വാക്സിൻ: സെയ്ഷലിൽനിന്നൊരു പാഠം
text_fieldsകോവിഡ് നമ്മളെ ബാധിക്കുന്ന വാർത്തയായത് 2020 ഫെബ്രുവരി മുതലാണ്. അപ്പോൾ മുതൽ രോഗത്തിെൻറ ഗൗരവം, മരണസാധ്യത, വ്യാപനം, വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, ചികിത്സ എന്നിവയിൽ ഊന്നിയുള്ള പഠനങ്ങൾ വ്യാപകമായിരുന്നു. വ്യത്യസ്ത രാജ്യങ്ങൾ കണ്ടെത്തിയ കോവിഡ് നിയന്ത്രണ മാതൃക വലിയതോതിൽ ചർച്ചക്കു വിധേയമായി.
ഇപ്പോൾ നമ്മുടെ ശ്രദ്ധയിൽ വാക്സിൻകൂടി വന്നിരിക്കുന്നു. പരീക്ഷണങ്ങൾ മുന്നേറുമ്പോഴും വാക്സിൻ യാഥാർഥ്യമാകും എന്നറിയുമ്പോഴും പൂർണ മനസ്സോടെ സ്വീകരിക്കുകയല്ല നാം ചെയ്തത്. ഡിസംബർ 2020ൽ 69 ശതമാനം പേരും വാക്സിൻ വിമുഖത പ്രകടിപ്പിച്ചിരുന്നു. ദൗത്യം പരാജയപ്പെടാനിടയുണ്ടെന്ന് തോന്നൽ നൽകുന്ന പശ്ചാത്തലത്തിലാണ് വാക്സിൻ വിതരണം (rollout) ഇന്ത്യയിൽ ആരംഭിക്കുന്നത്. ആദ്യനാളുകളിൽ ആരോഗ്യപ്രവർത്തകർപോലും മുഖംതിരിഞ്ഞുനിന്നപ്പോൾ ഇന്ത്യയുടെ വാക്സിൻ റോൾഔട്ട് സംശയനിഴലിലായി. എന്നാൽ, ഏപ്രിൽ 2021 ആരംഭിക്കുമ്പോൾ രോഗികളുടെ പ്രതിദിന സംഖ്യ ഒരു ലക്ഷത്തോടടുത്തു വന്ന സമയം കോവിഡ് പ്രതിരോധത്തിൽ വാക്സിന് വലിയ പങ്കുണ്ടെന്ന തിരിച്ചറിവ് ഉണ്ടായി.
വാക്സിൻ വിമുഖത 23 ശതമാനമായി കുറയുകയും ചെയ്തു. മൂന്നു മാസത്തിൽ ഉണ്ടാകാവുന്ന വലിയ പരിവർത്തനമാണിത്. ഒരുപേക്ഷ, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചിരുന്നെങ്കിൽ റോൾഔട്ട് കൂടുതൽ മെച്ചമായേനെ. വാക്സിൻ വിമുഖത പാർശ്വഫലങ്ങൾ ചുറ്റിപ്പറ്റിയായിരുന്നു ഏറെ. ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന ആശങ്ക വാക്സിൻ വിരുദ്ധതയല്ല, ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങളാണ്. ഇതിനു കാരണം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട അനവധി കോവിഡ് വേരിയൻറുകൾ ഉയർത്തുന്ന ഭീഷണിയാണ്. രണ്ടാം തരംഗം അതിതീവ്രമായി പടർന്നുകയറിയപ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്ന ജനിതക വ്യതിയാനങ്ങൾ പുറത്തുവന്നു. കോവിഡിനെതിരെ ഉണ്ടാകുന്ന ആൻറിബോഡികൾക്ക് പുതിയ B1617 വൈറസിനെ ചെറുക്കാൻ കഴിവ് കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, പ്രായോഗികതലത്തിൽ തീവ്രരോഗത്തെയും മരണത്തെയും വാക്സിൻ തടുക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കോവിഡിെൻറ ആദ്യകാലങ്ങളിൽ മറ്റു രാജ്യങ്ങളുടെ കോവിഡ് അനുഭവങ്ങൾ പഠനവിധേയമാക്കിയപോലെ ഇക്കുറിയും നമുക്കൊരു പ്രദേശം സന്ദർശിക്കാം. ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കൻ വൻകരക്കു സമീപം സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമാണ് സെയ്ഷൽ. ഒരു ലക്ഷം മാത്രമാണ് ജനസംഖ്യ. ദ്വീപുസമൂഹമായതിനാൽ ടൂറിസം അവരുടെ സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്നു. കോവിഡ് മൂലം ഇക്കോണമിയിൽ വന്ന തകർച്ച പരിമിതപ്പെടുത്താൻ സർക്കാർ ആദ്യമേതന്നെ സാർവത്രിക വാക്സിനേഷൻ നടപ്പിൽ വരുത്തി. 62 ശതമാനം പേർക്കും രണ്ടു ഡോസ് പൂർത്തിയാക്കി.
