സിൽവർ ലൈൻ, തിടുക്കത്തിനപ്പുറം
text_fieldsസിംഗൂരിനും നന്ദിഗ്രാമിനും ശേഷം ദേശീയതലത്തിൽ സി.പി.എമ്മിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ വികസനപദ്ധതിയാണ് സിൽവർ ലൈൻ. സിംഗൂരിലോ നന്ദിഗ്രാമിലോ പാർട്ടി ഉദ്ദേശിച്ച വ്യവസായശാലകൾ ഉയർന്നില്ല. മറിച്ച്, ജനങ്ങൾക്കു വേണ്ടാത്ത വികസനപദ്ധതികൾ മുന്നോട്ടുവെച്ചത് പശ്ചിമ ബംഗാളിൽ സി.പി.എമ്മിന്റെ അടിവേര് പിഴുതുകളഞ്ഞുവെന്നാണ് ചരിത്രം.
സിൽവർ ലൈൻ കേരളത്തെയാണോ പാർട്ടിയെയാണോ തകർക്കുകയെന്ന വലിയ ചോദ്യത്തിനു മുന്നിലാണ് സംസ്ഥാന രാഷ്ട്രീയം. പദ്ധതിക്കാര്യങ്ങൾ ഇന്നത്തെ നിലയിൽ മുന്നോട്ടുപോയാൽ രണ്ടിലൊന്ന് സംഭവിച്ചേ തീരൂ എന്ന് കാണുന്നവരാണ് ഏറെ.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിനിടയിൽ പാർട്ടിക്ക് സംഭവിച്ച ജീർണതക്കും ധാർഷ്ട്യത്തിനും സിംഗൂരും നന്ദിഗ്രാമും വഴി ബുദ്ധദേവ് ഭട്ടാചാര്യ ആക്കം പകർന്നപ്പോൾ മമത ബാനർജിയുടെ പോരാട്ടവീര്യത്തിനു പിന്നിൽ ജനം അണിനിരന്നു. വംഗനാട്ടിലെ ചെങ്കോട്ട പൊളിഞ്ഞുവീണു. ചെങ്കൊടി ജനം കൈവിട്ടു. പശ്ചിമ ബംഗാളിൽ സി.പി.എമ്മുകാരെ ജനം ഓടിച്ചിട്ടു തല്ലുന്ന സ്ഥിതിയായി. ഇടതുപക്ഷാനുഭാവം ഇങ്ങനെ നശിപ്പിച്ചത് അണികളല്ല, ഭരണ യന്ത്രം തിരിക്കുന്നവരുടെ തലതിരിവായിരുന്നു. ഇനിയൊരിക്കൽ പശ്ചിമ ബംഗാളിൽ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ ഇന്ന് ഏതെങ്കിലും ഇടത് അനുഭാവി വെച്ചുപുലർത്തുന്നില്ല.
സിംഗൂരിലും പിന്നാലെ നന്ദിഗ്രാമിലും പ്രതിഷേധം കത്തിപ്പടർന്നപ്പോൾ പാർട്ടിക്ക് പശ്ചിമ ബംഗാൾ കൈവിട്ടുപോകുന്നുവെന്ന ആശങ്ക പങ്കുവെച്ച ഒരുപാട് നേതാക്കൾ സി.പി.എമ്മിൽ ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ കേരളത്തിൽനിന്നുള്ളവരും ഉണ്ടായിരുന്നു. പക്ഷേ, പശ്ചിമ ബംഗാളിൽ പാർട്ടിയും ഭരണവും അടക്കിവാണ ബുദ്ധദേവ് ഭട്ടാചാര്യയുടെ തിരുവായ്ക്ക് എതിർവായ് ഉണ്ടായിരുന്നില്ല. പാർട്ടി നടത്താൻ അണികൾമാത്രം പോരാ; പണവും സന്നാഹങ്ങളും വേണം. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെ നിത്യനിദാന ചെലവുകൾക്കു വരെ പശ്ചിമ ബംഗാളിലേക്ക് കണ്ണയച്ചു കാത്തിരിക്കേണ്ട സ്ഥിതിയിലായിരുന്നു കേന്ദ്ര നേതൃത്വം.
