അടച്ചിട്ട ലോകവാതിലുകൾ തുറക്കാനൊരുങ്ങുന്നു
text_fieldsഔദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച് ഉദ്ദേശം 23.3 കോടി ജനങ്ങൾ ഇതിനകം കോവിഡ് ബാധിതരായെന്നും മരണസംഖ്യ 47 ലക്ഷം കടന്നെന്നും കാണുന്നു. കോവിഡ് പ്രസരണം എപിഡെമിക് രീതിയിൽ തന്നെ തുടരുകയാണ്. പലരാജ്യങ്ങളിലും വ്യാപനം വർധിച്ച രീതിയിൽ കാണപ്പെടുന്നെങ്കിലും മുൻകാലങ്ങളിലെ ആശങ്ക ഇപ്പോഴില്ല; മാത്രമല്ല, പുതുതായുണ്ടാകുന്ന തരംഗങ്ങളെ കോവിഡ് പ്രതിരോധ നടപടികളുമായി ചേർത്തുകാണാനും കാരണങ്ങൾ പഠിക്കാനും ശ്രമിക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്.
കോവിഡ് വ്യാപനത്തിൽ കണ്ടുവരുന്ന ചിലമാറ്റങ്ങൾ കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നു. സിംഗപ്പൂരിൽ സെപ്റ്റംബർ 18, 19 തീയതികളിൽ ആയിരത്തിലധികം കേസുകൾ വീതം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരുവർഷത്തിനിടെ രേഖപ്പെടുത്തിയ ഉയർന്ന സംഖ്യയാണിത്. ഏതാണ്ട് 80 ശതമാനത്തിലധികം പേർക്ക് വാക്സിൻ ലഭിച്ചു കഴിഞ്ഞപ്പോൾ ഉള്ള അവസ്ഥയെന്ന നിലയിൽ സംഖ്യകൾ മാത്രം ശ്രദ്ധിക്കുന്നവരിൽ വാക്സിൻ ഫലപ്രാപ്തി സന്ദേഹം ഉണ്ടാക്കിയേക്കാം. കോവിഡുമായി ഒത്തുജീവിക്കാനും പറ്റുമെങ്കിൽ അതിനെ എൻഡമിക്കായി (endemic) പരിവർത്തനം ചെയ്യാനുമുള്ള ശ്രമത്തിലാണ് സിംഗപ്പൂർ. അതിവേഗ വാക്സിനേഷൻ, മറ്റു സ്ഥിരംമാർഗങ്ങൾ എന്നിവ തുടരുകയും സാമൂഹിക ജീവിതത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു പൂർവസ്ഥിതിയിലേക്ക് ഘട്ടംഘട്ടമായി മടങ്ങുകയും ചെയ്യുകയെന്ന പദ്ധതിയാണവിടെ. അതു പരാജയമെന്ന് പറഞ്ഞുകൂടാ. കഴിഞ്ഞ നാലാഴ്ചയിലെ കണക്കുകൾ സൂചിപ്പിക്കുന്നത് കോവിഡ് സ്ഥിരീകരിച്ച 98.1 ശതമാനം പേരും രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ ലഘുലക്ഷണങ്ങളുള്ളവരോ ആയിരുന്നു. സെപ്റ്റംബർ 19 വരെയുള്ള നാലാഴ്ചയിൽ രോഗം കണ്ടെത്തിയ 7144 പേരിൽ 118 പേർക്ക് മാത്രമാണ് ഓക്സിജൻ നൽകേണ്ടിവന്നത്; 21 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വാക്സിൻ എത്രമാത്രം ശക്തമാണെന്ന് സിംഗപ്പുർ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹിക സാമ്പത്തിക രംഗം പൂർവരീതിയിൽ തുറന്നുകൊടുക്കാനാവുന്നത് നിസ്സാരമല്ലല്ലോ.
