കോവിഡ് വാക്സിൻ: പ്രതീക്ഷകളും സന്ദേഹങ്ങളും
text_fieldsവാക്സിനേഷൻ ലോകമെമ്പാടും സജീവമായതോടെ കോവിഡ് -19 വിദൂരമല്ലാത്ത ഭാവിയിൽ നിയന്ത്രണവിധേയമാകുമെന്ന് നാം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ ഇതിനകം രണ്ടു കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തുകഴിഞ്ഞു. ചില രാജ്യങ്ങൾ അതിവേഗത്തിലാണ് വാക്സിൻ പ്രോഗ്രാം നടപ്പാക്കുന്നത്. വാക്സിൻ സ്വീകരിക്കാൻ ധിറുതിയുള്ള സമൂഹത്തെയാണ് നാമിപ്പോൾ കാണുന്നത്.
പൊതുജനാരോഗ്യ കാര്യങ്ങളിൽ വാക്സിനുകൾക്ക് വലിയ സ്ഥാനമാണുള്ളത്. ഏറ്റവും ഫലവത്തായ ഇടപെടലായി വൈദ്യശാസ്ത്രം വിലയിരുത്തുന്നത് വാക്സിനേഷൻതന്നെ. പോളിയോ, വസൂരി, ഡിഫ്തീരിയ, അഞ്ചാംപനി, വില്ലൻചുമ, നവജാത ശിശുക്കളിലെ ടെറ്റനസ് തുടങ്ങി അനേകം രോഗങ്ങൾ ഫലപ്രദമായി തടയാൻ നമുക്കായത് വാക്സിൻ മുഖേനയാണെന്നതിൽ സംശയമില്ല. മറ്റുചില രോഗങ്ങളും പുതുതായി കണ്ടെത്തിയ വാക്സിനുകൾ മുഖാന്തരം നിയന്ത്രിക്കാനാകും. കോവിഡ് വാക്സിൻ രോഗവ്യാപനത്തെ നിയന്ത്രിക്കുമെന്ന് ശാസ്ത്രീയമായി ചിന്തിക്കുന്നവർ വിലയിരുത്തുന്നു. പൊതുസമൂഹം ശാസ്ത്രത്തിലെ സങ്കീർണതകൾ മനസ്സിലാക്കിക്കൊള്ളണമെന്നില്ല. വാക്സിൻ വന്നാൽ രോഗവ്യാപനം അവസാനിക്കും എന്ന ലളിതമായ ഫോർമുലയാണ് അവർക്ക് വഴങ്ങുന്നത്.
ഇത് പെരുമാറ്റ രീതികളിൽ ചില പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഈ സാധ്യത സാം പെൽറ്റ്സ്മാൻ എന്ന സാമ്പത്തികശാസ്ത്ര വിദഗ്ധെൻറ പഠനവിഷയമായി. ഡ്രൈവർമാർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം എന്ന നിയമം വന്ന പശ്ചാത്തലത്തിൽ സീറ്റ് ബെൽറ്റ് എത്രകണ്ട് ഗുണം ചെയ്യുമെന്ന് കണ്ടെത്തുകയായിരുന്നു പെൽറ്റ്സ്മാൻ. രണ്ടു സാധ്യതയാണ് അദ്ദേഹം മുന്നിൽ കണ്ടത്. ഒന്ന്, സീറ്റ്ബെൽറ്റ് ഉപയോഗത്തിൽ വരുന്നതോടെ ഡ്രൈവർമാർ കൂടുതൽ സുരക്ഷിതരാകും; മാരകമായ വാഹനാപകടങ്ങൾ അതുവഴി നിയന്ത്രിക്കാനാകും. രണ്ട്, ഡ്രൈവർമാർക്ക് വർധിച്ച സുരക്ഷാബോധം ഉണ്ടാവുകയും അവർ ശ്രദ്ധക്കുറവു കാട്ടുകയും