ഒമിക്രോൺ നമ്മോട് പറയുന്നത്
text_fieldsകോവിഡ് വൈറസിെൻറ നൂതന വകഭേദമായ ഒമിക്രോൺ എന്ന വേരിയൻറ് കൂടുതൽ രാജ്യങ്ങളിലേക്ക് കടന്നിരിക്കുന്നു. 17 രാജ്യങ്ങൾ അതിെൻറ സാന്നിധ്യമറിയിക്കുകയും ആശങ്ക പങ്കുവെക്കുകയും ചെയ്തു. ഇതോടെ മറ്റൊരു കോവിഡ് തരംഗത്തെക്കുറിച്ചുള്ള ഭീതിയും വീണ്ടുമൊരു സാമ്പത്തികത്തകർച്ചയും ലോകജനത ഭയപ്പെടുന്നു. ഇതിനകം യാത്രാനിയന്ത്രണങ്ങൾ പ്രഖ്യാപിച്ച രാജ്യങ്ങൾ പറയുന്നത് ഭയാശങ്കകൾ ആസ്ഥാനത്തല്ലെന്നാണ്. അമേരിക്കയിൽ വൈറസ് ഇതിനകം എത്തിക്കഴിഞ്ഞുവെങ്കിൽ അതിശയിക്കാനില്ലെന്ന് ഡോ. ആൻറണി ഫൗചി പറഞ്ഞു. ദ്രാവകമൊഴുകുന്നതുപോലെ വൈറസ് പുതിയ ഇടങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായാണ് അദ്ദേഹം കരുതുന്നത്.
ദക്ഷിണാഫ്രിക്കയിലെ ഗൗറ്റിങ് മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന രോഗികളിലേറെയും ഒമിക്രോൺ വേരിയൻറ് ബാധിച്ചവർതന്നെ. അവിടെമാത്രം പ്രതിദിനം 2300 രോഗികളുണ്ട്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടിൽനിന്ന് ഒമ്പതു ശതമാനത്തിലേക്ക് വർധിക്കുകയും ചെയ്തു. ചെറിയ ഇടവേളയിൽ മൂന്നിരട്ടി വർധനയുണ്ടാകുന്നത് വൈറസിൽ വന്നുചേരുന്ന സ്വഭാവമാറ്റത്തെ സൂചിപ്പിക്കുന്നതായി കണ്ടതിനാൽ കൂടുതൽ അന്വേഷണമുണ്ടായി. അടുത്തിടെ വർധിച്ച തോതിൽ റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ അനേകം പേർ നേരേത്ത കോവിഡ് ബാധിച്ചവർകൂടിയായിരുന്നു എന്നതും സംശയമുണർത്താൻ കാരണമായി. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും കാര്യമായ വർധന.
എന്നാലിത് രോഗതീവ്രത മൂലമാണോ അതോ രോഗബാധിതരിൽ കാണുന്ന വർധനയുടെ പ്രതിഫലനമാണോ എന്ന് കണ്ടെത്താനിരിക്കുന്നതേയുള്ളൂ. ശ്ലാഘനീയമായ ഉത്തരവാദിത്തബോധമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. പ്രസിഡൻറ് സിറിൽ റമഫോസ പുതിയ വികാസങ്ങൾ ലോകത്തെയറിയിക്കാൻ മടിച്ചില്ല. രോഗവ്യാപനം അമിതമാകുന്നു എന്ന് കണ്ടമാത്രയിൽ ആരോഗ്യവകുപ്പ് ഉണർന്നു പ്രവർത്തിച്ച്, 100 രോഗികളുടെ സാമ്പ്ൾ പരിശോധിച്ച് ഡേറ്റ വ്യാഖ്യാനിച്ച് റിപ്പോർട്ടുകൾ ലോകത്തിനു ലഭ്യമാക്കി. ഡർബൻ മെഡിക്കൽ സ്കൂളിലെ ട്യൂലിയോ ഡി ഒലീവെയറയുടെ നേതൃത്വത്തിലാണ് അടിയന്തര സ്വഭാവമുള്ള ഗവേഷണങ്ങൾ നടക്കുന്നത്. നിലവിലുള്ള വാക്സിനുകൾ പുതിയ വേരിയൻറിനെ നിർവീര്യമാക്കുമോ എന്ന പഠനം ആരംഭിക്കാൻ ദക്ഷിണാഫ്രിക്കയിലെ ഗവേഷകർക്ക് ഒരു മണിക്കൂറിനുള്ളിൽ കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ, ഫൈസർ, മൊേഡണ തുടങ്ങി ലോകമെമ്പാടുമുള്ള ഗവേഷകർ ദൗത്യത്തിൽ പങ്കാളികളാണ്.
