നാവരിഞ്ഞ് മുന്നോട്ട്
text_fieldsഓർമകൾ ഉണ്ടായിരിക്കണം. നമ്മളങ്ങനെ കാറോടിച്ചു പോവുകയാണ്. ഒരു പട്ടിക്കുട്ടി ചക്രത്തിനടിയിൽ പെടുന്നു. എന്തു വികാരമാണ് ഉണ്ടാവുക? വണ്ടി പിന്നെയും നിർത്താതെ ഓടിച്ചു പോകുേമ്പാൾ ഉണ്ടായേക്കാവുന്ന വികാരത്തെക്കുറിച്ച് മുെമ്പാരിക്കൽ ഓർമിപ്പിച്ചിട്ടുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിലെ ലഖിംപുരിൽ ചക്രത്തിനടിയിൽപെട്ടത് നാലു കർഷകരാണ്. ചോരയൊലിച്ച പട്ടിക്കുട്ടിയോട് തോന്നാവുന്ന വികാരമെങ്കിലും ആ കർഷകരോട് കേന്ദ്രഭരണത്തിലുള്ള ആരും ഇതുവരെ പ്രകടിപ്പിച്ചു കണ്ടില്ല. ആദ്യ സംഭവത്തിൽ പട്ടിക്കുട്ടിക്കു മുന്നിൽ ബ്രേക്കിടാതെ തന്നെ കഥാനായകൻ ഓടിച്ചു പോവുകയാണ് ഉണ്ടായത്. രണ്ടാമത്തെ സംഭവം അങ്ങനെയുമല്ല. കർഷകരുടെ മേൽ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. മന്ത്രിക്ക് കരിങ്കൊടി കാട്ടാനിറങ്ങിയ കർഷകരോടുള്ള കലിപ്പായിരുന്നു അത്. ഇൗ കൊലയാളി സംഘത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ഉണ്ടായിരുന്നു. കർഷകർക്കു നേരെ വെടിവെച്ചതു കണ്ടവരുണ്ട്. മന്ത്രിമാർക്ക് അകമ്പടി പോയി തിരിച്ചുവന്ന മൂന്നു വാഹനങ്ങളിലൊന്ന് മന്ത്രിയുടേതു തന്നെയാണ്. എന്നിട്ടെന്തു സംഭവിച്ചു?
നടക്കുന്നത് ഇന്ത്യയിൽ തന്നെയോ എന്ന് ജനം അന്തിച്ചുനിൽക്കേ, കൊലക്കേസ് പ്രതിയെ പല ദിവസങ്ങളിലേക്ക് പൊലീസ് അന്വേഷിച്ചതുതന്നെയില്ല. അവർ തിരക്കിലായിരുന്നുവത്രേ. ഇതെന്ത് ഏർപ്പാടാണെന്ന് സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി ചോദിച്ചപ്പോഴാണ് പൊലീസ് അനങ്ങിയത്. മന്ത്രിയുടെയും പുത്രെൻറയും വസതിക്കു മുന്നിൽ ഭവ്യതയോടെ സമൻസ് പതിച്ചു. ചില കാര്യങ്ങൾ ചോദിച്ചറിയാൻ പിറ്റേന്ന് സ്റ്റേഷനിൽ വരണമെന്ന ആ നിർദേശത്തോട്, സൗകര്യപ്പെടില്ല എന്ന് മന്ത്രി പുത്രൻ മറുപടി പറഞ്ഞില്ല. സുഖമില്ലാത്തതിനാൽ ഇന്ന് പറ്റില്ല, നാളെ മാത്രമേ വരൂ എന്ന മറുപടി പറഞ്ഞത് പ്രതിയല്ല, ആഭ്യന്തര സഹമന്ത്രിതന്നെയാണ്. കോടതിയെ പേടിച്ച് പൊലീസ് രണ്ടാമതും സമൻസ് പതിച്ചു. കൊലക്കേസ് പ്രതിക്ക് നോട്ടീസ് അയച്ചു കാത്തിരിക്കുകയാണോ, െചന്നു പിടികൂടുകയാണോ വേണ്ടതെന്ന ചോദ്യം ഉയർത്തിയതും സുപ്രീംകോടതി തന്നെ.
