കോവിഡാനന്തര ലോകം: നാം ചെയ്യേണ്ടതെന്തെല്ലാം?
text_fieldsകോവിഡ് കാലത്തിനുശേഷം നമ്മുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് നാം ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. കോവിഡ് പാൻഡെമിക് സാഹചര്യം നിലനിൽക്കുമ്പോൾതന്നെ അതിന്റെ വ്യാപനതീവ്രത ലഘുവായതായി നാം മനസ്സിലാക്കുന്നു. വൈകാതെ കോവിഡ് നിയന്ത്രണത്തിലെത്തുമെന്നും എൻഡെമിക് തലത്തിലേക്ക് മാറിക്കൊള്ളുമെന്നും കരുതാം. വീണ്ടും ഒരു അപ്രതീക്ഷിത വേരിയന്റ് ആവിർഭവിച്ചില്ലെങ്കിൽ കോവിഡാനന്തര സമൂഹത്തെ നാം വിഭാവന ചെയ്തുതുടങ്ങേണ്ടിയിരിക്കുന്നു. പൂർണമായി വാക്സിൻ സ്വീകരിച്ചവർ ഇന്ത്യയിൽ ഇപ്പോഴും 58 ശതമാനത്തിൽ താഴെ മാത്രമാണ്; ഉദ്ദേശം 56 ശതമാനം പേരാണ് ആഗോളതലത്തിൽ വാക്സിനെടുത്തത്. അതായത്, ഇപ്പോൾ വാക്സിനേഷൻ തോത് ഹേർഡ് ഇമ്യൂണിറ്റി കൈവരിക്കാനുള്ള നിലയെത്തിയിട്ടില്ലെന്നതാണ് സത്യം. വൈറസിന്റെ ജീവിതശൈലി പരിശോധിച്ചാൽ പുതിയ വേരിയൻറുകൾ ഉണ്ടാകാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാവില്ല.
കോവിഡ് പാൻഡെമിക്കിന്റെ രണ്ടു വർഷങ്ങൾ ആരോഗ്യരംഗത്തെക്കുറിച്ച് വേറിട്ട അനുഭവങ്ങൾ നൽകിയത് ശ്രദ്ധിക്കാതിരുന്നുകൂടാ. ആരോഗ്യമേഖലയിൽ സർക്കാർ ചെലവാക്കുന്ന പണം ഇക്കാലത്ത് ഇരട്ടിയിലധികമായിട്ടുണ്ട്; അതുപോലും വേണ്ടത്രയായി എന്നു പറഞ്ഞുകൂടാ. ആരോഗ്യം എന്നാൽ ചികിത്സയാണെന്നും രണ്ടാം തലം, മൂന്നാം തലം എന്ന ആശുപത്രികളും അതിനൂതന സാങ്കേതികവിദ്യകളുമാണെന്ന ധാരണ പ്രബലമായി തുടരുന്നു. പൊതുജനാരോഗ്യം ഒരു ശക്തമായ ശാസ്ത്രവിഷയമാണെന്നും അതിന്റെ പ്രവർത്തനമേഖല വ്യാപിപ്പിക്കുകയും ആരോഗ്യപ്രശ്നങ്ങളെ സാമൂഹികതലത്തിൽ നിയന്ത്രിക്കേണ്ടതാണെന്നും കോവിഡ് പഠിപ്പിച്ച പാഠമാണ്. കോവിഡ് വ്യാപിച്ചുവന്ന സാഹചര്യത്തിൽ ഐ.സി.യു ചികിത്സയോടൊപ്പം രോഗവ്യാപനത്തെ മനസ്സിലാക്കാനും പഠനങ്ങൾ നടത്താനും വ്യാപന നിയന്ത്രണങ്ങൾ നടപ്പാക്കാനും സമൂഹത്തിൽ വേരോട്ടമുള്ള അടിസ്ഥാന ആരോഗ്യസംവിധാനങ്ങൾക്കു മാത്രമേ കഴിയൂ എന്നത് വ്യക്തമായി. അടിസ്ഥാന ആരോഗ്യസംവിധാനങ്ങളെ മറന്നുകൊണ്ട് ഇനിയൊരു ആരോഗ്യനയം സാധ്യമല്ലെന്ന തിരിച്ചറിവ് നമുക്കുണ്ടായത് കഴിഞ്ഞ രണ്ടുവർഷത്തെ അനുഭവത്തിലൂടെയാണ്. വളരെ സൂക്ഷ്മമായ പരിഗണന ആവശ്യമുള്ള വിഷയമാണിത്.
