Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightആരോഗ്യപ്പച്ചchevron_rightകോവിഡ് പാൻഡെമിക്...

കോവിഡ് പാൻഡെമിക് അവസാനിക്കണമെങ്കിൽ

text_fields
bookmark_border
lockdown
cancel
camera_alt

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലാൻഡ്‌സിൽ നടന്ന പ്രതിഷേധം

കോവിഡ് വ്യാപനം ധാരാളമായി കാണുന്നുവെങ്കിലും ഉയർന്ന വാക്സിനേഷൻ സാധ്യമാക്കിയ പ്രദേശങ്ങളിൽ ഒമിക്രോൺ താരതമ്യേന തീവ്രത കുറഞ്ഞ രോഗമായാണ് കാണുക. എന്നാൽ, വ്യാപനം അമിതമായി വർധിക്കുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വർധന കാണുന്നു. അതായത്, ഒമിക്രോൺ തരംഗത്തെയും ഗൗരവമായി കാണേണ്ടതുതന്നെ.

അമേരിക്കയിലെ ബ്രൗൺ യൂനിവേഴ്‌സിറ്റി ഡീനും ഗവേഷകനുമായ ആശിഷ് ഝായുടെ നിരീക്ഷണമനുസരിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർ അധികവും വാക്‌സിനേഷൻ ലഭിക്കാത്തവരാണ്​. വാക്സിൻ എടുത്തവരും അല്ലാത്തവരും തമ്മിൽ 50 മടങ്ങ് അകലമുണ്ടെന്നും അദ്ദേഹം കണ്ടെത്തി. വാക്‌സിൻ എടുക്കാത്തവരിൽ രണ്ടാം തവണ രോഗമുണ്ടാകുന്നതും സാധാരണ സംഭവമായി. ആദ്യ രോഗബാധ നൽകുന്ന ഇമ്യൂണിറ്റി ഏതാനും മാസംകൊണ്ട്​ ദുർബലമാകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രോഗം വന്നുപോകുന്നത് ശാശ്വതമായ ഇമ്യൂണിറ്റി പ്രദാനം ചെയ്യുമെന്ന വാദം ശരിയല്ലെന്നു കാണാം.

നിലവിലുള്ള വാക്‌സിനുകൾ ഇപ്പോഴും ഫലം ചെയ്യുന്നുവെന്നും മൂന്നാമതൊരു ഡോസ് കൂടിയെടുത്താൽ ശക്തമായ കോവിഡ് പ്രതിരോധം നിലനിർത്താനാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കയിലിപ്പോൾ പ്രതിദിന മരണം 2000 കവിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അവിടെയും രോഗവ്യാപനത്തിന്റെ വേലിയേറ്റം കഴിഞ്ഞതായും അടുത്ത നാലു മുതൽ എട്ടാഴ്ചക്കുള്ളിൽ തരംഗം നിയന്ത്രിക്കപ്പെടുമെന്നുമാണ് സൂചനകൾ. മാർച്ച് പകുതിയാകുമ്പോൾ ഒമിക്രോൺ വിട്ടുപോകുകയും സമൂഹത്തി​ന്റെ ഇമ്യൂണിറ്റി നില പണ്ടത്തേതിനേക്കാൾ മെച്ചമാകുകയും ചെയ്യും. ഏപ്രിൽ മാസംവരെ പുതിയ വേരിയൻറ് ഉണ്ടായില്ലെങ്കിൽ കോവിഡ് നിയന്ത്രണത്തിൽ നമുക്ക് വളരെ മുന്നോട്ടുപോകാനാകും. കോവിഡ് വ്യാപനം ശ്രദ്ധയോടെ നോക്കുന്ന വിദഗ്ധരാകട്ടെ, ഒമിക്രോണിനു ശേഷം പുതിയ വേരിയൻറ്​ ഉണ്ടാവില്ലെന്നതു​ സംബന്ധിച്ച്​ ഒരുറപ്പും നൽകുന്നുമില്ല.