വളരെ പഴയതല്ലാത്ത ഒരു കഥയിലേക്കു പോകാം. ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. റ്റെഡ്റോസ് അഥനോം ജിബ്രീയേസുസ് ആഗസ്റ്റ് നാലാം തീയതി ലോകരാഷ്ട്രങ്ങളോട് ഒരഭ്യർഥന നടത്തി. ശക്തമായ വ്യാപനമുള്ള ഡെൽറ്റ വേരിയൻറിനെതിരെ നിയന്ത്രണനടപടികളുമായി മുന്നോട്ടുപോകാൻ ലോകരാഷ്ട്രങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ലഭ്യമായ വാക്സിനുകളുടെ സിംഹഭാഗവും ഇതിനകം ഉപയോഗിച്ചുകഴിഞ്ഞ സമ്പന്ന രാജ്യങ്ങൾ തുടർന്നും വാക്സിൻ ശേഖരണം നടത്തുന്നതും ബൂസ്റ്റർ ഡോസുകൾ വ്യാപകമാക്കുന്നതും ശരിയല്ല; പ്രത്യേകിച്ചും പാർശ്വവത്കരിക്കപ്പെട്ട വലിയൊരു ജനവിഭാഗം ഇനിയും വാക്സിൻ ലഭിക്കാതെ ജീവിക്കുമ്പോൾ. നിലവിൽ 400 കോടി വാക്സിൻ വിതരണം ചെയ്തപ്പോൾ 80 ശതമാനവും ലഭിച്ചത് സമ്പന്നവും ഇടത്തരവുമായ രാജ്യങ്ങളിലാണ്. ലോകജനസംഖ്യയുടെ പകുതിപ്പേർ മാത്രം വസിക്കുന്നിടത്ത് വാക്സിൻ വിന്യാസം സമൃദ്ധമായി നടന്നു. മേയ് മാസമായപ്പോൾ, സമ്പന്ന രാജ്യങ്ങൾ 100 പേർക്ക് 50 വാക്സിൻ എന്നതോതിൽ വിതരണം സാധ്യമാക്കിയപ്പോൾ ദരിദ്രരാജ്യങ്ങളിൽ 100 പേരിൽ 1.5 വാക്സിൻ മാത്രമാണെത്തിയത്. ഭീതിദമായ വാക്സിൻ അസമത്വം ലോകത്തു നിലനിൽക്കുന്നു എന്നു കാണാം.
ആഫ്രിക്കക്കും മറ്റു ദാരിദ്ര്യമനുഭവിക്കുന്ന സമൂഹങ്ങൾക്കും അന്താരാഷ്ട്ര പിന്തുണയില്ലാതെ വാക്സിൻ ലഭിക്കില്ലെന്നുറപ്പാണ്. സമ്പന്ന രാജ്യങ്ങൾ ആഗോള വാക്സിൻ ശ്രമങ്ങളെ സജീവമായി പിന്താങ്ങിയില്ലെങ്കിൽ കോവിഡ് നിയന്ത്രണശ്രമങ്ങൾക്ക് മങ്ങലേക്കും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ വാക്സിൻ തുല്യത ഉറപ്പാക്കൽ ഇനിയും വൈകിക്കൂടാ. പാൻഡെമിക്കിെൻറ ഗതിവിഗതികൾ അപകടമായി തുടരുന്നു; അതിനാൽത്തന്നെ ലോകത്തിെൻറ ആരോഗ്യം സന്ദിഗ്ധാവസ്ഥയിലുമാണ്. വാക്സിൻ ലഭിക്കാത്ത സമൂഹം ഉള്ളിടത്തോളം കാലം അവർ സുരക്ഷിതരല്ല; വാക്സിൻ ധാരാളിത്തമുള്ളവരും സുരക്ഷിതരല്ല. ഇന്ന് നമുക്ക് ഇപ്പറഞ്ഞതിെൻറ പൊരുൾ മനസ്സിലാക്കാൻ കഴിയുന്നു.
