Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightടിക്കറ്റ് വേണ്ടാത്ത...

ടിക്കറ്റ് വേണ്ടാത്ത എം.പിമാർ

text_fields
bookmark_border
ടിക്കറ്റ് വേണ്ടാത്ത എം.പിമാർ
cancel


കന്യാകുമാരിയിൽ തുടങ്ങി 3500 കിലോമീറ്റർ പിന്തള്ളി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിനോട് അടുക്കുകയാണ്. താണ്ടുന്ന ദൂരത്തിനൊത്ത് താടിരോമങ്ങൾക്കും നീളം കൂടിക്കൂടി അദ്ദേഹം ഒരു രാഷ്ട്രീയ താപസനായി മാറിക്കഴിഞ്ഞു. രാഹുലിന്‍റെതന്നെ ഭാഷയിൽ പറഞ്ഞാൽ പഴയ രാഹുൽ ഗാന്ധി ഇപ്പോഴില്ല. ജനങ്ങളുടെ മനസ്സിലുള്ള തന്‍റെ പ്രതിച്ഛായയെ താൻതന്നെ കൊന്നുകളഞ്ഞു. ഉള്ളത് പുതിയ രാഹുൽ. അതേതായാലും, വടക്കേ ഇന്ത്യൻ കൊടുംതണുപ്പിൽ മുറിക്കൈയൻ ബനിയനിട്ട് രാഹുൽ നടത്തുന്ന പങ്കപ്പാട് കോൺഗ്രസിന്‍റെയും തന്‍റെയും പ്രതിച്ഛായയും സാധ്യതയും മെച്ചപ്പെടുത്താനാണ്. താടിരോമങ്ങളുടെ കരുത്തുറ്റ വളർച്ചാവേഗം പാർട്ടിക്കും ഉണ്ടായാൽ സംഗതി കസറും. രാഹുൽ പ്രതിച്ഛായ ഉടച്ചുവാർത്തു വരുന്ന നേരത്ത് പക്ഷേ, കേരളത്തിലെ ചില കോൺഗ്രസ് എം.പിമാർ പാർട്ടിയുടെ പ്രതിച്ഛായ കൊന്നു കളഞ്ഞു. അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്നാണ് അവരുടെ പ്രഖ്യാപനം. രാഹുൽ ഗാന്ധി കശ്മീരിലെത്താറായ നേരത്ത്, അദ്ദേഹംകൂടി പ്രതിനിധാനംചെയ്യുന്ന കേരളത്തിലെ നിരവധി കോൺഗ്രസ് എം.പിമാർ നടത്തിയ ഈ പ്രഖ്യാപനം കോൺഗ്രസിന് ഏൽപിച്ച പരിക്ക് മാരകം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺഗ്രസിന്‍റെ മാനംകാത്തത് കേരളമാണ്. രാഷ്ട്രീയ പ്രതിയോഗികളെ ഒറ്റ നമ്പറിലേക്കു ചുരുക്കി 19 യു.ഡി.എഫ് സ്ഥാനാർഥികളും ലോക്സഭയിലെത്തി. രാഹുൽ അമേത്തിയിൽ തോറ്റെങ്കിലും, ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹത കിട്ടിയില്ലെങ്കിലും, സീറ്റെണ്ണം 53ൽ എത്തി. അടുത്ത അങ്കം അടുക്കാറായപ്പോൾ ഇനി അങ്ങോട്ടില്ലെന്ന് ഒന്നിനു പിറകെ ഒന്നായി ഈ എം.പിമാർ പ്രഖ്യാപിച്ചാൽ എന്താണർഥം? ബി.ജെ.പിയെയും മോദിയെയും കീഴ്പെടുത്താനോ പ്രതിപക്ഷത്തെ മുന്നിൽനിന്ന് നയിക്കാനോ തൽക്കാലം കോൺഗ്രസിന് കെൽപില്ലെന്ന പ്രഖ്യാപനമായിപ്പോയി അത്. ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 30ന് ശ്രീനഗറിൽ എത്തി പിന്തുണ പ്രഖ്യാപിക്കാൻ രണ്ടു ഡസൻ പാർട്ടികളെ കോൺഗ്രസ് ക്ഷണിച്ച സന്ദർഭത്തിൽതന്നെയാണ് സ്വന്തം പാർട്ടിയോടുള്ള വിശ്വാസമില്ലായ്മ പുറത്തുവന്നത്.

