ജസ്റ്റിസ് ബാലകൃഷ്ണനും വേണ്ടുവോളം പഠിക്കട്ടെ...
text_fieldsസുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ചുരുങ്ങിയത് രണ്ടു വർഷത്തേക്ക് പ്രവർത്തനനിരതനാകാൻ അവസരം വന്നിരിക്കുന്നു. ക്രൈസ്തവ, ഇസ്ലാം മതവിശ്വാസികളായി മാറിയ ദലിതർക്ക് പട്ടികജാതി പദവിയും അതനുസരിച്ച സംവരണ പരിരക്ഷയും നൽകുന്ന വിഷയം പഠിച്ച് രണ്ടു വർഷം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്നംഗ കമീഷനെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. സുപ്രീംകോടതിയുടെയും പിന്നീട് ദേശീയ മനുഷ്യാവകാശ കമീഷന്റെയും അമരംപിടിച്ച ശേഷം ഏതാനും വർഷമായി വിശ്രമ ജീവിതത്തിലായിരുന്നു ജസ്റ്റിസ് ബാലകൃഷ്ണൻ. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്ത് എത്തിയ ഏക ദലിതനെന്ന നിലക്ക് അധഃസ്ഥിതരുടെ അവകാശങ്ങൾക്കും ജീവിതം മെച്ചപ്പെടുത്തുന്ന സർക്കാർ പരിരക്ഷാ നടപടികൾക്കുമുള്ള ഫലപ്രദമായ നിർദേശങ്ങൾ പഠന ഗവേഷണങ്ങൾക്കുശേഷം അദ്ദേഹം മുന്നോട്ടുവെക്കുമെന്ന് പ്രത്യാശിക്കാം. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. കമീഷന്റെ അധ്യക്ഷസ്ഥാനത്തേക്ക് ദലിത് പശ്ചാത്തലത്തിൽനിന്ന് കഷ്ടപ്പാടുകൾ താണ്ടി മുന്നേറിയ ഒരാളെത്തന്നെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത് ശ്രദ്ധേയവുമാണ്.
എന്നാൽ ഏറ്റവും ശ്രദ്ധേയം മോദിസർക്കാറിന്റെ കൗശലം തന്നെ. പട്ടികജാതി പദവിക്ക് മതം മാനദണ്ഡമാക്കിയ വ്യവസ്ഥ വിവേചനപരമായതിനാൽ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കുക, മതപരിവർത്തനം നടത്തിയതിന്റെ പേരിൽ പട്ടികജാതി പദവിയും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു കൂട്ടം ഹരജികൾ ചുരുങ്ങിയത് 18 വർഷമായി സുപ്രീംകോടതി മുമ്പാകെയുണ്ട്. ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കേണ്ട സമയമായെന്ന പരാമർശത്തോടെ കേന്ദ്രസർക്കാറിന്റെ പുതിയ നിലപാട് കോടതി ആരാഞ്ഞത് ആഗസ്റ്റ് 30നാണ്. ഒക്ടോബർ 11നകം നിലപാട് അറിയിക്കാൻ മൂന്നംഗ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു. ഈ സമയപരിധി തീരാനിരിക്കെയാണ് കമീഷൻ രൂപവത്കരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. ഇതിൽ കൗശലം പല വിധത്തിലാണ്. മതം മാറിയ ദലിതർക്ക് പട്ടികജാതി പദവി തുടർന്നും നൽകുന്നതിന് ബി.ജെ.പി എതിരാണ്. അധഃസ്ഥിതർക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് വാദിക്കുമ്പോൾതന്നെ, ആ നിലപാട് 'അനവസരത്തിൽ' പരസ്യമാക്കുക വഴി വോട്ടുചോർച്ച ഉണ്ടായിക്കൂടാ. അതേസമയം, നിലപാട് അറിയിക്കാനുള്ള സുപ്രീംകോടതി നിർദേശം മാനിക്കാതെ വയ്യ. ഇതെല്ലാം ചേർത്താണ് പുതിയ കമീഷൻ രൂപവത്കരണം.
