മണ്ഡല പുനർനിർണയം തെന്നിന്ത്യക്ക് ശിക്ഷയോ?
text_fieldsവരാനിരിക്കുന്ന മണ്ഡല പുനർനിർണയം കൂടി കണ്ടാണ് പുതിയ പാർലമെന്റ് മന്ദിരം പണിതപ്പോൾ ലോക്സഭയിൽ 888 സീറ്റുകൾ ഒരുക്കിയത്. ദക്ഷിണേന്ത്യയിൽ ഒരു മണ്ഡലം പോലും കുറക്കാതെ ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്രയോ ലോക്സഭാ മണ്ഡലങ്ങൾ വർധിപ്പിക്കാൻ കഴിയും. അത് കൊണ്ടാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങൾക്ക് നിലവിലുള്ള ലോക്സഭാ സീറ്റുകളിൽ ഒന്നുപോലും കുറയില്ലെന്ന് പറയുമ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നുപോലും കൂടില്ലെന്ന് പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തയാറാകാത്തത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരികൊളുത്തിയ മണ്ഡല പുനർനിർണയ ചർച്ച തമിഴ്നാട്ടിൽ കത്തിപ്പിടിച്ചപ്പോൾ അതിൽ വെള്ളമൊഴിക്കാൻ ഓടിയെത്തിയ അമിത് ഷാ പറയുന്നതും ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. സെൻസസിന്റെയും മണ്ഡല പുനർനിർണയത്തിന്റെയും മേൽനോട്ട ചുമതല അമിത് ഷാക്ക് ആണ്. വരാനിരിക്കുന്ന സെൻസസും മണ്ഡല പുനർനിർണയവുമെല്ലാം അമിത് ഷായുടെ നിർദേശാനുസാരം മാത്രമേ നടക്കൂ.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ മണ്ഡല പുനർനിർണയം നടക്കുന്നത് 1952ലാണ്. അതിനുശേഷം 1963ലും 1973ലും ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടന്നു. എന്നാൽ, ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കാൻ 42ാം ഭരണഘടനാ ദേഗതിയിലൂടെ മണ്ഡല പുനർനിർണയം പതിറ്റാണ്ട് തോറും ആവർത്തിക്കുന്നതിന് പാർലമെന്റ് തടയിട്ടു. വിവിധ സംസ്ഥാനങ്ങളിൽ ജനസംഖ്യാ നിയന്ത്രണത്തിലെ ഏറ്റക്കുറച്ചിലുകൾ വിലയിരുത്തി 84ാം ഭരണഘടനാ ഭേദഗതിയിലൂടെ ആ ചെക്ക് 2026 വരെ പാർലമെന്റ് വീണ്ടും നീട്ടി. അതുവരെ 1971ലെ സെൻസസ് അടിസ്ഥാനമാക്കി മതി മണ്ഡല പുനർനിർണയം എന്നാണ് തീരുമാനിച്ചത്. വീണ്ടുമൊരു ഭരണഘടനാ ഭേദഗതി വന്നില്ലെങ്കിൽ 2026ന് ശേഷം നടക്കുന്ന ആദ്യ സെൻസസിന്റെ അടിസ്ഥാനമാക്കിയായിരിക്കും മണ്ഡല പുനർനിർണയം. അങ്ങനെയായിരുന്നുവെങ്കിൽ 2031ലെ സെൻസസോടുകൂടി മാത്രമേ വീണ്ടുമൊരു മണ്ഡല പുനർനിർണയ ചർച്ച രാജ്യത്ത് നടക്കുമായിരുന്നുള്ളൂ. എന്നാൽ, 2021ൽ നടക്കേണ്ടിയിരുന്നു സെൻസസ് കേന്ദ്ര സർക്കാർ നടത്താതെ നീട്ടിക്കൊണ്ടുപോയി. 2020ലെ കോവിഡാണ് കാരണമായി പറഞ്ഞതെങ്കിലും അതമർന്നിട്ടും സെൻസസ് പ്രക്രിയ തുടങ്ങാൻ സർക്കാർ തയാറായില്ല.
