ഹിജാബും ടർബനും വിസിൽ കോഡും
text_fieldsഉത്തർപ്രദേശിൽ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അന്നാട്ടുകാരനായ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഡൽഹി കേരള ഹൗസിലെത്തി ദിവസങ്ങൾ തങ്ങിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചരടുവലികൾക്ക് വേണ്ടിയാണെന്ന് ആരും പറയില്ല. അദ്ദേഹത്തിന് ഔദ്യോഗികവും സ്വകാര്യവുമായ പല കാര്യങ്ങളുണ്ടാവും.
ഗവർണർ രാഷ്ട്രീയ പ്രവർത്തകനല്ല. എന്നു കരുതി അദ്ദേഹത്തിന് രാഷ്ട്രീയം അറിയില്ലെന്നോ, രാഷ്ട്രീയ പശ്ചാത്തലം ഇല്ലെന്നോ അർഥമില്ല. തഴക്കമുള്ള മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ആരിഫ് മുഹമ്മദ്ഖാൻ. തെരഞ്ഞെടുപ്പു നടക്കുന്ന യു.പിയിലെ കാൺപുരിൽനിന്നും ബഹ്റൈച്ചിൽനിന്നും കൈസർഗഞ്ചിൽനിന്നുമൊക്കെ നിയമനിർമാണ സഭയിൽ എത്തിയിട്ടുണ്ട്. പലവട്ടം, പല പാർട്ടികളെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. തുടക്കത്തിൽ കോൺഗ്രസ്, പിന്നെ ജനതാദൾ, ബി.എസ്.പി, പിന്നെ ബി.ജെ.പി. അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കാൻ പല പാർട്ടികളെ പ്രാപിക്കേണ്ടിവന്നാൽ അങ്ങനെ ചെയ്യണമെന്നതാകാം കാഴ്ചപ്പാട്. ഗവർണറായതോടെ ഒന്നിലുമില്ല.
അഭിപ്രായങ്ങളും നിലപാടുകളുമില്ല എന്നല്ല അതിനർഥം. പറയാനുള്ളത് പറയും, പിന്നെ സമരസപ്പെടും. വൈസ് ചാൻസലർ നിയമന വിവാദത്തിലും അതാണ് കണ്ടത്. സർക്കാറിനോട് ഉടക്കി ചാൻസലർപദം വലിച്ചെറിഞ്ഞതാണ്. പിന്നെ സമരസപ്പെട്ട് തിരിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നുകണ്ടതിനു മുമ്പോ ശേഷമോ ആകട്ടെ, ലോകായുക്ത ഓർഡിനൻസ് വലിച്ചെറിയാതെ ഒപ്പിട്ടു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വാർത്താലേഖകർക്ക് മുന്നിൽ നിൽക്കുമ്പോൾ അക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞു. ഓർഡിനൻസിന്റെ ഗുണദോഷ വശങ്ങളിലേക്ക് കടക്കുന്നില്ല.
വ്യക്തിപരമായി തനിക്ക് അഭിപ്രായങ്ങളുണ്ടാവും. പക്ഷേ, മന്ത്രിസഭ ശിപാർശ ചെയ്യുന്ന ഓർഡിനൻസിൽ ഒപ്പിടാതിരിക്കാൻ ഗവർണർക്ക് കഴിയില്ല തന്നെ. വി.സി നിയമനത്തിലെന്ന പോലൊരു പൊട്ടിത്തെറിയുടെ സാധ്യത തീർത്തും മങ്ങിപ്പോയതു കൊണ്ടാകണം, സംശയം ബാക്കിനിർത്തി ചോദ്യം യു.പി മുഖ്യമന്ത്രി ആദിത്യനാഥ് കേരളത്തെ അപമാനിച്ച് സംസാരിച്ചതിനെക്കുറിച്ചായി. യു.പിക്കാരനാണെങ്കിലും ഗവർണർ ഇപ്പോൾ കേരളത്തിന്റെ നാഥനാണല്ലോ. യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന നേരത്ത് ഗവർണറായ താൻ അതേക്കുറിച്ച് അഭിപ്രായം പറയുന്നതിന്റെ അനൗചിത്യമാണ് ഗവർണർ പങ്കുവെച്ചത്. മീഡിയവൺ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയോടും അനൗചിത്യം മുൻനിർത്തി ഗവർണർ പ്രതികരിച്ചില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഗവർണർ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ചോദ്യം ഹിജാബിലേക്ക് എത്തിയപ്പോൾ പദവിയും ഔചിത്യവും മാറി നിന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെങ്കിലും, യു.പിയിലും മറ്റും തെരഞ്ഞെടുപ്പു നടക്കുന്ന നേരമാണെങ്കിലും, ഗവർണർ വാചാലനായി. പ്രവാചകന്റെ കാലത്തു തന്നെ സ്ത്രീകൾ ശിരോവസ്ത്രത്തിന് എതിരായി നിന്നിരുന്നുവെന്ന് സ്വന്തം പുസ്തകത്തിൽ പണ്ടേ പറഞ്ഞ കാര്യം അദ്ദേഹം വിശദീകരിച്ചു. അവസരോചിതം അഭിപ്രായം പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്നതിൽ അവസരവാദ രാഷ്ട്രീയമല്ല, ആർജവവും ഔചിത്യവും ലക്ഷ്യബോധവുമാണ് കാണേണ്ടത്.
