നിലനിൽപ്പിെൻറ പോരാട്ടം
text_fieldsവലത്തോട്ട് ചാഞ്ഞാണ് നിൽപ്. ഏകപക്ഷീയമായ പോക്കാണ്. വർഗീയതയുടെ വിളവെടുപ്പാണ്. കോർപറേറ്റുകളെ പോറ്റാനാണ് തത്രപ്പാട്. ഭരണത്തിെൻറ ഗതിയും ഇന്ത്യൻ ജനാധിപത്യത്തിെൻറ ഗതികേടും ഇപ്പോൾ അതാണ്. അതിനിടയിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് ആരവം. അഞ്ചിടത്ത് നടക്കാൻ പോവുന്ന ഈ തെരഞ്ഞെടുപ്പുകൾ അതതു നാടുകളിൽ മാത്രമല്ല, ദേശീയതലത്തിലും നിർണായകമാണ്. ഭാവിയെക്കുറിച്ച് സൂചന നൽകുന്ന ലിറ്റ്മസ് ടെസ്റ്റാണ്. അതിൽ മാറ്റുരക്കുന്ന മിക്ക പാർട്ടികൾക്കും ഇത് നിലനിൽപിെൻറകൂടി വിഷയമാണ്.
തെരഞ്ഞെടുപ്പിലെ കോലാഹലം കേട്ടാൽ മമത ബാനർജിയെ മറിച്ചിട്ട് പശ്ചിമ ബംഗാൾ ബി.ജെ.പി കൈയടക്കിയ മട്ടാണ്. അഞ്ചു വർഷം മുമ്പുനടന്ന തെരഞ്ഞെടുപ്പിൽ 294ൽ മൂന്നു സീറ്റ് മാത്രം പിടിക്കാൻ കഴിഞ്ഞ പാർട്ടിയാണ് അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ ഇത്തവണ തൂത്തെറിയുമെന്ന് അവകാശപ്പെടുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റ് കൈയടക്കാൻ കഴിഞ്ഞതു മാത്രമല്ല, അതിരുവിട്ട അവകാശവാദങ്ങൾക്ക് കാരണം. അതിന് ആധാരമായ അടിയൊഴുക്ക് പലതുണ്ട്. 10 വർഷമായി അധികാരത്തിലിരിക്കുന്ന മമത ബാനർജിക്ക് ഭരണത്തിലുണ്ടായ വീഴ്ചകളും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായെന്നു വരും. തൃണമൂൽ കോൺഗ്രസിൽനിന്നും സി.പി.എമ്മിൽനിന്നും ഏതാനും നേതാക്കളെ അടർത്തിയെടുക്കാൻ കഴിഞ്ഞതും മുതൽക്കൂട്ടാണ്. ശുഷ്കിച്ച സി.പി.എമ്മിനൊപ്പം ഒരു കാലത്തുണ്ടായിരുന്ന വോട്ടർമാരിൽ നല്ല പങ്ക് ബി.ജെ.പിയിൽ പ്രതീക്ഷവെക്കുന്നു. 30 ശതമാനത്തോളം മുസ്ലിംകളും ബാക്കിയത്രയും ഹിന്ദുക്കളുമായ സംസ്ഥാനത്ത് വർഗീയ ചേരുവകൾ സമർഥമായി ഉപയോഗിച്ച് ഹിന്ദു വോട്ട് ഏകീകരിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമം ഒരളവിൽ വിജയിക്കുന്നു. ചരിത്രത്തിലെ ബംഗാൾകലാപത്തിെൻറ ചാരത്തിൽ നിന്ന് വർഗീയതയുടെ തീപ്പൊരി ഊതിയാളിക്കാനുള്ള ശ്രമങ്ങളാണ് പല വർഷങ്ങളായി തുടരുന്നത്. എന്നിട്ടും ബി.ജെ.പി വിരുദ്ധ വോട്ടുകൾക്ക് തന്നെ വംഗനാട്ടിൽ മേധാവിത്വം.