യൂറോപ്യൻ യൂനിയന്റെ പൊതുജനാരോഗ്യ സുരക്ഷ പ്രോജക്ട് കോഓഡിനേറ്റർ ഡോ. മെയ്ർ കൊണോലി (Dr Maire Connolly)യും യോനഥൻ സ്മിത്തും തമ്മിലെ സംഭാഷണം ഹൊറൈസൺ എന്ന ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ 100 വർഷങ്ങളിൽ നാല് ഇൻഫ്ലുവൻസ എപിഡെമിക്കുകളാണ് ഉണ്ടായതെങ്കിൽ പുതിയ എപിഡെമിക് ഉണ്ടാകാൻ പ്രതിവർഷ സാധ്യത മൂന്നു മുതൽ ഏഴു ശതമാനം വരെയാണെന്ന് അവർ കരുതുന്നു. മനുഷ്യർ അവരുടെ ജീവിതരീതിയിൽ വരുത്തുന്ന പ്രകടമായ മാറ്റങ്ങൾ എപിഡെമിക് സാധ്യതക്ക് അനുകൂലമാണത്രെ. വ്യാപകവും ബൃഹത്തുമായ കന്നുകാലി ഫാമിങ്, കോഴികൃഷി എന്നിവ പുതിയ വൈറസ് സ്ട്രെയിനുകൾ ഉണ്ടായിവരാൻ സാഹചര്യമൊരുക്കും. വന്യമായി ജീവിക്കുന്ന പക്ഷികൾ, ദേശാടനക്കിളികൾ എന്നിവയിൽ വർഷാവർഷം പുതിയ ഇൻഫ്ലുവൻസ വൈറസ് പടർന്നുപിടിക്കാറുണ്ട്. കാലാവസ്ഥമാറ്റം തടുക്കാനായില്ലെങ്കിൽ കൊതുകുകൾ, കീടങ്ങൾ, ഷഡ്പദങ്ങൾ എന്നിവ ശക്തിയാർജിക്കുമെന്നും പുതിയ മേഖലകളിലേക്ക് കുടിയേറ്റം ചെയ്യുമെന്നും പ്രതീക്ഷിക്കണം. മഞ്ഞുരുകുന്നതിനാൽ സൈബീരിയയിൽ 2016ൽ ആന്ത്രാക്സ് രോഗം പടർന്നുപിടിച്ചത് ഉദാഹരണമാണ്. വരൾച്ച, പ്രളയം എന്നിവ അപ്രതീക്ഷിതമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതു മൂലവും മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ ചലനമുണ്ടാകുന്നതിനാലും രോഗങ്ങൾ പൊട്ടിപ്പടരാൻ ഇടയുണ്ട്. ഇതെല്ലാം കോവിഡാനന്തര കാലത്ത് നാം നേരിടാൻ പോകുന്ന വെല്ലുവിളികളാണ്, സംശയമില്ല.
വരുംകാലങ്ങളിൽ ആരോഗ്യസുരക്ഷ അതിർത്തികാവൽ സേനയുടെ പ്രവർത്തനംപോലെ പ്രഫഷനൽ ആകണമെന്നർഥം. ചെറിയതോതിൽ ഉണ്ടാകുന്ന എപിഡെമിക് പോലും നമ്മുടെ സമ്പദ്ഘടനയിൽ തിരിച്ചടി സൃഷ്ടിക്കുമെന്നതിനാൽ പൊതുജനാരോഗ്യ ശാസ്ത്രം വികസിപ്പിക്കേണ്ടതുണ്ട്.
