്രശ്നം ഉണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വാക്സിൻ പരീക്ഷണം പിന്നാക്കംപോകുമോ എന്ന ആശങ്കകൾ ഉണ്ടായെങ്കിലും ആധുനിക ശാസ്ത്രം മനുഷ്യജീവന് നൽകുന്ന കരുതൽ വെളിവാകുന്ന സുപ്രധാന സംഭവമായി ഇതിനെ നാം മനസ്സിലാക്കുകയും ചെയ്യുന്നു.
ആയിരക്കണക്കിന് വ്യക്തികൾ വാക്സിൻപരീക്ഷണത്തിൽ പങ്കാളികളാണ്. അതിൽ പകുതിപ്പേർക്ക് പരീക്ഷണ വാക്സിൻ നൽകും, മറ്റേ പകുതിപ്പേർക്ക് മരുന്നെന്നു തോന്നിക്കുന്ന പദാർഥമാകും നൽകുക. ആർക്കൊക്കെ വാക്സിൻ ലഭിച്ചെന്ന് കണ്ടെത്താനാവാത്തവിധം അന്ധവത്കരിച്ചാണ് പരീക്ഷണം നടക്കുന്നത്. അതിനാൽ, ഗൗരവമായ ആരോഗ്യപ്രശ്നം റിപ്പോർട്ടു ചെയ്താൽ ആദ്യം ചെയ്യുന്നത് ആ വ്യക്തിക്കു മരുന്നുതന്നെയാണോ ലഭിച്ചത് എന്ന് കണ്ടെത്തുകയാണ്. ഒരാളിനെങ്കിലും അസംഭവ്യമായ രോഗാവസ്ഥയുണ്ടായാൽ വാക്സിൻ പരീക്ഷണം നിർത്തിവെക്കുകയാണ് ആദ്യനടപടി. ഇതാണ് ആധുനിക ശാസ്ത്രത്തിെൻറ കരുതൽ. വാക്സിൻ പരീക്ഷണത്തിെൻറ ശക്തി വർധിപ്പിക്കുന്നു എന്നു മാത്രമല്ല, ഈ കരുതൽ ആരോഗ്യരംഗത്ത് അത്യാവശ്യമായ നൈതികത ഉറപ്പാക്കുന്നു. പരീക്ഷണങ്ങളോ തെളിവോ കൂടാതെ കോവിഡ് പ്രതിരോധവും ചികിത്സയും നടത്തുന്നതിനെക്കുറിച്ചു ചർച്ചചെയ്യുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട രീതിശാസ്ത്രമാണ് നാമിവിടെ കാണുന്നത്.
ബ്രിട്ടനിൽ നടന്ന പരീക്ഷണത്തിലാണ് ഒരു സന്നദ്ധപങ്കാളി രോഗബാധിതയായത്. അവരുടെ രോഗം മെച്ചപ്പെടുകയും ആശുപത്രി വിടാനുള്ള തരത്തിൽ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാനാണ് സാധ്യതയെന്ന് ആസ്ട്ര അധ്യക്ഷൻ പാസ്കൽ സോറിയറ്റ് അറിയിക്കുകയുണ്ടായി. പരീക്ഷണത്തിെൻറ രഹസ്യ ഫയൽ ഡീകോഡ് ചെയ്തവർ, രോഗിക്ക് ലഭിച്ചത് മരുന്നുതന്നെയെന്ന് ഉറപ്പാക്കുകയും ഇതിനകം ചെയ്തു. അടുത്തദിവസങ്ങളിൽ പരീക്ഷണം പുനരാരംഭിക്കാൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ആസ്ട്ര മുൻനിരയിൽ പരീക്ഷിക്കുന്ന ഓക്സ്ഫഡ് വാക്സിനാണ് ലോകം പ്രതീക്ഷിക്കുന്ന വാക്സിൻ. ഇന്ത്യയിലും അതിെൻറ പരീക്ഷണങ്ങൾ നടന്നുവരുന്നു. ഇതിനു മുമ്പും ഒരിക്കൽ പഠനം നിർത്തിവെക്കേണ്ടതായി വന്നിരുന്നു; ജൂലൈ മാസത്തിൽ. അന്ന് വാക്സിനുമായി ബന്ധമില്ലാത്ത മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്ന രോഗമായിരുന്നു പരീക്ഷണപങ്കാളിക്ക് ഉണ്ടായത്. അതിനാൽ വാക്സിൻപഠനം പുനരാരംഭിക്കാൻ താമസമുണ്ടായില്ല. ജൂലൈസംഭവം പ്രത്യേകിച്ച് ജനശ്രദ്ധയാകർഷിച്ചില്ല എന്നും നമുക്കോർക്കാം. വാക്സിനെക്കുറിച്ചുള്ള ചിന്തയും കാത്തിരിപ്പും അന്നത്തെക്കാളും ഇപ്പോൾ അധികമായിക്കാണുന്നു.