എന്നാൽ, തൃണമൂൽ കോൺഗ്രസ് ഒരു വശത്തും സി.പി.എമ്മും കോൺഗ്രസും മറുവശത്തുമെന്ന മട്ടിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുകിടക്കുന്നു. ഇതിനിടയിലാണ് ബി.ജെ.പിയുടെ കഠിനാധ്വാനം. മോദി, അമിത് ഷാമാർ നേരിട്ടാണ് കളത്തിൽ. അതിനൊടുവിൽ ഭരണം മമതക്കു തന്നെ വിട്ടുകൊടുക്കേണ്ടി വന്നാലും ബി.ജെ.പിക്ക് നിരാശയില്ല. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് അവർ ഉന്നം പിടിച്ചിരിക്കുന്നത്. അപ്പോഴേക്ക് മമതയെയും ഇതര പ്രതിപക്ഷത്തെയും കൂടുതൽ ദുർബലരാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ബംഗാളിനെ കാവി പുതപ്പിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കിടയിൽ, വീറുറ്റ നീക്കങ്ങളോടെ മമത പ്രതിരോധിക്കുന്നതിനിടയിൽ, തെരഞ്ഞെടുപ്പ് അക്രമാസക്തവും രക്തപങ്കിലവുമാവുമോ എന്ന ആശങ്ക എങ്ങും നിലനിൽക്കുന്നു.
അസമിൽ അധികാരം നിലനിർത്തുകയാണ് ബി.ജെ.പിക്ക് വേണ്ടത്. അതിനു മുന്നിൽ പ്രധാനമായ രണ്ടു തടസ്സങ്ങൾ നിലനിൽക്കുന്നു. ഒന്ന്, ബി.ജെ.പിക്കുള്ളിൽതന്നെ നടക്കുന്ന പോരാണ്. ജയിച്ചാൽ ആരാണ് അടുത്ത മുഖ്യമന്ത്രി എന്ന കാര്യം മുൻകൂട്ടി പറയാൻ ബി.ജെ.പിക്ക് കഴിയില്ല. ബി.ജെ.പി നയിക്കുന്ന മുന്നണിയിലെ പ്രാദേശികപാർട്ടികളും പല കാരണങ്ങളാൽ അസ്വസ്ഥരാണ്. കോൺഗ്രസും എ.ഐ.യു.ഡി.എഫും ഇക്കുറി ഒരു മുന്നണിയായി മത്സരിക്കുന്നുവെന്നതാണ് രണ്ടാമത്തെ ഘടകം. പൗരത്വനിയമവും എൻ.ആർ.സിയുമായി അസം ജനതയെ സ്വദേശിയും വരത്തനുമായി തിരിച്ച് വോട്ടുകളം തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ നേരത്തെ ബി.ജെ.പി വിജയിച്ചെങ്കിൽ, അതിന് അനുകൂലമായും എതിർത്തും ഇന്ന് ചേരിതിരിവുകളുണ്ട്. പശ്ചിമ ബംഗാളും അസമും വിട്ട് തെരഞ്ഞെടുപ്പു നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിയാൽ, കിട്ടുന്നതെന്തും ലാഭമെന്ന് കരുതാനേ ബി.ജെ.പിക്ക് കഴിയൂ. ദ്രാവിഡ സംസ്കാരത്തിെൻറ ഈറ്റില്ലമായ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കാലുറപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ.എ.ഡി.എം.കെയിൽ പിൻസീറ്റ് ഡ്രൈവിങ് നടത്തിവരുന്നുണ്ടെങ്കിലും, ജയലളിതയുടെ പിന്മുറക്കാർക്ക് അധികാരം നിലനിർത്താൻ കഴിഞ്ഞെന്നു വരില്ല. ഡി.എം.