നൂറും പതിരും
text_fieldsഇന്ത്യ 100 കടത്തിവിട്ട രണ്ടു സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. കോവിഡ് വാക്സിൻ ശരീരത്തിൽ ചെന്നവരുടെ എണ്ണം 100 കോടി കവിഞ്ഞു. പെട്രോൾ വിലയും 100 കടന്നു. ആദ്യത്തെ സംഭവം വൻ ആഘോഷമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിൽതന്നെയുണ്ട്. അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് ആഹ്ലാദം പങ്കുവെച്ചു. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്കും കുത്തിവെപ്പ് എടുക്കുന്നവർക്കും ഇടയിൽ അദ്ദേഹം നിൽക്കുന്ന പടം വന്നു. പോരാഞ്ഞ്, പത്രങ്ങളിൽ അദ്ദേഹത്തിേൻറതായി നീണ്ട ലേഖനം. എങ്ങും മോദിയുടെ നിറസാന്നിധ്യം. മൊബൈൽ ഫോണിൽ ആരെയെങ്കിലും വിളിക്കുന്ന നേരത്ത് മാസങ്ങളായി കേട്ടുതഴമ്പിച്ച കോവിഡ് ജാഗ്രതാ ശബ്ദശകലംപോലും മാറ്റിക്കളഞ്ഞിരിക്കുന്നു. ഇന്ത്യ മുന്നേറുന്നുവെങ്കിൽ അഭിമാനപൂരിതമാകണം അന്തഃരംഗം എന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. പക്ഷേ, രണ്ടാമത്തെ 100നെക്കുറിച്ച് പ്രധാനമന്ത്രി ഇതുവരെ ഒന്നും പറഞ്ഞുകണ്ടില്ല. പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമെല്ലാം വിലയുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ്. അക്കാര്യത്തിൽ ജനങ്ങളുമായി വികാരം പങ്കുവെക്കുന്ന ഒരു ചിത്രമോ ലേഖനമോ അഭിസംബോധനയോ നാളിതുവരെ ഉണ്ടായിട്ടില്ല.
നമ്മുടെ പ്രധാനമന്ത്രി അങ്ങനെയാണ്. ഞെട്ടിക്കാനും സന്തോഷിക്കാനുമാണ് അദ്ദേഹം കളത്തിലിറങ്ങുക. മുമ്പ് നോട്ട് നിരോധിച്ച് ഞെട്ടിച്ചതു മുതൽ പറയാൻ പലതുമുണ്ട്. ജനങ്ങളുടെ ദുഃഖത്തിനും അമർഷത്തിനും മുന്നിൽ പ്രധാനമന്ത്രി മൗനിയായി പോകുന്നു. 100 കോടി പേരിലേക്ക് വാക്സിൻ എത്തിയപ്പോൾ സംരക്ഷകവേഷത്തിൽ ചാടിയിറങ്ങിയ നരേന്ദ്ര മോദിയെ കോവിഡ് രണ്ടാം തരംഗം രാജ്യതലസ്ഥാനമായ ഡൽഹിയെ അടക്കം പിടിച്ചുലച്ചപ്പോൾ കാൺമാനുണ്ടായിരുന്നില്ല. ജനത്തിെൻറ കാര്യം നിൽക്കട്ടെ; പ്രതിപക്ഷം അലറിവിളിച്ചിട്ടും അദ്ദേഹം പുറത്തുവന്നില്ല. പെട്രോളിെൻറ കാര്യത്തിലെന്നപോലെ ജനദുഃഖത്തിനു മുന്നിൽ അദ്ദേഹം മൗനിയായിപ്പോയതായിരിക്കണം. ലഖിംപുരിൽ കർഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകനും സംഘവും വാഹനമിടിച്ചുകയറ്റി നാലു പേരെ കൊന്ന സംഭവം നാടിനെ നടുക്കിയെങ്കിൽ, അതേക്കുറിച്ചും മോദിജി ഒന്നും പറഞ്ഞിട്ടില്ല. കൊലക്കേസിൽ പ്രതിയായ മകനെ സംരക്ഷിച്ച കേന്ദ്രമന്ത്രിയെ മാറ്റണമെന്ന ന്യായമായ മുറവിളികളും പ്രധാനമന്ത്രി കേട്ടിട്ടില്ല. ചുരുക്കം പറഞ്ഞാൽ, വേണ്ടാത്തത് കേൾക്കില്ല; സംരക്ഷകനാകാൻ കിട്ടുന്ന ഒരു ചാൻസും വെറുതെ കളയില്ല.
