ഡെൽറ്റ വേരിയൻറും വാക്സിനും
text_fieldsകോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രണ്ടു പ്രധാന ചോദ്യങ്ങളാണിപ്പോൾ ഉയർന്നുവരുന്നത്. ഒന്ന് ഡെൽറ്റ വൈറസ് എന്നറിയപ്പെടുന്ന വേരിയൻറ് രോഗവ്യാപനത്തിൽ എത്ര തീവ്രതയാണുണ്ടാക്കുന്നത്? രണ്ട്, ഇതിനെതിരെ വാക്സിൻ ഫലപ്രദമല്ലെന്ന പ്രചാരണത്തിൽ സത്യമുണ്ടോ? രണ്ടും കാലിക പ്രാധാന്യമുള്ള വിഷയങ്ങളായതിനാൽ ചർച്ചകൾ അനിവാര്യവുമാണ്.
കഴിഞ്ഞ ഒക്ടോബർ മുതൽ ഡെൽറ്റ വൈറസ് ശക്തിപ്രാപിച്ചുവരുന്നു. ഇന്ത്യയിൽ ആരംഭിച്ച വൈറസ് അതിവേഗം ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോൾ ചൈനയുൾെപ്പടെ 130 രാജ്യങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്നു. കുറഞ്ഞത് 65 രാജ്യങ്ങളിലെങ്കിലും ഇപ്പോഴത്തെ പ്രധാന വൈറസായി ഇതു മാറിക്കഴിഞ്ഞു. ആദ്യമായി ചൈനയിൽ രൂപംകൊണ്ട വൈറസിനെ പൂർണമായി മാറ്റിക്കൊണ്ട് വ്യാപനത്തിൽ ശക്തിയാർജിച്ച നവീന വേരിയൻറ് മുന്നേറിവരുന്നു എന്നർഥം. വ്യാപനശേഷിയിൽ ആദ്യകാല വൈറസിനേക്കാൾ 100 ശതമാനവും ആൽഫ വേരിയൻറിനെക്കാൾ 50 ശതമാനവും മുന്നിലാണ് ഡെൽറ്റ.
ആഗസ്റ്റ് അഞ്ചാം തീയതി വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ബ്രിട്ടനിൽ മാത്രം 2,08,266 പേർ ഡെൽറ്റബാധിതരാണെന്നു കാണാം. കഴിഞ്ഞ നാലാഴ്ചയിൽ അവിടെ 58,268 പേർക്ക് ഡെൽറ്റ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡെൽറ്റ വൈറസ് വ്യാപനം ഒരു നൂതന എപ്പിഡെമിക് മാതൃകയിൽ മുന്നേറുന്നതായി കാണുന്നു. പല രാജ്യങ്ങളും കോവിഡ് റിപ്പോർട്ടിങ്ങിൽ ഉദാസീനത കാട്ടുന്നതിനാലും മറ്റുചില പ്രദേശങ്ങളിൽ വൈറസ് ടെസ്റ്റിങ് സൗകര്യങ്ങൾ ദുർലഭമായതിനാലും ഡെൽറ്റവ്യാപനം അതിഗുരുതരമായി ലോകാരോഗ്യ സംഘടന കാണുന്നു. ഇതര വേരിയൻറുകളെ തള്ളിമാറ്റി ഡെൽറ്റ വേരിയൻറ് ശക്തമായ ബദൽ ആയിക്കഴിഞ്ഞു.
സാധാരണ ഫ്ലൂ, വസൂരി, മെർസ്, എബോള എന്നിവയെക്കാൾ വ്യാപനശേഷിയാർജിച്ച വേരിയൻറാണ് ഡെൽറ്റ. ചിക്കൻപോക്സിന് സമാനമായ വ്യാപനസാധ്യത ഡെൽറ്റ ആർജിച്ചുവരുന്നു. ഇപ്പോൾ ആറിനും എട്ടിനും ഇടയിലാകണം ഡെൽറ്റയുടെ ആർ നോട്ട് (R0). രോഗബാധയുള്ള വ്യക്തി ആറു പേർക്കുകൂടി രോഗം നൽകാനുള്ള സാധ്യതയാണിവിടെ സൂചിപ്പിക്കുന്നത്. ഒരാൾ രോഗിയായാൽ വീട്ടിലെ മറ്റെല്ലാരും അതിവേഗം രോഗബാധിതരാകുന്നതിെൻറ കാരണം ഇതാണ്. എന്നാൽ, വ്യാപനശേഷി മാത്രമല്ല ഡെൽറ്റയുടെ പ്രത്യേകത; മറ്റു സവിശേഷതകളും അതിനുണ്ട്.
