രാഹുലോ മമതയോ; ആര് ജയിക്കും?
text_fieldsപേരും സ്വഭാവവും തമ്മിൽ ചേർച്ച പോരാ. മമതയെന്നാണ് പേര്. പെൺപുലിയെന്നാണ് ചൊല്ല്. തികഞ്ഞ പോരാളി. വംഗനാടിെൻറ മനസ്സ് കീഴടക്കാൻ മമത ബാനർജിക്ക് കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്. കോൺഗ്രസിലായിരിക്കുമ്പോഴും തൃണമൂൽ കോൺഗ്രസ് വളർത്തുമ്പോഴും പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി തുടരുമ്പോഴും ശൗര്യമാണ് മമതയുടെ മുഖം. വള്ളിച്ചെരിപ്പിെൻറ ലാളിത്യവും ചിത്രകാരിയുടെ മനസ്സും സിംഗൂരിലെ സമരവീര്യവുമെല്ലാം ഒത്തുചേർന്ന രാഷ്ട്രീയ നേതാവ്.
കോൺഗ്രസിനെയും സി.പി.എമ്മിനെയും ബി.ജെ.പിയെയും തറപറ്റിച്ച ചരിത്രമുള്ള അജയ്യതയാണ് ഇന്നത്തെ മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടും കൊമ്പുകോർക്കാൻ കെൽപുള്ള ആരുണ്ട് ഇന്നാട്ടിൽ എന്ന ചോദ്യത്തിന്, ഞാനുണ്ട് എന്ന് തറപ്പിച്ചുപറയുന്ന പെൺപോരിമ. പശ്ചിമ ബംഗാൾ ഭരണം ഉള്ളംകൈയിലാക്കിയ മമത ഇപ്പോൾ പ്രധാനമന്ത്രി കസേരയിലേക്ക് കണ്ണെറിഞ്ഞാണ് നിൽപ്. മോദിയെ തോൽപിക്കാനുള്ള പോരാട്ടത്തിൽ ആര് ആരെയാണ് കീഴ്പ്പെടുത്തുക? മമത, രാഹുൽ ഗാന്ധിയെയോ, രാഹുൽ, മമതയെയോ? അതല്ല, പ്രതിപക്ഷത്തെ ഈ പോരിനിടയിൽ രണ്ടുപേരെയും മറിച്ചിട്ട് മോദി 2024ലും ഭരണം കൈയടക്കുമോ? ആ ചോദ്യങ്ങൾക്കു മുന്നിലാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയം.
പശ്ചിമബംഗാളിൽനിന്ന് തൃണമൂൽ കോൺഗ്രസിെൻറ വേരുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പടരുന്നുണ്ട്. ത്രിപുരയിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വേരോട്ടം നേടിയിട്ടുണ്ട്. മേഘാലയയിൽ രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മയടക്കം 12 എം.എൽ.എമാർ കോൺഗ്രസ് പിളർത്തി തൃണമൂൽ കോൺഗ്രസിലെത്തി. ബി.ജെ.പിയിൽ ചേരാനും കോൺഗ്രസിൽ തുടരാനും താൽപര്യമില്ലാത്ത ഗോവയിലെയും ബിഹാറിലെയും ഝാർഖണ്ഡിലെയുമൊക്കെ ഏതാനും പ്രമുഖ നേതാക്കളും അടുത്തകാലത്ത് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ബി.ജെ.പിയെയും കോൺഗ്രസിനെയുമൊക്കെ വിട്ട്, രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മമതക്കൊപ്പമാണ്. യാഥാർഥ്യമായിട്ടില്ലെങ്കിലും, കേരളത്തിലുമുണ്ട് മമതയുള്ള ചിന്തകൾ.
