ദുർബലനായ ഗാന്ധി, ആശയംചോർന്ന ഇന്ത്യ
text_fieldsപോർബന്തറിൽനിന്ന് വട്നഗറിലേക്ക് ദൂരം 500 കിലോമീറ്റർ വരില്ല. എന്നാൽ, മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽനിന്ന് നരേന്ദ്ര ദാമോദർദാസ് മോദിയിലേക്കുള്ള അകലം അതായിരിക്കില്ല. ഒരാൾ, പോയ നൂറ്റാണ്ടിന്റെ മാർഗദീപം. രണ്ടാമൻ, വർത്തമാന ഇന്ത്യയുടെ ഭരണസാരഥി. രണ്ട് ചിന്താധാരകളുടെ പ്രതീകങ്ങൾ. അഹിംസയിൽനിന്ന് അസഹിഷ്ണുതയിലേക്കുള്ള അനന്തദൂരം അളന്നു തിട്ടപ്പെടുത്താൻ കഴിയുന്നതല്ല. പക്ഷേ ഒന്നുണ്ട്; അഹിംസയുടെ സിദ്ധാന്തത്തെ അസഹിഷ്ണുതയുടെ രാഷ്ട്രീയം അട്ടിമറിച്ചുകളഞ്ഞിരിക്കുന്നു. മഹാത്മാവിന്റെ ചോരക്കറയുമായി ഏഴര പതിറ്റാണ്ട് താണ്ടിയതിനിടയിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സംഭവിച്ച പരിണാമം അതാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുസ്വര ഇന്ത്യക്കായി പൊരുതിയ ഗാന്ധിയെ ദുർബലനാക്കി അസഹിഷ്ണുത, ഇന്ത്യൻ ദേശീയതയുടെ കൊടിയടയാളമായി മാറിപ്പോയിരിക്കുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷുകാരെ ഒത്തൊരുമയും ത്യാഗവും കൈമുതലാക്കി തുരത്താൻ കഴിഞ്ഞവരെ ആഭ്യന്തരമായി ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയതന്ത്രം വെന്നിക്കൊടി പാറിക്കുന്നു.
ഇന്ത്യക്കും, ലോകത്തിനുതന്നെയും സ്പന്ദനമുള്ള കാലം ഗാന്ധിയെ മായ്ക്കാൻ കഴിയില്ല. എന്നാൽ, ചരിത്രം വെട്ടിത്തിരുത്താൻ കഴിയും. അങ്ങനെ ഗാന്ധിയെ പിന്തള്ളി, പുതിയ രാഷ്ട്രീയത്തിന് ഇണങ്ങുന്നവരെ ചരിത്രത്തിന്റെ പിന്നാമ്പുറത്തു നിന്ന് പൂമുഖത്തേക്ക് കൊട്ടും കുരവയുമായി ആനയിച്ചുകൊണ്ടിരിക്കുന്നു. അഹിംസയുടെയും മതേതരത്വത്തിന്റെയും സങ്കൽപങ്ങളെ അപ്രധാനമാക്കി സായുധ പോരാട്ടത്തിനും ഹിന്ദു ദേശീയതക്കും വേണ്ടി വാദിച്ചവർക്ക് വീരപരിവേഷം നൽകിവരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനോ സർദാർ വല്ലഭ് ഭായി പട്ടേലിനോ ഇന്ത്യൻ ചരിത്രത്തിലുള്ള ഇടം എഴുതിത്തള്ളാൻ കഴിയില്ല. എന്നാൽ, സ്വാതന്ത്ര്യ പോരാട്ടത്തിൽ സായുധ വിപ്ലവത്തിന്റെ സാധ്യതകൾ തേടിയ നേതാജിയും ഇന്ത്യ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച് ഉരുക്കുമനുഷ്യനായി മാറിയ പട്ടേലും, ഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയുമൊക്കെ പിന്തള്ളാനുള്ള ഉപായങ്ങളായി അവർ മാറുന്നു. അതിനിടയിലൂടെ രാഷ്ട്രനിർമിതിക്ക് പങ്കുവഹിച്ചവരായി സവർക്കറും ഗോൾവാൾക്കറുമെല്ലാം പ്രതിഷ്ഠിക്കപ്പെടുന്നു. രാജ്യം ഭരിക്കുന്ന പാർട്ടിക്കാർക്ക് നാഥുറാം വിനായക ഗോദ്സെ വീരപുരുഷനായി മാറുന്നു. അയാൾക്കായി അമ്പലം ഉയരുന്നു.