തെരഞ്ഞെടുപ്പു കാലത്ത് യോഗിയും ഉന്നം കൃത്യമാക്കിയാണ് വെടി പൊട്ടിച്ചത്. ബി.ജെ.പി വീണ്ടും ഭരണത്തിൽ വന്നില്ലെങ്കിൽ കേരളവും കശ്മീരും ബംഗാളും പോലെയാകും യു.പി എന്നാണ് വോട്ടർമാർക്കുള്ള യോഗിയുടെ വിഡിയോ സന്ദേശം. അതുകേട്ട് വികസന കാര്യത്തെക്കുറിച്ചാണ് യോഗി പറഞ്ഞതെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. ഈ തെരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള മത്സരമാണെന്ന് യോഗി നേരത്തെ പറഞ്ഞുവെച്ചിരുന്നു. ഹിന്ദുക്കൾ 80, ന്യൂനപക്ഷങ്ങൾ 20 എന്നിങ്ങനെയാണ് യു.പിയിലെ ശരാശരി ജനസംഖ്യാനുപാതം. അതിന്റെ തുടർച്ചയായിരുന്നു വിഡിയോവിലെ സന്ദേശം. യോഗിപറഞ്ഞ കേരളത്തിലും കശ്മീരിലും ബംഗാളിലും സ്ഥിതി അങ്ങനെയല്ല. അതുകൊണ്ട് യു.പിയിലെ ഹിന്ദുക്കൾ സംഘടിക്കുകയും വോട്ടു ചിതറാതെ ബി.ജെ.പിയെ വീണ്ടും ജയിപ്പിക്കുകയും വേണം. പച്ചയായ ഈ വിഭജന അജണ്ട പൊതിഞ്ഞുവെച്ച് അവതരിപ്പിക്കുകയായിരുന്നു യോഗി.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനമാണെങ്കിലും, അവിടെ ന്യൂനപക്ഷത്തിനാണ് ഭൂരിപക്ഷമെങ്കിലും, കേരളത്തിനൊപ്പം പഞ്ചാബിനെ യോഗി ചേർത്തുവെച്ചില്ല. അതിന് രാഷ്ട്രീയമായി കൃത്യമായ കാരണങ്ങളുമുണ്ട്. സിഖ് ജനതയെ പ്രകോപിപ്പിച്ചാൽ ബി.ജെ.പിക്ക് തിരിഞ്ഞു കുത്തുമെന്നുറപ്പ്. വിവാദ കാർഷിക നിയമങ്ങളെ തുടർന്ന് സിഖുകാർ ഇളകിയതിന്റെ കെടുതിയാണെങ്കിൽ തീർന്നിട്ടില്ല; അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ.
യു.പിയിൽ ബി.ജെ.പിക്ക് ജയിച്ചേ തീരൂ. ആദ്യഘട്ട വോട്ടെടുപ്പു നടന്ന പശ്ചിമ യു.പിയിൽനിന്ന് ബി.ജെ.പിക്കു കിട്ടുന്നതു പക്ഷേ, ദുഃസൂചനകളാണ്. മുസഫർനഗർ കലാപത്തിലൂടെ ഉണ്ടായ വിള്ളലും നീറ്റലും മറന്ന് കർഷക സമരത്തിലൂടെ ജാട്ട്-മുസ്ലിം ഐക്യം രൂപപ്പെട്ടത് ബി.ജെ.പിക്ക് ഉണ്ടാക്കുന്നത് വലിയ ആശങ്കകളാണ്. മുസഫർനഗർ കലാപം വോട്ടർമാരുടെ മറവിയിൽനിന്ന് തോണ്ടി പുറത്തെടുക്കും വിധമായിരുന്നു, അവിടെ പ്രചാരണം നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങൾ. കടുത്ത ഭരണവിരുദ്ധ വികാരം യോഗി നേരിടുന്നുവെന്നിരിക്കേ, സമാജ്വാദി പാർട്ടിക്ക് അനുകൂലമായ വികാരത്തിന്റെ വേലിയേറ്റത്തിന് ചിറകെട്ടാനുള്ള ഉപായങ്ങളാണ് ബി.ജെ.പി പയറ്റുന്നത്. ഭരണപരാജയങ്ങൾക്കു മുന്നിൽ എടുത്തുകാണിക്കാൻ ഒന്നും തന്നെയില്ലാത്ത ബി.ജെ.പി വോട്ടുകളത്തിൽ വീണ്ടുമൊരിക്കൽക്കൂടി വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണ്.