വിഷയം പഠിക്കാൻ കമീഷനെ നിയോഗിച്ച കാര്യം ഇനി സുപ്രീംകോടതിയെ അറിയിക്കും. ആ കമീഷന്റെ റിപ്പോർട്ട് വരാതെ കേസ് പരിഗണിച്ച് വിധി പറയാൻ നീതിപീഠത്തിന് സ്വാഭാവികമായും കഴിയില്ല. ഫലത്തിൽ കോടതി നടപടികൾ ഇനിയുമൊരു രണ്ടു വർഷത്തിനപ്പുറത്തേക്ക് നീളും. സംവരണ വിഷയത്തിൽ ഇങ്ങനെ കാലതാമസം വരുത്തുന്ന കൗശലത്തിനിടയിൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പും കടന്നുപോകും. തെരഞ്ഞെടുപ്പിലുമുണ്ട് പ്രയോജനം. പട്ടികജാതി ലിസ്റ്റിലേക്ക് കൂടുതൽ പേർ കടന്നുകയറി അവസരങ്ങളുടെയും ആനുകൂല്യങ്ങളുടെയും പങ്കു ചോദിക്കുന്ന സാഹചര്യം തടഞ്ഞതിന്, ആ ആനുകൂല്യം കിട്ടിപ്പോരുന്നവരുടെ ഉപകാരസ്മരണ തെരഞ്ഞെടുപ്പു കാലത്ത് തേടാം. പട്ടികജാതി ലിസ്റ്റിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് പഠിക്കാൻ കമീഷനെ നിയോഗിച്ചതിന്റെ മേനി പറഞ്ഞ് മറുപക്ഷത്തെ നേരിയൊരളവിൽ സ്വാധീനിക്കാം. അങ്ങനെ ഒരു വെടിക്ക് പല പക്ഷികൾ. അതല്ലാതെ കമീഷന്റെയും പഠനത്തിന്റെയും കുറവ് ഇക്കാര്യത്തിലില്ല. രജീന്ദർ സച്ചാർ സമിതി (2006), രംഗനാഥ മിശ്ര കമീഷൻ (2007) പഠനങ്ങളും ദേശീയ ന്യൂനപക്ഷ കമീഷൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും (2008) വസ്തുതകൾ വിവരിച്ചുകഴിഞ്ഞതാണ്. യഥാർഥത്തിൽ അതിലേക്കൊന്നു കണ്ണോടിച്ചാൽ തെളിയുന്നതേയുള്ളൂ കാര്യങ്ങൾ.
മുസ്ലിംകളിൽ എട്ടു ശതമാനവും ക്രൈസ്തവരിൽ 23.5 ശതമാനവും ദലിതരെന്നാണ് പഠനം. ഗ്രാമീണരായ ദലിത് മുസ്ലിംകളിൽ 39.6 ശതമാനത്തോളം ദാരിദ്ര്യരേഖക്ക് താഴെ (ബി.പി.എൽ)യാണ്. നഗരപ്രദേശങ്ങളിലെ സ്ഥിതി നോക്കിയാൽ ബി.പി.എല്ലിനു താഴെയുള്ള ദലിത് മുസ്ലിംകൾ 46.8 ശതമാനം വരും. ദലിത് ക്രൈസ്തവരുടെ കാര്യത്തിൽ ഇത് യഥാക്രമം 30.1ഉം 32.3ഉം ശതമാനമാണ്. ഗ്രാമീണ മേഖലയിലെ 29.2ഉം നഗര മേഖലകളിലെ 41.4ഉം ശതമാനം മുസ്ലിംകൾ ബി.പി.എല്ലിനു താഴെയുള്ളവരാണ്. ക്രൈസ്തവരുടെ കാര്യത്തിലാകട്ടെ, ഇത് യഥാക്രമം 16.2ഉം 12.5ഉം ആണ്. മതപരിവർത്തനം കൊണ്ട് ദലിത് മുസ്ലിംകളുടെയോ ദലിത് ക്രൈസ്തവരുടെയോ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി മെച്ചപ്പെട്ടില്ലെന്നാണ് സച്ചാർ സമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ ദലിത് ജനസംഖ്യയുടെ 90 ശതമാനവും ഹിന്ദുക്കളാണ്. ദലിത് ക്രൈസ്തവരും ദലിത് മുസ്ലിംകളും ആകെ രണ്ടു ശതമാനത്തിൽ താഴെയാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ, നിലവിൽ പട്ടികയിൽ ഉള്ളവരുടെ അവസരം നഷ്ടപ്പെടുമെന്നാണ് സർക്കാർ കാണുന്നത്. 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയ സർക്കാർ തന്നെയാണ് ഇത്തരമൊരു നിലപാട് എടുക്കുന്നത്.
ദലിത് മുസ്ലിംകൾക്കും ദലിത് ക്രൈസ്തവർക്കും പട്ടികജാതി സംവരണാനുകൂല്യം നിഷേധിക്കുന്ന, മതം അടിസ്ഥാനമാക്കുന്ന, 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ് വിവേചനപരമാണോ എന്ന ഒറ്റ ചോദ്യം മാത്രമാണ് യഥാർഥത്തിൽ ഈ വിഷയത്തിൽ ഉള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 1950ലെ ഉത്തരവ് പ്രകാരം ഹിന്ദുമത വിശ്വാസികളിൽ നിന്നുള്ളവർക്ക് മാത്രമാണ് പട്ടികജാതി പദവിക്ക് അർഹത. ഈ വ്യവസ്ഥയിൽ 1956ലും 1990ലും നടത്തിയ ഭേദഗതികൾ പ്രകാരം മതപരിവർത്തനം നടത്തിയ സിഖ്, ബുദ്ധ മതവിശ്വാസികൾക്കു കൂടി പട്ടികജാതി പദവി ലഭിച്ചു. 1950ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും, പട്ടികജാതി പദവിക്ക് മതവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും രംഗനാഥ മിശ്ര കമീഷൻ ശിപാർശ ചെയ്തതാണ്. ദലിതരെയും ആദിവാസി-ഗോത്രവർഗ വിഭാഗക്കാരെയും മതം നോക്കാതെ പട്ടികജാതി/വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചിരുന്നു. 27 ശതമാനം ഒ.ബി.സി ക്വോട്ടയിൽ ന്യൂനപക്ഷങ്ങൾക്ക് 8.4 ശതമാനം ന്യൂനപക്ഷ ഉപസംവരണം, 15 ശതമാനം പട്ടികജാതി ക്വോട്ടയിൽ ദലിത് ന്യൂനപക്ഷ ഉപസംവരണം എന്നിവയും രംഗനാഥ മിശ്ര കമീഷൻ ശിപാർശ ചെയ്തു. പാർലമെന്റിൽ വെച്ച കമീഷൻ റിപ്പോർട്ടിൽ തുടർനടപടിയൊന്നും ഉണ്ടായില്ല.