പണമെറിഞ്ഞും വല വീശിയും ഭരണം ഉപയോഗിച്ചുമെല്ലാം തൃണമൂൽ കോൺഗ്രസിനെ കെട്ടുകെട്ടിക്കാൻ പശ്ചിമബംഗാളിൽ ഇറങ്ങിയ മോദി, അമിത് ഷാമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മുട്ടുകുത്തിയെന്നു മാത്രമല്ല, ബി.ജെ.പിക്കൊപ്പംപോയ പല പ്രമുഖരും ആയുധംവെച്ചു കീഴടങ്ങി തൃണമൂലിൽ തിരിച്ചെത്തി. പശ്ചിമ ബംഗാളിൽ കോൺഗ്രസുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്, സി.പി.എം ഉണ്ടോ എന്നു ചോദിച്ചാൽ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നതാണ് സ്ഥിതി. ഇതെല്ലാം സാധിച്ച താൻപോരിമയോടെയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്ക് ചാടിവീഴുന്നത്.
മമത ഈയിടെ ഡൽഹിയിലെത്തിയത് ഭരണപരമായ കാര്യങ്ങൾക്ക് മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയിലെ നിത്യ അതൃപ്തൻ സുബ്രഹ്മണ്യൻ സ്വാമിയെയും കണ്ടതിനേക്കാൾ, സോണിയ ഗാന്ധിയെ കാണാൻ കൂട്ടാക്കിയില്ല എന്നതാണ് പ്രധാനം.
ഡൽഹിയിൽ വരുമ്പോഴെല്ലാം ചെന്നുകാണാൻ അതെന്താ, വല്ല ഭരണഘടന പദവിയോ മറ്റോ ആണോ എന്നാണ് ചോദിച്ചത്. ഡൽഹിയിൽ വരുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണുന്ന പതിവ് അവിടെ തെറ്റി. ഭരണഘടന പദവിയൊന്നും വഹിക്കുന്നില്ലെങ്കിലും എൻ.സി.പി നേതാവ് ശരദ് പവാറിനെയും മറ്റും ചെന്നുകണ്ടതാണ് പിന്നത്തെ കാഴ്ച. പ്രതിപക്ഷ നേതൃസ്ഥാനത്തിന് കോൺഗ്രസിനുള്ള അർഹത പവാറിെൻറ സാന്നിധ്യത്തിൽ മമത ചോദ്യം ചെയ്തു. വിദേശത്തിരുന്ന് പ്രതിപക്ഷ നേതാവാകാൻ കഴിയില്ലെന്ന പരാമർശത്തോടെ രാഹുൽ ഗാന്ധിയെ കുത്തി.
ഏതു യു.പി.എ, അത്തരത്തിലൊന്ന് ഇന്ന് പ്രവർത്തിക്കുന്നില്ലെന്നും മമത തുറന്നടിച്ചു. തൊട്ടുപിന്നാലെ വന്നു, പ്രശാന്ത് കിഷോറിെൻറ വക.
കഴിഞ്ഞ 10 വർഷത്തിനിടയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ 90 ശതമാനത്തിലും തോറ്റ കോൺഗ്രസിെൻറ നേതൃസ്ഥാനം ഏതെങ്കിലും വ്യക്തിയുടെ ദിവ്യമായ അവകാശമൊന്നുമല്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തിയപാടേ രാഹുൽ ഗാന്ധി വെള്ളിയാഴ്ച വാർത്തസമ്മേളനം നടത്തിയത് ഈ അടിയുടെ ചൂടുകൊണ്ടാണോ എന്ന് വ്യക്തമല്ല. പ്രതിപക്ഷത്തു തന്നെ ശക്തരായ പ്രതിയോഗിയുണ്ടെന്നുവരുന്നത് അതിശക്തരെന്ന് കരുതുന്നവരെ ഉണർത്താൻ സഹായിക്കും. മോദി സർക്കാറിെൻറ കർഷക ദ്രോഹം പാർലമെൻറിൽ തുറന്നുകാട്ടാൻ, സമരത്തിൽ മരിച്ച കർഷകരുടെ പട്ടികയുമായി തിങ്കളാഴ്ച ലോക്സഭയിലേക്ക് പുറപ്പെടുമെന്ന പ്രഖ്യാപനമാണ് രാഹുൽ നടത്തിയത്. കോൺഗ്രസിെൻറ അധ്യക്ഷസ്ഥാനം രാഹുലിന് ഏറ്റെടുക്കാതിരിക്കാം. എന്നാൽ, പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് വിട്ടുകളയാൻ പറ്റില്ല.
