ആശ പകരുന്ന അംഗീകാരം
text_fieldsആശാ പ്രവർത്തകർക്ക് മഹത്തായ അംഗീകാരം ലഭിച്ചുവെന്നത് അഭിമാനകരമാണ്. അവരുടെ പ്രവർത്തനങ്ങളും സമൂഹത്തിൽ അവരുണ്ടാക്കിയ സ്വാധീനവും പലരും പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷെൻറ ഭാഗമായി 2005 ൽ ഡോ. അൻപുമണി രാംദാസ് എന്ന കേന്ദ്ര ആരോഗ്യമന്ത്രിയാണ് ആശാ പ്രവർത്തകർ എന്ന സന്നദ്ധ സേന സമാരംഭിച്ചത്. ഒരു ഗ്രാമത്തിൽ ഒരു ആശാപ്രവർത്തകയെങ്കിലും ഉണ്ടാകണം എന്നായിരുന്നു ലക്ഷ്യം
ആരോഗ്യം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ചിത്രം രോഗങ്ങളുടേതായിരുന്നു; അതിനാൽ തന്നെ, ആരോഗ്യപരിപാലനം ആശുപത്രിയുമായി നാം ബന്ധപ്പെടുത്തിയിരുന്നു. രോഗങ്ങൾ ചികിത്സിച്ചു മാറ്റുന്നതാണ് ആരോഗ്യമാതൃകയെന്നും അനേകം ആശുപത്രികളുടെ ശൃംഖലയാണ് അതിെൻറ അടിസ്ഥാന ഘടകമെന്നതടക്കമുള്ള സമൂഹത്തിെൻറ കാഴ്‌ചപ്പാടുകൾക്ക് സമൂല മാറ്റം സംഭവിച്ചത് അപ്രതീക്ഷിതമായി എത്തിയ കോവിഡ് പ്രതിസന്ധിഘട്ടത്തിലാണ്.
പൊതുജനാരോഗ്യം അതിഗൗരവത്തോടെ പ്രധാന ശാസ്ത്രശാഖയായി ലോകമെമ്പാടും കണ്ടുതുടങ്ങാൻ കോവിഡ് കാരണമായി. ഒരു അക്കാദമിക് ശാസ്ത്രമെന്നതിനപ്പുറം ജനജീവിതത്തെ സ്പർശിക്കാനും ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന് മേന്മനൽകാനും പൊതുജനാരോഗ്യശാസ്ത്രത്തിന് കഴിയുംപോലെ ഇതര ശാസ്ത്രശാഖകൾക്ക് കഴിയണമെന്നില്ല. പ്രത്യേകിച്ചും എപിഡെമിക്കുകളും സാമൂഹിക ആരോഗ്യപ്രശ്നങ്ങളും പടർന്നുപിടിക്കുമ്പോൾ. അക്കാദമിക് ശാസ്ത്രതത്ത്വങ്ങൾ പ്രായോഗികതലത്തിലേക്ക് പരിഭാഷപ്പെടുത്തി ജനങ്ങളുടെ ജീവിതശൈലിയിലെത്തിക്കുക നിസ്സാരകാര്യമല്ല.
