കോവിഡ് മാറ്റിമറിക്കുന്ന സ്ത്രീജീവിതങ്ങൾ
text_fieldsകോവിഡ് ഇതുവരെ ചിന്തിക്കാത്ത മാറ്റങ്ങളാണ് സമൂഹത്തിൽ ഉണ്ടാക്കുന്നത്. രോഗം ബാധിക്കാതെത്തന്നെ നിലനിൽപ് വലിയ വെല്ലുവിളിയായി മാറുകയും ദാരിദ്ര്യത്തിനിരയാകുകയും ചെയ്യുന്ന പുതിയ ന്യൂനപക്ഷങ്ങൾ രൂപംകൊള്ളുന്നു. കഴിഞ്ഞ മാർച്ച് മുതൽ രാജ്യം ലോക്ഡൗണിലാണ്. നിയന്ത്രണങ്ങൾ ഇപ്പോഴും പൂർണമായി അവസാനിച്ചിട്ടില്ല. അതിനിടയിൽ ദാരിദ്ര്യത്തിലാഴ്ത്തപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ഇന്ത്യയിൽ 15 ലക്ഷത്തിലധികം വരുന്ന ലൈംഗികത്തൊഴിലാളികൾ. അവർക്ക് പ്രത്യേക തിരിച്ചറിയൽരേഖകളോ സ്വന്തമായി ബാങ്ക് അക്കൗണ്ടുകളോ ഇല്ല.
േലായേഴ്സ് കലക്ടിവ്, ദർബാർ മഹിള സമന്വയ കമ്മിറ്റി എന്നിങ്ങനെ ചില സന്നദ്ധപ്രവർത്തക കൂട്ടായ്മകൾ സുപ്രീംകോടതിയിൽ നൽകിയ പരാതിയിലാണ് ഒക്ടോബർ അവസാന നാളിൽ ഇക്കാര്യത്തിൽ പരിഹാരത്തിന് വഴികണ്ടത്. അപ്പോഴേക്കും കോവിഡ് നിയന്ത്രണങ്ങൾ വന്ന് ഏഴു മാസം കഴിഞ്ഞിരിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ടവർക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ ലൈംഗികത്തൊഴിലാളികൾ ഉൾപ്പെട്ടിരുന്നില്ല; വീടുകളിലോ രഹസ്യമായോ താമസിക്കുന്നവരും പദ്ധതികൾക്ക് പുറത്താണ്. ആറുമാസമായി നിയമവഴികൾ തേടേണ്ടിവന്നതും അതിനാൽതന്നെ.
നാഷനൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (നാകോ) വഴി ലൈംഗികത്തൊഴിലാളികളെ കണ്ടെത്തി അവർക്ക് അത്യാവശ്യം വേണ്ട സഹായങ്ങൾ എത്തിക്കാൻ സുപ്രീംകോടതി തീരുമാനമെടുത്തു. റേഷൻ കാർഡുകൾ നൽകാനും, ആവശ്യത്തിന് റേഷനെത്തിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. എന്നാൽ, സംഘടനകൾ ആവശ്യപ്പെട്ട കാഷ് ട്രാൻസ്ഫറിൽ തീരുമാനമെടുത്തില്ല. ഏറ്റവും ദരിദ്രർക്ക് റേഷൻ മാത്രം പോരാ, അടിയന്തരഘട്ടങ്ങളിൽ പണം കൈയിലെത്തണമെന്ന കാര്യത്തിൽ സാമ്പത്തികവിദഗ്ധർക്ക് ഏകാഭിപ്രായമുണ്ട്.