അതിൽ ചിലത് പൊതുജനാരോഗ്യ നയരൂപവത്കരണത്തിൽ പ്രസക്തമാണെന്നു കാണാം. രോഗലക്ഷണങ്ങളിൽ ചില മാറ്റങ്ങൾ ഇതിനകം ശ്രദ്ധിക്കപ്പെട്ടു. ചുമ, ഗന്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവ് എന്നിവ ഡെൽറ്റയുടെ ലക്ഷണങ്ങളിൽ പ്രകടമല്ല. മൂക്കൊലിപ്പ്, തലവേദന, തൊണ്ടകാറൽ എന്നിവ ഏറെപ്പേരുടെ അനുഭവമായിക്കാണുന്നു. ഡെൽറ്റ വൈറസ് ബാധിച്ചവരുടെ രോഗാതുരത വർധിച്ചരീതിയിൽ കാണുന്നതായും ആശുപത്രിയിൽ എത്തുന്നവരിൽ തീവ്രത ആൽഫ വേരിയൻറിനേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടുകളുണ്ട്. വൈറസ് വ്യാപിക്കുന്നതിനോടൊപ്പം വാക്സിനേഷനും വ്യാപിക്കുന്നതിനാൽ ഇവ രണ്ടും തമ്മിലെ ബാലൻസ് ആയി വ്യാപനരീതി മാറുന്നു. വാക്സിൻ വ്യാപനം കുറഞ്ഞ ഇടങ്ങളിൽ ശക്തമായും മറ്റിടങ്ങളിൽ ദുർബലമായും എപ്പിഡെമിക് മാറുന്നതിനാൽ ഹൈപ്പർ ക്ലസ്റ്റർ (hypercluster) രൂപത്തിലേക്ക് എപ്പിഡെമിക്കിെൻറ ഭൂപടത്തിൽ മാറ്റമുണ്ടാകും. ലോക്ഡൗൺ മുതലായ നിയന്ത്രണരീതികൾ അത്രകണ്ട് ഫലപ്രദമാകാത്തതിനും കാരണമിതാണ്. ലോക്ഡൗണുകൾ ചെറുസമൂഹങ്ങളെ ഒന്നിച്ചുനിർത്തും എന്നതിനാൽ വാക്സിനേഷൻ കുറഞ്ഞ ചെറുപ്രദേശങ്ങളിലും കോളനികളിലും വീടുകളിലും രോഗം വ്യാപിക്കുന്നത് സുഗമമാകും. നിയന്ത്രണങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ഡെൽറ്റയുടെ വ്യാപനവേഗത്തോട് കിടപിടിക്കണം എന്നതും പ്രധാനമാണ്.
ഡെൽറ്റ വൈറസ് ശക്തിയാർജിച്ചു മുന്നേറുന്ന സൂചനകൾ ഉള്ളപ്പോഴും വാക്സിൻ ഫലപ്രാപ്തി നിലനിൽക്കുന്നു. എപ്പിഡെമിക് മൂന്നാം തരംഗത്തിലേക്കു കടന്നുെവന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന ഏതാനും ആഴ്ചകൾക്കുമുമ്പ് പുറത്തുവന്നുവല്ലോ. അതേത്തുടർന്ന് വാക്സിൻ വിരോധവും ആൻറിവാക്സിൻ പ്രചാരണവും വർധിച്ചരീതിയിൽ പുനരാരംഭിക്കുകയുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അബദ്ധ പ്രചാരണത്തിനു പുറമെ പലപ്പോഴും മുഖ്യധാര മാധ്യമങ്ങൾപോലും ആൻറിവാക്സിൻ പ്രചാരണത്തിൽ അറിയാതെയെങ്കിലും പെട്ടുപോകുന്നുണ്ട്. വാക്സിൻ എടുത്തവരിൽ കാണുന്ന ബ്രേക്ത്രൂ (breakthrough infection) കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നതിൽ ഇതു പ്രകടമാണ്. അതിനാൽ ഇപ്പോഴത്തെ വാക്സിൻ ഫലപ്രാപ്തി എത്രയെന്നു നോക്കാം.
യഥാർഥ കണക്കുകളനുസരിച്ച് രോഗസാധ്യത വാക്സിൻ സ്വീകരിച്ചവർക്കനുകൂലമാണെന്നതിൽ സംശയമില്ല. കോവിഷീൽഡ് 67 ശതമാനമെങ്കിലും ഫലപ്രാപ്തി നൽകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ചില പഠനങ്ങൾ ഇതിലുമധികം ഫലമുള്ളതായി പറയുന്നുമുണ്ട്.
ഉയർന്നയളവിൽ വാക്സിൻ സ്വീകരിച്ച പ്രദേശങ്ങളിൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്; അവിടെയെല്ലാംതന്നെ വാക്സിൻ സ്വീകരിക്കാത്തവരിലാണ് രോഗവ്യാപനം നടക്കുന്നത്. വാക്സിനേഷനും രോഗബാധയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന് കൂടുതൽ അറിവുകൾ ഇപ്പോൾ ലഭ്യമാണ്. പോസിറ്റിവ് കോവിഡ് ടെസ്റ്റ് ലഭിക്കുമ്പോൾ രോഗം ഉറപ്പിക്കുക എന്ന മാർഗമാണ് പഠനങ്ങളിൽ പിന്തുടർന്നിട്ടുള്ളത്. ഇങ്ങനെ രോഗം നിർണയിക്കപ്പെട്ട പലർക്കും രോഗലക്ഷണങ്ങൾ തുലോം നിസ്സാരമായിരുന്നു. അവരിൽ വൈറസ് സാന്ദ്രത കുറവാണെന്നോ രോഗബാധയെ തടുക്കാൻ ശരീരത്തിന് കഴിയുന്നുവെന്നോ കാണിക്കുന്നുണ്ടാകണം. ഈ വിഭാഗം പോസിറ്റിവ് വ്യക്തികൾക്ക് രോഗതീവ്രത പരിമിതമാണ്. ഇത്തരം അനുമാനത്തിന് മറ്റു കാരണങ്ങളും ചൂണ്ടിക്കാണിക്കാനാകും. ആർ.ടി.പി.സി.ആർ പോസിറ്റിവായവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നവർ എത്രയെന്ന കണക്കാണ് അതിൽ പ്രധാനം.