ശാസ്ത്രലോകത്തിനും ആരോഗ്യപ്രവർത്തകർക്കും സർക്കാർ സംവിധാനങ്ങൾക്കും സലാം. കോവിഡ് പ്രതിരോധത്തിലും വാക്സിൻ നിർമാണ, വിതരണത്തിലും അവരുടെ ശുഷ്കാന്തിക്കും അക്ഷീണ പ്രയത്നത്തിനും മാർക്ക് നൂറാണ്. ജനനായകർക്ക് പിഴച്ച പല സന്ദർഭങ്ങൾക്കിടയിലും കോവിഡ് പ്രതിരോധത്തിെൻറ ജീവനാഡിയായി പ്രവർത്തിച്ചത് അവരാണ്. കിണ്ണം കൊട്ടിച്ചും അശാസ്ത്രീയമായി പൂട്ടിയിട്ടും അന്തർസംസ്ഥാന തൊഴിലാളികളെ പലായനം ചെയ്യിച്ചും വാക്സിൻ ഇന്ത്യയേക്കാൾ മുേമ്പ മറ്റിടങ്ങളിലേക്ക് കയറ്റിവിട്ടും രണ്ടാംതരംഗക്കെടുതി വരുത്തിവെച്ചും ഓക്സിജൻ ക്ഷാമം അനുഭവിപ്പിച്ചും ശവം നദിയിൽ തള്ളിയുമെല്ലാമാണ് കോവിഡിനിടയിലൂടെ നായകർ നമ്മെ നയിച്ചത്. അതെല്ലാം പിന്നിട്ടശേഷമാണ് വാക്സിനേഷനിൽ സ്വാശ്രയ ഇന്ത്യ, സുരക്ഷിത ഇന്ത്യ എന്നൊക്കെ വിളമ്പുന്നത്. കോവിഡ് പ്രതിരോധത്തിൽ മറ്റു രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ മുന്നിലെത്തിയെന്ന് പ്രധാനമന്ത്രി മുെമ്പാരിക്കൽ അഭിമാനംകൊണ്ട് ദിവസങ്ങൾക്കകമാണ് രണ്ടാം തരംഗം ആഞ്ഞടിച്ച് എല്ലാം തകർത്തുതരിപ്പണമാക്കിയത്. അതുകൊണ്ട് മാസ്ക്ധാരികൾ ദീർഘനിശ്വാസം വിടാമോ എന്ന സംശയം ഇപ്പോഴും കൈവിട്ടിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിൽനിന്നും തൊഴിൽ, ജീവനോപാധിനഷ്ടത്തിൽനിന്നുമൊക്കെ രാജ്യം എന്നാണ് ഉയിർത്തെഴുന്നേൽക്കുകയെന്ന സമസ്യ, അതു വേറെയുമുണ്ട്.
100 കോടിയുടെ വെടിക്കെട്ട് എന്തായാലും, അതിൽ 31 കോടിയുടെ ശരീരത്തിൽ മാത്രമാണ് രണ്ടു ഡോസ് വാക്സിൻ ചെന്നത്. മുക്കാൽ പങ്കിനും രണ്ടാമത്തെ ഡോസ് ഇനി കിട്ടിയിട്ടു വേണമെന്നർഥം. ഈ രണ്ടു കണക്കിലുംപെടാത്ത 30 കോടി വേറെ പുറത്ത് കാത്തുനിൽപുണ്ട്. അവരിൽ നല്ല പങ്കും മോദി പറയുന്ന 'പുതിയ ഇന്ത്യ'യുടെ വാഗ്ദാനങ്ങളാകേണ്ടവരാണ്; 18 വയസ്സിൽ താഴെയുള്ളവർ. അവർക്ക് രണ്ടു വർഷമായി സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. അഥവാ, മോദി ഉയർത്തിവിടുന്ന അർമാദം ഉൾക്കൊള്ളാൻ രാജ്യം ഇനിയുമേറെ മുന്നോട്ടുപോകണം. അതുകൊണ്ടുതന്നെ, നൂറുകോടിയാഘോഷം അനവസരത്തിലാണ്. യഥാർഥത്തിൽ 100 കോടിയെന്ന ലക്ഷ്യം ഇന്ത്യ മാസങ്ങൾക്കുമുേമ്പ നേടേണ്ടതാണ്.