പ്രസിദ്ധമായ 'ലാൻസെറ്റ്' മെഡിക്കൽ ജേണൽ ജൂലൈ ആദ്യവാരംതന്നെ ലൈംഗികത്തൊഴിലാളികളുടെ ആരോഗ്യം, ദാരിദ്ര്യം എന്നിവയെക്കുറിച്ചു പഠനം പ്രസിദ്ധീകരിച്ചു. പലേടത്തും പൊലീസ് അതിക്രമം, പിഴ എന്നിവ അവരെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തി. ഇതോടൊപ്പം രോഗപ്രതിരോധ മാർഗങ്ങൾ പിന്തുടരാൻ പ്രയാസപ്പെടുന്ന സാഹചര്യവും അവർക്കുണ്ട്. രോഗം വന്നാലും ഇന്നത്തെ സാഹചര്യത്തിൽ ചികിത്സയിലും അദൃശ്യമായ വിവേചനം അനുഭവിക്കുന്നവരാണ് അവർ. ലൈംഗികത്തൊഴിലിൽ എത്തുന്നവർ അവരുടെ വ്യക്തിഗതമായ കാരണങ്ങളാൽ മാത്രമാണെന്ന് കരുതുന്നവരാണ് കൂടുതലും. എന്നാൽ, ഇന്ത്യയിൽ വലിയൊരു വിഭാഗം സ്ത്രീകൾ ആചാരപരമായ ലൈംഗികവൃത്തിയിൽ വ്യാപൃതരാണ്. ചില ദൈവസങ്കൽപവും ആചാരങ്ങളും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു. തലമുറകളായി പിന്തുടർന്നുവരുന്ന ജീവിതരീതിയായതിനാൽ ഈ വിഭാഗത്തിൽ പെട്ടവരെ സാംസ്കാരിക ന്യൂനപക്ഷമായി കരുതേണ്ടിവരും. നാറ്റ്, ബീഡിയ, ബഞ്ചഡ, കഞ്ചാർ എന്നീ വിഭാഗങ്ങളിൽ പെട്ട സ്ത്രീകളാണ് വിശ്വാസത്തിെൻറ പേരിൽ ഇത്തരത്തിൽ ജീവിക്കേണ്ടിവരുക. കോവിഡ് ഇവരെ നിർധനരും രോഗികളും ദരിദ്രരുമാക്കി. ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വസിക്കുന്നവരാണിവർ. സന്നദ്ധസംഘടനകൾ കോവിഡ് കാലത്ത് അവരുടെ ജീവിതത്തെക്കുറിച്ച് ഒരു സർവേ നടത്തി. റിപ്പോർട്ട് അനുസരിച്ച് കോവിഡ് മൂലം ദരിദ്രരായ സ്ത്രീകളിൽ 65 ശതമാനത്തിനും തിരികെ ലൈംഗികവൃത്തിയിലേക്ക് മടങ്ങാനാണ് താൽപര്യം. ആചാരവും സംസ്കാരവുമാണ് ഈ വിഭാഗത്തിലെ സ്ത്രീകൾക്ക് കുടുംബജീവിതം വിലക്കിയിരിക്കുന്നതെങ്കിലും തൊഴിലിെൻറ പേരിൽ വന്നുചേരുന്ന മുദ്രയുടെ പ്രയാസവും അവർ നേരിടുന്നു. ഇതുമൂലം പെൺകുട്ടികളിൽ മൂന്നിലൊന്ന് മാത്രമാണ് ഹൈസ്കൂൾ ക്ലാസിൽ എത്തുന്നത്.
ആഗോളതലത്തിൽ യു.എൻ എയ്ഡ്സ് സർവേയും സമാനകാര്യങ്ങൾ കണ്ടെത്തി. കോവിഡ് ബാധിക്കുകയും ദാരിദ്ര്യത്തിലേക്ക് വീഴുകയും മാത്രമല്ല, വളരെയധികം പേർക്ക് മാനസികസംഘർഷം കൂടിയുണ്ടാകുന്നു. പൊതുസമൂഹത്തിൽ കാണുന്നതിലുമധികം മാനസികരോഗ ഭാരം ഇവരിൽ കാണപ്പെടുന്നു. സ്ഥിരം ആരോഗ്യസംവിധാനങ്ങൾ പ്രാപ്യമല്ലാത്ത ഇവർക്ക് ഡിജിറ്റൽ ടെക്നോളജിയുടെ സഹായത്തിൽ സേവനമെത്തിക്കാൻ സന്നദ്ധസംഘടനകൾ ശ്രമമാരംഭിച്ചു തുടങ്ങി. സത്യത്തിൽ മറ്റനേകം വിഭാഗങ്ങൾ കോവിഡ് മൂലം പാർശ്വവത്കരിക്കപ്പെടുന്നുണ്ട്, ഐക്യരാഷ്ട്രസഭയുടെ വികസന പ്രോഗ്രാം (UNDP) ഏതാനും നാളുകൾക്ക് മുമ്പുമാത്രം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ദാരിദ്ര്യവത്കരണം ക്രമമായി വർധിച്ചുവരുന്നു. തീവ്ര ദാരിദ്ര്യം 2030 ആകുമ്പോഴേക്കും 21 കോടി ജനങ്ങളെ അധികമായി ബാധിക്കും. അതായത്, കോവിഡ് മാറിക്കഴിഞ്ഞാലും സാമൂഹികാഘാതം വർധിച്ചുകൊണ്ടിരിക്കും. ഏതാണ്ട് നൂറുകോടി ജനങ്ങൾ രൂക്ഷ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടും. കോവിഡ് സമ്മർദത്തിലാക്കിയ സാമ്പത്തിക ക്രയവിക്രയങ്ങൾ ഉൽപാദനത്തെ ബാധിക്കുക വഴി അടുത്ത 10 കൊല്ലത്തേക്ക് സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കാം. ഇതു സ്ത്രീകളുടെ സാമ്പത്തികനിലയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. 10 കോടിയിലധികം സ്ത്രീകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടും.