എന്തൊക്കെയാണ് ഫലപ്രദമായ ഒരു വാക്സിനിൽനിന്ന് നാം പ്രതീക്ഷിക്കുന്നത്. വാക്സിൻ കണ്ടെത്തൽ, വാക്സിൻ ഉൽപാദനം എന്നിവപോലെ പ്രധാനമാണ് അത് വ്യക്തികളിൽ എത്തിക്കുകയെന്നത്. വാക്സിൻ സുരക്ഷിതമായിരിക്കണം എന്നതാണ് പ്രധാന തത്ത്വം. വാക്സിൻ സ്വീകരിക്കുന്നവർക്ക് എന്തെങ്കിലും രോഗം ഉണ്ടാകുന്നുവെങ്കിൽ അത് ഫലപ്രദമെന്ന് പറയാനാവില്ലല്ലോ. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. ഉയർന്ന നിലവാരം പുലർത്തുന്ന സുരക്ഷിതത്വം ഏതു വാക്സിെൻറയും ഗുണം ആയിരിക്കണം.
രോഗം വന്നാൽ തടയാൻ കെൽപുള്ള ഇമ്യൂണിറ്റിയുണ്ടാക്കാൻ വാക്സിന് കഴിയണം. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത് വ്യക്തമാകുന്നില്ലെങ്കിൽ പരീക്ഷണം പരാജയമായി എന്നു പറയേണ്ടിവരും. വാക്സിൻ ഉൽപാദനം എങ്ങനെ ചെയ്യാനാകും എന്ന ധാരണയും ഇതിനകം ഉണ്ടാകണം. 700 കോടിയിലധികം ജനങ്ങൾ വസിക്കുന്ന ലോകത്ത് പകുതിയോളം പേർക്ക് വാക്സിൻ നൽകാൻതക്കവിധം ഉൽപാദിപ്പിക്കാൻ പറ്റിയ ഏജൻസികൾ അത്യാവശ്യമാണല്ലോ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ ലോകരാഷ്ട്രങ്ങൾ അംഗീകാരം നൽകൂ, വാക്സിൻ ഉൽപാദിപ്പിക്കുന്ന ഇടത്തുനിന്ന് സ്വീകർത്താവിൽ എത്തിക്കുക എന്നത് ശ്രമകരവും സങ്കീർണവുമായ പദ്ധതിയാണ്. ഇത് നടത്തിയെടുക്കുന്നതിനുള്ള മാനേജ്മെൻറ് വൈദഗ്ധ്യം ഉറപ്പാക്കണം. പരീക്ഷണത്തിൽ നാം കാണുന്നത് വാക്സിൻ നൽകിയാൽ വൈറസിനെതിരായ ഇമ്യൂണിറ്റി വികസിച്ചുവോ എന്നാണ്. എന്നാൽ, യഥാർഥ ജീവിതത്തിൽ ഇത് പോരാ. വാക്സിൻ കുത്തിവെച്ചുകഴിഞ്ഞവരിൽ വൈറസ് സമ്പർക്കമുണ്ടാകുകയും അവർക്ക് വൈറസിനെ ചെറുത്തുനിൽക്കാൻ സാധിക്കുകയും ചെയ്തു എന്ന് കാണുേമ്പാഴാണ് വാക്സിൻ എത്രകണ്ട് ഫലം തരുന്നുവെന്ന് പറയാനാവുക.
