Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightബൈഡനും മോദിയും

ബൈഡനും മോദിയും

text_fields
bookmark_border
ബൈഡനും മോദിയും
cancel
camera_alt

പ്രധാനമന്ത്രി നരേന്ദ്ര മോദി നിയുക്ത യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡ​െൻറ കൂടെ (ഫയൽ ചിത്രം)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി തോൾ ഒന്നു മാറ്റിപ്പിടിക്കേണ്ടിവരും. 'മൈ ഫ്രണ്ട്' എന്ന് അഭിസംബോധന ചെയ്ത് ഡോണൾഡ് ട്രംപിനെ വട്ടംപിടിച്ചിരിക്കുകയായിരുന്നു ഇതുവരെ. ഇനി ആ വിളി ജോ ബൈഡന്​ ​വേണ്ടിവരും. ബൈഡൻ വന്നാലും ട്രംപ് തുടർന്നാലും ഇന്ത്യ-അമേരിക്ക ബന്ധങ്ങളുടെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റമൊന്നും വരുന്നില്ല.

എന്നാൽ, ഉടനടി ഒരു മാറ്റം സംഭവിക്കാതിരിക്കുന്നുമില്ല. നേതാവ് ആരായാലും അമേരിക്കക്ക് ഇന്ത്യയാണ് പ്രധാനം. എന്നാൽ, തിരിച്ചങ്ങോട്ട് ട്രംപിനോട് പ്രത്യേക പക്ഷപാതം കാണിച്ചുവന്ന മോദിക്ക് പുതിയ നേതാവിെൻറ തോളിൽ കൈയിടാൻ തക്ക വിശ്വാസ്യത സമ്പാദിക്കുന്നതിന് പുതിയ പരിശ്രമങ്ങൾ വേണ്ടിവരും. വിഭാഗീയ, വിഭജന, സ്വജന അജണ്ടകൾക്ക് അതീതമായി, ഇടപെടലുകളിൽ കുറെക്കൂടി മാന്യത വീണ്ടെടുക്കാൻ സാധ്യത തെളിയുന്നുവെന്ന മാറ്റം ബൈഡ​െൻറ വരവോടെ ആഗോളരാഷ്​ട്രീയത്തിലും സംഭവിക്കുന്നുണ്ട്.

വിവിധ രംഗങ്ങളിൽ പങ്കാളിത്തം ശക്തിപ്പെടുത്തിയാണ് ഇന്ത്യ-അമേരിക്ക ബന്ധം മുറുകിയിരിക്കുന്നത്. വിപണിയും സൈനിക ലക്ഷ്യങ്ങളുമാണ് ഇന്ത്യയോടുള്ള അമേരിക്കൻ ബന്ധത്തിെൻറ കാതൽ. അതേസമയം, അയൽപക്കബന്ധങ്ങൾ കൂടുതൽ മോശമായ ചുറ്റുപാടുകളിൽ അമേരിക്കയുടെ ആശ്രിതരെന്ന നിലയിലേക്ക് ഇന്ത്യയെ കൂടുതൽ മാറ്റിക്കഴിഞ്ഞിട്ടുണ്ട് മോദിസർക്കാർ.

ചൈനയെന്ന പൊതു ശത്രുവിനെ നേരിടുകയെന്ന ലക്ഷ്യത്തിൽ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെട്ടതാണ് ഒടുവിലത്തെ ചിത്രം. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പത്തെ ദിവസങ്ങളിലാണ് അമേരിക്കയുടെ പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാർ പറന്നുവന്ന് പുതിയ കരാറിൽ ഒപ്പിട്ടുപോയത്. ഇന്ത്യയിൽനിന്നു ചൈനക്കെതിരെ അവർ നടത്തിയ പ്രസ്താവന അടക്കമുള്ള എല്ലാ നടപടികളും വ്യക്തമാക്കുന്നത് ഒരേയൊരു കാര്യമാണ്: പാകിസ്താനെ പിന്തള്ളി, സൈനികമായും നയപരമായും ഈ മേഖലയിലെ അമേരിക്കയുടെ ആശ്രിത പങ്കാളിയാണ് ഇന്ന് ഇന്ത്യ.

ട്രംപ് മാറി ബൈഡൻ വരുേമ്പാൾ ഇതിലൊന്നും ഗുണപരമായ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. പടക്കോപ്പുകളുടെ വിപണനവും സൈനിക താൽപര്യങ്ങളുമെല്ലാം അമേരിക്കയുടെ താൽപര്യങ്ങൾക്കൊത്ത് മുന്നോട്ടുപോകും. ചൈനയുമായി ഏറ്റുമുട്ടുന്നതിൽ ട്രംപ് നൽകിയ പിന്തുണ അതേപടി ബൈഡൻ ഭരണകൂടം ഇന്ത്യക്ക് നൽകാൻ പോകുന്നില്ല എന്നത്, ട്രംപിെൻറ രണ്ടാമൂഴം പ്രതീക്ഷിച്ച മോദിസർക്കാറിനേറ്റ തിരിച്ചടിയാണ്.