കെക്ക് അനുകൂലമാണ് സാഹചര്യങ്ങൾ. കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന മുന്നണികൾ നേർക്കുനേർ പോരാട്ടം നടക്കുന്ന കേരളത്തിൽ സീറ്റെണ്ണം ഒന്നിൽനിന്ന് എത്രവരെ ഉയർത്താൻ കഴിയും, അതിന് കിട്ടുന്നവരെയൊക്കെ ഒപ്പം കൂട്ടുക, പിന്നാമ്പുറ നീക്കുപോക്കുകൾക്ക് സാധ്യതയുണ്ടെങ്കിൽ അത് പ്രായോജനപ്പെടുത്തുക, തമ്മിലടി ഒഴിവാക്കുക പരിക്ക് കുറക്കുക തുടങ്ങിയവയാണ് തൽക്കാലം പൊതുമിനിമം പരിപാടി. എന്നാൽ, എത്ര സൂക്ഷ്മമായി ഓരോ നാടും കാൽക്കീഴിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് പുതുച്ചേരി. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് ദിവസങ്ങൾ മുമ്പു മാത്രം രാഷ്ട്രപതി ഭരണത്തിനു കീഴിലായ പുതുച്ചേരിയിൽ ഭരണം കോൺഗ്രസിൽ നിന്ന് ഇഷ്ടക്കാരായ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് ബി.ജെ.പിക്ക്. രാജിവെക്കേണ്ടി വന്ന മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
അസമിൽ അധികാരം നിലനിർത്തണമെന്നത് ഒഴിച്ചാൽ, മറ്റെല്ലായിടത്തും കിട്ടുന്നതെന്തും ബോണസായ തെരഞ്ഞെടുപ്പുകളാണ് ബി.ജെ.പിക്കു മുന്നിലെങ്കിൽ, മറ്റു പാർട്ടികളുടെ സ്ഥിതി അതല്ല. തോറ്റാൽ തീർന്നു എന്നതാണ് ഓരോ പാർട്ടിയുടെയും അവസ്ഥ. ശരിക്കുമൊരു ജീവന്മരണ പോരാട്ടമാണ് മുന്നിൽ. ബി.ജെ.പിയേയും കോൺഗ്രസ്, സി.പി.എം സഖ്യത്തെയും ഒന്നിച്ചു നേരിടുന്ന മമതയുടെയും തൃണമൂൽ കോൺഗ്രസിെൻറയും ഭാവി നിശ്ചയിക്കുന്നതാണ് തെരഞ്ഞെടുപ്പ്. ബി.ജെ.പി മുഖ്യശത്രുവാണെന്നു പറയുന്ന സി.പി.എമ്മിനും കോൺഗ്രസിനും മമത രണ്ടാം നമ്പറല്ല, ഒന്നാം നമ്പർ ശത്രു തന്നെ. അതുതന്നെയാണ് ബി.ജെ.പിക്ക് കൂടുതൽ കരുത്തു നൽകുന്നത്. ബി.ജെ.പിക്കെതിരായ ദേശീയ പൊതുതാൽപര്യമൊക്കെ ബംഗാളിനു പുറത്ത് എന്ന മട്ടിലാണ് സി.പി.എമ്മും കോൺഗ്രസും. കേരളത്തിലെത്തുേമ്പാൾ ബി.ജെ.പി വളർന്നാലും കോൺഗ്രസ് തോൽക്കണമെന്നായി സി.പി.എം ചിന്താഗതി മാറുന്നു. സ്വന്തം വോട്ടുബാങ്കിൽ നിന്ന് ബി.ജെ.പി പോക്കറ്റടി നടത്താതിരിക്കാൻ കോൺഗ്രസ് പാടുപെടുന്നു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത അധികാരത്തുടർച്ച ഇക്കുറി സംഭവിച്ചില്ലെങ്കിൽ ഇന്ത്യയിലെവിടെയും അധികാരത്തിലില്ലാതെ പ്രസക്തി നഷ്ടപ്പെട്ട പാർട്ടിയായി മാറുമെന്ന വലിയ പ്രതിസന്ധിക്കു മുന്നിലാണ് സി.പി.എം. അധികാരത്തിൽ തിരിച്ചുവരാനുള്ള പ്രായോഗിക നീക്കുപോക്കുകളിലേക്ക് സി.പി.എമ്മിെൻറ നയവും പ്രത്യയശാസ്ത്രവും ചുരുങ്ങി ചെറുതായിരിക്കുന്നു. 