മോദി പ്രസംഗങ്ങളുടെ പൊരുൾ
text_fieldsലോകനേതാക്കളുടെ ‘മൈ ഫ്രണ്ട്’. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സമുന്നത പദവി. വികസിത വൻശക്തിയാക്കി ഇന്ത്യയെ മാറ്റുകയെന്ന ഉത്തരവാദിത്തം. അതിനായി 400 സീറ്റെങ്കിലും നേടണമെന്ന് സ്വന്തമായൊരു ദിവാസ്വപ്നം. അങ്ങനെയെല്ലാമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തെരഞ്ഞെടുപ്പിൽ ഉത്തരവാദിത്തരഹിതമായി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ തുടർച്ചയായി ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?
പ്രതിപക്ഷ പാർട്ടികൾ ഒന്നു പറഞ്ഞാൽ, മോദി അത് അവതരിപ്പിക്കുന്നത് മറ്റൊരു വിധത്തിലാണ്. യഥാർഥത്തിൽ പെരുമാറ്റച്ചട്ടങ്ങൾക്ക് മാത്രമല്ല, സാമാന്യ മര്യാദക്കു പോലും നിരക്കാത്ത ദുർവ്യാഖ്യാനങ്ങൾ. പട്ടിക-ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം പിടിച്ചുപറിച്ച് മുസ്ലിംകൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ എവിടെയും എഴുതിയിട്ടില്ല. പക്ഷേ, മോദി ആവർത്തിച്ചു പ്രസംഗിച്ചു കൊണ്ടിരിക്കുന്നത് അങ്ങനെയാണ്. അമേരിക്കയിലെ പാരമ്പര്യ സ്വത്ത് നികുതിയെ അനുകൂലിച്ച് സാം പിട്രോഡ പറഞ്ഞപ്പോൾ, കോൺഗ്രസ് വന്നാൽ കെട്ടുതാലി പൊട്ടിച്ചെടുക്കുമെന്നായി മോദിയുടെ വ്യാഖ്യാനം. നേരെചൊവ്വേ ചിന്തിച്ചാൽ, അതിനൊക്കെ ആർക്കെങ്കിലും കഴിയുമോ? തെക്കേ ഇന്ത്യക്കാർ ദക്ഷിണാഫ്രിക്കക്കാരെപ്പോലെയെന്ന് പിട്രോഡ പറഞ്ഞത് തെറ്റ്. എന്നാൽ, ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കുന്നതിനെ കോൺഗ്രസ് എതിർത്തത് തൊലിനിറവും പിന്നാക്ക പശ്ചാത്തലവുമൊക്കെ കൊണ്ടാണെന്ന് തെളിഞ്ഞുവെന്നായി മോദിയുടെ പ്രസംഗം. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് പോകാതിരുന്ന പ്രതിപക്ഷ പാർട്ടികൾ രാമനും ഹിന്ദുക്കൾക്കും എതിരാണെന്ന് പറഞ്ഞുതുടങ്ങിയ മോദി, പ്രതിപക്ഷം അധികാരത്തിൽ വന്നാൽ രാമക്ഷേത്രത്തിന് ബാബരി പൂട്ട് ഇടുമെന്നും പ്രസംഗിക്കുകയാണ് ഇപ്പോൾ. ഇതൊക്കെ നടപ്പുള്ള കാര്യമാണോ? രാഷ്ട്രീയ പ്രസംഗങ്ങളിൽ ചില്ലറ വളച്ചൊടിക്കലുകളൊക്കെ സ്വാഭാവികമെന്ന് കാണാൻ ജനം ശീലിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിലൊന്നും നിൽക്കാതെ ദുർവ്യാഖ്യാനത്തിന്റെ എല്ലാ അനുപാതവും വിട്ട് പ്രസംഗിക്കുന്നത്, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. തെരഞ്ഞെടുപ്പു കമീഷനാകട്ടെ, മിണ്ടാട്ടമില്ല.
മോദിയുടെ പ്രസംഗത്തിൽനിന്ന് മോദിസർക്കാറിന്റെ ചെയ്തികളിലേക്ക് വന്നാൽ, സംവരണത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിയത് യഥാർഥത്തിൽ ആരാണ്? സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് ഭരണഘടനാനുസൃതമായി നൽകിപ്പോരുന്ന സംവരണത്തിലേക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉൾപ്പെടുത്തി പിന്നാക്ക-ഒ.ബി.സി വിഭാഗങ്ങളുടെ അവസരം കുറച്ചുകളഞ്ഞത് മോദിസർക്കാറാണ്. സച്ചാർ സമിതി പുറത്തുകൊണ്ടുവന്ന കണക്കുകളും ശിപാർശകളും തള്ളിക്കളഞ്ഞുകൊണ്ടാണ്, മുസ്ലിംകൾക്ക് സംവരണം നൽകാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ആണയിട്ടുകൊണ്ടിരിക്കുന്നത്. മോദിസർക്കാർ പരിഷ്കരിച്ച തൊഴിൽ-കോർപറേറ്റ് നിയമങ്ങൾക്ക് അനുസൃതമായി സർക്കാർ ഉദ്യോഗങ്ങളിലും സ്വകാര്യ മേഖലയിലും കരാർ നിയമനങ്ങൾ കൂടിക്കൂടി വരുന്നതിനൊത്ത് പിന്നാക്ക സംവരണ തോത് കുറഞ്ഞുവരുന്നുവെന്ന യാഥാർഥ്യവും ഒപ്പമുണ്ട്. 50 ശതമാനമെന്ന പട്ടിക വിഭാഗ, ഒ.ബി.സി സംവരണ പരിധി എടുത്തുകളയുമെന്ന് പറയാൻ മോദിക്കും ബി.ജെ.പിക്കും ധൈര്യമുണ്ടോ എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം പ്രസക്തമാകുന്നതും അതുകൊണ്ടാണ്.