ഇപ്പോൾ ഇതേക്കുറിച്ചു ചിന്തിക്കാൻ കാരണമുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. റ്റെഡ്‌റോസ് അധാനോം ഘെബ്രെയേസെസ് ആറ് സുപ്രധാന പുരസ്‌കാരങ്ങൾ മേയ് 22 ന് പ്രഖ്യാപിക്കുകയുണ്ടായി. ആഗോളതലത്തിൽ ആരോഗ്യനേതൃത്വത്തിനുള്ള പുരസ്‌കാരങ്ങളായാണ് ഇവ പരിഗണിക്കപ്പെടുന്നത്. ആഗോളതലത്തിൽ മുന്നേറ്റമുണ്ടാക്കാവുന്ന ആരോഗ്യപ്രവർത്തനങ്ങൾ പ്രാദേശികമായി ഫലപ്രദമായി നടപ്പാക്കി വിജയിപ്പിച്ചവരാണ് സമ്മാനിതരാകുന്നത്. ലോകാരോഗ്യ സംഘടന അസംബ്ലിയുടെ പ്രാരംഭ വിഷയമായി വിഡിയോ സ്ട്രീം ചെയ്‌തുകൊണ്ട് ഡയറക്ടർ ജനറൽ പറഞ്ഞത് ഏതാണ്ടിപ്രകാരമാണ്: ലോകം മുൻമാതൃകകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. അവിടെ അസമത്വം, സംഘർഷം, ഭക്ഷണ അരക്ഷിതാവസ്ഥ, കാലാവസ്ഥാമാറ്റം, പാൻഡെമിക് എന്നിങ്ങനെ അനേകം പ്രശ്നങ്ങളാണ് കെട്ടുപിണഞ്ഞിരിക്കുന്നത്. സമൂഹത്തിെൻറ ആരോഗ്യത്തെ പരിപാലിക്കാനും പിന്തുണക്കാനുമുള്ള പ്രവർത്തനങ്ങൾ അത്യാവശ്യവുമാണ്. ആത്‌മസമർപ്പണം, അഡ്വക്കസി, തുല്യതക്കും സേവനത്തിനും വേണ്ടിയുള്ള സമർപ്പണം എന്നിവ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ പ്രദർശിപ്പിച്ചവരാണ് പുരസ്കാരജേതാക്കൾ. ഇത്തരം പുരസ്‌കാരങ്ങൾ സംഘടന ആരംഭിക്കുന്നത് 2019 ലാണ്. ലോകത്തിെൻറ സുപ്രധാന ആരോഗ്യമുന്നേറ്റങ്ങളിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ അനുവർത്തിക്കേണ്ട സോഫ്റ്റ് ടെക്‌നോളജി എത്രകണ്ടത്യാവശ്യമാണെന്ന് റോബോട്ടിക്‌സ്, നിർമിതബുദ്ധി എന്നിവ നമ്മുടെ സാങ്കേതിക ഭൂപടം കീഴടക്കുമ്പോഴും പ്രസക്തമാണെന്ന് നാം മനസ്സിലാക്കുന്നു.
ഇക്കൊല്ലത്തെ അവാർഡുകൾക്ക് അർഹരായവർ ഇവരാണ്; ഡോ. പോൾ ഫെർമെർ, ഡോ. അഹ്‌മദ് ഹാൻകിർ, കുമാരി ലുഡ്‌മില്ല സോഫിയ ഒലിവെറ വരേല, അഫ്ഗാനിസ്താനിലെ പോളിയോ പ്രവർത്തനത്തിലേർപ്പെട്ട എട്ടുപേരുടെ കൂട്ടായ്‌മ, ഇന്ത്യയിലെ ആശ പ്രവർത്തകർ, ശ്രി യാഹേയ് സസകാവ. ഇവരിൽ ഡോ. പോൾ ഫെർമെർ ഏതാനും മാസങ്ങൾക്ക് മുമ്പ് റുവാണ്ടയിൽ അന്തരിച്ചു. അഫ്‌ഗാനിസ്താനിൽ പോളിയോ വാക്‌സിൻ പ്രവർത്തനത്തിൽ സജീവമായിരുന്ന എട്ടുപേരും കൊല്ലപ്പെടുകയാണുണ്ടായത്. അവരിൽ നാലുപേർ സ്ത്രീകൾ ആയിരുന്നു.
