ഏഴാണ്ടിെൻറ പ്രായം; എഴുപതിെൻറ പരിക്ക്
text_fieldsമർമത്ത് അടിയേറ്റതിെൻറ പുളച്ചിൽ മാറാതെ നെഞ്ച് തിരുമ്മിനിൽക്കുകയാണ് കളിയാശാന്മാർ. പെണ്ണിെൻറ അടിയേറ്റാൽ മാനഹാനി കൂടുമത്രേ. അതേതായാലും മോദി, അമിത് ഷാമാർക്ക് മമത ബാനർജിയുടെ താഡനം മറക്കാൻ പറ്റില്ല. അതുകൊണ്ട് മമതക്ക് നേരെ കഴിയുന്നത്ര വേഗത്തിൽ വീണ്ടും മുഷ്ടി ചുരുട്ടി പായുമെന്ന കാര്യത്തിൽ സംശയവും വേണ്ട. നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെയാണ് പ്രകൃതിക്ഷോഭം വിലയിരുത്താൻ പശ്ചിമ ബംഗാളിൽ എത്തിയ പ്രധാനമന്ത്രിയുടെ യോഗം മുഖ്യമന്ത്രി ബഹിഷ്കരിച്ചത്. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയെയും യോഗത്തിലേക്ക് വിട്ടില്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഇത്രമേൽ അപമാനിക്കാമോ?
പാടില്ലതന്നെ. കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണത്. പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയാൽ മുഖ്യമന്ത്രി ഒപ്പമുണ്ടാകേണ്ടതാണ്. പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ കഴിയാത്ത അത്യപൂർവമായ വല്ല സാഹചര്യവും വന്നുപോയാൽ, ചീഫ് സെക്രട്ടറിയെങ്കിലും പോകണം. എന്തുകൊണ്ടു പോയില്ല എന്നതിന് മമതക്കുമുണ്ട് ന്യായവാദം. ഔദ്യോഗിക യോഗങ്ങളിൽ ഭരണകർത്താക്കൾ മാത്രം പങ്കെടുക്കുന്നതാണ് രീതി. അവിടെ പ്രതിപക്ഷ നേതാവിന് സ്ഥാനമില്ല. നന്ദിഗ്രാമിൽതന്നെ തോൽപിച്ച സുവേന്ദു അധികാരിയെക്കൂടി യോഗത്തിൽ പങ്കെടുപ്പിച്ചത് ഒന്നു പരിഹസിക്കാനാണെന്ന് മമതക്ക് തോന്നി. മമത പ്രയോഗിച്ച മറുമരുന്നേറ്റ് എതിരാളികൾ പുളഞ്ഞു. അന്നു രാത്രിതന്നെ ആഭ്യന്തര മന്ത്രി അമിത് ഷാ ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ചു. പക്ഷേ, പ്രതികാരം നടപ്പാക്കാൻ സാധിച്ചില്ല. ചീഫ് സെക്രട്ടറി രാജിവെച്ചു; മമത അദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചു. സിവിൽ സർവിസസ് ചട്ടപ്രകാരം ആലാപൻ ബന്ദോപാധ്യായക്കെതിരായ നടപടികളുടെ കഥ തീർന്നിട്ടില്ല. അത് മമതക്കോ ആലാപനോ വിഷയവുമല്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ മമതയുടെ കഥ കഴിക്കാൻ ഇറങ്ങി നാണംകെട്ടതു മുതൽ കളിയാശാന്മാർ പ്രതികാരം ചെയ്യാൻ തിടുക്കം കൂട്ടുകയായിരുന്നു. മമത മൂന്നാമൂഴം സത്യപ്രതിജ്ഞ ചെയ്തതിെൻറ നാലാം ദിവസം, മേയ് ആറിന്, കേന്ദ്രസംഘം പശ്ചിമ ബംഗാളിൽ പറന്നിറങ്ങി. വിഷയം: വോട്ടെടുപ്പിനുശേഷം നടന്ന അതിക്രമങ്ങളെക്കുറിച്ച അന്വേഷണം. സംസ്ഥാനത്ത് ജയിച്ച 77 ബി.