കൂടുതൽ റിസ്ക് എടുക്കുകയും ചെയ്യും. ഇത്, അപകടങ്ങൾ വർധിക്കാൻ കാരണമാകും. ഈ രണ്ടു പരികൽപനകൾ യഥാർഥ സമൂഹത്തിൽ എങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്തുന്ന പരീക്ഷണങ്ങൾ പെൽറ്റ്സ്മാൻ നടത്തി. ആശ്ചര്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിെൻറ കണ്ടെത്തൽ. ഡ്രൈവർമാർ കൂടുതൽ അശ്രദ്ധാലുക്കളാകുകയും വഴിയാത്രക്കാർ, സൈക്കിൾ മുതലായ വേഗം കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കുന്നവരെ അവഗണിക്കുകയും ചെയ്യുന്നത് കണ്ടെത്തി. ചുരുക്കത്തിൽ വാഹനാപകടങ്ങൾക്കോ മരണങ്ങൾക്കോ മാറ്റമുണ്ടായില്ല; ആരെല്ലാം മരിച്ചു എന്നതിൽ മാത്രമായിരുന്നു മാറ്റം. ഇതിനെയാണ് പെൽറ്റ്സ്മാൻ ഇഫക്ട് എന്ന് പറയുന്നത്. നിയമംമൂലം പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ, ഉദ്ദേശ്യലക്ഷ്യങ്ങളെ പരാജയപ്പെടുത്താനുള്ള വാഞ്ഛ സമൂഹത്തിൽ ഉണ്ടാകുമെന്ന് പെൽറ്റ്സ്മാൻ കണ്ടെത്തി.
കോവിഡ് വ്യാപനത്തിലും പ്രതിരോധത്തിലും സമാനമായ അവസ്ഥ സംജാതമാകുന്നുവെന്ന സംശയം ന്യൂയോർക് യൂനിവേഴ്സിറ്റിയിലെ ആർതർ ക്യാപ്ലാൻ എന്ന എത്തിക്സ് വിദഗ്ധൻ ഉന്നയിച്ചു. അദ്ദേഹവും ബ്രിറ്റ് ട്രോജൻ എന്ന ഗവേഷകനും ചേർന്ന് ഇക്കാര്യം പഠിച്ചുതുടങ്ങി. അമേരിക്കയിൽ മാർച്ച് രണ്ടാം തീയതി വരെ 10 ശതമാനം വാക്സിനേഷൻ നടന്നു. അപ്പോൾ തന്നെ വ്യക്തികൾ തങ്ങളുടെ ജാഗ്രത ക്രമമായി കുറച്ചുകൊണ്ടുവന്നു. ഏതാനും സംസ്ഥാനങ്ങൾ ഔദ്യോഗികമായി കോവിഡ് പ്രോട്ടോകോളുകളിൽ അയവുവരുത്തി. വാക്സിൻ കിട്ടിക്കഴിഞ്ഞാൽ ആഘോഷക്കാലമായി എന്ന ധാരണ പലേടത്തും കാണാം.
ഇത് അമേരിക്കയിലെ മാത്രം കാര്യമല്ല. വാക്സിൻ സ്വീകരിക്കുന്നവരുടെ നീണ്ടനിരയും വാക്സിൻ ലഭിക്കാനുള്ള ധിറുതിയും ഇവിടെയും കാണാം. വാക്സിനുകൾക്ക് ഉയർന്ന ഫലപ്രാപ്തിയുണ്ട് എന്ന ധാരണ പരക്കെയുണ്ട്. പ്രത്യേകിച്ചും 80 മുതൽ 90 ശതമാനം വരെ പ്രവർത്തനക്ഷമമാണെന്ന ധാരണ പെരുമാറ്റത്തിലെ മാറ്റത്തിന് ആക്കംകൂട്ടും. മാസ്ക്, ശാരീരിക അകലം എന്നിവയിലും നാം ഉദാസീനരാകാം.