മണ്ഡല പുനർനിർണയത്തിന് ഭരണഘടനാ ഭേദഗതിയിലൂടെ നിശ്ചയിച്ച സമയപരിധിയായ 2026 വരെ സെൻസസ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു സർക്കാർ എന്ന് തോന്നിക്കും വിധമായിരുന്നു കാര്യങ്ങളുടെ പോക്ക്. അതോടെയാണ് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന തെന്നിന്ത്യൻ സംസ്ഥാനങ്ങൾ ചെറുത്തുനിൽപിനുള്ള ഒരുക്കം തുടങ്ങിയത്. ഉത്തരേന്ത്യൻ മേൽക്കോയ്മക്കെതിരെ എന്നും മുന്നിൽ നടന്നിട്ടുള്ള തമിഴ്നാട് ഇക്കുറിയും മുൻകൈ എടുത്തു. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കി വികസന സൂചികകളിൽ മുമ്പേ നടന്ന് രാജ്യതാൽപര്യം സംരക്ഷിച്ചതിന് തെന്നിന്ത്യൻ സംസ്ഥാനങ്ങൾ അന്യായമായ ശിക്ഷ ഏറ്റുവാങ്ങാൻ പോകുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മുൻ മുഖ്യമന്ത്രിമാരെയും ഓർമിപ്പിച്ചു. മണ്ഡല പുനർനിർണയത്തിന് താനും തന്റെ പാർട്ടിയും എതിരല്ലെന്ന് സ്റ്റാലിൻ ആണയിടുന്നു. എന്നാൽ, സ്വന്തം ഉത്തരവാദിത്തം നിർവഹിച്ച് രാജ്യപുരോഗതിക്ക് യത്നിച്ച സംസ്ഥാനങ്ങളെ ശിക്ഷാക്കാനുള്ള ആയുധമാക്കി അതിനെ മാറ്റരുതെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മണ്ഡല പുനർനിർണയം പുതിയ സെൻസസ് അധാരമാക്കി ജനസംഖ്യാനുപാതികമായി നടപ്പാക്കിയാൽ അത് വഴിയുണ്ടാകുന്ന അസന്തുലിതത്വവും പ്രത്യാഘാതങ്ങളും ദശകങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും. മണ്ഡല പുനർനിർണയം സംസ്ഥാനങ്ങളുടെ തലക്ക് മുകളിൽ തൂങ്ങിനിൽക്കുന്ന വാളാണെന്ന് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം സ്റ്റാലിന്റെ ആശങ്കകൾക്ക് അടിവരയിടുന്നു.
ജനസംഖ്യാനുപാതികമായി രണ്ട് നിലക്ക് മണ്ഡല പുനർനിർണയം നടത്താം. ഒന്നുകിൽ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ള 543ൽ നിലനിർത്തി അതിനെ പുതിയ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വീണ്ടും വീതം വെക്കണം. അങ്ങനെ വന്നാൽ അഞ്ച് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 129ൽനിന്ന് 103ലെത്തും. അതല്ലെങ്കിൽ ജനസംഖ്യാ വർധനക്ക് അനുസൃതമായി ആകെ മണ്ഡലങ്ങൾ വർധിപ്പിക്കുക. അങ്ങനെയെങ്കിൽ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 800 കടക്കും. അപ്പോൾ ഈ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങൾ അതേപടി നിലനിൽക്കുകയും ബിഹാർ, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേത് ക്രമാതീതമായ തോതിൽ വർധിക്കുകയും ചെയ്യും. രണ്ടായാലും സ്റ്റാലിൻ ചൂണ്ടിക്കാണിച്ചതുപോലെ ജനസംഖ്യ നിയന്ത്രിച്ച് ജനനനിരക്ക് കുറച്ച തെന്നിന്ത്യൻ സംസ്ഥാനങ്ങൾ ശിക്ഷയേറ്റുവാങ്ങും. ദക്ഷിണേന്ത്യയുടേത് കുറക്കാതെ ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ നിലവിൽ 543ൽ 129 എന്നത് 888ൽ 129 എന്ന നിലക്കായി മാറും. അതായത് ലോക്സഭയിലെ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം നിലവിലുള്ള 23.76 ശതമാനത്തിൽനിന്ന് 14.53 ശതമാനമായി കുറയും. ഈ ആശങ്ക മറികടക്കാവുന്നതരത്തിൽ വിഷയത്തിൽ ഒരു വ്യക്തതവരുത്താൻ കേന്ദ്ര സർക്കാർ ഇനിയും തയാറായിട്ടില്ല. മണ്ഡല പുനർനിർണയം ആനുപാതിക (പ്രോ റേറ്റ) അടിസ്ഥാനത്തിലായിരിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എന്തിന്റെ ആനുപാതിക അടിസ്ഥാനത്തിൽ എന്ന് പറയുന്നില്ല. അതിനാൽ തെന്നിന്ത്യക്ക് മണ്ഡലങ്ങൾ കുറയില്ലെന്നത് ഒരു വെറും വർത്തമാനമാണ്.
മറുഭാഗത്ത് എല്ലാ സംസ്ഥാനങ്ങളുടെയും പാർലമെന്ററി പ്രാതിനിധ്യം സംരക്ഷിക്കുന്നതരത്തിൽ ഒരു മണ്ഡല പുനർനിർണയമേ നടത്താവൂ എന്നാണ് സ്റ്റാലിൻ ആവശ്യപ്പെടുന്നത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ തെന്നിന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ പശ്ചിമബംഗാളും ഒഡിഷയും വടക്കേ ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബും ചേർന്നുള്ള ഒരു സംയുക്ത കർമസമിതിയാണ് പ്രതിരോധത്തിനായി സ്റ്റാലിൻ മുന്നോട്ടുവെച്ച നിർദേശം. കർമസമിതിയിൽ അംഗങ്ങളാക്കേണ്ടവരുടെ പേരുകൾ നിർദേശിക്കാൻ ഈ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളുടെ മുഖ്യമന്ത്രിമാർക്കും മുൻ മുഖ്യമന്ത്രിമാർക്കും കത്തെഴുതി കാത്തിരിക്കുകയാണ് സ്റ്റാലിൻ. ഈ സംസ്ഥാനങ്ങളുടെ പൊതുവായ നന്മക്കായി രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി എഴുന്നേറ്റ് നിൽക്കാനാണ് സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാരെല്ലാം തയാറാവുമെന്ന് കാത്തിരുന്ന് കാണണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.