അതിനു വാക്സിൻ ലഭിച്ചവർക്ക് കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടാവുകയും അവരിൽ പ്രതിരോധം ഉണ്ടാകുന്നുവോ എന്ന് കണ്ടെത്തുകയും വേണം. അല്ലെങ്കിൽ വാക്സിൻ ലഭിച്ച ചിലരെ കോവിഡ് വൈറസ് ചലഞ്ചിന് വിധേയരാക്കുക: ഇത് നൈതികതക്ക് ചേർന്നതാണോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. ചുരുക്കത്തിൽ, പരീക്ഷണസാഹചര്യത്തിനു പുറത്ത് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാകുമ്പോഴാണ് വാക്സിൻ അംഗീകരിക്കപ്പെടുക. ശാസ്ത്രം ശ്രമിക്കുന്നതും ഉറപ്പുനൽകുന്നതും മേന്മയുടെ ഈ നിലവാരമാണ്. യഥാർഥ ശാസ്ത്രം അവകാശവാദങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്നതും ഇക്കാര്യത്തിൽതന്നെ.
ലോക ജനസംഖ്യയുടെ 60-70 ശതമാനം വരെ പേർക്ക് ഇമ്യൂണിറ്റി ഉണ്ടായാൽ മാത്രമേ ജനസമൂഹപ്രതിരോധം അഥവാ ഹേർഡ് ഇമ്യൂണിറ്റി കൈവരിച്ചുവെന്ന് പറയാനാകൂ. ഇതുവരെ മൂന്നുകോടി പേരിലാണ് രോഗം കണ്ടെത്തിയത്. അവരുടെ പത്തിരട്ടി പേർക്ക് രോഗം ബാധിച്ചെന്ന് കണക്കാക്കിയാൽപോലും അത് 30 കോടി മാത്രമേയാകുന്നുള്ളൂ. ജനസമൂഹ പ്രതിരോധത്തിന് ഏതാണ്ട് 400 കോടിയോളം പേരിൽ വാക്സിൻ എത്തിക്കണം. അത് ഏറക്കുറെ ചുരുങ്ങിയ സമയത്തിൽ സാധ്യമാക്കുകയും വേണം. സത്യത്തിൽ, അത് വാക്സിൻ പരീക്ഷണംപോലെതന്നെ സങ്കീർണമായ വിഷയമാണ്. ആദ്യകാലങ്ങളിൽ വാക്സിൻ കണ്ടെത്താനും വികസിപ്പിക്കാനുമായിരുന്നു ലോകശ്രദ്ധ. ലോകാരോഗ്യ സംഘടന ഉൾെപ്പടെ നിരവധി ഏജൻസികൾ അതിലേക്കായി നിക്ഷേപമൊരുക്കുകയും ഗവേഷണം സാധ്യമാക്കുകയും ചെയ്തു. അടുത്ത ശ്രദ്ധ വാക്സിൻ ഉൽപാദനരംഗത്തുനിന്നു ജനങ്ങളിൽ എത്തിക്കുക എന്ന ദൗത്യമാണ്. മരുന്നു വ്യാപനശൃംഖലയുടെ ഏറ്റവും വിപുലമായ ദൗത്യമായിരിക്കും അതെന്ന് ഉറപ്പായിക്കഴിഞ്ഞു.
