പൊട്ടിത്തെറിച്ചും വിതുമ്പിക്കരഞ്ഞും
text_fieldsഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഉപരാഷ്ട്രപതിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള നോട്ടീസിന് പ്രതിപക്ഷം മുതിർന്നത് എന്തുകൊണ്ടെന്ന് പലരും അമ്പരന്നു. ജഗ്ദീപ് ധൻഖർ ചെയർമാൻ പദമേറ്റത് മുതൽ പ്രതിപക്ഷവുമായി തുടരുന്ന ഉരസലാണ് ഇത്തരമൊരു പൊട്ടിത്തെറിയിൽ കൊണ്ടെത്തിച്ചത്
രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിനും പ്രതിപക്ഷത്തിനുമിടയിൽ എന്താണ് സംഭവിച്ചത്? പരസ്പരം വിശ്വാസത്തിലെടുക്കാൻ കഴിയാത്ത വിധം ഇരുകൂട്ടരും തമ്മിലെ ബന്ധം ഇത്രയും വഷളായത് എങ്ങനെയാണ്? രാജ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് തന്നെ നീക്കാനുള്ള പ്രമേയ നോട്ടീസിൽ പ്രതിപക്ഷ എം.പിമാർ കൂട്ടത്തോടെ ഒപ്പുവെച്ചപ്പോഴാണ് തന്റെ അസ്വീകാര്യത ധൻഖറിന് തന്നെ പിടികിട്ടിയത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാക്കളെ ചേംബറിലേക്ക് വിളിച്ചുവരുത്തിയപ്പോൾ അവർ പറയുന്നത് കേട്ട് തന്റെ ഹൃദയം പൊട്ടിയെന്ന് ജഗ്ദീപ് ധൻഖർ രാജ്യസഭയിൽ വന്ന് പറഞ്ഞ അതേ ദിവസമാണ് അദ്ദേഹത്തെ നീക്കാനുള്ള പ്രമേയത്തിനുള്ള നോട്ടീസിൽ പ്രതിപക്ഷം സ്വന്തം എം.പിമാരെ കൊണ്ട് ഒപ്പുവെപ്പിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഉപരാഷ്ട്രപതിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള നോട്ടീസിന് പ്രതിപക്ഷം മുതിർന്നത് എന്തുകൊണ്ടെന്ന് പലരും അമ്പരന്നു. ജഗ്ദീപ് ധൻഖർ ചെയർമാൻ പദമേറ്റത് മുതൽ പ്രതിപക്ഷവുമായി തുടരുന്ന ഉരസലാണ് ഇത്തരമൊരു പൊട്ടിത്തെറിയിൽ കൊണ്ടെത്തിച്ചത്.
മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, ദിഗ്വിജയ് സിങ്, രാം ഗോപാൽ യാദവ്, ഡെറിക് ഒബ്റേൻ തുടങ്ങി പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളെ സംസാരിക്കാൻ അനുവദിക്കാത്തത് രാജ്യസഭക്ക് ഇന്നൊരു വാർത്തയേയല്ല.
പ്രതിപക്ഷ നേതാവ് അടക്കം പ്രതിപക്ഷത്തുനിന്ന് ആര് സംസാരിക്കാൻ എഴുന്നേറ്റാലും അവരുടെ മൈക്ക് ഓഫാകുകയോ അതിനിടയിൽ കയറി ചെയർമാൻ സംസാരിക്കുകയോ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആര് ചോദ്യം ചെയ്താലും അതിന് പലപ്പോഴും പ്രതിരോധം തീർക്കുന്നതും ചെയർമാൻ തന്നെയാണ്.
‘ഇത്രയും കാലം കേട്ടില്ലേ; ഇനി ഞങ്ങൾ പറയട്ടെ’
കഴിഞ്ഞ ഏതാനും നാളുകളായി രാജ്യസഭക്കുള്ളിലും പിന്നാമ്പുറത്തും ഉരുണ്ടുകൂടിയ സംഘർഷാവസ്ഥക്ക് ശമനമുണ്ടാക്കാനാണ് ഒടുവിൽ ചെയർമാൻ ജഗ്ദീപ് ധൻഖർ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചത്. ഈ യോഗത്തിലും പതിവ് പോലെ തനിക്ക് പറയാനുള്ളത് പറഞ്ഞ് അവരെ വിടാമെന്നാണ് ധൻഖർ കരുതിയത്. എന്നാൽ, മുതിർന്ന പാർലമെന്റേറിയനും എൻ.സി.പി നേതാവുമായ ശരത് പവാർ ഈ കണക്കുകൂട്ടൽ തെറ്റിച്ചു.
ഇത്രയും കാലം ചെയർമാന് പറയാനുള്ളത് ഞങ്ങൾ കേൾക്കുകയായിരുന്നുവെന്നും ഇനി ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്നും പവാർ ധൻഖറിനോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷത്തോട് പൊതുവിലും മുതിർന്ന നേതാക്കളോട് വിശേഷിച്ചും സഭയിൽ ചെയർ കൈക്കൊണ്ട വിവേചന നടപടികളുടെ പട്ടിക പവാറും മറ്റു നേതാക്കളും ചേർന്ന് നിരത്തി.
ബജറ്റ് സമ്മേളനത്തിൽ അടിയന്തര ചർച്ചക്കുള്ള വിഷയങ്ങൾ തെരഞ്ഞെടുത്തതിൽ ചെയർമാൻ കൈക്കൊണ്ട ഇരട്ടത്താപ്പ് കൂടി പ്രതിപക്ഷ നേതാക്കൾ ഉദാഹരണ സഹിതം വിശദീകരിച്ചതോടെ അദ്ദേഹം നിരുദ്ധകണ്ഠനായി. പറയാനുള്ളതെല്ലാം തീർത്ത് പറഞ്ഞാണ് പ്രതിപക്ഷ നേതാക്കൾ ഇറങ്ങിപ്പോന്നത്. .