പുണെ, ഔറംഗബാദ് എന്നീ പട്ടണങ്ങൾ ഉൾെപ്പടെ മഹാരാഷ്ട്രയുടെ പല പ്രദേശങ്ങളിലും കോവിഡ് വർധിക്കുന്നു. ജനങ്ങൾ കൂട്ടംകൂടുന്നതും കോവിഡ് ഭയം മാറുന്നതും ഇതിനു കാരണമായി പറയപ്പെടുന്നു. പെൽറ്റ്സ്മാൻ ഇഫക്ട് ഇങ്ങനെയാണല്ലോ ആവിർഭവിക്കുക. സമാനമായ അവസ്ഥ മറ്റുചില സംസ്ഥാനങ്ങളിലും നിലനിൽക്കുന്നു. ടെസ്റ്റുകൾ കുറയുമ്പോൾ പ്രതിദിന കോവിഡ് രോഗികളുടെ റിപ്പോർട്ടിങ്ങിലും കുറവുണ്ടാകും; അതും സാമൂഹിക ജാഗ്രതയിൽ അയവുവരുത്തും. ഫലപ്രദമായ ടെസ്റ്റിങ്, ക്ലസ്റ്ററുകൾ കണ്ടെത്തൽ, വ്യക്തിഗത ജാഗ്രത ഉറപ്പാക്കൽ എന്നിവ ഈ ഘട്ടത്തിൽ അനിവാര്യമാണ്.
കോവിഡ് എപിഡെമിക് സാമൂഹിക ക്ഷേമം എന്ന സങ്കൽപം ഫലസമൃദ്ധമായ ആശയമായി രൂപപ്പെട്ടുവെന്നു കാണാം. സാമൂഹികവും സാമ്പത്തികവുമായ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കുവേണ്ടി പണം മുടക്കുന്നത് തെറ്റല്ല എന്ന ധാരണ ശക്തിപ്പെട്ടു. വികസ്വരപ്രദേശങ്ങളിൽ ഭക്ഷണം എത്തിക്കുകയും കുറഞ്ഞ തോതിലെങ്കിലും പണം ഉറപ്പാക്കുകയും ചെയ്തത് സാമൂഹികമായി അംഗീകരിക്കപ്പെട്ടു എന്നത് നമ്മുടെ പൊതുധാരണകളിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. ഇത് മറ്റിടങ്ങളിലും കാണാം. യൂറോപ്പിൽ സാർവത്രിക അടിസ്ഥാന വരുമാനം ഇപ്പോൾ കൂടുതലായി അംഗീകരിക്കപ്പെടുന്നു. പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജ് ഏതാണ്ട് രണ്ടു ലക്ഷം കോടി ഡോളറാണ്. പ്രതിശീർഷ സഹായം 1400 ഡോളർ പദ്ധതി ലക്ഷ്യമിടുന്നു. ലോകമെമ്പാടുമായി 1600 സാമൂഹികക്ഷേമ പദ്ധതികൾ കോവിഡ് കാലത്തുണ്ടായി.
ഡിജിറ്റൽ ടെക്നോളജിയുടെ സാന്നിധ്യം കോവിഡ് കാലം നന്നായി ഉപയോഗിച്ചു. മിക്കവാറും എല്ലാ മേഖലകളിലും പ്രവർത്തനക്ഷമത മെച്ചപ്പെടുംവിധം സാങ്കേതികവിദ്യ കടന്നുവന്നു. ആശുപത്രികളിൽ ചെലവാക്കുന്ന സമയം, കാത്തിരിപ്പ്, ക്യൂ സമ്പ്രദായം എന്നിവയിൽ വന്ന മാറ്റം, വാക്സിൻ വിതരണം, ലോജിസ്റ്റിക്സ്, രജിസ്ട്രേഷൻ എന്നിവയും കാര്യക്ഷമമാക്കാൻ കഴിയുന്നു. ഡിജിറ്റൽ സേവനങ്ങൾ ഇനിയും മെച്ചപ്പെടുത്താനാകും; കോവിഡ് നിയന്ത്രിതമായാൽ ആശുപത്രി, പൊതുജനാരോഗ്യം എന്നിവയിൽ ടെക്നോളജിയുടെ സ്വാധീനം കൂടുതൽ ഊർജിതമാകുമെന്ന് കരുതാം.