അതായത്, വാക്സിൻ സപ്ലൈ ചെയിൻ സ്ഥാപിക്കുകയും സുരക്ഷിതമായി പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നത് ശ്രമകരമാണ് എന്നർഥം. ഇതിനകം ചില മേഖലകളിൽ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഒന്നാമതായി, വാക്സിൻ കമ്പനികൾ ഉൽപാദനത്തിനുള്ള പ്രാപ്തി അനവധി മടങ്ങ് വർധിപ്പിക്കുക എന്നതാണ്. ഇത് എളുപ്പമല്ല. ഏതെല്ലാം വാക്സിൻ അംഗീകരിക്കപ്പെടും എന്നുറപ്പില്ലാത്തതിനാൽ കമ്പനികൾക്ക് പ്രാപ്തി വർധിപ്പിക്കുന്നതിൽ പണം നിക്ഷേപിക്കാൻ പ്രയാസം നേരിടും. ചില രാജ്യങ്ങൾ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ എത്തിയ വാക്സിൻ വാങ്ങാൻ പ്രീ-ഓർഡർ നൽകാൻ തയാറായി വന്നുകഴിഞ്ഞു. ഇതോടൊപ്പം വിപണിവിലയും തീരുമാനമായാൽ ഉൽപാദനരംഗത്തെ നിക്ഷേപം സുഗമമാകും എന്നു കരുതുന്നു.
രണ്ടാമതായി, ശീതശൃംഖല ഉറപ്പാക്കലാണ്. വാക്സിനുകൾ പൊതുവെ എട്ടു ഡിഗ്രി സെൽഷ്യസിൽ താഴെ സൂക്ഷിക്കേണ്ടതാണ്. കോവിഡ് വാക്സിനും വിഭിന്നമെന്ന് ഇപ്പോൾ കരുതുന്നില്ല. ഫാക്ടറിയിൽനിന്ന് സ്വീകർത്താക്കളിൽ കുത്തിവെക്കുംവരെ എട്ടു ഡിഗ്രിയിൽ താഴെ ശീതാന്തരീക്ഷം ഉറപ്പാക്കണം. ചൂടുകാലാവസ്ഥയും പ്രവചിക്കാനാവാത്ത ഇലക്ട്രിസിറ്റിയും ഉള്ള ഇടങ്ങളിൽ ഇതും പ്രശ്നമാകും. ഡ്രോണുകൾ ഉൾെപ്പടെ നവീന ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈ രംഗത്തുള്ളവർ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
മൂന്നാമതായി, വാക്സിൻ വിതരണത്തിലെ മാറ്റങ്ങളാണ്. ഇപ്പോൾ ഫാർമ കമ്പനികൾ പലയിടങ്ങളായി ഉൽപാദനം നടത്തുകയും വിതരണം പല കമ്പനികളിലൂടെ വികേന്ദ്രീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് വാക്സിൻ കാര്യത്തിൽ ഇത് കാര്യക്ഷമത കുറക്കുമെന്നും ചെലവ് വർധിപ്പിക്കുമെന്നും കരുതപ്പെടുന്നു. പ്രത്യേകം ഡിസൈൻ ചെയ്ത സിറിഞ്ചിൽ മരുന്ന് നിറച്ച് ഇൻജക്ഷന് തയാറാക്കി നമ്മുടെ കൈയിലെത്തിക്കുക എന്ന പുതിയ രീതിയാണ് ഇപ്പോൾ ചിന്തിക്കുന്നത്.
നാലാമതായി, വിതരണ ശൃംഖലയിൽ ഉള്ള ഭയം ക്രൈം നടക്കാൻ സാധ്യതയുണ്ട് എന്നതാണ്. വ്യാജ പരീക്ഷണങ്ങളും വാർത്തകളുമായി മറ്റ് ഉൽപന്നങ്ങൾ വാക്സിൻ രംഗത്തെത്തിയാലുണ്ടാകാവുന്ന പ്രശ്നങ്ങൾ ഇപ്പോൾതന്നെ ചിന്തിക്കപ്പെടുന്നു. കോവിഡ് കാലം അനേകം വ്യാജ അവകാശവാദങ്ങളുടെയും ഉൽപന്നങ്ങളുടെയും കാലംകൂടിയാണ്. മാസ്ക്, കിറ്റ് എന്നിവയിൽപോലും വ്യാജവിപണി ശക്തമാണ്. അതിനാൽ വാക്സിൻ വിതരണത്തിനെത്തും മുമ്പുതന്നെ അതേക്കുറിച്ചുള്ള അറിവുകളും ജനങ്ങളിൽ എത്തേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.