ആശാ പ്രവർത്തകർക്ക് മഹത്തായ അംഗീകാരം ലഭിച്ചുവെന്നത് അഭിമാനകരമാണ്. അവരുടെ പ്രവർത്തനങ്ങളും സമൂഹത്തിൽ അവരുണ്ടാക്കിയ സ്വാധീനവും പലരും പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷെൻറ ഭാഗമായി 2005 ൽ ഡോ. അൻപുമണി രാംദാസ് എന്ന കേന്ദ്ര ആരോഗ്യമന്ത്രിയാണ് ആശാ പ്രവർത്തകർ എന്ന സന്നദ്ധ സേന സമാരംഭിച്ചത്. ഒരു ഗ്രാമത്തിൽ ഒരു ആശാപ്രവർത്തകയെങ്കിലും ഉണ്ടാകണം എന്നായിരുന്നു ലക്ഷ്യം. എങ്കിലും പ്രവർത്തകാരുടെ എണ്ണം 2013 ൽ 8.7 ലക്ഷവും 2018 ൽ 9.4 ലക്ഷവും ആയി വർധിച്ചുവന്നു. ഇപ്പോൾ പത്തുലക്ഷം പേർ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. സന്നദ്ധസേന ആയതിനാൽ കൃത്യമായ ശമ്പളമില്ലാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
പോപുലേഷൻ ഫൗണ്ടേഷൻ ഇന്ത്യയുടെ (Population Foundation of India) മേധാവി പൂനം മുദ്രേജ ഇങ്ങനെ പറയുന്നു: കോവിഡ് കാലഘട്ടത്തിൽ അതി ദുർഘടാവസ്ഥയിലായിരുന്നു ആശാ പ്രവർത്തനങ്ങൾ. സമൂഹത്തിൽ നിലനിന്നിരുന്ന ഭയം, ചികിത്സ, രോഗപ്രതിരോധം എന്നിവയോടുള്ള സംശയവും എതിർപ്പും പ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. തങ്ങൾക്കും കോവിഡ് ബാധിക്കുമോ എന്ന ഭയവും പ്രവർത്തകരെ ബാധിക്കുമല്ലോ. ഇൻസെൻറിവ് അടിസ്ഥാനത്തിലാണ് ആശാപ്രവർത്തകർക്ക് ലഭിക്കുന്ന വരുമാനം; അപ്പോൾ ജനസംഖ്യ വർധനവ് കുറഞ്ഞ ഇടങ്ങളിലും സ്വകാര്യ ആരോഗ്യ സേവനങ്ങൾ സ്വീകരിക്കുന്ന സമൂഹങ്ങളിലും പ്രവർത്തകരുടെ വരുമാനം പരിമിതമായിരിക്കും.
ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ആശാ പ്രവർത്തകർക്കുള്ളത്. സ്ത്രീകളുടെയും കുട്ടികളുടേയും ആരോഗ്യത്തെ കേന്ദ്രീകരിച്ചുള്ള പ്രവത്തനങ്ങൾക്കാണ് പ്രാധാന്യം. പ്രസവങ്ങൾ സുരക്ഷിതമാക്കുന്നതിെൻറ ഭാഗമായി ആശുപത്രി സേവനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക, കുടുംബാസൂത്രണ മാർഗങ്ങൾ പ്രചരിപ്പിച്ച് അതിനു വേണ്ട സഹായങ്ങൾ ചെയ്യൂക, കുട്ടികൾക്കു വാക്‌സിനേഷൻ ഉറപ്പാക്കുക, എന്നിവ അതിൽ പെടുന്നു. കൂടാതെ, പരിസര ശുചീകരണം, രോഗങ്ങൾ റിപ്പോർട്ട് ചെയ്യൽ, ആദ്യഘട്ട രോഗപരിചരണം എന്നിവയും ആശ പ്രവർത്തകർ ഏറ്റെടുത്തുവരുന്നു. അതിസാരം ഉണ്ടായാൽ ഒ.ആർ.എസ് നൽകാനും ക്ലോറോക്വിൻ ആവശ്യമുള്ളവർക്ക് അവ എത്തിക്കാനും അവർ തയാറാണ്. കോവിഡ് മൂലം ആശുപത്രിയിൽ എത്താൻ കഴിയാത്ത ഗർഭിണികൾക്ക് പ്രസവസഹായം നല്കാൻ അവർക്കുകഴിഞ്ഞു. ആരോഗ്യ സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും ഇടയിലെ അദൃശ്യവിടവ് ഇല്ലാതാക്കാൻ ആശ പ്രവർത്തകർക്ക് കഴിയുന്നു എന്നത് നമ്മെക്കാൾ ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നു.