ദുബൈ ലോകമൊട്ടുക്കും നിന്നുള്ള സഞ്ചാരികളെയും സന്ദർശകരെയും എക്സ്പോ2020യിലേക്ക് സ്വാഗതം ചെയ്യുന്നു. മഹാമേള ഒക്ടോബർ ഒന്നിന് കൊടിയേറാനിരിക്കെ സ്വദേശികളും വിദേശികളുമുൾപ്പെടെ യു.എ.ഇയിലെ 83.7 ശതമാനം താമസക്കാർക്കും വാക്സിൻ നൽകിക്കഴിഞ്ഞു. മാസ്ക് ഉപയോഗത്തിന് പല ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക 33 രാജ്യങ്ങളിൽനിന്നുള്ള യാത്രാവിലക്ക് മാറ്റാൻ തീരുമാനിച്ചു. േഫ്ലാറിഡ ഗവർണർ റോൺ ഡീസൻറ്റിസ് (Ron DeSantis) ശക്തമായി വാക്സിനേഷൻ പിന്താങ്ങുകയും വാക്സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് പൂജ്യത്തോടടുത്താണെന്ന് പ്രസ്താവിക്കുകയും ചെയ്തു. ബ്രിട്ടനും സമാനപാതയാണ് സ്വീകരിക്കുക.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ കോവിഡ് നിയന്ത്രിക്കുന്നതിന് നിലവിലുള്ളതിൽ ഏറ്റവും ശക്തമായ മാർഗം വാക്സിനേഷൻ തന്നെ. ഇതിനകം 570 കോടി വാക്സിൻ വിതരണം ചെയ്തുകഴിഞ്ഞു. എങ്കിലും അതിൽ 73 ശതമാനം ഡോസുകളും എത്തിയത് കേവലം പത്തു രാജ്യങ്ങളിൽ. ദരിദ്രരാജ്യങ്ങളിൽ വിതരണം ചെയ്തതിെൻറ അറുപതിരട്ടിയോളം വികസിത രാജ്യങ്ങളിൽ കൊടുത്തുതീർത്തു. ഇത് വാക്സിൻ അസമത്വം തന്നെയാണെന്ന് സംഘടന രേഖപ്പെടുത്തുന്നു. വൈറസിന് അനസ്യൂതം വ്യാപനം നടത്താനും പരിണമിക്കാനുമുള്ള അവസരം തുടർന്നാൽ സാമൂഹിക സാമ്പത്തിക മേഖലയുടെ പുനര്ജീവനം വൈകും. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി ഇക്കാര്യം ചർച്ചചെയ്യണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇതിനായി പ്രായോഗികതലത്തിൽ സഫലമാക്കാവുന്ന കൃത്യമായ ലക്ഷ്യങ്ങളാണ് സംഘടന മുന്നോട്ടുവെക്കുന്നത്. നടപ്പുവർഷത്തിൽ എല്ലാ രാജ്യങ്ങളിലും 40 ശതമാനം ജനങ്ങളിൽ വാക്സിൻ എത്തിക്കുക; അടുത്തവർഷം മധ്യത്തോടെ അത് 70 ശതമാനം ആയി ഉയർത്തുക. ഇതു സാധ്യമാകണമെങ്കിൽ വാക്സിൻ നിർമാണ ശേഷിയുള്ള രാജ്യങ്ങൾ കോവാക്സ് പദ്ധതിയിലേക്ക് വാക്സിൻ നൽകുകയും പ്രാദേശികമായി വാക്സിനുകൾ നിർമിക്കാനുതകും വിധം ടെക്നോളജി പങ്കിടുകയും വേണം.
സമ്പന്ന രാജ്യങ്ങൾപോലും കോവിഡ് ആഘാതത്തിൽ പരുങ്ങലിലായിട്ടുണ്ട്. എപിഡെമിക് നിയന്ത്രിക്കാനാവശ്യമായ തയാറെടുപ്പുകൾ നടപ്പാക്കാനും ധനവിനിയോഗം കാര്യക്ഷമമാക്കാനും കാലവിളംബം നേരിട്ടു. കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിലാകട്ടെ, സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതുപോലും സാധ്യമല്ലാതായി. ദാരിദ്ര്യം, ലിംഗനീതി, കുട്ടികളിൽ നടക്കേണ്ട സാർവത്രിക വാക്സിനേഷൻ, പൊതുവിദ്യാഭ്യാസം എന്നീ മേഖലകളിൽ കൈവരിച്ചനേട്ടങ്ങൾപോലും നഷ്ടപ്പെട്ടതായി കാണുന്നു. മുന്നോട്ടുള്ള നയരൂപവത്കരണം അതിനാൽത്തന്നെ പ്രാധാന്യമർഹിക്കുന്നു.