ജെ.പി എം.എൽ.എമാർക്കും കേന്ദ്രസേനയായ സി.ഐ.എസ്.എഫിെൻറ സംരക്ഷണം കൊടുക്കുന്നു. 17ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ രണ്ടു മന്ത്രിമാർ അടക്കം നാലു പേരെ നാരദ കേസിൽ അറസ്റ്റ് ചെയ്യുന്നു. അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന ഒന്നാണ് നാരദ കേസ്. എന്നാൽ, അതിലെ പ്രതികളായ, ബി.ജെ.പി ചാക്കിട്ടുപിടിച്ച പഴയ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ രോമത്തിൽ തൊടാൻപോലും സി.ബി.ഐ മെനക്കെടാതെ വരുേമ്പാഴാണ് ഈ അറസ്റ്റ് പകപോക്കലാണെന്ന് വ്യക്തമാവുന്നത്. മമതയും മോദി-അമിത് ഷാമാരും തമ്മിലെ പക, ഫെഡറൽ തത്ത്വങ്ങളെത്തന്നെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു.
സംസ്ഥാനങ്ങളെ ചേർത്തുപിടിച്ച് സഹകരണാടിസ്ഥാനത്തിൽ രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവരാണ് കേന്ദ്രത്തിലുള്ളവർ. പരസ്പരം മാനിക്കുന്ന ആരോഗ്യകരമായ അന്തരീക്ഷം കേന്ദ്ര, സംസ്ഥാന ബന്ധങ്ങളിൽ വേണം. സംസ്ഥാനങ്ങളെ വളരാൻ സഹായിക്കുന്ന സമീപനമാണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളാണ് പ്രധാനം. എന്നാൽ പശ്ചിമ ബംഗാളിെൻറ കാര്യത്തിൽ മാത്രമല്ല, ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും ഏറ്റുമുട്ടലിെൻറയും വിവേചനത്തിെൻറയും ഒതുക്കലിെൻറയും രീതിയാണ് ദേശീയ ഭരണ നേതൃത്വം കാണിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാറുകൾക്കു നേരെ ഗവർണർമാരെ ദുരുപയോഗിക്കുന്ന പതിവുരീതികളും കടന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് പോരടിക്കാൻ ഇറങ്ങുന്നതാണ് ഇപ്പോഴത്തെ കാഴ്ച. പ്രതിപക്ഷ സംസ്ഥാനങ്ങളിൽ എേന്താ ശിക്ഷ നടപ്പാക്കുന്ന പ്രതീതി. ദീർഘകാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ശേഷം പ്രധാനമന്ത്രി പദവിയിൽ എത്തിയ നരേന്ദ്ര മോദി തന്നെ സംസ്ഥാനങ്ങളുടെ മേൽ കുതിരകയറ്റം നടത്തുന്നതാണ് വിചിത്രം. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കേ 10 വർഷം മുമ്പ് ലഖ്നോവിൽ നടന്ന ബി.ജെ.പി കേന്ദ്ര നിർവാഹക സമിതി യോഗത്തിൽ, സംസ്ഥാനങ്ങളോടുള്ള യു.പി.എ സർക്കാറിെൻറ നയം ഫെഡറൽ ഘടനക്ക് ഭീഷണിയാണെന്ന പ്രമേയം അവതരിപ്പിച്ചത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു!