ഡോ. മെയ്ർ കൊണോലിയുടെ നേതൃത്വത്തിലെ പാൻഡേം 2 (PANDEM 2) എന്ന സംഘടന കോവിഡ് അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭാവി പകർച്ചവ്യാധികൾ തടയാനുള്ള ഉദ്യമത്തിലാണ്. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട അനുഭവങ്ങൾ ക്രോഡീകരിക്കുകയും ആശയവിനിമയം, കോൺടാക്ട്, ക്ലസ്റ്റർ എന്നിവ ശാസ്ത്രീയമായി മാനേജ് ചെയ്യുകയും വേണ്ടത്ര മോഡലിങ് നടത്തി നയരൂപവത്കരണത്തെ സഹായിക്കുകയും ചെയ്യുകയാണ് അവരുടെ അജണ്ട. നമുക്കും ഇതിൽനിന്ന് പഠിക്കാനുണ്ട്.
ഉയർന്ന ടെക്നോളജി ആവശ്യമായ ചികിത്സകൾ, ടെർഷ്യറി ആശുപത്രികൾ (തൃതീയ പരിചരണം ലഭ്യമാക്കുന്ന ചികിത്സാലയങ്ങൾ) എന്നിവ കൂടുതലും സ്വകാര്യ മേഖലയിലാണിപ്പോൾ. വൈദ്യശാസ്ത്ര ഗവേഷണവും ക്രമേണ സ്വകാര്യവത്കരിക്കപ്പെടുകയാണ്. സ്പെഷലിസ്റ്റ് ചികിത്സയും പൊതുജനാരോഗ്യവും ഒപ്പം കൊണ്ടുപോകുന്ന സർക്കാർ ആരോഗ്യവകുപ്പ് സമയോചിതമായ പരിഷ്കരണത്തിന് വിധേയമാക്കാൻ ഇനി വൈകിച്ചുകൂടാ. കോവിഡാനന്തര കാലത്ത് അത്യാവശ്യം വേണ്ടത് ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കുക എന്ന പരിഷ്കാരംതന്നെ.
വൈറസ് എപിഡെമിക്കുകൾ ആവർത്തിച്ച് പ്രത്യക്ഷപ്പെടാനുള്ള സാധ്യത പരിഗണിച്ച് എന്തെല്ലാം പരിഷ്കാരങ്ങളാണ് ആരോഗ്യസംവിധാനത്തിൽ വരുത്തേണ്ടത്?
ഒന്ന്, പുതിയ ഡയറക്ടറുടെ നേതൃത്വത്തിൽ തുടങ്ങേണ്ട പൊതുജനാരോഗ്യ വിഭാഗത്തിൽ ചികിത്സക്കല്ല, ആരോഗ്യശാസ്ത്രത്തിലെ ഇതര മേഖലകൾക്കാണ് ഊന്നൽ നൽകേണ്ടത്. സാമൂഹികാരോഗ്യം ഉത്തേജിപ്പിക്കുന്ന മാർഗങ്ങളായ വ്യായാമം, പോഷകാഹാരം, ആരോഗ്യത്തിന് വിഘാതമുണ്ടാക്കുന്ന ജീവിതശൈലിയുടെ നിയന്ത്രണം, ശുദ്ധജലം, സാനിറ്റേഷൻ, ഇൻഷുറൻസ് എന്നിവ പരിഗണിക്കപ്പെടണം. അതുപോലെ പരിസ്ഥിതി, പകർച്ചവ്യാധികൾ, തൊഴിൽരോഗങ്ങൾ, വാക്സിനേഷൻ, പ്രതിരോധമാർഗങ്ങൾ, റിപ്പോർട്ടിങ് തുടങ്ങിയവയും പ്രധാനമാണ്. സാമൂഹികാധിഷ്ഠിത പുനരധിവാസ ചികിത്സയും ഡിസബിലിറ്റി പരിചരണവും സാന്ത്വനചികിത്സയും 2018ലെ അസ്താന പ്രഖ്യാപനത്തിന് (Astana Declaration) വിധേയമായി രൂപകൽപനചെയ്യാൻ ഇനിയും വൈകിക്കൂടാ. നിലവിലുള്ള ആരോഗ്യവകുപ്പിന് ഈ മേഖലകളിൽ വിശിഷ്ട ശ്രദ്ധ പതിപ്പിക്കാൻ കഴിയുമെന്നു തോന്നുന്നുമില്ല.
