സിങ് വിയുടെ ദുഃഖം; അഖിലേഷിന്റെയും
text_fieldsസമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് ആശ്വാസത്തിന് വകയുണ്ട്. ചീഫ് വിപ്പടക്കം കൂട്ടത്തിലുള്ള എട്ടുപേരാണ് ബി.ജെ.പിക്ക് വോട്ടു കുത്തി സ്വന്തം സ്ഥാനാർഥിയെ തോൽപിച്ചത്. എന്നാൽ, അഖിലേഷ് വിളിച്ച അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള ഉളുപ്പില്ലായ്മ അവർക്ക് ഉണ്ടായില്ല!
വീണ്ടും രാജ്യസഭ പൂകാൻ ഹിമാചൽപ്രദേശ് വരെ പോയി നാണംകെട്ട രാത്രിയിൽ കോൺഗ്രസ് വക്താവു കൂടിയായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ് വി മനസ്സ് തുറന്നു. തലേന്നു രാത്രി ഒരുമിച്ചിരുന്ന് അത്താഴവും വോട്ടെടുപ്പു ദിവസം പ്രഭാതഭക്ഷണവും കഴിച്ച ഒമ്പതുപേരാണ് നേരെ പോയി ബി.ജെ.പിക്ക് വോട്ടു കുത്തിയത്. തനിനിറം കാണിച്ചുതന്ന അവർക്കെല്ലാം നന്ദി. മനുഷ്യസ്വഭാവം നിർണയിക്കാൻ നമുക്ക് കഴിയില്ലെന്ന് അവർ പഠിപ്പിച്ചു -അദ്ദേഹം പറഞ്ഞു.
അതുവെച്ചു നോക്കിയാൽ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് ആശ്വാസത്തിന് വകയുണ്ട്. ചീഫ് വിപ്പടക്കം കൂട്ടത്തിലുള്ള എട്ടുപേരാണ് ബി.ജെ.പിക്ക് വോട്ടു കുത്തി സ്വന്തം സ്ഥാനാർഥിയെ തോൽപിച്ചത്.
എന്നാൽ, അഖിലേഷ് വിളിച്ച അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള ഉളുപ്പില്ലായ്മ അവർക്ക് ഉണ്ടായില്ല! യഥാർഥ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അറിയാൻ സാധിച്ചുവെന്ന് അഖിലേഷ് സമാശ്വസിക്കുന്നു. അതറിയാനുള്ള പരീക്ഷണംകൂടിയാണ് താൻ നടത്തിയതെന്ന് വിവരിക്കുന്നു. പണവും ഭയവും വിതച്ച് കൂറുമാറ്റുന്ന ബി.ജെ.പിക്കു മുന്നിൽ എന്തുചെയ്യാൻ എന്ന നിസ്സഹായതകൂടി പ്രകടിപ്പിക്കുന്നുണ്ട്, അഖിലേഷ്.
വരണാധികാരിയെയും വശത്താക്കുന്ന ബി.ജെ.പി രീതി ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പു സംഭവത്തിൽ തുടങ്ങുന്നതോ അവസാനിക്കുന്നതോ അല്ല. ചണ്ഡിഗഢ് സംഭവത്തിലെ സുപ്രീംകോടതി ശാസനത്തിന്റെ ചൂടാറുംമുമ്പ് ഹിമാചൽപ്രദേശിൽ നടന്നത് എന്താണെന്ന് അഭിഷേക് സിങ് വി തന്നെ വിശദീകരിച്ചിട്ടുണ്ട്.
ഒമ്പത് എം.എൽ.എമാർ കുതികാൽ വെട്ടിയ രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് എണ്ണിയപ്പോൾ 34-34 എന്ന നിലവന്നു. ഒറ്റ വോട്ടും അസാധുവാക്കാതെയാണ് കൂറുമാറിയവർ നിശ്ചയദാർഢ്യം പ്രകടമാക്കിയത്. സമനില വന്നാൽ നറുക്കെടുപ്പ് വേണം. രണ്ടു സ്ഥാനാർഥികളുടെയും പേരെഴുതിയിട്ട പെട്ടിയിൽനിന്ന് എടുത്ത നറുക്ക് സിങ് വിയുടേതായിരുന്നു.
പക്ഷേ, എടുക്കാതെ പെട്ടിയിൽ കിടക്കുന്ന നറുക്കിലെ പേരുകാരനാണ് ജയിച്ചയാൾ എന്ന് വരണാധികാരി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു കമീഷൻ ചട്ടം അങ്ങനെയാണത്രേ.