ഇത്തരം പഠന-ശിപാർശകളെല്ലാം മാറ്റിവെച്ച് രൂപവത്കരിച്ച പുതിയ കമീഷന്റെ പരിഗണന വിഷയങ്ങൾ കേന്ദ്രസർക്കാറിന്റെ ഗൂഢലക്ഷ്യങ്ങൾ കൂടി പുറത്തുകൊണ്ടുവരുന്നുണ്ട്. നാലു പരിഗണന വിഷയങ്ങളാണ് വിജ്ഞാപനം മുന്നോട്ടുവെച്ചിട്ടുള്ളത്. 1. ഹിന്ദു-സിഖ്-ബുദ്ധ ഇതര മതങ്ങളിലേക്ക് മാറിയെങ്കിലും ചരിത്രപരമായി പട്ടികജാതിക്കാരാണെന്ന് അവകാശപ്പെടുന്നവർക്ക് പട്ടികജാതി പദവി അനുവദിക്കുന്ന വിഷയം പരിശോധിക്കുക. 2. നിലവിലുള്ള പട്ടികജാതി ലിസ്റ്റിൽ അത്തരക്കാരെ ചേർത്താൽ ഇപ്പോഴത്തെ പട്ടികജാതിക്കാർക്ക് ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിശോധിക്കുക. 3. മറ്റു മതങ്ങളിലേക്ക് മാറിയ പട്ടികജാതിക്കാർക്ക് ആചാരരീതികളിലും പാരമ്പര്യത്തിലും സാമൂഹികമായും സംഭവിച്ച മാറ്റം, വിവേചനം, അവസര നിഷേധം, പട്ടികജാതി പദവി നൽകിയാൽ അതിനൊക്കെ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ പരിശോധിക്കുക. 4. കമീഷന് ഉചിതമെന്ന് തോന്നുന്ന വിഷയങ്ങൾ കേന്ദ്രസർക്കാറിന്റെ അനുമതിക്കു വിധേയമായി പരിശോധിക്കുക. പട്ടികജാതി ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിനു പകരം, മാറ്റി നിർത്തലിന് കാരണംതേടുന്ന പഠനമായി ഇത് മാറിയെന്നുവരാം.
മുൻകാല കമീഷൻ ശിപാർശകൾക്ക് കടലാസ് വിലയാണ് ലഭിച്ചത്. കാലാവധി നീട്ടിയെടുക്കാനുള്ള കൗശലത്തിന്റെ സന്തതിയായി പിറന്ന പുതിയ കമീഷന്റെ നിർദേശങ്ങളെ സർക്കാർ സമീപിക്കുന്നത് രാഷ്ട്രീയ അജണ്ടകൾ മുൻനിർത്തി മാത്രമാവും. 18 വർഷമായി പരിഗണന കാത്തുകിടക്കുന്നതല്ലാതെ, ഹരജികൾ തീർപ്പാക്കാൻ സുപ്രീംകോടതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നു കൂട്ടിച്ചേർക്കാം. ദലിത് ക്രൈസ്തവർക്കും ദലിത് മുസ്ലിംകൾക്കും പട്ടികജാതി പദവി നൽകുന്നതിനെ എതിർക്കുന്ന ബി.ജെ.പിയും കേന്ദ്രസർക്കാറും ഉൾച്ചേർക്കലിനല്ല, പുറന്തള്ളലിന് കമീഷൻ റിപ്പോർട്ട് പ്രയോജനപ്പെടുത്താനാണ് വഴി. 'അന്യമതസ്ഥർ'ക്ക് സംവരണാനുകൂല്യങ്ങൾ നൽകുന്നത് ഹിന്ദുത്വരാഷ്ട്ര സിദ്ധാന്തങ്ങൾക്ക് എതിരാണെന്നിരിക്കെ, ബാലകൃഷ്ണൻ കമീഷന്റെ ചരിത്ര നിയോഗ പരിണതി ഇപ്പോൾതന്നെ ഊഹിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.