ജനുവരി 20ാം തീയതി ലോകാരോഗ്യ സംഘടന തങ്ങളുടെ ഒമിക്രോൺ പഠനറിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. കോവിഡ് രോഗവ്യാപനവും അതി​ന്റെ റിസ്കുകളും സമഗ്രമായി തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്ന റിപ്പോർട്ടാണത്. നിലവിൽ 171 രാജ്യങ്ങളിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ മുൻ വേരിയൻറായ ഡെൽറ്റയെ പിന്തള്ളി മുന്നേറുകയാണ്. വളരെ വേഗം പടരുകയും അനവധി പേരെ രോഗികളാക്കുകയും ചെയ്യുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണം കൂടാനിടയുണ്ട്.

ഇതിനകം മൂന്നു വ്യത്യസ്ത ലീനേജുകൾ ഒമിക്രോണിൽ കാണുന്നു. അവ BA. 1, BA.2, BA.3 എന്നാണറിയപ്പെടുന്നത്. അതിൽ ഒന്നും രണ്ടുമാണ് ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അടുത്തിടെയായി ദക്ഷിണാഫ്രിക്ക, ഇന്ത്യ. ബ്രിട്ടൻ, ഡെന്മാർക് തുടങ്ങിയ രാജ്യങ്ങളിൽ രണ്ടാം ലീനേജ്‌ പ്രബലമാകുന്നതായി കാണാം. രോഗം കണ്ടെത്തുന്ന ടെസ്റ്റുകളുടെ ഫലപ്രാപ്തിയിൽ കുറവുണ്ടാക്കാനിടയുണ്ട്. വാക്‌സിൻ ഫലപ്രാപ്തിയാണ് സംഘടന വിശദമായി പഠിക്കുന്ന മറ്റൊന്ന്. ഇതിനകം വാക്‌സിൻ പ്രതിരോധശക്തി ഭാഗികമായെങ്കിലും കുറഞ്ഞിരിക്കുന്നതായി പല പഠനങ്ങളും കാണിക്കുന്നു. എന്നാൽ, വാക്സിൻ സ്വീകരിച്ചവർ മൂന്നാമതൊരു ഡോസ് സ്വീകരിക്കുമ്പോൾ ഫലപ്രാപ്‌തി 80 ശതമാനത്തിലധികമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഡെൽറ്റ വൈറസ് വേഗത്തിൽ പടർന്നുകയറുന്ന വേരിയൻറായിരുന്നു; അതിനേക്കാൾ വ്യാപനതീവ്രതയുണ്ട് ഒമിക്രോണിന്. വ്യാപിക്കാനുള്ള കരുത്ത് ഡെൽറ്റയേക്കാൾ 189 ശതമാനം കൂടുതൽ. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്ന വേഗം ഈ നിഗമനത്തെ ശരിവെക്കുന്നു. നമ്മുടെ ഇമ്യൂണിറ്റി എന്ന പ്രതിരോധഭിത്തി ഭേദിക്കാനാവുക, മനുഷ്യകോശങ്ങളിൽ സമർഥമായി പ്രവേശിക്കാനാകുക എന്നിവ ഒമിക്രോൺ നേടിയെടുത്ത പുതുസാധ്യതകളാണ്. മാത്രമല്ല, നാസിക, തൊണ്ട, ബ്രോങ്കസ് എന്നിവിടങ്ങളിലെ കോശങ്ങളിൽ പ്രവേശിക്കാനും പെരുകാനും ഡെൽറ്റയേക്കാൾ സാമർഥ്യം ഒമിക്രോൺ കൈവരിച്ചിരിക്കുന്നു. അതിവേഗവ്യാപനത്തിൽ വിജയിക്കുന്നതിൽ ഇതും ഒരു ഘടകമായി കാണാം. എന്നാൽ, ശ്വാസകോശത്തിൽ സമാനമായ കഴിവ് ഒമിക്രോൺ കാണിക്കുന്നുമില്ല. ബ്രോങ്കസിൽ എത്തിക്കഴിഞ്ഞ ഒമിക്രോൺ വൈറസുകൾ ഡെൽറ്റയേക്കാൾ 70 ഇരട്ടി വേഗത്തിൽ പെരുകിക്കൊണ്ടിരിക്കും. രോഗവ്യാപനത്തിനനുകൂല ഘടകം ഇതെല്ലാമാകാനാണ് സാധ്യത.