കോൺഗ്രസ് എം.പിമാർതന്നെ കോൺഗ്രസിനെ ഇങ്ങനെ എഴുതിത്തള്ളിയാൽ? ഒരു സീറ്റിനുവേണ്ടി ഹൈകമാൻഡിനോട് യാചിക്കാൻ പലവട്ടം ഡൽഹിയിലെത്തി കാത്തുകെട്ടിക്കിടന്ന് ചരടുവലിച്ചവരൊക്കെയാണ് ലോക്സഭയിലേക്ക് ടിക്കറ്റ് വേണ്ടെന്ന് വിളിച്ചുപറയുന്നത്. ടിക്കറ്റ് വേണ്ടാത്തതിന്‍റെ കാരണം വോട്ടുചെയ്ത ജനങ്ങളോട് സത്യസന്ധമായി വിശദീകരിക്കാൻ അവർക്കു കഴിയുകയുമില്ല. എന്നാൽ, രാഷ്ട്രീയമായി അവരെ അലട്ടുന്നത് പലയിന ദഹനക്കേടുകളാണ്. അടുത്ത തവണയെങ്കിലും കേന്ദ്രമന്ത്രിസ്ഥാനമോ ഭരണാനുകൂല്യമോ കിട്ടുമോ എന്ന ആശങ്കതന്നെ വലിയ ദഹനക്കേട്. ലോക്സഭയിലാകട്ടെ, എഴുന്നേറ്റുനിന്ന് ഒരു ചോദ്യം നേരെചൊവ്വേ ഉന്നയിക്കാൻ സമയംപോലും അനുവദിച്ചുകിട്ടാത്ത സ്ഥിതിയാണിന്ന്. വീണ്ടും ബി.ജെ.പിയാണ് വരുന്നതെങ്കിൽ, നടുത്തളത്തിലിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യംമുഴക്കിയും സസ്പെൻഷൻ വാങ്ങിയും കാലം കഴിക്കാമെന്നു മാത്രം. പാപ്പരായിപ്പോയ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായാൽ തെരഞ്ഞെടുപ്പു ചെലവിന് വേറെ വഴിയെന്തെങ്കിലും സ്വന്തംനിലക്ക് കാണേണ്ടിവരും. പ്രചാരണത്തിന് ആളെയിറക്കണമെങ്കിലും അതുതന്നെ അവസ്ഥ.

ആർക്കും ടിക്കറ്റ് വേണ്ടാത്തത് ലോക്സഭയിലേക്കു മാത്രം. അതല്ലാതെ, ഇനിയൊരിക്കലും മത്സരിക്കാനില്ലെന്നോ സർവസംഗ പരിത്യാഗിയാകാൻ പോവുകയാണെന്നോ ആരും പ്രഖ്യാപിച്ചിട്ടില്ല. ഒരു വർഷത്തിനപ്പുറത്ത് നിൽക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പു വിട്ട് നാലു വർഷം അകലെ നിൽക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് അവരുടെ നിൽപ്. ദേശീയ രാഷ്ട്രീയമല്ല, സംസ്ഥാന രാഷ്ട്രീയമത്രെ പഥ്യം. അതാകുമ്പോൾ 10 വർഷത്തെ തുടർഭരണത്തോടുള്ള ജനവികാരത്തിന്‍റെ അകമ്പടിയോടെ കോൺഗ്രസ് അധികാരത്തിൽ വരാൻ സാധ്യത കൂടുതലുണ്ട്.

മന്ത്രിയാകാനുള്ള സാധ്യത വളർത്തിയെടുക്കുകയുമാകാം. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റു ചോദിക്കാനുള്ള ‘ക്ലെയിം’ തങ്ങൾക്ക് സ്വാഭാവികമായി വന്നുചേർന്നിട്ടുണ്ടെന്നും ഇവർ ഉറച്ചുവിശ്വസിക്കുന്നു. കാരണം, പല സിറ്റിങ് എം.എൽ.എമാരെയും രാജിവെപ്പിച്ചാണല്ലോ പാർട്ടി ലോക്സഭയിലേക്ക് പറഞ്ഞുവിട്ടത്. പരമാവധി പേർ പാർട്ടിക്ക് ലോക്സഭയിൽ വേണമെന്നതായിരുന്നു അന്നത്തെ ചിന്ത. അഞ്ചു വർഷത്തെ മോദിഭരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച ഒറ്റത്തവണത്തെ അപഭ്രംശമാണെന്നും കഴിയുന്നത്ര എം.പിമാരുണ്ടെങ്കിൽ ബദൽ സഖ്യസർക്കാറിനെ നയിക്കാനുള്ള അവകാശം സ്വാഭാവികമായും കോൺഗ്രസിൽ വന്നുചേരുമെന്നും ചിന്തിച്ച കാലം.