ഏപ്രിൽ അവസാനവാരമായപ്പോൾ രാജ്യത്തെ കോവിഡ് തരംഗം നിയന്ത്രണത്തിലേക്കു നീങ്ങി; പ്രതിദിന രോഗികൾ 120 മാത്രം. എന്നാൽ, രണ്ടു വാരം കഴിഞ്ഞപ്പോൾ രോഗികൾ മൂന്നിരട്ടിയായി. 60 ശതമാനം വാക്സിനേഷൻ കഴിഞ്ഞ രാജ്യത്തിൽ പൊടുന്നനെ വ്യാപനത്തിലുണ്ടായ വേലിയേറ്റം ലോകശ്രദ്ധയാകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചു. പുതിയ രോഗികൾ 2739ലെത്തി നിൽക്കുന്നു. ചൈനയിൽനിന്നുള്ള സിനോഫാം, ഇന്ത്യയിൽനിന്നുള്ള കോവിഷീൽഡ് എന്നിവയാണ് രാജ്യത്തുപയോഗിച്ചത്. രോഗബാധിതരിൽ മൂന്നിലൊന്നു പേർക്കും രണ്ടു ഡോസ് വാക്സിൻ കിട്ടിയവരായിരുന്നു. മറ്റുചിലർക്ക് ഒരു ഡോസും.
അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്തിയത് ഇവയാണ്: വാക്സിൻ ലഭിച്ചവരിൽ 57 ശതമാനം പേർക്ക് സിനോഫാം വാക്സിനും ബാക്കിയുള്ളവർക്ക് കോവിഷീൽഡുമായിരുന്നു. സിനോഫാം പ്രചാരത്തിലുള്ള മറ്റു വാക്സിനുകളേക്കാൾ ഫലപ്രാപ്തിയിൽ അൽപം പിന്നിലാണെന്ന് കരുതപ്പെടുന്നു; അതുപോലെ, കോവിഷീൽഡ് ദക്ഷിണാഫ്രിക്കൻ വേരിയൻറിൽ വേണ്ടത്ര ഫലംചെയ്യില്ലെന്ന് അവിടെ നടന്ന പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എത്ര തീവ്രമെന്നറിയില്ലെങ്കിലും ദക്ഷിണാഫ്രിക്കൻ വേരിയൻറ് സെയ്ഷലിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുമുണ്ട്. കോവിഡ് വ്യാപനത്തിെൻറ പഠനങ്ങൾ പൂർത്തിയാകാൻ ജിനോം പഠനങ്ങൾ ആവശ്യമാണ്. അതിനിയും നടക്കേണ്ടതായുണ്ട്. എന്നാൽ, മേയ് എട്ടുവരെ വാക്സിൻ ലഭിച്ച രോഗികളിൽ ആരും മരിച്ചില്ലെന്നും, വാക്സിൻ ലഭിച്ചവർക്ക് ഗുരുതര രോഗം ബാധിച്ചിട്ടില്ലെന്നും സർക്കാർ അറിയിക്കുകയും ഉണ്ടായി. ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാവുന്ന വാക്സിൻ പാഠങ്ങളുണ്ട്. ഒന്ന്, ഹേർഡ് ഇമ്യൂണിറ്റി 62 ശതമാനംകൊണ്ട് കൈവരിക്കാനാവില്ല. കൂടുതൽ പേരിൽ വാക്സിൻ എത്തിക്കേണ്ടതായി വരും. രണ്ട്, ജിനോം പഠനങ്ങൾ പകർച്ചവ്യാധി നിയന്ത്രണത്തിൽ ആവശ്യമാണ്. ഇക്കോണമി അടയ്ക്കുന്നതിനും അന്താരാഷ്ട്ര ക്രയവിക്രയങ്ങൾ തുറക്കുന്നതിനും വർധിച്ച വ്യാപനശേഷിയുള്ള വേരിയൻറുകൾ എവിടെ പടർന്നുകൊണ്ടിരിക്കുന്നെന്ന അറിവ് പ്രാധാന്യമർഹിക്കുന്നു. മൂന്ന്, നിലവിൽ വാക്സിനുകൾ മരണത്തെയും ഗുരുതര രോഗത്തെയും തടഞ്ഞുനിർത്തുന്നു. രോഗം പിടിപെട്ടാൽതന്നെ ഐ.സി.യു ചികിത്സയുടെ ആവശ്യം കുറയാനാണ് സാധ്യത.
വാക്സിൻ ഫലക്ഷമതയും രോഗവ്യാപനവും പഠിക്കുന്ന ഗവേഷകർ കരുതുന്നത് ഇന്നത്തെ പ്രതിരോധ നടപടികൾ തുടരണം എന്നുതന്നെ. ചില വേരിയൻറുകൾ വാക്സിൻ വലയത്തിൽനിന്നു വഴുതിപ്പോകാമെങ്കിലും രോഗവ്യാപനം പിടിച്ചുനിർത്താൻ അവക്കു കഴിയും എന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ, വേരിയൻറുകൾ ശക്തിപ്രാപിക്കുമ്പോൾ വാക്സിൻ ഡിസൈനിലും ചെറിയ മാറ്റങ്ങൾ അനിവാര്യമായി വരും. പ്രായോഗിക തലത്തിൽ ചിന്തിക്കുമ്പോൾ വ്യക്തികളുടെ മുന്നിൽ രണ്ടു ചോയ്സ് ആണുള്ളത്: രോഗം വരാതിരിക്കുകയോ ലഘുവായി ബാധിക്കുകയോ ചെയ്യുകയാണ് അതിലൊന്ന്. രണ്ട്, തീവ്ര രോഗം ബാധിച്ച് മരണസാധ്യതയോടെ ആശുപത്രിയിലാകുക. ഇതിൽ ഏതു തിരഞ്ഞെടുക്കും എന്നതു മാത്രമാണ് വ്യക്തികൾക്കുള്ള അവസരം. ഏറ്റവും മെച്ചപ്പെട്ട വാക്സിനുവേണ്ടി കാത്തിരിക്കുന്നത്, നമ്മുടെ ചോയ്സ് ആകാതിരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.