സി.പി.എം കേന്ദ്ര കമ്മിറ്റിയും പോളിറ്റ്ബ്യൂറോയുമൊക്കെ നടക്കുമ്പോൾ, സിംഗൂരും നന്ദിഗ്രാമും ചർച്ചചെയ്യാൻ ബുദ്ധദേവ് തയാറല്ലായിരുന്നു. പാർട്ടി അച്ചടക്കമൊന്നും വിഷയമല്ലാത്ത വിധം തലക്കനമുള്ള നേതാവായി ബുദ്ധദേവ് വരുകയോ വരാതിരിക്കുകയോ, തോന്നുംപോലെ യോഗങ്ങളിൽനിന്ന് ഇറങ്ങിപ്പോവുകയോ ചെയ്തു.
കേഡർ സംവിധാനത്തിന്റെ അച്ചടക്കസംഹിതകളൊക്കെ ബുദ്ധദേവിനു മുന്നിൽ വഴിമാറി ഒതുങ്ങിനിന്നു. അതിനെല്ലാമിടയിൽ പശ്ചിമ ബംഗാളിലെ സി.പി.എമ്മിന്റെ അന്തകനായി ബുദ്ധദേവ് മാറി. ബുദ്ധദേവ് മാത്രമല്ല, പിന്താങ്ങിയവരും അതിന് കാരണക്കാരാണെന്നോ, അവിടെ പാർട്ടി അസ്തമിച്ചിട്ടില്ലെന്നോ ഇന്ന് വെറുതെ വാദിക്കാമെന്നു മാത്രം.
കാവിരാഷ്ട്രീയത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും മേധാവിത്വ കാലമാണിപ്പോൾ. സി.പി.എമ്മാകട്ടെ, കേരളത്തിൽമാത്രം ഭരണമുള്ള പാർട്ടി. പുതിയ കാലത്തിനൊത്ത്, ജനം കണ്ടുപോന്ന ഇടതു നിലപാടുകൾക്ക് നിരക്കാത്ത പലവിധ രൂപമാറ്റവും വരുത്തിക്കൊണ്ടേയിരിക്കുന്നു. ഭരണം മാത്രം പ്രത്യയശാസ്ത്രമാക്കിയ പാർട്ടിയിൽ ഇന്ന് ബുദ്ധദേവിന്റെ കരുത്ത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി ഒന്നും സി.പി.എമ്മിൽ നടക്കില്ല.
മുമ്പ് പശ്ചിമ ബംഗാൾ ഘടകത്തിനായിരുന്നു കരുത്തെങ്കിൽ, പാർട്ടിയുടെ കേന്ദ്ര ആസ്ഥാനം ഇന്ന് ചലിപ്പിക്കുന്നത് കേരള ഘടകമാണ്. അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെയും മറ്റും ശക്തമായി എതിർത്ത കാലം വിട്ട്, സിൽവർ ലൈനിനെക്കുറിച്ച ചോദ്യങ്ങൾക്കു മുന്നിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മൗനം പാലിക്കുന്നു; ഒഴിഞ്ഞുമാറുന്നു. മനസ്സിലുള്ളത് പരസ്യമായി പറയാൻ പറ്റാത്ത ദുഃസ്ഥിതിയുള്ളത് യെച്ചൂരിക്ക് മാത്രമാകാൻ വഴിയില്ല.
സമരം പുളകമാക്കി വളർന്ന പാർട്ടിയുടെ മുഖ്യമന്ത്രി ജനകീയ സമരങ്ങളെ തള്ളിപ്പറയുന്നു. നിക്ഷിപ്ത താൽപര്യക്കാർ മുതൽ തീവ്രവാദ ചിന്തയുള്ളവർ വരെ നയിക്കുന്ന സമരമാണ് കേരളത്തിൽ നടക്കുന്നതെന്ന ആരോപണങ്ങൾക്ക് അടിവരയിട്ടു സംസാരിക്കുന്നു. സിൽവർ ലൈനിന് എതിരായ സമരക്കാർക്കിടയിൽ രാഷ്ട്രീയക്കാർ ഉണ്ടാകാമെങ്കിലും അതിനെക്കാൾ, ആധി കയറിയ ജനമുണ്ടെന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നു. വീട്ടുവളപ്പിലും പുരയിടത്തിലും ഇട്ടുപോകുന്ന അതിരടയാള കല്ലുകൾ അവരിൽ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കടുത്ത അനിശ്ചിതത്വത്തിനു നേരെ കണ്ണടക്കുന്നു.