ലോകാരോഗ്യ സംഘടന ഇതെല്ലം പറഞ്ഞ ജൂലൈ, ആഗസ്റ്റ് കാലഘട്ടത്തിൽ ഒരു താൽപര്യവുമെടുക്കാത്ത ലോകരാജ്യങ്ങൾ പെട്ടെന്നാണ് ഉണർന്നത്; അതിന് ഒമിക്രോൺ എന്ന പുതുപുത്തൻ വേരിയൻറ് വേണ്ടിവന്നുവെന്നു മാത്രം. ആഫ്രിക്കൻ ഭൂഖണ്ഡത്തിെൻറ കാര്യവും പരുങ്ങലിലാണ്. അവിടെ 25 ശതമാനം ആരോഗ്യപ്രവർത്തകർക്കു മാത്രമേ പൂർണ വാക്സിനേഷൻ ലഭിച്ചിട്ടുള്ളൂ; 7.2 ശതമാനം പേർക്കാണ് രണ്ടു ഡോസും കിട്ടിയിട്ടുള്ളത്. ഒന്നെങ്കിലും ലഭിച്ചത് 11 ശതമാനം പേർക്കു മാത്രം. ബറൂണ്ടി, എറിത്രീയ എന്നീ രാജ്യങ്ങൾ വാക്സിൻ വിതരണം ഇനിയും തുടങ്ങിയിട്ടുമില്ല. ഇത്തരം സാഹചര്യങ്ങളിൽ പുതിയ വേരിയൻറ് ഉണ്ടാകുന്നതിൽ എന്തത്ഭുതം? രണ്ടുദിവസം മുമ്പ്, ഘട്ടങ്ങളായി 100 കോടിയോളം വാക്സിനുകൾ ആഫ്രിക്കയിൽ എത്തിക്കാമെന്ന് ചൈന ഉറപ്പുനൽകുകയുണ്ടായി. അമേരിക്കയും ആഫ്രിക്കയിലേക്ക് വാക്സിനെത്തിക്കാൻ അടിയന്തര ശ്രമത്തിലാണ്. വാക്സിനും ചികിത്സയും സംഭാവന ചെയ്യാമെന്ന് ഇന്ത്യയും വ്യക്തമാക്കിക്കഴിഞ്ഞു. ശ്രമങ്ങൾ വൈകിപ്പോയതായി ലോകം മനസ്സിലാക്കുന്നു; വാക്സിൻ വിതരണത്തിലെ നൈതികത ഒരിക്കൽ കൂടി ചർച്ചയാവുകയും ചെയ്യുന്നു.
ലോകത്തിെൻറ പലഭാഗങ്ങളിലും ശൈത്യകാലാരംഭമാണ്. ഡെൽറ്റ വേരിയൻറ് ശക്തിപ്രാപിക്കുെമന്ന അവസരത്തിലാണ് ജനിതകമാറ്റവുമായി B.1.1.529 എന്ന മറ്റൊരു വേരിയൻറ് വ്യാപനമാരംഭിക്കുന്നത്. ലോകാരോഗ്യ സംഘടന ഇതിനെ ഗ്രീക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ 'ഒമിക്രോൺ' എന്ന് നാമകരണം ചെയ്തു. രാജ്യങ്ങൾ അതിർത്തികളടക്കാനും യാത്രാവിലക്കുകൾ നടപ്പാക്കാനും തുടങ്ങിയതോടെ നാം ഭീതിയിലാണ്. പുതിയ വേരിയൻറിൽ 50 മ്യൂട്ടേഷനുകൾ കാണാനുണ്ട്. അതിൽ 32 മ്യൂട്ടേഷനുകൾ വൈറസിെൻറ സ്പൈക് പ്രോട്ടീനിൽ നിലകൊള്ളുന്നു. സമാനമായ മാറ്റങ്ങളുള്ള ഇതര വേരിയൻറുകൾ പ്രദർശിപ്പിക്കുന്ന പൊതുസ്വഭാവം മനുഷ്യകോശങ്ങളിലേക്ക് സുഗമമായി കയറാനുള്ള കഴിവാണ്. H655Y, N679K, P681H എന്നീ മ്യൂട്ടേഷനുകൾ അതിനു സഹായിക്കുന്നു. R203K and G204R എന്നീ മ്യൂട്ടേഷനുകൾ രോഗതീവ്രതയുമായി ബന്ധപ്പെട്ടതാണ്. അവ അനുകൂല സാഹചര്യങ്ങളിൽ തീവ്രരോഗാവസ്ഥയുണ്ടാക്കാൻ കെൽപുള്ളതാണെന്നും വിലയിരുത്തപ്പെടുന്നു.