കേന്ദ്രമന്ത്രിയുടെ മകനെ പൊലീസ് എങ്ങനെ ചോദ്യം ചെയ്തു, പാലും പഴവും കൊടുത്താണോ എന്ന് സംശയിക്കുകപോലും വേണ്ട. മകൻ നിരപരാധിയാണെന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നും മന്ത്രിതന്നെ മുൻകൂർ പറഞ്ഞിരിക്കേ, അയാളെ നിയമത്തിന് വിട്ടുകൊടുക്കാത്ത പഴുതുകളാവും പൊലീസും ഭരണകൂടവും ചികയുന്നത്. ബാക്കിയെല്ലാം കെട്ടുകാഴ്ച. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളിൽ പൊലീസ് പ്രതിയെ തെരയാതിരുന്നാൽ ഭാഗ്യം. കൊലക്കേസ് പ്രതിയായ മന്ത്രിപുത്രന് ഈ പരിഗണനയാണെങ്കിൽ, മന്ത്രി രാജിവെക്കണമെന്ന മുറവിളി എവിടെയെത്താൻ? ജനത്തെ പരിഹസിക്കാതെ തൽക്കാലത്തേക്കെങ്കിലും ഉൾവലിഞ്ഞു നിൽക്കണമെന്നുപോലും അദ്ദേഹത്തിനു തോന്നിയില്ല. മന്ത്രാലയത്തിലെത്തി, ആഭ്യന്തര മന്ത്രി അമിത്ഷായെ ചെന്നു കണ്ടു. സർക്കാർ ചടങ്ങിൽ പങ്കെടുത്തു. യു.പിയിൽ മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പു നടക്കാൻ പോകുന്നതു മുന്നിൽക്കണ്ടാണ് മന്ത്രിസഭയിൽ എടുത്തതെങ്കിൽ, അജയ് മിശ്ര അവിടെത്തന്നെ ഉണ്ടാകും.
മറ്റൊന്നു സംഭവിച്ചു. വരുൺ ഗാന്ധിേയയും മാതാവ് േമനക ഗാന്ധിയേയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽനിന്ന് പുറന്തള്ളി. ക്രൂരവും ദാരുണവുമായ സംഭവത്തിൽ പ്രധാനമന്ത്രി അടക്കം തികഞ്ഞ മൗനം പാലിക്കുന്നതിനിടയിൽ, കർഷകരുടെ മേൽ വണ്ടി ഓടിച്ചു കയറ്റുന്ന വിഡിയോ ചിത്രം 'ആത്മാവ് ഉലയ്ക്കുന്നു'വെന്ന കുറിപ്പോടെ വരുൺ ഗാന്ധി പങ്കുവെച്ചിരുന്നു. കുറെനാളായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലുമാണ്. രണ്ടും ചേർത്തായിരുന്നു പുറന്തള്ളൽ.
ആ വിദ്വേഷ പ്രസംഗകൻ സഹതാപം അർഹിക്കുന്നുണ്ടോ എന്നതു വേറെ കാര്യം. ഏതായാലും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഒരു ചുമതലയും ആവശ്യമില്ലെന്ന വെളിപാടാണ് തെക്ക് ശോഭ സുരേന്ദ്രനും വടക്ക് വരുൺ ഗാന്ധിക്കും ഒരുപോലെ ഉണ്ടായിരിക്കുന്നത്. തന്നെ പൂജിക്കാത്തവരെ ചുട്ടുകൊല്ലുമെന്ന് പേടിപ്പിച്ചു ഭരിച്ച ഹിരണ്യകശിപു ഒടുവിൽ എന്തായെന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട്, ശോഭ ഫേസ്ബുക്കിൽ. ആ ചോദ്യം ശോഭയുടേതോ വരുണിേൻറതോ സുബ്രഹ്മണ്യൻ സാമിയുടേതോ മാത്രമാകാൻ ഇടയില്ല. വേദികളിലെ വായ്ത്താരിക്കപ്പുറം, ഗൗരവെപ്പട്ട സംഭവങ്ങളും ചോദ്യങ്ങളും വരുേമ്പാൾ മൗനം ഭൂഷണമാക്കുന്ന കാലത്താണ് ചോദ്യമെന്നു മാത്രം.