2019ലെ സഖ്യ സർക്കാറിൽ മന്ത്രിയാകുന്നത് ദിവാസ്വപ്നം കണ്ടത് കോൺഗ്രസുകാർ മാത്രമായിരുന്നില്ല. സംസ്ഥാന രാഷ്ട്രീയം മാത്രം നിയന്ത്രിക്കാൻ താൽപര്യപ്പെട്ട മുസ്‍ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തന്‍റെ ദേശീയ റോൾ സ്വയം ഏറ്റെടുത്ത് ലോക്സഭയിൽ എത്തി; വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപോയി. പിതാവിന്‍റെ അനുഗ്രഹവും പാലായുടെ ശിക്ഷയും ഏറ്റുവാങ്ങി കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി കോട്ടയത്തുനിന്ന് പുറപ്പെട്ട് പാലായിൽ തോറ്റ് രാജ്യസഭയിൽ എത്തിനിൽക്കുന്നത് മറ്റൊരു ചരിത്രം. പാർലമെന്‍റിൽ തൊണ്ടകീറുന്നതല്ലാതെ കോൺഗ്രസുകാർക്കും ഒരു നേട്ടവുമുണ്ടായില്ല. അടുത്ത ലോക്സഭയെക്കുറിച്ച് ചിന്തിച്ചാൽ നിരാശ; നിയമസഭയെക്കുറിച്ചായാൽ പ്രത്യാശ എന്നതാണ് ഇപ്പോൾ അവസ്ഥ. അതുകൊണ്ടാണ് ഒരു വർഷത്തിനുശേഷം വീണ്ടും കിട്ടിയേക്കാവുന്ന എം.പി സ്ഥാനം വേണ്ടെന്നുവെക്കാനും ഇനിയുമൊരു മൂന്നു വർഷം കാത്തിരിക്കാനുമുള്ള ക്ഷമ ഇവർക്ക് ഉണ്ടായിപ്പോകുന്നത്. ഇഷ്ടമില്ലാത്ത ലോക്സഭയിലേക്ക് മുമ്പ് പാർട്ടി നിർബന്ധിച്ച് മത്സരിപ്പിച്ചെങ്കിൽ, ഇനി പഴയ തട്ടകം പിടിച്ചുവാങ്ങാനുള്ള വെമ്പലിൽകൂടിയാണ് പലരും.

അത് പാർട്ടിയോടുള്ള അപരാധമാണോ എന്നു ചോദിച്ചാൽ, രാഷ്ട്രീയ പ്രവർത്തനം പദവികൾക്കു വേണ്ടിത്തന്നെയാണ് എന്നതാണ് സത്യസന്ധമായ മറുപടി. അതു കിട്ടിയവർ മതിവരാഞ്ഞ് കിട്ടാത്തവരെ ഉന്തിമാറ്റി പുതിയ ലാവണങ്ങൾക്ക് കരുനീക്കുന്നു. ദേശീയതലത്തിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിമാരേക്കാൾ കൂടുതലാണ് കേരളത്തിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിമാർ. പ്രധാനമന്ത്രി സ്ഥാനാർഥികൾ പല പാർട്ടിയിൽനിന്നാണ്. പക്ഷേ, ഒരു പാർട്ടിയിൽനിന്നുതന്നെയാണ് പല മുഖ്യമന്ത്രി സ്ഥാനാർഥികൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ എന്ന തർക്കം ബാക്കിനിന്നതിനിടയിൽ സി.പി.എമ്മിനു തുടർഭരണമായി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാം കൈവിട്ട മട്ടിൽ രമേശ് ചെന്നിത്തല. അനന്തരാവകാശം സ്ഥാപിച്ചുകിട്ടാൻ വി.ഡി. സതീശൻ. നൂലിൽ കെട്ടിയിറങ്ങാൻ കെ.സി. വേണുഗോപാൽ. സ്വയം പൊതുസമ്മതനായി ശശി തരൂർ. അനാരോഗ്യത്തിന്‍റെ ന്യൂനത മറികടക്കാൻ സുധാകരൻ എന്നുകൂടി പറഞ്ഞാൽ ഈ ചലച്ചിത്രത്തിന്‍റെ ഇടവേള വരെയെത്തി. ഇനിയും സമയമുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും കിടക്കുന്നു, വർഷം നാല്. കോട്ടുതയ്പിച്ച് ആർക്കും മുന്നോട്ടുവരാം. ബി.ജെ.പിയെയും സി.പി.എമ്മിനെയും കെട്ടുകെട്ടിക്കാൻ ഇങ്ങനെയെല്ലാം പണിയെടുക്കുന്നവർ പാർട്ടിയെ കുളിപ്പിച്ച് വെളുപ്പിക്കുമോ, കുളിപ്പിച്ചുകിടത്തുമോ? അതു തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസുകാരുടേതു മാത്രം.

sureshdelhi@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressBharath jodo yatra
News Summary - MPs who don't need tickets
Next Story