മതേതര, ജനാധിപത്യ ഇന്ത്യയോ ലോകം തന്നെയോ എല്ലാറ്റിനും വഴങ്ങിപ്പോയിട്ടില്ല. ഭരണഘടനാപരമായ പദവികളിലിരിക്കുന്നവർക്ക് ആ യാഥാർഥ്യത്തെ നമിക്കാതെ വയ്യ. അതിനിടയിൽ ഗാന്ധിക്കണ്ണട സർക്കാർ മുദ്രകൾക്ക് അകമ്പടിയാവുന്നു. പാർലമെന്റ് നോക്കുകുത്തിയായെങ്കിലും, ഭരണഘടനാ വന്ദനം അംബേദ്കറോടുള്ള ആദരം കൂടിയാവുന്നു. വോട്ടിൽക്കൂടി കണ്ണുവെക്കുന്ന ഇത്തരം സ്റ്റേജിനങ്ങൾക്കിടയിൽതന്നെ ഭരണഘടനാ സങ്കൽപങ്ങൾ കീറിയെറിയുന്നു. 370ാം വകുപ്പിലെ പ്രത്യേക പദവിയോ സംസ്ഥാന പദവിതന്നെയോ ജമ്മു-കശ്മീരിന് ആവശ്യമില്ലെന്ന് നിസ്സങ്കോചം തീരുമാനിക്കുന്നു. സ്വതന്ത്ര ഇന്ത്യ പിറന്നപ്പോൾ ബാബരി മസ്ജിദായിരുന്നു അയോധ്യയിലെങ്കിൽ, ഭരണഘടനയുടെ മിനാരങ്ങൾ തച്ചുതകർത്തേടത്ത് നിർമിച്ച രാമക്ഷേത്രവുമായി 2024ലെ വോട്ടെടുപ്പിന് കളമൊരുങ്ങുന്നു. സ്വാതന്ത്ര്യദിനത്തിലെ തൽസ്ഥിതി നിലനിർത്തണമെന്ന ആരാധനാലയ നിയമം നോക്കുകുത്തിയാക്കി ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം തിരയുന്നു. കാശിക്കു പിന്നാലെ മഥുരയിലും കർസേവയെന്ന അർമാദം ഉയർന്നു കേൾക്കുന്നു. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമായി കണ്ട് ജീവിക്കാൻ ആർ.എസ്.എസ് മുസ്ലിംകളെ പഠിപ്പിക്കുന്നു. ഇഷ്ടവിധി സമ്മാനിച്ച ജഡ്ജിമാർ രാജ്യസഭയിലും മനുഷ്യാവകാശ കമീഷന്റെ തലപ്പത്തുമെല്ലാം എത്തിപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. ‘നിഷ്പക്ഷ’ നീതി നിർവഹണത്തിന് ജഡ്ജി നിയമന കമ്മിറ്റിയിൽ സർക്കാർ പ്രതിനിധിക്ക് വേണ്ടി നിയമ മന്ത്രി വാദിക്കുന്നു.