ആശ പദ്ധതി വളരെയധികം പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. കോവിഡ് കാലത്ത് ആശാപ്രവർത്തകർ ഏറ്റെടുത്ത ദൗത്യം മഹത്തരമാണെന്നുതന്നെ കരുതണം. നടന്ന പഠനങ്ങൾ അത്തരം അനുമാനത്തിലേക്ക് നമ്മെ നയിക്കുന്നു. ചെന്നൈ ലയോള കോളജ് വിദ്യാർഥി അഖിൽ സാലിം തെൻറ ഇക്കണോമിക്സ് ഉപരിപഠനത്തിന്റെ ഭാഗമായി ഇടുക്കി രാജാക്കാട് പ്രദേശത്തെ ആശാ പ്രവർത്തനങ്ങൾ പഠനവിധേയമാക്കി. ഇതര പഠനങ്ങളുടെ കേന്ദ്ര ലക്ഷ്യങ്ങൾ കൂടി വിലയിരുത്തിക്കൊണ്ടാണ് സാലിം തെൻറ പഠനം അവതരിപ്പിക്കുന്നത്. കേന്ദ്ര ആസൂത്രണവിഭാഗം ഏഴു സംസ്ഥാനങ്ങളിൽ നടത്തിയ അവലോകനത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിലും വാർധക്യകാല, ദീർഘകാലരോഗ പരിപാലനത്തിലും ആശ പദ്ധതി സുപ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തി. ആശുപത്രികളും സ്പെഷലിസ്റ്റുകളും അടങ്ങുന്ന ശൃംഖലക്ക് ഗ്രാമീണ ആരോഗ്യനില മെച്ചപ്പെടുത്താൻ വേണ്ടത്ര കാര്യപ്രാപ്തിയില്ലെന്ന തിരിച്ചറിവ് ആശ പ്രോജക്ട് നൽകുന്ന പാഠമാണ്. സ്ഥാപന കേന്ദ്രീകൃത സേവനങ്ങൾ പ്രാപ്യതയിലും ഗ്രാമീണജനതയുടെ പങ്കാളിത്തത്തിലും തുലോം പിന്നിലായിരിക്കും. അതിൽ മാറ്റം വരുത്താൻ ആശാപ്രവർത്തകർക്ക് സാധിക്കുന്നു; ഇതൊരു ചെറിയ കാര്യമല്ല.
ആശാ പദ്ധതി ഗ്രാമങ്ങളിൽ വസിക്കുന്ന സ്ത്രീകളുടെ ആരോഗ്യാവകാശങ്ങളിൽ കൂടുതൽ ബോധം വരുത്തി എന്ന് കരുതാം. ആൺകോയ്മയിൽ രൂപപ്പെട്ട ഗ്രാമീണ ജീവിതവും ശക്തമായ പാട്രിയാർക്കൽ ഭരണ ദർശനവും ചേർന്ന് രൂപപ്പെട്ട സാമൂഹിക വ്യവസ്ഥയിൽ ആശാപ്രസ്ഥാനത്തിെൻറ പ്രവർത്തനക്ഷമത വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇന്ത്യയിൽ പലയിടങ്ങളിലും കുടുംബങ്ങളിലെ സർവാധികാര്യക്കാരായ പുരുഷന്മാരോട് സംസാരിക്കലും അവരുടെ സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളിൽ പരമ്പരാഗതമായി തുടർന്നുവരുന്ന പരിചരണ രീതികൾക്കു പകരം നവീന ചികിത്സ, പ്രതിരോധ രീതികൾ ബോധ്യപ്പെടുത്തലുമൊന്നും അതേ ഗ്രാമത്തിൽ പാർക്കുന്ന മറ്റൊരു ഗ്രാമീണ വനിതക്ക് എളുപ്പമല്ല. ആശാപ്രവർത്തകരുടെ ദൈനംദിന സംഘട്ടനങ്ങളിൽ ഇത്തരം പൊതുബോധ്യങ്ങൾ നിർമിക്കുന്ന മാനസിക പ്രതിബന്ധങ്ങൾ തന്നെയാണ് ഏറ്റവും പ്രധാനം. നമ്മുടെ പൊതുബോധ്യങ്ങളിൽ മാറ്റംവരുത്തുക എളുപ്പമല്ല; പ്രത്യേകിച്ചും ഗർഭധാരണം, ഗർഭകാലത്തെ ആരോഗ്യം, പ്രസവം, ശിശുപരിചരണം, മുലയൂട്ടൽ, വാക്‌സിനേഷൻ, സ്ത്രീകളുടെ പോഷകാഹാരം, കുടുംബാസൂത്രണ ബോധവത്കരണം എന്നിവ സാമൂഹികാരോഗ്യത്തിന് അത്യാവശ്യമാണെങ്കിലും ഗ്രാമത്തിൽ സ്ഥാപിതമായിട്ടുള്ള പ്രബലമായ പുരുഷബോധ്യങ്ങളുടെ എതിർപ്പുകൂടി തരണം ചെയ്യേണ്ടിവരുന്നു.