ലക്ഷക്കണക്കിനു പേർ വാക്സിൻ സ്വീകരിച്ചപ്പോൾ അപൂർവം ചിലരിൽ മാത്രമേ തീവ്രരോഗബാധ ഉണ്ടാകുന്നുള്ളൂ. ഇന്ത്യയിൽനിന്നുള്ള അനുഭവവും വ്യത്യസ്തമല്ല. ആരോഗ്യപ്രവർത്തകരിലും സുരക്ഷസേന ഉദ്യോഗസ്ഥരിലുമായി 15.9 ലക്ഷം പേരിൽ നടന്ന പഠനം തരുന്ന വിവരങ്ങൾ ഇപ്രകാരം ചുരുക്കിപ്പറയാം. 95.4 ശതമാനം പേർക്ക് വാക്സിൻ ലഭിെച്ചങ്കിലും 82.2 ശതമാനം പേർക്കാണ് രണ്ടു ഡോസും കിട്ടിയത്. വാക്സിൻ സ്വീകരിക്കാത്ത 7,34,000 പേരിൽ 10,061 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ച 15,22,230 പേരിൽ 3671 മാത്രമാണ് കോവിഡ് ബാധിച്ചത്. ഫലപ്രാപ്തി 97 ശതമാനം വരെയുണ്ടെന്നു കാണാം.
നിലവിൽ എല്ലാ പാഠങ്ങളും ഒരു കാര്യംതന്നെ അടിവരയിട്ടു പറയുന്നു; വാക്സിന് നമുക്ക് സുരക്ഷയേകാൻ കഴിയും. വാക്സിൻ വ്യാപനം മെച്ചപ്പെട്ട രീതിയിൽ പുരോഗമിക്കുന്ന ഇടങ്ങളിൽ സജീവമാകുന്ന പുതിയതരംഗങ്ങളുടെ ചാലകശക്തി വാക്സിൻ സ്വീകരിക്കാത്തവരിലാണെന്നു കാണാം. പല മേഖലകളിലും വൈറസ് വ്യാപനമുണ്ടാകുന്ന സൂക്ഷ്മമായ ആപൽ പ്രദേശങ്ങൾ (hot spots) ഉയർന്നുവരുന്നത് അതിനാൽത്തന്നെ.
ഇത്രയും പഠനങ്ങളും അറിവുകളും ഉണ്ടായിട്ടും വാക്സിൻ പരാജയപ്പെട്ടെന്നും ബ്രേക്ത്രൂ രോഗബാധ അനിയന്ത്രിതമാണെന്നും നമ്മുടെ മീഡിയ പ്രചരിപ്പിക്കുന്നതെന്തുകൊണ്ട്? പലതുമാകാം; എന്നാൽ, ഒരു കാരണം ശാസ്ത്രീയമായി വിശദീകരിക്കാനാകും. അത് പ്രാഥമികരേഖ മുൻവിധി (baseline bias) എന്നുപറയും. അതിങ്ങനെ മനസ്സിലാക്കാം. ഒരു ഗ്രാമത്തിൽ 1200 പേരുള്ളതിൽ 1000 പേരും വാക്സിൻ എടുത്തവരാണെന്നിരിക്കട്ടെ. അവിടന്ന് 20 പേരെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് കരുതുക. അതിൽ 10 പേർ വാക്സിൻ സ്വീകരിച്ചവരും 10 പേർ വാക്സിൻ എടുക്കാത്തവരുമാണെങ്കിൽ മീഡിയ പറയുക വാക്സിൻ എടുത്ത 50 ശതമാനം പേർക്ക് കോവിഡ് ബാധിച്ചു എന്നായിരിക്കും. യഥാർഥത്തിൽ വാക്സിൻ എടുത്തവരിൽ ഒരു ശതമാനവും എടുക്കാത്തവരിൽ അഞ്ചു ശതമാനം പേർക്കുമാണ് കോവിഡ് ബാധിച്ചത്. ഇത്തരം മുൻവിധികളും അബദ്ധവാദങ്ങളും നമ്മുടെ സംവാദങ്ങളിൽ കടന്നുകൂടുന്നത് ദൗർഭാഗ്യമെന്നേ പറയാനാകൂ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.