പ്രതിദിനം 50 ലക്ഷം ഡോസ് വാക്സിൻ എന്ന വേഗം ഏപ്രിൽ ഏഴിന് കൈവരിച്ചതായിരുന്നു. ആ വേഗം നിലനിർത്താൻ നമുക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. സർക്കാർ മാസങ്ങൾക്കുമുേമ്പ പ്രഖ്യാപിച്ചെങ്കിലും, ഈ വർഷാവസാനത്തോടെ 18 കഴിഞ്ഞ എല്ലാവർക്കും രണ്ടു ഡോസ് വാക്സിൻ കൊടുത്തുതീർക്കാൻ കഴിയില്ലെന്ന യാഥാർഥ്യവും ഇതിനൊപ്പമുണ്ട്. വാക്സിൻ നിർമാണ വേഗവും കുത്തിവെപ്പ് വേഗവും കണക്കിലെടുത്താൻ നവംബർ, ഡിസംബർ പിന്നിട്ട് വീണ്ടും പല മാസങ്ങൾ ഇതിനു വേണ്ടിവരുമെന്നതാണ് സ്ഥിതി. വാക്സിെൻറ കാര്യത്തിൽ ഇന്ത്യയുടെ ശാസ്ത്രനേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി പരിധിവിട്ട സ്വാശ്രയ അവകാശവാദമാണ് എടുത്തിട്ടതെന്നുകൂടി കൂട്ടിച്ചേർക്കാം. ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്സിനിൽ 88 ശതമാനവും കോവിഷീൽഡാണ്. അത് ബ്രിട്ടീഷ് സംഭാവനയാണ്.
വാക്സിൻ സമാഹരണത്തിെൻറയും വിതരണത്തിെൻറയും ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിട്ട് കൈകഴുകാനാണ് നമ്മുടെ പ്രധാനമന്ത്രി തുടക്കത്തിൽ ശ്രമിച്ചതെന്ന കാര്യംകൂടി ഓർക്കാൻ പറ്റിയ സമയമാണിത്. പലവിധ സമ്മർദങ്ങൾക്കൊടുവിലാണ് ആ ചുമതല കേന്ദ്ര സർക്കാർ തിരിച്ചെടുത്തത്. വാക്സിനിൽ 75 ശതമാനം സർക്കാർ ആശുപത്രികൾക്കും 25 ശതമാനം സ്വകാര്യ ആശുപത്രികൾക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വൈറസിന് വലുപ്പച്ചെറുപ്പമില്ലാത്തതുപോലെ, വി.ഐ.പി സംസ്കാരമില്ലാതെയാണ് എവിടെയും വാക്സിൻ വിതരണം നടക്കുന്നതെന്ന് അദ്ദേഹം ഇന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
വാക്സിൻ എടുത്ത 100 കോടി പേർ രാജ്യത്തുള്ളതുകൊണ്ട്, ഇതിനകം അനുഭവപരിചയം വന്നവർക്കാണ് ചിരിയും അമർഷവും അടക്കി അതേക്കുറിച്ച് കൂടുതൽ പറയാനുണ്ടാവുക. അതൊക്കെയും അവഗണിച്ച് ആളുകൾ വാക്സിൻ എടുക്കുന്നത് ജീവഭയംകൊണ്ടാണ്, കുടുംബസുരക്ഷ ഓർത്താണ്. ഒരർഥത്തിൽ ആ ഉൾഭയത്തിെൻറ കണ്ണാടികൂടിയാണ് 100 കോടി. അതിെൻറ മുന്നിൽക്കയറിനിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷകനായി ചമയുന്നത്; കോവിൻ പോർട്ടലിലും വാക്സിൻ സർട്ടിഫിക്കറ്റിലുമെല്ലാം സ്വന്തം ഫോട്ടോ പതിക്കുന്നത്; വലിയ വാക്സിൻ ടാർഗറ്റ് വെച്ച് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്നത്. കെട്ടുകാഴ്ചകൾക്കപ്പുറം, അതാണ് പച്ചയായ യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.