ലഖിംപുരിലെ കർഷകർ എങ്ങനെ മന്ത്രിക്കെതിരായി? മോദിസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു അവർ. അവരെയൊക്കെ വേണമെങ്കിൽ ഒരു മിനിട്ടു കൊണ്ട വരച്ച വരയിൽ നിർത്താവുന്നതേയുള്ളൂ എന്ന മന്ത്രി അജയ് മിശ്രയുടെ പ്രസംഗം കർഷകരുടെ പ്രതിഷേധം ഇരട്ടിപ്പിച്ചു. മന്ത്രിക്ക് കരിങ്കൊടി കാട്ടാൻ അവർ ഇറങ്ങി. കരിങ്കൊടിക്കും കർഷകർക്കും മേൽ ചക്രം കയറ്റിയിറക്കി ചോര തെറിപ്പിച്ച് വാഹനം പാഞ്ഞുപോയി. ഇത്രയുമാണ് സംഭവിച്ചത്. ആരുടെയും ഉള്ളുലക്കുന്ന ഈ സംഭവത്തിൽ ഇരകൾക്കൊപ്പമല്ല, കൊലയാളികൾക്കൊപ്പമാണ് ഭരണകൂടമെന്നാണ് പിന്നീടുള്ള ദിവസങ്ങൾ തെളിയിച്ചത്. സാന്ത്വനിപ്പിക്കാൻ ആരും കടന്നു ചെന്നില്ല. രാഷ്ട്രീയം എന്തുമാകട്ടെ, അതിനു താൽപര്യപ്പെട്ടവരെ, ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രിമാരെപ്പോലും അങ്ങോട്ട് കടത്തിവിട്ടില്ല. മനുഷ്യന് സംരക്ഷണവും സാന്ത്വനവും നൽകാൻ ഭരണകൂടം ഇല്ലാതാകുന്ന ഈ ദുരവസ്ഥയല്ല ജനാധിപത്യം. ജനത്തിെൻറയും ഭരണഘടനാ പുസ്തകത്തിെൻറയും വികാരം ചവിട്ടി മെതിച്ച് ഭരിക്കുന്നവർ, തെരഞ്ഞെടുപ്പു കാലത്ത് കർഷകരുടെ വെറുപ്പും പ്രതിഷേധവും വർഗീയ, വിഭജന പ്രമേയങ്ങൾ കൊണ്ട് മറികടക്കാമെന്ന് ചിന്തിക്കുന്നു.
കാർഷിക നിയമങ്ങൾ കോടതി ഇടപെടലിലൂടെ മരവിപ്പിക്കേണ്ടി വന്നിട്ടോ, ഒരു വർഷമായി കർഷകർ സമരം ചെയ്തിട്ടോ സർക്കാറിൽ മനം മാറ്റമുണ്ടാകാത്തത് കർഷകരെ രക്ഷിക്കണമെന്ന ഒറ്റച്ചിന്ത കൊണ്ടാണോ? പരിഹാസച്ചിരിയാവും എല്ലാവരുടെയും മറുപടി. കർഷകക്ഷേമം പറയുകയും കോർപറേറ്റുകൾക്കു വിളമ്പുകയുമാണ് ചെയ്യുന്നത്.
എയർ ഇന്ത്യ വിൽപന ഏറ്റവും പുതിയ ഉദാഹരണം. അത് നടത്തിക്കൊണ്ടു പോകാൻ ടാറ്റക്കുള്ള മിടുക്കിനെക്കുറിച്ച് സംശയം വേണ്ട. എന്നാൽ, ഗവൺമെൻറ് ഓഫ് ഇന്ത്യ എന്ന ബൃഹദ്സംവിധാനം അതിനു കഴിയാതെ തോറ്റെന്ന ഭാവത്തിൽ കിതപ്പും മടുപ്പും കാണിക്കുന്നതിനെ സംശയിക്കുകതന്നെ വേണം. കേന്ദ്രസർക്കാറിനേക്കാൾ വലുതല്ല ടാറ്റ, അംബാനി, അദാനിമാർ. അവർക്കെല്ലാം ഓരോന്ന് എഴുതിക്കൊടുക്കാൻ ഭാരിച്ച കടത്തിെൻറയും പിടിപ്പുകേടിെൻറയും കഥ നിരത്തുന്നുവെന്നു മാത്രം. വിറ്റു തുലയ്ക്കാനല്ല, മെച്ചപ്പെടുത്താനാണ് സർക്കാർ. ടാറ്റക്ക് ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാൻ കഴിയുന്ന ഒരു സ്ഥാപനത്തിെൻറ കാര്യത്തിൽ, ഇത്രമേൽ സംവിധാനങ്ങളുള്ള ഒരു രാജ്യത്തിെൻറ ഭരണകർത്താക്കൾ തോറ്റു പിന്മാറുന്നത് എന്തുകൊണ്ടാണ്? കാപട്യം നിറഞ്ഞ ആഖ്യാനം മാത്രമാണത്.