ജനവികാരം അവഗണിച്ച് സിൽവർ ലൈൻ നടപ്പാക്കാനുള്ള ത്വര എന്തായിരുന്നാലും, സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്ന വേഗത്തിൽ ഡൽഹിയിലെ അനുമതിക്കാര്യങ്ങൾ മുന്നോട്ടുനീങ്ങില്ലെന്നാണ് ഇതുവരെയുള്ള സ്ഥിതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സവിസ്തരം പദ്ധതി ചർച്ചചെയ്തെന്നും അനുഭാവപൂർണമാണ് നിലപാടെന്നും രാഷ്ട്രീയ തടസ്സങ്ങളുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടാകാം. സൗഹാർദപൂർവം സന്ദർശിച്ചു, സ്വീകരിച്ചുവെന്നതിനെക്കാൾ കേന്ദ്രസർക്കാറിന്റെയോ ബി.ജെ.പിയുടെയോ മനോഗതി മാറ്റാൻ ആ കൂടിക്കാഴ്ചക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.
പദ്ധതിയെക്കുറിച്ച ആധി പേറുന്നവർക്ക് ആശ്വാസം പകരുന്നതും പദ്ധതി നടപ്പാക്കാൻ വെമ്പുന്നവർക്കിടയിൽ ആശങ്ക വളർത്തുന്നതുമാണ് ആ കൂടിക്കാഴ്ച. വിഷയം റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാൻ പറ്റുകയെന്ന് ആലോചിക്കാമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച ഒരു ഉറപ്പുമല്ല, നിവേദനത്തിനുള്ള സമാശ്വാസം മാത്രമാണത്.
സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രായോഗികത പഠിക്കാതെ പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്ന നിലപാടാണ് ഈ കൂടിക്കാഴ്ചക്കു മുമ്പും ശേഷവും റെയിൽവേ മന്ത്രി ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. കെ-റെയിൽ സമർപ്പിച്ച ഡി.പി.ആറിലെ പോരായ്മകളും പൊരുത്തക്കേടുകളും പലവട്ടം എടുത്തുകാട്ടുകയും ചെയ്തു. പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി ഡൽഹിക്ക് വിമാനം കയറുന്നതിനു തൊട്ടുമുമ്പ് മന്ത്രി വി. മുരളീധരൻ പദ്ധതിക്കെതിരെ രാജ്യസഭയിൽ പ്രസംഗിച്ചത് ആകസ്മികല്ല, ബി.ജെ.പിയുടെ രാഷ്ട്രീയനിലപാടിന്റെ പാർലമെന്റിലെ വിളംബരമാണ് അതെന്ന് തിരിച്ചറിയാൻ പ്രയാസമില്ല.
ഇതത്രയും മുൻനിർത്തി നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്: അനുമതി നൽകേണ്ട കേന്ദ്രത്തിന്റെയോ പദ്ധതി ബാധിക്കപ്പെടുന്ന ജനങ്ങളുടെയോ പച്ചക്കൊടിയില്ലാതെ വെറുതെ ചൂളമടിക്കുകയാണ് സിൽവർ ലൈൻ. നിലവിലുള്ള റെയിൽപാതകൾ ഇരട്ടിപ്പിക്കാൻപോലും ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾമൂലം കഴിയാത്ത നാടാണ് കേരളം. അതിനിടയിലാണ്, സമരങ്ങളെ പുച്ഛിച്ചും ജനവിശ്വാസം നേടാതെയും ഒരു പദ്ധതി നടത്തിയെടുക്കാൻ കാണിക്കുന്ന ദുരൂഹമായ തിടുക്കം. അതിന് സിംഗൂരുമായി, നന്ദിഗ്രാമുമായി, സമാനത ഏറെയാണ്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.