വിവേചനത്തിന്റെ രാജ്യസഭാ ചിത്രം
ആം ആദ്മി പാർട്ടി സർക്കാർ ഭരിക്കുന്ന ഡൽഹിയിൽ ഓടയിലെ വെള്ളം കുത്തിയൊലിച്ചു വന്ന് ഐ.എ.എസ് കോച്ചിങ് സെന്ററിലെ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവം രാജ്യസഭയിൽ ആവേശപൂർവം അടിയന്തര ചർച്ചക്കെടുത്തപ്പോൾ നൂറുകണക്കിനാളുകൾ മരിച്ച കേരളത്തിലെ ഉരുൾപൊട്ടലിൽ അടിയന്തര ചർച്ച വേണ്ടെന്ന നിലപാടാണ് ആദ്യം കൈക്കൊണ്ടത്.
വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ കേരളത്തിലെ എം.പിമാർക്ക് പാടുപെടേണ്ടി വന്നു. ഇതിനുശേഷം രാജ്യത്തെ ഞെട്ടിച്ച് വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്സ് ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയാക്കിയപ്പോൾ അത് ചർച്ചക്കെടുക്കാൻ കാണിച്ച വിമുഖതയും ചെയർമാന്റെ വിവേചനത്തിന്റെ ഉദാഹരണമായി പ്രതിപക്ഷം നിരത്തി.
മോദി സർക്കാറിനും ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പ്രതിപക്ഷം നടത്തുന്ന വിമർശനങ്ങൾ സഭാരേഖകളിൽനിന്ന് നീക്കുകയും ധൻഖർ സർക്കാർ പക്ഷത്തുനിന്ന് മറുപടി നൽകുകയും ചെയ്യുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചെയർമാൻ വിളിച്ച യോഗത്തിലും അദ്ദേഹം നിലപാട് മാറ്റുന്ന സൂചനയില്ലെന്ന് ബോധ്യമായതോടെ അവസാന അടവ് എന്ന നിലയിൽ ഭരണഘടനയുടെ 67(ബി) പ്രകാരമുള്ള നീക്കം ചെയ്യൽ പ്രമേയത്തിന്റെ നടപടികളിലേക്ക് പ്രതിപക്ഷം കടന്നു.
ചെയർമാനെ ഇഴകീറി പരിശോധിക്കുമ്പോൾ
രാജ്യസഭയിൽ നിലവിലുള്ള കക്ഷിനില അനുസരിച്ച് ജഗ്ദീപ് ധൻഖറിനെ തൽസ്ഥാനത്ത് നീക്കം ചെയ്യാനുള്ള പ്രമേയം പാസാക്കാനാകുമെന്ന മൗഢ്യം പ്രതിപക്ഷത്തിനില്ല. നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയുള്ള നോട്ടീസിന് പോലും രാജ്യസഭയിൽ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും അവർക്കറിയാം.
എന്നിട്ടുമെന്തിന് ഇത്തരമൊരു പ്രമേയ നോട്ടീസുമായി മുന്നോട്ടുപോകുന്നുവെന്ന ചോദ്യത്തിന് ജനാധിപത്യത്തിന്റെ ശക്തി ചെയർമാന് കാണിച്ചുകൊടുക്കാനും ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനും ഒരു ഇടമുണ്ടെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനുമാണിതെന്ന കൃത്യമായ ഉത്തരമുണ്ട് പ്രതിപക്ഷത്തിന്. അതിന് പ്രമേയം പാസാകുകയോ ചെയർമാനെ നീക്കം ചെയ്യുകയോ വേണ്ടതില്ല.
പ്രമേയ നോട്ടീസ് ഒന്ന് ചർച്ചക്കെടുത്ത് രാജ്യസഭാ ചെയർമാന്റെ നടപടികൾ തുറന്ന് പരിശോധിക്കാൻ സഭക്കുള്ളിൽ ഒരു അവസരം കിട്ടിയാൽ മതി. അംഗങ്ങൾ സ്വന്തം ചെയർമാനെ ഇഴകീറി ഓഡിറ്റിന് വിധേയമാക്കുന്ന അസാധാരണ സ്ഥിതിവിശേഷം സംജാതമാകും. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത കാഴ്ചക്കാണ് അത്തരമൊരു ചർച്ചയിലൂടെ രാജ്യസഭ സാക്ഷ്യം വഹിക്കുക.
പൊട്ടിത്തെറിച്ചും വിതുമ്പിക്കരഞ്ഞും ബജറ്റ് സമ്മേളനത്തെ വികാരഭരിതമാക്കിയ ജഗ്ദീപ് ധൻഖറിനെതിരായ നീക്കം തന്നെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ പ്രധാന ശേഷിപ്പ്. പാർലമെന്റ് സമ്മേളനം അവസാനിച്ച ശേഷമുള്ള പതിവ് ഉച്ചവിരുന്നിൽ ഏറ്റവും കുറച്ച് സംസാരിക്കേണ്ടയാളാണ് ചെയർ എന്നും താൻപോലും പലപ്പോഴും കൂടുതൽ സംസാരിക്കാറുണ്ടെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള തുറന്നു പറയാനിടയാക്കിയ സാഹചര്യവും മറ്റൊന്നുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.