രോഗം വന്നവരിൽ ആവർത്തിച്ച് രോഗബാധയുണ്ടാക്കാനുള്ള കഴിവ് വൈറസ് നേടിക്കൊണ്ടിരിക്കുന്നു. ഡെൽറ്റ വേരിയൻറും ഈ കഴിവാർജിച്ച വൈറസാണ്. ഒമിക്രോണാകട്ടെ, പുനർരോഗബാധയുണ്ടാക്കാൻ ഡെൽറ്റയേക്കാൾ 5.4 ഇരട്ടി കഴിവാർജിച്ചതായി ബ്രിട്ടനിൽ നടന്ന പഠനങ്ങൾ കാണിക്കുന്നു. അതായത്, ഒരിക്കൽ രോഗം ബാധിച്ചവർക്ക് രോഗബാധക്കെതിരെ ലഭിക്കുന്ന സംരക്ഷണം 19 ശതമാനം മാത്രമായി ചുരുങ്ങും. അതേ കാരണത്താൽ ഡെൽറ്റ തരംഗകാലത്തുണ്ടായതിനേക്കാൾ 16 ഇരട്ടിയധികമാണ് ഒമിക്രോൺ തരംഗത്തിൽ പുനർരോഗബാധ. ആദ്യകാല വൈറസിനേക്കാൾ പുതിയ വേരിയന്റുകൾ നമ്മുടെ പ്രതിരോധത്തെ കീഴടക്കാനുള്ള ശക്തിയാർജിച്ചുവരുന്നതായി കണക്കാക്കാം. ഇനിയൊരു വേരിയൻറുണ്ടായാലും ഇതുതന്നെ പ്രതീക്ഷിക്കാം; രോഗവും വാക്‌സിനും നൽകുന്ന പ്രതിരോധത്തെ മറികടക്കാനുള്ള ശക്തി വർധിച്ച രീതിയിൽ വൈറസ് പ്രകടിപ്പിക്കും.

കാര്യങ്ങൾ ഇങ്ങനെയാകുമ്പോൾ ഇനിയെന്തൊക്കെ ചെയ്യാമെന്ന ആലോചനയിലാണ് വിദഗ്ധർ. മൂന്നാമതൊരു ഡോസ് വാക്സിൻകൂടിയാകാമെന്ന ധാരണ പൊതുവെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഇസ്രായേലാകട്ടെ നാലാമത്തെ ഡോസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ തുടങ്ങി. എന്നാൽ, ആഗോള വാക്‌സിനേഷൻ നിരക്ക് ഇനിയും മെച്ചപ്പെടാനുണ്ട്. ലോകമെമ്പാടും നോക്കിയാൽ പൂർണമായി വാക്സിൻ ലഭിച്ചവർ വെറും 53 ശതമാനം മാത്രം; ഇന്ത്യയിലത് ലോക ശരാശരിയേക്കാൾ പിന്നിലാണെന്നു കാണാം, 52 ശതമാനം. വാക്സിൻ നീതിയുറപ്പാക്കാതെ കോവിഡ് നിയന്ത്രണത്തിന് റോഡ്‌മാപ്പ് കൃത്യമായി പറയാനാവില്ല. വേരിയൻറുകളെ തടയുന്ന കൂടുതൽ വാക്‌സിൻ ലഭ്യമാക്കലാണ് ചിന്തിക്കാവുന്ന മറ്റൊരു വഴി.

ഫൈസർ, മൊഡേണ എന്നീ വാക്‌സിൻ നിർമാതാക്കൾ തങ്ങളുടെ പുതിയ വാക്‌സിൻ ഒമിക്രോൺ വൈറസിനെ ശക്തമായി പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ വിശദമായ പഠനറിപ്പോർട്ട് പ്രതീക്ഷിക്കാം. പുതിയ വാക്സിൻ മുൻ വാക്‌സിനുകളെ പിന്തള്ളുമോ അതോ മൂന്നാം ഡോസ് മാത്രമായി നിലനിൽക്കുമോ എന്ന കാര്യം അപ്പോഴറിയാം.