എന്തായാലും ഈ കൊടുക്കൽ വാങ്ങലുകൾ ഗ്രാമത്തിലെ കുടുംബങ്ങളെയെന്നപോലെ ആശാപ്രവർത്തകരെയും ഗുണപരമായി സ്വാധീനിക്കുന്നു. ഗ്രാമത്തിൽ തങ്ങളുടെ അയൽക്കാരിയായ സ്ത്രീ തന്നെയാണല്ലോ ഓരോ ആശാപ്രവർത്തകയും. ആശാപ്രവർത്തകകൾ ചെയ്യുന്ന സേവനങ്ങൾ, സമൂഹത്തിൽ നേരിടുന്ന ചെറുത്തുനില്പുകൾ, ജാതീയവും സാമൂഹികവുമായ പ്രതിബന്ധങ്ങൾ, അവർ അഭിമുഖീകരിക്കുന്ന ജൻഡർ പ്രശ്നങ്ങൾ എന്നിവ തുടർ പഠനങ്ങൾക്ക് വിധേയമാകേണ്ട വിഷയങ്ങൾ തന്നെ. വിശദമായ ഒരു പഠനം വേദ്, സ്‌കോട്ട്, ഗുപ്‌ത തുടങ്ങിയവർ ചേർന്ന് 2019 ൽ 'ആരോഗ്യത്തിലെ മാനവശേഷി' (Human Resource for Health) എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ദേശീയ ആരോഗ്യ മിഷൻ രൂപപ്പെടുത്തിയ ആശ പദ്ധതിക്ക് സംസ്ഥാനങ്ങളുടെ ആരോഗ്യ സേവനത്തിലെ കാര്യക്ഷമതയും പ്രാപ്തിയും ഉറപ്പാക്കി പദ്ധതിയുടെ ഉടമസ്ഥത സംസ്ഥാനങ്ങൾക്ക് കൈമാറുക എന്നതാണ് ലക്ഷ്യം. സർക്കാർ ആരോഗ്യ ബ്യൂറോക്രസിയുടെ ഭാഗമല്ലാത്ത ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ വിഭാവനചെയ്തിരിക്കുന്നതിനാൽ സാമൂഹിക സ്ഥാപനമെന്ന (community institution) നിലയിൽ പദ്ധതിയുടെ വികാസം മാതൃകാപരമാണെന്നും കാണാം. ഇതിനർഥം ആശാ പ്രവർത്തകർക്ക് തൊഴിൽ മേഖലയിൽ അസ്വസ്ഥതകൾ ഇല്ലെന്നല്ല; തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ അവ പഠനവിധേയമാക്കുകയും കാലാധിഷ്ഠിതമായ തിരുത്തലുകൾ നടപ്പാക്കുകയുമുണ്ടായാൽ മതി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം പുതിയ ഊർജം പകരുമെന്ന് നമുക്ക് ആശംസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.