സ്വാതന്ത്ര്യസമര സഹനങ്ങൾ ഒന്നിച്ചനുഭവിച്ച ഹിന്ദുവിനെയും മുസ്ലിമിനെയും മറ്റെല്ലാ ഇന്ത്യക്കാരെയും ഒന്നായി കാണുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തതായിരുന്നു, തുടർന്നും ജീവിക്കാൻ ഗാന്ധിക്ക് ഇല്ലാതെപോയ യോഗ്യത. ഹിന്ദുക്കളുടെ താൽപര്യത്തിനുവേണ്ടി നിലകൊള്ളേണ്ട സ്ഥാനത്ത് മുസ്ലിംകളോട് കാണിച്ച അനുഭാവത്തോടുള്ള കലി അടക്കാനാവാതെയാണ് ഗോദ്സെ തോക്കെടുത്ത് ഇറങ്ങിയത്. ഗാന്ധിഘാതകനെ ആരാധനാപാത്രമാക്കുന്നവർ നാടു ഭരിക്കുമ്പോൾ മുസ്ലിം അപരനും രണ്ടാംകിട പൗരനുമാകാതിരിക്കില്ല. വംശഹത്യക്ക് ഭരണം സൗകര്യമൊരുക്കിയ ഗുജറാത്തിൽ, ഇരകളുടെ നീതിക്കുവേണ്ടി പോരടിച്ചവർക്ക് ഇരുമ്പഴിയെണ്ണാതെ തരമില്ല. കൂട്ടബലാത്സംഗം നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതികൾ കൂട്ടത്തോടെ ജയിലിൽനിന്ന് ഇറങ്ങുന്നുവെന്നും അവരെ മധുരം നൽകി മാലയിട്ടു സ്വീകരിക്കുന്നുവെന്നും ഉറപ്പുവരുത്താൻ ആളുണ്ടാകാതിരിക്കില്ല.
എല്ലാം ഇടിച്ചുനിരത്താൻ കഴിയുന്ന ബുൾഡോസർ ‘കരുത്തുറ്റ’ ഭരണാധികാരിയുടെ അടയാളവും മുഖ്യമന്ത്രി ‘ബുൾഡോസർ ബാബ’യുമാകാതെ തരമില്ല. അർധനഗ്നനായ ഗാന്ധിയെ നെഞ്ചേറ്റിയ ജനതക്കു മുന്നിൽ 56 ഇഞ്ച് നെഞ്ചളവ് മികച്ച ഭരണാധികാരിയുടെ സവിശേഷ യോഗ്യതയാകാതിരിക്കില്ല. മതാടിസ്ഥാനത്തിലാകണം പൗരത്വമെന്ന് ഭരണാധികാരിക്ക് തോന്നാതിരിക്കില്ല. വോട്ടുരാഷ്ട്രീയ കളത്തിൽ വിശന്നൊട്ടിയ പശു ഹിന്ദുത്വവാദികളുടെ അഭിമാനവും, ചകിതനായ മുസ്ലിം പ്രതിയോഗിയുമായി സാമൂഹികാവസ്ഥ മൂക്കുകുത്തി വീഴാതിരിക്കില്ല. ഹിന്ദുത്വ പ്രമേയത്തിലൂന്നിയ പേശീബലത്തിന്റെയും മേൽകോയ്മയുടെയും വാഴ്ചക്കാലം. സഹന സമരത്തിന്റെ ശക്തി തെളിയിച്ച ഗാന്ധിയുടെ നാട്ടിൽ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതു പോലും കപട ദേശീയതയുടെയും ഹിന്ദുത്വത്തിന്റെയും രാഷ്ട്രീയ ചേരുവകളിലൂടെയാണ്.
ഗാന്ധിയുടെ സ്വപ്നങ്ങൾക്കും ഗാന്ധിയുടെ മഹിത പാരമ്പര്യത്തിനും നേരെ നിരന്തരം വെടി ഉതിരുന്നതിനിടയിലാണ് മറ്റൊരു രക്തസാക്ഷിത്വ വാർഷികം എത്തുന്നത്. ഇന്ത്യയെന്ന ആശയത്തെ സ്നേഹിക്കുന്നവർക്കുമുന്നിൽ കൊല്ലം ചെല്ലുന്തോറും ഗാന്ധിയെ പിന്നെയും കൊന്നുകൊണ്ടിരിക്കുന്നു. അസഹിഷ്ണുത വളർന്ന്, കാമ്പ് ചോർന്ന ജനാധിപത്യ രൂപമായി മാറിയതല്ലാതെ, ഗാന്ധിയുടെ രക്തസാക്ഷിത്വം ഇന്ത്യയെ എത്ര തിരുത്തി?
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.