ന്യൂനപക്ഷങ്ങളെ അന്യരായി കണ്ടില്ലെങ്കിൽ, കേരളത്തിലും കശ്മീരിലും ബംഗാളിലുമൊക്കെ കിട്ടുന്ന അംഗീകാരവും പങ്കാളിത്തവുമൊക്കെ അവർ യു.പിയിൽ നേടിയെടുക്കുമെന്ന് മുന്നറിയിപ്പാണ് യോഗി നൽകിയത്. യോഗി പറഞ്ഞ സംസ്ഥാനങ്ങളിൽ ഒരിടത്തും, പരിഗണനയോ പങ്കാളിത്തമോ ഇല്ലാതെ അപരന്മാരാക്കി വെളിമ്പുറത്ത് നിർത്തുന്ന സാഹചര്യമില്ല. യു.പി നിയമസഭയിൽ ആറു ശതമാനത്തിൽ താഴെയാണ് ന്യൂനപക്ഷ പ്രാതിനിധ്യം. മുസ്ലിം-യാദവ സഖ്യം ജയം നേടിയ കാലത്ത് അതായിരുന്നില്ല സ്ഥിതി. അവരുടെ മേധാവിത്വമായിരുന്നു. അതുകൊണ്ട് മോദി-യോഗി സഖ്യം വരേണ്ടതിന്റെ പ്രാധാന്യം സവർണരും അവർണരുമായ ഹിന്ദുക്കൾ തിരിച്ചറിഞ്ഞേ മതിയാവൂ. സമാജ്വാദി പാർട്ടിയേയും ബി.എസ്.പിയേയും കോൺഗ്രസിനെയും വിട്ട് മുമ്പ് ബി.ജെ.പിക്ക് വോട്ടു ചെയ്തവരുടെയെല്ലാം മനസ്സിലേക്ക് ഇക്കാര്യം കടന്നെത്താൻ ഉദ്ദേശിച്ചാണ് യോഗിയുടെ ഈ വിസിൽ.
മറ്റൊരു വിസിലാണ് ഹിജാബ്. കർണാടകത്തിൽനിന്ന് പൊടുന്നനെയാണ് വിഷയം രാജ്യമാകെ ആളിപ്പടർന്ന ചർച്ചയായത്. ശിരോവസ്ത്രവും തൊപ്പിയുമൊക്കെ പരമ്പരാഗത രീതിയാണ്. സിഖുകാർ പഞ്ചാബിൽ മാത്രമല്ല, ഇന്ത്യയിലും ലോകത്തെവിടെയും ടർബൻ ധരിച്ച് കടന്നു ചെല്ലുന്നു. ക്രൈസ്തവർ കൊന്തയും കുരിശും ധരിക്കുന്നു. പല ജാതിയിൽപെട്ടവർ താലിമാല ധരിക്കുന്നു; പൊട്ടുതൊടുന്നു. സമൂഹം പല രീതിയിൽ വസ്ത്രം ധരിക്കുന്നു; വസ്ത്രം കുറച്ചു മതിയെന്ന് ചിലർ ചിന്തിക്കുന്നു. അതൊക്കെ വ്യക്തിനിഷ്ഠക്കും മതാചാരത്തിനുമപ്പുറം വിലക്കപ്പെടേണ്ട ആഭാസമായി ആരും കാണാറില്ല. പാർലമെന്റിൽ അടക്കം കയറിച്ചെല്ലുന്നതിന് തടസ്സമില്ല. അത് ഇന്ത്യയുടെ വൈവിധ്യമാണ്; വൈവിധ്യത്തെ മാനിക്കലാണ്. തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് പക്ഷേ, ഹിജാബ് ചർച്ചയാക്കി മാറ്റിയത് വിഭജനത്തിന് അണിയറയിൽ ചരടുവലിക്കുന്നവരാണ്.
'നമ്മളും അവരു'മാക്കി മാറ്റുന്ന ഈ ഏർപ്പാട് കേവലം വോട്ടുലാഭത്തിന് വേണ്ടി മാത്രം. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ ഈ അധമരാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരും പ്രചാരകരുമാകുന്നു. ഹിജാബിലൂടെ ഏക സിവിൽ കോഡ് ചർച്ചയാക്കി മാറ്റുന്നു. അങ്ങനെ ഓരോ സന്ദേശമുള്ള വിസിൽ കോഡുകൾ വിഭാഗീയത മനസ്സുകളിലേക്ക് തള്ളിക്കയറ്റുന്നു. എത്ര ഹീനമെന്ന് ലോകം കണ്ടാലും ഈ രീതി മാറ്റാൻ അതിന്റെ പ്രായോജകർക്ക് അറിയില്ല; മറ്റൊന്നും ജനങ്ങൾക്കു മുന്നിൽ വെക്കാനില്ല എന്നതാണ് യാഥാർഥ്യം. ഭരണക്കെടുതികൾ വകഞ്ഞു മാറ്റിയും ഈ വിസിൽ മുഴക്കം ജനമനസ്സുകൾ ഇനിയും ഏറ്റെടുക്കുന്നുവോ എന്ന ചോദ്യത്തിനാണ് ഈയാഴ്ചകളിലെ തെരഞ്ഞെടുപ്പുകൾ ഉത്തരം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.