വ്യാപാര ഇടപാടുകളുടെ കാര്യത്തിൽ ട്രംപ് തുടങ്ങിവെച്ചതടക്കമുള്ള അമേരിക്കൻ നയപരിപാടികളൊന്നും പിറകോട്ടു പോവില്ല. അമേരിക്കൻതാൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ടുതന്നെ, ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും മറ്റും ചില്ലറ ഉദാരതകൾ പ്രതീക്ഷിക്കാമെന്നു മാത്രം. ഇന്ത്യൻ കുടിയേറ്റക്കാരും പുറംകരാർ വ്യവസായവും അമേരിക്കക്ക് പൊതുവെ ഗുണകരമാണെന്നിരിക്കേ, തെരഞ്ഞെടുപ്പുകാലത്ത് ബൈഡൻ ചില വാഗ്ദാനങ്ങൾ നൽകിയിരുന്നതുകൂടി കണക്കിലെടുത്താൽ, വിസ കാര്യത്തിൽ ചില്ലറ ഇളവുകളും പ്രതീക്ഷിക്കാം. ഇത് ഇന്ത്യക്കാരോടുള്ള അമേരിക്കൻ നയമാണ്; മോദി എന്ന നേതാവിനെയോ ബി.ജെ.പി എന്ന ഭരണകക്ഷിയെയോ നോക്കിയുള്ളതല്ല.

റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ജോർജ് ബുഷ് പ്രസിഡൻറായിരുന്ന കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രി ന​േരന്ദ്ര മോദിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിസ വിലക്ക് ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുേമ്പാൾ ബറാക് ഒബാമ നീക്കിക്കൊടുത്തത് മോദി ഇന്ത്യൻ പ്രധാനമന്ത്രിയായതു കണക്കിലെടുത്താണ്. ഇന്ത്യ സന്ദർശനവേളയിൽ മോദിയുമായി പലവട്ടം വേദി പങ്കിട്ടപ്പോൾ തന്നെ, മതസ്വാതന്ത്ര്യത്തെക്കുറിച്ച ഓർമപ്പെടുത്തൽ നൽകിക്കൊണ്ടാണ് ബറാക് ഒബാമ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതെന്നും ഓർക്കണം.

ഘർവാപസിയുടെ കോലാഹലങ്ങൾ ഉയർന്ന് സ്പർധ നിറഞ്ഞ അന്തരീക്ഷമായിരുന്നു അന്ന് ഇന്ത്യയിൽ. എന്നാൽ, ഈ വർഷമാദ്യം ഡോണൾഡ് ട്രംപ് എത്തിയപ്പോൾ, ഡൽഹിയിൽ വംശീയ അതിക്രമം അരങ്ങേറുകയായിരുന്നു. അതിനുനേരെ കണ്ണടക്കുകയാണ് ട്രംപ് ചെയ്തത്. ഇങ്ങനെ കണ്ണടക്കുന്ന വാണിജ്യസമീപനത്തിൽനിന്ന് ജോ ബൈഡനും ​െഡമോക്രാറ്റുകളും ഉയർന്നു ചിന്തിച്ചെന്നു വരും. അമേരിക്കയിലെ ഭരണമാറ്റം മോദിഭരണകൂടത്തിെൻറ ഇഷ്​ടത്തിന് അതീതമായി ചില സമീപനങ്ങൾ മാറ്റുമെന്നർഥം.

വിഭാഗീയതക്കും വർഗീയതക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇന്ത്യൻ ഭരണകൂടത്തിൽനിന്ന് കിട്ടുന്ന പ്രോത്സാഹനത്തിനെതിരെ ​െഡമോക്രാറ്റിക് പാർട്ടി ഇതിനകം പലവട്ടം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജമ്മു-കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ, പൗരത്വ നിയമഭേദഗതി, അതിനെതിരായ പ്രക്ഷോഭം അടിച്ചമർത്തിയത്, ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി നീക്കിയത്, ജാതി വർഗീയ സംഘർഷങ്ങൾ, എൻ.ജി.ഒകൾക്കെതിരായ സർക്കാർ നടപടികൾ, മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇടുന്നത് തുടങ്ങിയ വിഷയങ്ങളെ അവഗണിച്ച് മോദിയുടെയും ബി.ജെ.പിയുടെയും താൽപര്യങ്ങളോട് ചേർന്നുനിൽക്കുകയാണ് ട്രംപ് ചെയ്തുപോന്നത്.