നീണ്ടുനിൽക്കുന്ന പാൻഡെമിക് ഭീതി, സർക്കാറുകൾ മുന്നോട്ടുവെക്കുന്ന നിയന്ത്രണങ്ങൾ, സാമ്പത്തികരംഗത്തെ മാന്ദ്യത എല്ലാം ജനങ്ങളെ ആശങ്കയിലാഴ്​ത്തുകയാണ്​. ലോകമെമ്പാടും കോവിഡ് നിയന്ത്രണ വിരുദ്ധ സമരങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. അമേരിക്ക, കാനഡ, ജർമനി എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. പ്രതിഷേധിക്കുന്നവരുടെ എണ്ണമിപ്പോൾ കുറവാണ്; ഭാവിയിൽ ഏതു ദിശയിലേക്കു സമരങ്ങൾ വികസിക്കുമെന്ന് പറയാനാവില്ല. ജർമനിയിലും കാനഡയിലും പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു. സമരങ്ങൾക്കു പിന്നിൽ തീവ്ര വലതുപക്ഷ അനുഭാവികളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്തെ നാസി (Nazi) അടയാളങ്ങൾ പ്രതിഷേധത്തിൽ കണ്ടത് സ്വാതന്ത്ര്യചിന്തകരെ അലോസരപ്പെടുത്തുന്നു. യൂറോപ്പിൽ മറ്റിടങ്ങളിലും സമരങ്ങളുണ്ട്. ഫ്രാൻസിൽ പ്രതിഷേധിക്കാനെത്തിയത് ഒരു ലക്ഷത്തിലധികം പേരാണ്. അവരുടെ മുദ്രാവാക്യങ്ങളിൽ 'സത്യം', 'സ്വാതന്ത്ര്യം' തുടങ്ങിയ ഫ്രഞ്ച് വിപ്ലവകാല ചിഹ്നങ്ങളും കാണാനായി. സമരങ്ങൾ ഓസ്ട്രിയ, ഇറ്റലി എന്നിവിടങ്ങളിലും സംഭവിക്കുന്നുണ്ട്. പൊതുവെ പറഞ്ഞാൽ നീണ്ടുപോകുന്ന കോവിഡ് ജീവിതത്തെ ജനങ്ങൾ മടുത്തുകഴിഞ്ഞു.

പ​ക്ഷേ, സമ്പന്ന രാജ്യങ്ങളുടെ വാക്‌സിൻ പ്രതിഷേധങ്ങളെ വാക്‌സിൻ വിതരണത്തിലെ അസമത്വവുമായി ചേർത്തുകാണാനും വൈകിക്കൂടാ. ജനുവരി 2022ൽ പ്രസിദ്ധ ജേണലായ ലാൻസെറ്റ് ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ജൂൺ 2022ൽ 70 ശതമാനം പേരിൽ വാക്‌സിൻ എത്തിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം അമ്പേ പരാജയപ്പെടുമെന്നുറപ്പാണ്; ഡിസംബർ 31ന് വെറും ഒമ്പതു ശതമാനത്തിനു മാത്രമാണ് ആഫ്രിക്കയിൽ പൂർണ വാക്‌സിനേഷൻ സാധ്യമായത്. വാക്സിൻ വിതരണം ഉദാസീനമാകുന്നതും പുതിയ വേരിയൻറ് ഉണ്ടാകുന്നതും തമ്മിൽ ബന്ധം കാണാമെന്ന് ലാൻസെറ്റ് കരുതുന്നു.

ഡെൽറ്റ, ഒമിക്രോൺ എന്നിവ വികസ്വര രാജ്യങ്ങളിൽനിന്നുത്ഭവിച്ചത് ഉദാഹരണമായി കാണാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 90 കോടി വാക്‌സിൻ ഡോസുകൾ ഉണ്ടെങ്കിൽ മാത്രമേ അവിടെ 40 ശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കാനാകൂ. എന്നാൽ, ജനുവരി 10 വരെ ആഫ്രിക്കക്ക് ലഭിച്ചത് 49.2 കോടി ഡോസ് വാക്‌സിൻ മാത്രം. നിലവിൽ 26 വ്യത്യസ്ത വാക്‌സിനുകൾ ലോകത്തുണ്ട്; ഈ വർഷം ഉൽപാദനം 4100 കോടി ഡോസ് ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അതിൽ ആഫ്രിക്കക്ക് ആവശ്യമുള്ളത്ര വാക്സിൻ കണ്ടെത്താനായില്ലെങ്കിൽ കോവിഡ് നിയന്ത്രണം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുമെന്നു തോന്നുന്നില്ല. സമ്പന്ന രാജ്യങ്ങളിലെ പ്രതിഷേധങ്ങൾ എന്തുതന്നെയായാലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
Next Story