മോദി, അമിത് ഷാമാരുടെ പെരുമാറ്റ രീതികളെക്കുറിച്ച് പരാതി പറയുന്നത് മമത മാത്രമല്ല. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ദുഃസ്ഥിതിയുടെ ദിനങ്ങളിൽ വിളിച്ചപ്പോൾ ഫോണെടുക്കാൻകൂടി പ്രധാനമന്ത്രി കൂട്ടാക്കിയില്ലെന്ന് പരാതിപ്പെട്ടത് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. സംസ്ഥാന സർക്കാറിനെ പങ്കെടുപ്പിക്കാതെ ജില്ല കലക്ടർമാരുമായി നേരിട്ട് പ്രധാനമന്ത്രി കോവിഡ് അടക്കം പല വിഷയങ്ങളിലും ചർച്ച നടത്തുന്നു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ സംസ്ഥാനത്തെ വകുപ്പു മന്ത്രിയെ മാറ്റിനിർത്തി വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ് തമിഴ്നാട് സർക്കാർ ബഹിഷ്കരിച്ചു. സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ നടത്തണമെന്ന പല സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതിനിടയിൽ റദ്ദാക്കിയത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലായിരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള അവശ്യവസ്തുക്കൾ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുന്ന കാര്യം പരിശോധിക്കാൻ ഉണ്ടാക്കിയ ധനമന്ത്രിമാരുടെ ഉപസമിതിയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ മനഃപൂർവം ഒഴിവാക്കിയെന്ന് കുറ്റപ്പെടുത്തിയത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ദേശീയ മനുഷ്യാവകാശ കമീഷൻ നിയമനത്തിലോ സി.ബി.ഐ ഡയറക്ടർ നിയമനത്തിലോ തങ്ങളുടെ വാക്കിന് ഒരു വിലയും കിട്ടിയില്ലെന്ന് പരിതപിക്കുന്നത് പാർലമെൻറിലെ പ്രതിപക്ഷ നേതാക്കൾ. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ഇത്രത്തോളം ധിക്കാരം കാണിക്കാൻ കഴിയണമെങ്കിൽ കേന്ദ്രത്തിെൻറ പച്ചക്കൊടിയില്ലാതെ പറ്റില്ല. എന്നിട്ടും അവിടത്തെ ബി.ജെ.പി നേതാക്കൾക്ക് അതിനോടു യോജിക്കാൻ കഴിയാത്തത്, കൂടിയാലോചനകൾ എത്രത്തോളം നടക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഒക്കെയും സമീപകാല സംഭവങ്ങൾ. പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ രണ്ടു തുണ്ടമാക്കിയതടക്കം മുൻകാല ചെയ്തികൾ വേറെ. എല്ലാറ്റിലും രാഷ്ട്ര നേതൃത്വത്തെയല്ല കാണാൻ കഴിയുക; ഒരു പ്രതിപക്ഷ ബഹുമാനമില്ലാതെ മുന്നോട്ടുനീക്കുന്ന ബി.ജെ.പി അജണ്ടകളെയാണ്.