രണ്ട്, ഗവേഷണം, മോഡലിങ് എന്നിവ സുപ്രധാന വിഷയമായി പുതിയ വകുപ്പ് പരിഗണിക്കണം. ഇതിനായി പ്രത്യേക പരിചയം സിദ്ധിച്ച പ്രഫഷനലുകളെ ആകർഷിക്കാൻ സാധിക്കണം. സ്റ്റാറ്റിസ്റ്റിക്സ്, േബ്ലാക്ക് ചെയിൻ മുതലായ നൂതന ടെക്നോളജികൾ ഹെൽത്ത് മാനേജ്മെൻറിൽ ഇനി ഒഴിവാക്കാനാവില്ല. നാട്ടിലെവിടെയെങ്കിലും സമാനമായ രോഗം ഒന്നിൽ കൂടുതലുണ്ടായാൽ അത് റിപ്പോർട്ട് ചെയ്യുകയും പഠനം ആരംഭിക്കുകയും ചെയ്യുന്നത് എപിഡെമിക് നിയന്ത്രണത്തിലെ പ്രധാന ചുവടാണ്. നിലവിൽ ഗവേഷണത്തിന് മുൻതൂക്കമില്ലാത്ത നമ്മുടെ ആരോഗ്യസംവിധാനത്തിൽ ഇന്റേർഡിസിപ്ലിനറി തലത്തിൽ ഗവേഷണ കേഡറിന് സാധ്യതയൊരുക്കാൻ പുതിയ ഡിപ്പാർട്മെൻറിന് സാധിക്കും.
മൂന്ന്, പൊതുജനാരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സർക്കാറിതര ഏജൻസികളെ ഏകോപിപ്പിച്ച് സമൂഹത്തിൽ പ്രവർത്തിക്കാൻ സജ്ജമാക്കാം. സത്യത്തിൽ ഭാവിയിൽ നമുക്കുണ്ടാകാനിടയുള്ള പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ആരോഗ്യവിദഗ്ധർ മാത്രം ശ്രമിച്ചാൽ പോരാതെവരും. പരിസ്ഥിതി, മൃഗസംരക്ഷണം, ജൈവശാസ്ത്രങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ളവർക്ക് തുല്യപ്രാധാന്യം സങ്കൽപിക്കണം. വിവിധ ഡിപ്പാർട്മെന്ററുകളുടെ ഏകോപനത്തിനപ്പുറം ജനപങ്കാളിത്തം, സ്വതന്ത്ര പ്രഫഷനലുകൾ, സംഘടനകൾ എന്നിവരുടെ സജീവ സാന്നിധ്യം എന്നിവയൊക്കെയും വേണ്ടിവരും. കോവിഡ് കാലത്ത് അമേരിക്കയിലും യൂറോപ്പിലും സ്വതന്ത്ര ഏജൻസികൾ ലാഭേച്ഛ കൂടാതെ ശാസ്ത്രവിജ്ഞാന പ്രസരണത്തിൽ പങ്കാളികളായി. സിറ്റിസൺ സയന്റിസ്റ്റ് എന്ന രൂപത്തിൽ അറിവും പ്രായോഗിക നൈപുണ്യവും സംഭാവന ചെയ്തവർ ഏറെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.