ഉറക്കം തൂങ്ങിയിരുന്നാൽ അതു സംഭവിച്ചേക്കുമെന്ന മുന്നറിയിപ്പ് നെഹ്റു കുടുംബത്തിനുമുന്നിൽ പണ്ടേ എത്തിയതാണ്. പാർട്ടിയിൽ സമഗ്ര അഴിച്ചുപണി നടത്തുകയും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ മുന്നിട്ടിറങ്ങുകയും വേണമെന്നാണ് ജി 23 എന്ന 'വിമത' സംഘം സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്. രണ്ടും സംഭവിച്ചോ എന്നു ചോദിച്ചാൽ, ഒന്നും സംഭവിച്ചില്ല എന്നു പറയാനാവില്ലെന്നുമാത്രം. സംഘടന തെരഞ്ഞെടുപ്പ് ഒരുവർഷം നീളുന്ന പരിപാടിയാക്കി പ്രഖ്യാപിച്ച് സമയം നീട്ടിയെടുത്തു. പ്രതിപക്ഷത്തെ ഐക്യശ്രമങ്ങളുടെ ഭാഗമായി, സഹകരിക്കുന്ന പാർട്ടികളെ സംഘടിപ്പിച്ച് ഇടക്കിടെ വിവിധ വിഷയങ്ങളിൽ സംയുക്ത പ്രസ്താവനകൾ ഇറക്കുന്നുണ്ട്. രണ്ടു ഡസൻ വരുന്ന ഈ പാർട്ടികളുടെ കൂട്ടത്തിൽ മായാവതിയുടെ ബി.എസ്.പിയെ കാണാറില്ല. ആം ആദ്മി പാർട്ടിയെ വല്ലപ്പോഴും കാണാം. ഇനിയിപ്പോൾ തൃണമൂൽ കോൺഗ്രസിനെ കാണാതെ വരുമോ എന്ന് പറയാനാവില്ല. യു.പി തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരണമില്ലെന്ന് മായാവതി പ്രത്യേകം പറയേണ്ടതില്ല.
അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ടി പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. എല്ലാം ചേർത്തുവെച്ചുനോക്കിയാൽ പ്രതിപക്ഷ ഐക്യമെന്നൊക്കെ പറയുന്നത് കടലാസ് പുലിയാണ്. അതുകണ്ടിട്ടുള്ള മടുപ്പിനും നിരാശക്കുമപ്പുറം, സാധ്യതയുടെ കലയാണ് മമത പുറത്തെടുക്കുന്നത്. സോണിയ കഴിഞ്ഞ് രാഹുൽ, രാഹുലിന് മടുത്താൽ പ്രിയങ്ക എന്ന മട്ടിൽ വിട്ടുകൊടുക്കാതെ വിവിധ പ്രാദേശിക പാർട്ടികളുടെ പിന്തുണ സ്വന്തംനിലക്ക് നേടിയെടുക്കാനാണ് മമതയുടെ ശ്രമം. മമത മുന്നിൽനിന്ന് ശരദ്പവാർ, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, നവീൻ പട്നായിക്, ചന്ദ്രശേഖരറാവു, അരവിന്ദ് കെജ്രിവാൾ എന്നിങ്ങനെ പ്രാദേശിക കക്ഷിനേതാക്കളുടെ പിന്തുണ സമാഹരിച്ച് മൂന്നാംചേരി ശക്തിപ്പെട്ടാൽ കോൺഗ്രസിന് ആത്യന്തികമായി പിന്തുണക്കേണ്ടി വരും.