കോവിഡ് വാക്സിൻ വിതരണ നയം കേന്ദ്ര സർക്കാർ മാറ്റിയത് ഏകപക്ഷീയമായാണ്. പ്രതിപക്ഷ മുഖ്യമന്ത്രിമാർ മാത്രമല്ല, ബി.ജെ.പിയെ സഹായിച്ചുപോരുന്ന നവീൻ പട്നായിക്, ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവർക്കും അതിനോട് എതിർപ്പാണ്. കോവിഡ് പ്രതിരോധ, വാക്സിൻ വിതരണ കാര്യങ്ങളിൽ തരംപോലെ കളിക്കുന്ന മോദിസർക്കാറിനെ നേർവഴിക്ക് കൊണ്ടുവരാൻ സുപ്രീംകോടതിക്ക് വടിയെടുത്ത് ഇറങ്ങേണ്ടി വന്നു. നിരവധി ഹൈകോടതികൾ രൂക്ഷമായി വിമർശിച്ചതിനൊടുവിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. ആകെ പിഴച്ചു നിൽക്കുേമ്പാഴും, നയപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ അവകാശമില്ലെന്നാണ് സർക്കാർ വാദിച്ചത്. എന്നാൽ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് സർക്കാർ എതിരായാൽ നിശ്ശബ്ദ കാഴ്ചക്കാരനായി നോക്കിനിൽക്കാൻ കഴിയില്ലെന്ന് കോടതി തിരിച്ചടിച്ചു. വാക്സിൻ കാര്യത്തിൽ സർക്കാർ സംസ്ഥാനങ്ങളോടും ജനങ്ങളോടും കാണിക്കുന്ന കുറ്റകരമായ അലംഭാവവും വിവേചനവും തുറന്നുകാട്ടി സുപ്രീംകോടതി നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
35,000 കോടി ബജറ്റ് വിഹിതം എങ്ങനെ ചെലവിട്ടു, വാക്സിന് പല വില ഈടാക്കുന്നതിെൻറ അടിസ്ഥാനമെന്ത്, 18 മുതൽ 44 വയസ്സുള്ളവരിൽനിന്ന് വാക്സിന് വില ഈടാക്കുകയും അതിനു മുകളിലുള്ളവരെ ഒഴിവാക്കുകയും ചെയ്തതിെൻറ ന്യായമെന്ത്, കേന്ദ്രം വാക്സിൻ സംഭരിച്ചു സംസ്ഥാനങ്ങൾക്ക് നൽകുന്നതിനു പകരം, സ്വദേശത്തുനിന്നും വിദേശത്തുനിന്നും വാക്സിൻ വാങ്ങുന്ന ബാധ്യത സംസ്ഥാനങ്ങളുടെ തലയിലിട്ടത് എന്തുകൊണ്ട് എന്നിങ്ങനെ നീളുന്ന കാതലായ ചോദ്യങ്ങൾക്ക് സർക്കാർ നടപടികളുടെ ഫയലുകൾ അടക്കം സുപ്രീംകോടതിയിൽ ഹാജരാക്കാനാണ് നിർദേശം. കിണ്ണം കൊട്ടിയും വിളക്ക് തെളിച്ചും കോവിഡിനെ ഓടിക്കാൻ ജനത്തെ കളത്തിലിറക്കുന്ന പൊറാട്ടു നാടകം നടത്തിയ ദേശീയ ഭരണ നേതൃത്വം, ലോക്ഡൗൺ മുതൽ വാക്സിനേഷൻ വരെയുള്ള സുപ്രധാന വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതാണല്ലോ പിന്നെപ്പിന്നെ കണ്ടത്. അതുകണ്ട് ജനം അമ്പരന്നു നിൽക്കേയാണ് കോടതിയുടെ ഇടപെടൽ. അതിനോട് സർക്കാറിെൻറ പ്രതികരണം കണ്ടുതന്നെ അറിയേണ്ടതാണ്. വിമർശിക്കുന്നവരെയും പ്രതിഷേധം ഉയർത്തുന്നവരെയും രാഷ്ട്രീയ എതിരാളികളെയുമൊക്കെ പകയോടെ നേരിടുന്നതും രാജ്യദ്രോഹക്കുറ്റം ചാർത്തുന്നതുമൊക്കെയാണ് ശൈലിയെന്നിരിക്കേ, കോടതിക്കും അർഹിക്കുന്ന ബഹുമാനം ലഭിച്ചെന്നു വരുമോ?
വിഭാഗീയ രാഷ്ട്രീയത്തിെൻറ കെടുതികൾക്കൊപ്പം, മോദി സർക്കാറിെൻറ അശ്വമേധം ഏഴാണ്ട് പിന്നിട്ടപ്പോൾ ഭരണഘടന സ്ഥാപനങ്ങൾക്കും സഹകരണാത്മക ഫെഡറലിസത്തിനുമെല്ലാം ഇത്തരത്തിൽ ആഴത്തിൽ പരിക്കേറ്റിരിക്കുന്നു. പ്രതിസന്ധിയുടെ കാലത്ത് ജനമോ, അനാഥരായിരിക്കുന്നു. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.