'കോൺഗ്രസ് മുക്തഭാരത'മെന്ന പരിഹാസത്തിൽനിന്നും അജണ്ടയിൽനിന്നും രക്ഷപ്പെടാനുള്ള പിടിവള്ളികളാണ് കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ തേടുന്നത്. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ അധികാരം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ, പാർട്ടിയെ എഴുതിത്തള്ളുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകും. അത്തരമൊരു ദുഃസ്ഥിതിയിൽ കടലിൽ ചാടണമെങ്കിൽ അതിനും തയാറായി നിൽക്കുകയാണ് രാഹുൽ ഗാന്ധി. അതിനിടയിൽ ബിഹാറിലെ സീറ്റു പിടിവാശികൾ തമിഴ്നാട്ടിൽ കോൺഗ്രസ് പുറത്തെടുത്തുവെന്നു വരില്ല. തമിഴ്നാട്ടിൽ പ്രതിപക്ഷത്തിെൻറ ഇമേജ് മെച്ചപ്പെടുത്തി ഡി.എം.കെ അധികാരം പിടിക്കണമെന്ന പൊതുലക്ഷ്യത്തിൽ സി.പി.എമ്മും കോൺഗ്രസും ഉൾപ്പെടെ ദേശീയ പ്രതിപക്ഷപാർട്ടികളെല്ലാം ഒന്നിച്ച മട്ടുണ്ട്. ഡി.എം.കെയുടെ കൃപാകടാക്ഷമില്ലാതെ സ്ഥാനാർഥികളെ ജയിപ്പിക്കാൻ കഴിയുന്ന സ്ഥിതി ഒരു മണ്ഡലത്തിലുമില്ലെന്ന തിരിച്ചറിവാണ് അതിനു പ്രധാന കാരണം.
അഞ്ചിടത്തെയും തെരഞ്ഞെടുപ്പുകൾ 2024ലേക്കുള്ള ചൂണ്ടുപലകയാണ്. ബി.ജെ.പി വിരുദ്ധരായ രാഷ്ട്രീയപാർട്ടികൾക്ക് നല്ല ചുവടുറപ്പുള്ള സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. അതിൽ എന്തു പ്രകടനമാണ് ദേശീയപ്രതിപക്ഷം കാഴ്ചവെക്കുക, അധികാരത്തേക്കാൾ വോട്ടുബലത്തിൽ ബി.ജെ.പി എന്തു നേട്ടമുണ്ടാക്കുന്നു എന്നത് സുപ്രധാനമാണ്. കോവിഡ്കാല കെടുതികൾ, സാമ്പത്തിക പ്രതിസന്ധി, കർഷകവിരുദ്ധ സമരം എന്നിങ്ങനെ നീളുന്ന ഗൗരവ വിഷയങ്ങളോട് ജനത്തിനുള്ള മനോഭാവത്തിെൻറ പ്രതിഫലനമായി തെരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടും. അതിനൊപ്പം, തെരഞ്ഞെടുപ്പിെൻറ മുഖച്ഛായ തെന്നിമാറിപ്പോകുന്നതും ഈ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നുണ്ട്. ജനാധിപത്യത്തിെൻറ ഉത്സവമത്രേ തെരഞ്ഞെടുപ്പുകൾ. എന്നാൽ, പാർട്ടികളുടെയും നേതാക്കളുടെയും അങ്കക്കലിയാണ് നമുക്കു മുന്നിൽ. രക്തദാഹത്തോടെയുള്ള പോർവിളികളാണ് ഉയർന്നു കേൾക്കുന്നത്, പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ. വീറും വാശിയുമുള്ള തെരഞ്ഞെടുപ്പിൽനിന്ന് പണക്കരുത്തും മസിൽക്കരുത്തും വർഗീയക്കരുത്തും മേധാവിത്വം നേടുന്ന വോട്ടുകളം, അത് ജനാധിപത്യത്തെ തന്നെയാണ് ഭയപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.