സിങ് വിയോ, മുഖ്യമന്ത്രി സുഖ് വീന്ദറോ വലിയ തർക്കത്തിനൊന്നും പോകാതെ തോൽവി സമ്മതിച്ചു. സ്വന്തം പാർട്ടിക്കാരുടെ കുതികാൽ വെട്ടേറ്റ പുളച്ചിലിലായിരുന്നു അവർ. ഒറ്റ രാജ്യസഭ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പിൽ ഭരണകക്ഷി സ്ഥാനാർഥിയെ തോൽപിച്ചതിനു പുറമെ, നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ലഭിച്ച അധികാരം കാലുമാറ്റത്തിലൂടെ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഹിമാചലിൽ കോൺഗ്രസ് നേരിടുന്നത്.
യഥാർഥത്തിൽ അതിനും അപ്പുറത്താണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ ഒപ്പം നിൽക്കുന്നവരെ അവിശ്വസിക്കേണ്ട ഗതികേടിലേക്കാണ് കോൺഗ്രസിനെ മാത്രമല്ല, പ്രതിപക്ഷ പാർട്ടികളെയപ്പാടെ ബി.ജെ.പി എടുത്തെറിഞ്ഞിരിക്കുന്നത്.
അസമിൽ കോൺഗ്രസിന്റെ സംസ്ഥാന വർക്കിങ് പ്രസിഡന്റാണ് കാവി പുതച്ചത്. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി അശോക് ചവാനാണ് ബി.ജെ.പിയിൽ എത്തിയത്. മധ്യപ്രദേശിൽനിന്ന് രണ്ടും കൽപിച്ചിറങ്ങിയ മുൻ മുഖ്യമന്ത്രി കമൽനാഥ് ഡൽഹി യാത്രയിൽ ഒന്നും നടക്കാതെയാണ് കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങിയത്. ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ചമഞ്ഞുനടന്നിരുന്ന കൺവീനർ നിതീഷ് കുമാറാണ് ബിഹാറിൽ മുന്നണി മാറി വീണ്ടും വിരുതനോന്തായത്.
മഹാരാഷ്ട്രയിൽ കടുത്ത വെല്ലുവിളി ഉയർത്തിയ പ്രതിപക്ഷ സഖ്യത്തിലെ മൂന്നു പ്രമുഖ പാർട്ടികളെ ബി.ജെ.പി ആറു കഷണമാക്കി. വഴങ്ങില്ലെന്നു വന്ന ജെ.എം.എം നേതാവ് ഹേമന്ത് സോറൻ ജയിലിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എട്ടാമതും നോട്ടീസയച്ച് ഇ.ഡി ഒരുങ്ങുന്നു.
ഇതിനൊപ്പമാണ്, പുതിയ ഇനം മൈക്രോ മാനേജ്മെന്റ് രീതി. ജാതി, ഉപജാതി വിഭാഗങ്ങളെ പ്രാദേശികമായി ബി.ജെ.പിയിലേക്ക് തന്ത്രപരമായി അടുപ്പിക്കുന്ന മൈക്രോ മാനേജ്മെന്റിൽ അഗ്രഗണ്യനത്രേ ആഭ്യന്തര മന്ത്രി അമിത് ഷാ. അതെന്തായാലും, അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ അകമ്പടിയോടെ വിവിധ ഹൈന്ദവ വിഭാഗങ്ങളുടെ വികാരത്തെ അങ്ങേയറ്റം സ്വാധീനിക്കാനും പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ വിള്ളൽ സൃഷ്ടിക്കാനും ബി.ജെ.പി ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്.
പ്രാണപ്രതിഷ്ഠാ വികാരത്തള്ളലിലൂടെ കടന്നുപോകുന്ന യു.പിയിൽ, യാദവകുല സംരക്ഷകർ കൂടിയായ സമാജ്വാദി പാർട്ടിയുടെ എട്ട് എം.എൽ.എമാർ രാജ്യസഭ വോട്ടെടുപ്പിൽ കൂറുമാറിയതിനെ ഒറ്റത്തവണത്തെ അപഭ്രംശമായി കാണാൻ കഴിയില്ല തന്നെ.
പിന്നാക്ക വിഭാഗ രക്ഷകരായ മായാവതിയുടെ ബി.എസ്.പി മെലിഞ്ഞൊട്ടിയിരിക്കുന്നു. കാവിയും കളഭവും ചാർത്തിയ ബുൾഡോസർ വാഴ്ചക്കിടയിൽ അണികളെ ഹിന്ദുത്വം ആവേശിക്കുകയും, നേതാക്കളെ നിലനിൽപ് ഭീഷണി വേട്ടയാടുകയുംചെയ്യുന്നു. കോൺഗ്രസിലെ ഉൾപ്പോരിനൊപ്പം, ഹിമാചൽ പ്രദേശിലെ സംഭവവികാസങ്ങളിലും ഹിന്ദുത്വാവേശം തെളിഞ്ഞു കാണാം.