ഐക്യരാഷ്ട്ര സഭയുടെ വനിത റിപ്പോർട്ട് അനുസരിച്ച് സ്ത്രീകളെ കോവിഡ് പ്രതികൂലമായി ബാധിക്കുന്നതിെൻറ തെളിവുകൾ ധാരാളമുണ്ട്. വെള്ളക്കാരായ സ്ത്രീകളുമായി താരതമ്യപ്പെടുത്തിയാൽ കോവിഡ് മൂലം ഇന്ത്യൻ സ്ത്രീകളുടെ മരണനിരക്ക് 2.7 ഇരട്ടി അധികമാണ്. ബംഗ്ലാദേശി, പാകിസ്താനി സ്ത്രീകൾ, 4.3 ഇരട്ടി അധികവും.
വികസ്വരസമൂഹങ്ങളിൽ താമസിക്കുന്നവരിൽ നടത്തിയ പഠനം ഇന്ത്യൻ പോപുലേഷൻ ഫൗണ്ടേഷൻ പുറത്തുവിട്ടു. അവർ പറയുന്നത്, ഗർഭനിരോധനോപാധികളുടെ ലഭ്യതക്കുറവ് 10 ശതമാനം വരെയുണ്ട്. ഉദ്ദേശം അഞ്ചുകോടി സ്ത്രീകളുടെ ഗർഭനിരോധനാവകാശത്തെ ഇത് ബാധിക്കുകയും അടുത്ത ഒരു വർഷത്തിൽ ഒന്നര കോടി ആസൂത്രിതമല്ലാത്ത ഗർഭധാരണം ഉണ്ടാകുകയും ചെയ്യും. ഗർഭകാലത്തെ ആരോഗ്യപരിപാലനം ദുർബലപ്പെടുന്നതിനാൽ 17 ലക്ഷം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്. ഏതാണ്ട് 25 ലക്ഷം നവജാത ശിശുക്കൾക്കും ആരോഗ്യസുരക്ഷ വേണ്ടത്ര ലഭിക്കാതെപോകും. അബോർഷൻ അവശ്യസേവനമല്ലാത്ത നാടുകളിൽ ഗർഭച്ഛിദ്രസേവനങ്ങൾ ലഭിക്കാത്തതിനാൽ 30 ലക്ഷത്തിലധികം സുരക്ഷിതമല്ലാത്ത അബോർഷനുകൾ നടക്കും.
സ്ത്രീകളുടെ ന്യൂനപക്ഷജീവിതം, അധികാരം, ദാരിദ്ര്യം, പാർശ്വവത്കരണം എന്നിവ ശ്രദ്ധാപൂർവം പരിഗണിക്കപ്പെടണം. ഇപ്പറഞ്ഞ പല കാര്യങ്ങളും വ്യത്യസ്തമായ അളവുകളിൽ കേരളസമൂഹത്തിലും കാണാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികൾ അടുത്തുതന്നെ അധികാരമേൽക്കും. ഇക്കുറി 50 ശതമാനത്തിലധികം പേരും സ്ത്രീകളായിരിക്കും. അതിനാൽ, തൃണമൂലതലത്തിൽ കോവിഡാനന്തര ജീവിതത്തിൽ സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഗൗരവമായി ചർച്ചചെയ്യപ്പെടും എന്നാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.