വാക്സിനുകൾ പരക്കെ സ്വീകരിക്കപ്പെടുന്നു എങ്കിലും അവയെക്കുറിച്ചു ഭീതിപരത്തുന്ന വർത്തമാനങ്ങൾ സമൂഹ മാധ്യമങ്ങളിലും കാണാം. വാക്സിൻ പഠനങ്ങളുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ തന്നെ സാധ്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; അവയെല്ലാം പ്രായേണ ലഘുവും സ്വയം നിയന്ത്രിതമാകുന്നതുമാണ്. ഇന്ത്യയിൽ മാത്രം രണ്ടു കോടിയിലധികം വാക്സിൻ നൽകിക്കഴിഞ്ഞു; ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ കാണുന്നില്ല. 10 ലക്ഷം പേരിൽ ഒരാൾക്ക് അലർജിയുണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാലാണ് വാക്സിൻ സ്വീകരിച്ചവർ അരമണിക്കൂർ അവിടെ ഇരിക്കണം എന്ന് പറയുന്നത്. ഏതാനും പേർ മരിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും അന്വേഷണത്തിൽ കോവിഡോ മറ്റു രോഗങ്ങളോ ആണ് മരണകാരണം എന്ന് കാണുന്നു.
വാക്സിൻ സ്വീകരിച്ച് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ആൻറിബോഡികൾ ഉണ്ടായിവരും. രണ്ടാഴ്ച കഴിയുമ്പോൾ തന്നെ ഭാഗികമായ ഇമ്യൂണിറ്റി ആരംഭിക്കും; നാലാഴ്ചയായാൽ 60 മുതൽ 70 ശതമാനം വരെ ഫലപ്രദമായ ഇമ്യൂണിറ്റി ലഭിക്കാനാകും. രണ്ടാമത്തെ ഡോസ് വാക്സിൻ ഇമ്യൂണിറ്റി ശക്തിപ്പെടുത്തുകയും ദൃഢമാക്കുകയും ചെയ്യും. ഒരു ഡോസെങ്കിലും വാക്സിൻ എടുത്തവരിൽ ഗൗരവമായ വൈറസ് ബാധ കാണാറില്ലെന്നതും ശ്രദ്ധേയമാണ്. ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആസ്ട്രസെനക പുറത്തുവിട്ടിട്ടുണ്ട്.
വാക്സിൻ വിതരണം വ്യാപിക്കുന്ന മുറക്ക് ഫലപ്രാപ്തിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നു. അതിനാൽ ഒരു മാസത്തിനു മുമ്പുള്ള കണക്കുകളെക്കാൾ മെച്ചമായിരിക്കും ഇപ്പോൾ പുറത്തുവരുന്നത്.
ഇപ്പോഴത്തെ ചുറ്റുപാടിൽ വാക്സിൻ വിതരണത്തിെൻറ വേഗം കൂട്ടുകയും കൂടുതൽ പേരിൽ വാക്സിൻ എത്തിക്കുകയും ചെയ്യുന്നത് രോഗനിയന്ത്രണത്തിന് ഏറെ സഹായിക്കും. രോഗവ്യാപനത്തിെൻറ വ്യാപ്തി കുറഞ്ഞാൽ പുതിയ ജനിതക മാറ്റങ്ങളുടെ സാധ്യതയും കുറയും. ഇന്ത്യയിൽ ഹേർഡ് ഇമ്യൂണിറ്റി അകലെയാണ്; എങ്കിലും പ്രതിദിന വാക്സിനേഷൻ 50 ലക്ഷത്തിനുമേൽ സാധ്യമായാൽ ജൂണിൽ വ്യാപനനിയന്ത്രണത്തെ കുറിച്ച് നമുക്ക് ചർച്ചചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.