പ്രാണപ്രതിഷ്ഠക്ക് ക്ഷണം ലഭിച്ചവരും, ഹൈകമാൻഡ് നിലപാടു നോക്കാതെ ചടങ്ങിന് പോയവരുമാണ് അവിടത്തെ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം കഴിച്ച അത്താഴവും ബ്രേക്ഫാസ്റ്റും ദഹിക്കും മുമ്പേ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ ഉളുപ്പില്ലാത്ത മാനസികാവസ്ഥ ഹിമാചലിൽ മാത്രമല്ല, പല പ്രതിപക്ഷ പാർട്ടികളിലും ബി.ജെ.പി കുത്തിവെക്കുന്നുവെന്നാണ് കാണേണ്ടത്.
അതാണ് പുതിയ ഇനം മൈക്രോ മാനേജ്മെന്റ്. വോട്ടുയന്ത്രത്തിലാണോ, വോട്ടു സ്വാധീനിക്കേണ്ട നേതാക്കളിലാണോ തിരിമറി നടക്കുന്നത്?
അപരവത്കരണത്തിലൂടെ രാഷ്ട്രീയ മേധാവിത്വം സ്ഥാപിച്ച ഹിന്ദുത്വാശയത്തിന്റെ പിൻപറ്റുകാരായി മാറിക്കൊണ്ട് ഭരണാധികാരികളുടെ പ്രീതിയാർജിക്കാനും സുഖസൗകര്യങ്ങൾക്ക് പിന്നാലെ പോകാനും തത്രപ്പെടുന്ന പി.സി. ജോർജുമാരുടെയും സമുദായ പ്രമാണിമാരുടെയും എണ്ണം പെരുകുന്നു. മതനിരപേക്ഷ-ജനാധിപത്യ-ഭരണഘടനാ സങ്കൽപങ്ങളൊന്നുമല്ല അവർക്ക് പ്രധാനം.
ലോക്സഭ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിയാണ് വീണ്ടും അധികാരത്തിൽ വരുകയെന്നും, രാജ്യത്തിന്റെ നിയന്ത്രണം ഹിന്ദുത്വാശയ ഗംഭീരന്മാർ കൈയടക്കിക്കഴിഞ്ഞെന്നും അവർ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. അതിനനുസൃതമായി സ്വന്തം ‘കൃഷി’ക്ക് വെള്ളവും വളവും സംഘടിപ്പിക്കാനുള്ള വെമ്പലിൽ കുതികാൽ വെട്ടണമെങ്കിൽ, മടിക്കില്ല.
10 വർഷംകൊണ്ട് ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക പരിസരമാകെ മാറ്റിമറിച്ച ബി.ജെ.പിയെ നേരിടാൻ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷം നീങ്ങുന്നത് ഈ പശ്ചാത്തലത്തോടെയാണ്. ഇൻഡ്യ എന്നെഴുതിയാൽ പ്രതിപക്ഷ ഐക്യമാകുന്നില്ല. കോൺഗ്രസ് എന്നെഴുതിയ പാർട്ടിക്കുള്ളിൽ പ്രവർത്തകർക്കെല്ലാം ഒരു മനസ്സല്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേരെ വാളോങ്ങുന്നതിനു മുമ്പ് സ്വന്തം പാർട്ടി കുത്തഴിഞ്ഞു പോകാതെ നോക്കേണ്ട സ്ഥിതി. വർഗീയ വിഭാഗീയത പെരുമരമായതിനിടയിൽ പ്രതിപക്ഷ പാർട്ടികൾ, പ്രധാനമായും കോൺഗ്രസ്, ഈ അവസ്ഥ നേരിടാൻ പ്രധാന കാരണം എന്താണ്? ബി.ജെ.പിയുടെ രാഷ്ട്രീയ പ്രമേയത്തെ അട്ടിമറിക്കാൻ പോന്ന മുദ്രാവാക്യവും നേതൃസമ്പത്തും കർമപദ്ധതിയും ഇനിയും അവർ കണ്ടെടുത്തിട്ടില്ല എന്നതാണ് ഈ പതിനൊന്നാം മണിക്കൂർ നേരിടുന്ന ദുരന്തം. അതിനേക്കാൾ, മോദിപ്രഭാർജിത ഹിന്ദുത്വ കാര്യപരിപാടിക്ക് ഈ പാർട്ടികളിലെ ഒരു വിഭാഗം അടിപ്പെടുന്നു എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.