രാജ്യങ്ങൾ തമ്മിലെ വിടവ് വർധിച്ചു എന്നതുപോലെ രാജ്യത്തിനുള്ളിൽ വിവിധ സമൂഹങ്ങൾക്കിടയിലും വികസനത്തിൽ ഗണ്യമായ അകൽച്ച കാണാം. അമേരിക്കപോലെ പൊതുവെ സമ്പന്നമായ രാജ്യത്തും പിന്നാക്ക സമൂഹങ്ങൾ കൂടുതൽ ദരിദ്രരായി എന്നതും ഗൗരവമുള്ള കാര്യമാണ്. ജോയ്സ് ഫ്രയിഡിൻ ഒരു മാസത്തിനു മുമ്പെഴുതിയ ലേഖനത്തിൽ ഇക്കാര്യം വിലയിരുത്തുന്നു. പൊതുജനാരോഗ്യ വിദഗ്ധ റിയാ ബോയ്ഡ് നടത്തിയ പഠനമാണ് ലേഖനത്തിനാധാരം. പലകാരണങ്ങളാൽ വാക്സിൻ എടുക്കാത്തവരിൽ വ്യാപിക്കന്ന പാൻഡെമിക് ആണിപ്പോൾ കാണുന്നതെന്നാണ് അമേരിക്കയിലെ പൊതു നറേറ്റിവ്. അതത്ര ശരിയല്ല എന്നതിന് തെളിവുകൾ നിരത്തുകയാണ് ഗവേഷക ചെയ്യുന്നത്. സത്യത്തിൽ അമേരിക്കയിൽ തെക്കൻ പ്രവിശ്യകളിൽ ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം ഇല്ലാത്തവരുടെ വലിയ സംഖ്യയുണ്ട്. വാക്സിൻ സൗജന്യമാണെങ്കിലും, അവിടെ എത്താനുള്ള ചെലവ്, കുട്ടികളെ വാക്സിൻ കേന്ദ്രത്തിലെത്തിക്കാനുള്ള അധിക ചെലവ്, വേതനനഷ്ടം എന്നിവ താങ്ങാനാകാത്ത സമൂഹം നമ്മുടെ ദൃഷ്ടിയിൽ പെടുന്നില്ല എന്നുമാത്രം.
ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്ന ഇൻഫോഡമിക് എന്നറിയപ്പെടുന്ന വ്യാജപ്രചാരണം ജനങ്ങളെ മെച്ചപ്പെട്ട ചികിത്സയും ആരോഗ്യസംരക്ഷണവും നേടുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നുണ്ട്. റൂബൽ കാനോസിയ, ഋതു ആര്യ, എന്നിവർ ചേർന്ന് മീഡിയ ഏഷ്യയിൽ (2021 ഫെബ്രുവരി) പ്രസിദ്ധീകരിച്ച പ്രബന്ധം ഇന്ത്യയിൽ പ്രബലമാകുന്ന ഇത്തരം വ്യാജപ്രചാരണത്തിെൻറ വ്യാപ്തി ചർച്ചചെയ്യുന്നു. പലപ്പോഴും തിക്താനുഭവങ്ങൾ ഉണ്ടാകുന്നത് ഏതെങ്കിലും വിധത്തിൽ ന്യൂനപക്ഷമായി കരുതപ്പെടുന്നവരിലാണ്. സമൂഹ, മുഖ്യധാരാ മീഡിയകൾ ഇൻഫോഡമിക് പ്രചാരണത്തിന് പരോക്ഷമായി അനുകൂലിക്കുന്നതായി നാം സംശയിച്ചുപോകും.
സാമ്പത്തിക രംഗം തുറന്നുകൊടുക്കുകയും കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയും ചെയ്യുന്നത് ഇനി വൈകിപ്പിക്കാനാകില്ല. പ്രധാന രാജ്യങ്ങളെല്ലാം ഉയർന്ന വാക്സിൻ നിരക്കുകൾ കൈവരിക്കുകയും തുറന്നുകൊടുക്കൽ ദിശയിലേക്ക് നീങ്ങുകയു ചെയ്യുമ്പോൾ ഇന്ത്യക്കും അങ്ങനെ ചെയ്തേ തീരൂ. ഇൻഫോഡമിക് നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന നഷ്ടം ഭാരിച്ചതാകുമെന്നു തീർച്ച.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.