പശ്ചിമബംഗാളിൽ തൃണമൂലും കേരളത്തിൽ കോൺഗ്രസും വർഗശത്രുക്കളായ സി.പി.എം എന്തുചെയ്യുമെന്ന ക്രമപ്രശ്നം, അതു വേറെ നിൽക്കട്ടെ. ഇങ്ങനെ കോൺഗ്രസിനെയും രാഹുലിനെയും വകഞ്ഞുമാറ്റി ദേശീയ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള പുറപ്പാടാണ് മമത കാണിക്കുന്നത്. മോദി-അമിത് ഷാമാരുടെ സൂത്രപ്പണികളൊക്കെ പശ്ചിമബംഗാളിൽ പൊളിച്ചടുക്കിയ മമതക്ക് വേണമെന്നുവെച്ചാൽ, അന്തർമുഖത്വം വിടാത്ത രാഹുലിനെ നേരിടുക വലിയ കാര്യമല്ല. പശ്ചിമബംഗാളിൽ സി.പി.എമ്മിനെ മാത്രമല്ല, കോൺഗ്രസിനെയും തകർത്തു വളർന്ന ചരിത്രമാണ് മമതയുടേത്. അതുകൊണ്ട് ദേശീയതലത്തിൽ കോൺഗ്രസിനെ അപ്രസക്തമാക്കി തൃണമൂൽ കോൺഗ്രസിന് കരുത്തുകൂട്ടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന് ചിന്തിക്കുന്നവരുണ്ട്.
ജനാധിപത്യ രാഷ്ട്രീയത്തിൽ മത്സരിച്ചു മുന്നേറി ഒന്നാമത് എത്തണമെന്ന് ആഗ്രഹിക്കാൻ ഏതു പാർട്ടിക്കും അവകാശമുണ്ട്. കോൺഗ്രസിനേക്കാൾ, പഴയ ബന്ധങ്ങൾവെച്ച് മമതയോട് അടുക്കാനാണ് നവീൻ പട്നായിക് മുതൽ ചന്ദ്രശേഖരറാവുവരെ പലർക്കും എളുപ്പമെന്നത് യാഥാർഥ്യവുമാണ്. പക്ഷേ, പശ്ചിമ ബംഗാൾ വിട്ട് പല സംസ്ഥാനങ്ങളിലേക്ക് വേരു പടർത്തുന്ന തൃണമൂൽ, കോൺഗ്രസിന് ബദലായി ദേശീയ രാഷ്ട്രീയത്തിൽ പ്രതിഷ്ഠിക്കാൻ പാകത്തിൽ വളർന്നിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പഴയ ബി.ജെ.പി ബന്ധമാണ് മമതയെ നേരിടാൻ കോൺഗ്രസ് പ്രയോഗിക്കുന്ന ആയുധം. വാജ്പേയി മന്ത്രിസഭയിൽ മമത അംഗമായിരുന്നു. 2004ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യത്തിെൻറ ഭാഗമായിരുന്നു. ഇതാണ് മമതക്കുള്ള കോൺഗ്രസിെൻറ മറുപടി. ആ ചരിത്രം അറിയുന്നവർ മമതയുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വ്യംഗ്യം.
എന്നാൽ, അതിനുശേഷം കാലമെത്ര മാറി? മമതയുടെ ലക്ഷ്യമെന്തായാലും, അവർ പറഞ്ഞത് വസ്തുതകളാണ്. കോൺഗ്രസ് പല സംസ്ഥാനങ്ങളിലും നിർജീവമാണ്. ദേശീയതലത്തിൽ യു.പി.എ സഖ്യം ചത്ത കുതിരയാണ്. കോൺഗ്രസിെൻറ നേതൃതലത്തിലെ ആശയക്കുഴപ്പം ആ പാർട്ടിയെയും സഖ്യകക്ഷികളെയും പ്രശ്നച്ചുഴിയിലാക്കിയിട്ടുണ്ട്. സർക്കാറിനെ ഭരണഘടന മൂല്യങ്ങളോട് കഴിവതും ചേർത്തുനിർത്തേണ്ടത് പ്രതിപക്ഷമാണ്; അവരുടെ ഊർജസ്വലത പ്രധാനമാണ്. കോൺഗ്രസ് നേതൃപരമായ പങ്ക് നിർവഹിക്കാത്തത് ബി.ജെ.പിക്ക് ശക്തികൂട്ടുന്നു. ഈ സാഹചര്യങ്ങളാണ് പ്രധാന പ്രതിപക്ഷമെന്ന കോൺഗ്രസിെൻറ ഇടംപിടിക്കാൻ മമതക്ക് അവസരം നൽകുന്നത്. മമതയുടെ കരുനീക്കവും വിമർശനവും മുന്നറിയിപ്പായി കോൺഗ്രസ് കാണുന്നുണ്ടോ? ചോദ്യം ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.