കൂടാതെ, NSP6 എന്ന ഇടത്തിൽ തന്മാത്ര ഒഴിവായി (deletion) കാണുന്നു. ഇത് നമ്മുടെ ഇമ്യൂണിറ്റി ഭാഗികമായെങ്കിലും മറികടക്കാൻ വൈറസിനെ സജ്ജമാക്കുമെന്നു കരുതാം. ശരീരത്തിെൻറ പ്രതിരോധഭിത്തിയെ മറികടന്ന് രോഗസാധ്യത വർധിപ്പിക്കാനുള്ള കഴിവാർജിച്ചാൽ അത്ഭുതമില്ല. അതിനാൽ ഒമിക്രോൺ ആവർത്തിച്ചുള്ള രോഗസാധ്യത വർധിപ്പിക്കാം. നേരേത്ത രോഗം വന്നവരിലും വാക്സിൻ സ്വീകരിച്ചവരിലും ഇത് സംഭവിക്കാം. ഇപ്പോൾ ഫലപ്രദമെന്ന് കാണുന്ന ആൻറിബോഡി കോക്ൈടൽ പുതിയ വേരിയൻറിനെതിരെ ദുർബലമാകാനും ഇടയുണ്ട്. കോവിഡ് വ്യാപനത്തിൽ ശക്തമായ ഡെൽറ്റ വൈറസിനെ മാറ്റി പുതിയ വ്യാപനതരംഗം ഒമിക്രോൺ സൃഷ്ടിക്കുമോ എന്നത് പറയാനാവില്ല; തെളിവുകൾ അതിനനുകൂലമാണെങ്കിലും.
ഒമിക്രോൺ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്നതും കൃത്യമായി പറയാനാവില്ല. ദക്ഷിണാഫ്രിക്കയിൽനിന്ന് വരുന്ന ആദ്യ റിപ്പോർട്ടുകളനുസരിച്ച് ഏറക്കുറെ ലഘുവായ രോഗമാണ് കാണപ്പെടുന്നത്. ഇത് പൂർണമായി വിശ്വസിക്കാനാവില്ല; രോഗികളുടെ പ്രായക്കുറവ്, രോഗം മൂലമോ വാക്സിനേഷനിലൂടെയോ പ്രതിരോധശക്തിയുണ്ടായത്, അനുബന്ധരോഗങ്ങളില്ലായ്മ തുടങ്ങി അനവധി ഘടകങ്ങൾ ഇതിനു പിന്നിലുണ്ടാകാം. ഡെൽറ്റയിൽനിന്ന് രോഗലക്ഷണങ്ങൾ മാറുന്നതായി തെളിവുകളില്ല. വാക്സിനുകൾ തീവ്രരോഗാവസ്ഥ തടുക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. എന്നാൽ, വാക്സിൻ എടുത്തവരിൽ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. വാക്സിൻ ഗവേഷണത്തിൽ വേണ്ടുന്ന അടിയന്തര ശ്രമങ്ങളിലേക്കാണ് അന്വേഷണമിപ്പോൾ.
കോവിഡ് ചരിത്രത്തിലാദ്യമായി വാക്സിൻ ഡിസൈൻ പുനരവലോകനം ചെയ്യാൻ തയാറെടുക്കുകയാണ് ഗവേഷകർ. ഫൈസർ, മൊഡേണ എന്നിവർ പുതിയ പദ്ധതി ഇതിനായി ആവിഷ്കരിച്ചുകഴിഞ്ഞു. രണ്ടു വാക്സിനും 2022 ജനുവരിയോടെ വിതരണത്തിന് തയാറാകും. ആസ്ട്രസെനക ഉപജ്ഞാതാക്കളായ ഓക്സ്ഫഡ് വാക്സിൻ ഗ്രൂപ് പുതിയ ഒമിക്രോൺ വാക്സിൻ അതിവേഗം നിർമിക്കാൻ പഠനം തുടങ്ങി.
ഇതുവരെ കോവിഡ് നിയന്ത്രണ ശാസ്ത്രത്തിൽ നാം ആർജിച്ച അറിവ് പുതിയ ചികിത്സാപദ്ധതികൾ രൂപപ്പെടുത്താനും വാക്സിനുകൾ നിർമിക്കാനും ഉപയോഗപ്പെടുന്നുവെന്നത് ശുഭോദർക്കമാണ്. ഒമിക്രോൺ ഉയർത്തിയ ആശങ്കമൂലമാവാം, കൂടുതൽ പേർ വാക്സിൻ സന്നദ്ധരായി മാറുന്നത് കാണാം. കോവിഡ് അനുകൂല പെരുമാറ്റരീതിയിലേക്ക് പൂർണമായി മടങ്ങാനും വ്യാജപ്രചാരണങ്ങൾക്ക് വിരാമമിട്ട് കോവിഡ് ശ്രമങ്ങളിൽ പങ്കാളികളാകാനും നമുക്ക് തയാറെടുക്കാം.ഒമിക്രോൺ നമ്മോട് പറയുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.