എന്നാൽ, അതിൽനിന്നു ഭിന്നമായ നിലപാട് ​െഡമോക്രാറ്റുകൾ പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. ബഹുസ്വരതയും സമൂഹങ്ങളുടെ പരസ്പരാദരവും ഇന്ത്യയുടെ മഹിമയാണെന്ന് ബറാക് ഒബാമ അടക്കം ​െഡമോക്രാറ്റുകൾ പല ഘട്ടങ്ങളിൽ എടുത്തു കാട്ടിയിട്ടുണ്ട്. ഒബാമക്കൊപ്പം രണ്ടു തവണയും വൈസ് പ്രസിഡൻറായി പ്രവർത്തിച്ച ജോ ​െബെഡ​െൻറ കാഴ്ചപ്പാടുകളും അതുതന്നെയെന്നാണ് മുൻകാല അനുഭവങ്ങൾ.

ദേശീയതവാദം, ഇസ്​ലാമോഫോബിയ എന്നിവക്ക് ആഗോള നീതീകരണം ചമക്കുന്നതാണ് നാലു വർഷം മുമ്പത്തെ ട്രംപിെൻറ വിജയമെന്ന് കാണാൻ ബി.ജെ.പി ഇഷ്​ടപ്പെട്ടുവെങ്കിൽ, ​െഡമോക്രാറ്റുകളുടെ വിജയം അതിനു നേർവിപരീത സന്ദേശമാണ്. ലോകത്ത് നിങ്ങൾ ഒറ്റക്കല്ലെന്നാണ് കശ്മീരികളെ ഓർമിപ്പിക്കാനുള്ളതെന്നാണ് 370ാം ഭരണഘടന അനുഛേദം റദ്ദാക്കിയ ഘട്ടത്തിൽ കമല ഹാരിസ് പറഞ്ഞത്. സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം ഇടപെടേണ്ടതുണ്ടെന്ന അഭിപ്രായവും വൈസ് പ്രസിഡൻറാവുന്ന കമല ഹാരിസ് തുറന്നു പറഞ്ഞു.

ട്രംപിനെപ്പോലെ ഏതിനും മോദിക്കൊപ്പം നിൽക്കുന്ന സമീപനം ബൈഡൻ സ്വീകരിക്കില്ലെന്ന് വ്യക്തമാണ്. 'എ ഗ്രേറ്റ് ഫ്രണ്ട് ഓഫ് ഇന്ത്യ'യായി വിശേഷിപ്പിച്ച് ട്രംപിനോട് ഒട്ടിച്ചേർന്നുനിന്ന മോദിയെ ഇനിയുള്ള ബന്ധങ്ങളിൽ ബൈഡൻ ഭരണകൂടം ഓർക്കാതിരിക്കില്ല. 'അബ്കി ബാർ ട്രംപ് സർക്കാർ' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച ഇന്ത്യൻ നേതാവാണ് നരേന്ദ്ര മോദി. അമേരിക്കയിലെ ഹിന്ദുത്വവാദി ഇന്ത്യക്കാരുടെ പിന്തുണ അവിടത്തെ നയതീരുമാനങ്ങളെ സ്വാധീനിക്കാൻ മോദി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, മോദിക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് സ്വാധീനിക്കാൻ പാകത്തിൽ അമേരിക്കൻ രാഷ്​ട്രീയത്തെ പുതിയ അധികാരികൾ വിട്ടുകൊടുക്കാൻ പോകുന്നില്ല. ഇതൊക്കെയും മോദിക്ക് അസുഖകരമായ സന്ദേശങ്ങളാണ്.

അമേരിക്ക ആത്യന്തികമായി അമേരിക്കതന്നെ. എങ്കിലും ട്രംപ് കൂട്ടിക്കൊണ്ടു പോയ വഴിയിൽനിന്ന് ഒരളവോളമെങ്കിലും ജനാധിപത്യ മൂല്യങ്ങളിലേക്ക് അമേരിക്കയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ബൈഡൻ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിഭാഗീയതയുടെയും അവനവനിസത്തിെൻറയും രാഷ്​ട്രീയത്തിന് അമേരിക്കയിൽ ഏറ്റ തിരിച്ചടി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അത്തരം മൂല്യങ്ങളിൽ വിശ്വസിച്ചു കഴിയുന്നവർക്ക് ആത്മവിശ്വാസം വളർത്തുന്ന ചില സ​േന്ദശങ്ങൾ പകർന്നുകൊടുക്കുന്നുണ്ട്. ഒപ്പം, പുതിയ ഭരണകൂടത്തിെൻറ നയം അന്താരാഷ്​ട്രപ്രമാണങ്ങളെ എത്ര കണ്ട് വിലമതിക്കുന്നു എന്നതും ലോകത്തിനൊപ്പം ഇന്ത്യയും ഉറ്റുനോക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bidenindia us relations
News Summary - joe biden and narendra modi
Next Story