രാജ്യത്തിെൻറ പൊതുസ്വത്ത് ഓരോന്നായി കിട്ടുന്ന വിലക്ക് കോർപറേറ്റുകൾക്ക് സംഭാവന ചെയ്യുന്നതിനെയാണ് ഇപ്പോൾ മെച്ചപ്പെട്ട ഭരണമെന്ന് വ്യാഖ്യാനിക്കുന്നത്. സ്വകാര്യ മേഖലക്ക് കഴിയുന്നത് ഇന്ത്യൻ സർക്കാർ ചെയ്യാത്ത വൈപരീത്യത്തെ 'പുതിയ ഇന്ത്യ'യെന്നു പേരിട്ടു വിളിക്കുകയാണ്. എയർ ഇന്ത്യയെ ദേശസാൽക്കരിച്ചത് രാജ്യത്തിെൻറ അഭിമാനവും പൊതുസ്വത്തുമായി അതിനെ കാണാനുള്ള ജനാഭിലാഷം കൊണ്ടാണ്. പൊതുമേഖല സ്ഥാപനങ്ങളും വിമാനത്താവളങ്ങളുമൊക്കെ സ്വകാര്യമേഖലക്ക് കൈമാറുേമ്പാൾ രാജ്യം ദരിദ്രമാവുകയും കോർപറേറ്റുകൾ തടിച്ചു കൊഴുക്കുകയുമാണ് സംഭവിക്കുന്നത്. നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ഉള്ളപ്പോൾ പാർലമെൻറ് മന്ദിരം പണിയുന്നത് ടാറ്റയാണ്. വ്യോമയാന അതോറിട്ടിയെ തള്ളിമാറ്റി പല വിമാനത്താവളങ്ങളും അദാനി കൈയടക്കി. എല്ലുന്തിയ ബി.എസ്.എൻ.എല്ലിനെ നോക്കുകുത്തിയായി അംബാനിയുടെ ശൃംഖല പന്തലിക്കുന്നു. കർഷകെൻറ ഉൽപന്നങ്ങൾക്ക് െമച്ചപ്പെട്ട വിപണന സൗകര്യമൊരുക്കേണ്ട സർക്കാർ, കാർഷിക നിയമങ്ങളുണ്ടാക്കി കർഷകനെ കോർപറേറ്റുകളുടെ ഔദാര്യം യാചിക്കാൻ എറിഞ്ഞു കൊടുക്കുന്നു.
കോർപറേറ്റുകൾ മോദിയുടെയും മോദി കോർപറേറ്റുകളുടെയും സ്വന്തമായിക്കഴിഞ്ഞു. ആ കൂട്ടുകച്ചവടത്തിന് പ്രശ്നമുണ്ടാകാത്ത കാലത്തോളം കോർപറേറ്റുകൾ മോദിയെ താലോലിക്കും. കർഷകെൻറമേൽ ചക്രം കയറുന്നതോ, പ്രതിപക്ഷത്തിെൻറ നേർക്കു മേക്കിട്ടുകയറുന്നതോ ആരും ഗൗനിക്കില്ലെന്നുവരും. ഈ പോക്കിന് തടയിടാൻ ചിതറിപ്പോയ പ്രതിപക്ഷത്തിനുണ്ടോ കെൽപ്? അടിത്തറ കെട്ടാതെ, രാഹുൽ ടവറും മമത ടവറുമൊക്കെ ഭാവനയിൽ പണിതുകൊണ്ടിരിക്കുകയാണ് അവർ. ആ ദുര്യോഗം കൂടി കർഷകനും തൊഴിലാളിയും ജനാധിപത്യവുമെല്ലാം അനുഭവിച്ചു തീർക്കുന്നുവെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.