ഇനി, കെട്ടുതാലി പൊട്ടിച്ചെടുക്കാൻ പോകുന്നുവെന്ന വിവരണത്തിന്റെ മറുപുറത്തിലേക്ക് വരാം. കഴിഞ്ഞ 10 വർഷത്തിനിടയിൽ കെട്ടുതാലി പൊട്ടിച്ചില്ലെങ്കിലും, അത് പണയം വെക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ടെന്ന് ശരാശരിക്കാർ പറയും. സർക്കാറിൽനിന്ന് കിട്ടിപ്പോന്ന സബ്സിഡികൾ ഓരോന്നായി നിർത്തിക്കൊണ്ടിരിക്കുന്നു. പാചകവാതക സബ്സിഡി, വളം സബ്സിഡി തുടങ്ങിയവ ഉദാഹരണം. അസംസ്കൃത എണ്ണ വിലയുടെ കയറ്റിറക്കങ്ങൾ ബാധകമല്ലാതെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ മൂന്നക്കവും കടന്ന് നിൽക്കുന്നു. പൊതുമേഖല സ്ഥാപനങ്ങൾ രാജ്യത്തിന്റെ ആസ്തിയും അഭിമാനവുമായ കെട്ടുതാലികളാണെങ്കിൽ, അതിലൊന്നായ എയർ ഇന്ത്യ ഇന്ന് ടാറ്റയുടെ കഴുത്തിലെ ആഭരണമാണ്. വിമാനത്താവളങ്ങൾ അടക്കം പലതും അദാനിയുടെ പോക്കറ്റിലാണ്. അങ്ങനെ നീളുന്നു അക്കഥ. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയുടെ ഒത്ത നടുവിലുമാണ് ജനം.
കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിൽനിന്ന് ഭിന്നമായി തെരഞ്ഞെടുപ്പു കളത്തിൽ ‘മോദി ഹവ’ഇത്തവണ ഇല്ലാത്തതിന്റെ കാരണവും ഇതൊക്കെത്തന്നെ. മുൻകാലങ്ങളിൽ മോദിയിൽ പ്രതീക്ഷയർപ്പിച്ചുണ്ടായ അഭിലാഷവും ആവേശവും ഇത്തവണയില്ല. 543ൽ 283 സീറ്റിലെയും വോട്ടെടുപ്പു കഴിഞ്ഞ് നാലാംഘട്ടത്തിലെത്തി നിൽക്കുമ്പോൾ വോട്ടർമാരിൽ നിസ്സംഗതയും ആശയക്കുഴപ്പവും ഒരുപോലെ പ്രകടമാണ്. അയോധ്യയിൽ രാമക്ഷേത്രം തുറന്നെങ്കിലും ‘രാമൻ ഇഫക്ട്’യു.പിയിൽ പോലും പ്രകടമല്ല. ‘വോ തോ ഹോ ഗയാ’, അതൊക്കെ കഴിഞ്ഞില്ലേ എന്ന ചിന്താഗതിയാണ് വോട്ടർമാർ പ്രകടിപ്പിക്കുന്നത്. ഹിന്ദു-മുസ്ലിം ശത്രുത വളർത്താൻ പ്രയോഗിച്ച ഉപായങ്ങൾ ഹിന്ദു ജനസാമാന്യം കാര്യമായി ഏറ്റെടുത്തിട്ടില്ലെന്നു മാത്രമല്ല, ബി.ജെ.പിക്കുള്ളിൽതന്നെ എതിർപ്പുണ്ട്. 400 സീറ്റെന്ന അർമാദവുമായി തെരഞ്ഞെടുപ്പിനെ സമീപിച്ച മോദിയും ബി.ജെ.പിയും, അമിതവിശ്വാസം അപകടമായെന്ന തിരിച്ചറിവിലുമാണ്. ആദ്യത്തെ മൂന്നു ഘട്ടങ്ങളിൽ ബി.ജെ.പിക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ 40ഓളം സീറ്റ് കുറയുമെന്നാണ് പ്രവചനങ്ങൾ. കേവല ഭൂരിപക്ഷത്തിനും താഴെയാണ് ബി.ജെ.പിയുടെ സീറ്റ് ഗണിതമെന്നു മാത്രമല്ല, ഗൂഢപദ്ധതികളൊന്നുമില്ലാതെ നേരെചൊവ്വേ വോട്ടെടുപ്പു നടന്നാൽ ബി.ജെ.പിക്കു കിട്ടാൻപോകുന്ന സീറ്റിന്റെ എണ്ണം 400 പ്ലസ് അല്ല, 200 പ്ലസ് ആയിരിക്കുമെന്ന് കാണുന്ന നിരീക്ഷകരുമുണ്ട്.
സംസ്ഥാനങ്ങളിലെ സ്ഥിതിവിവര കണക്കുകൾ അതിന് ആക്കം പകരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൂത്തുവാരിയ ഡൽഹി, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് ഇക്കുറി നഷ്ടം സംഭവിക്കുമെന്ന് വ്യക്തമാണ്. ഹരിയാനയിൽ കൈവിട്ട സഖ്യകക്ഷിയും കർണാടകയിൽ ഒപ്പം കൂടിയ സഖ്യകക്ഷിയും ചതിച്ചു. 80ൽ 62 സീറ്റ് കിട്ടിയ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചരിത്രം ഇക്കുറി യു.പിയിൽ ആവർത്തിക്കില്ല. മഹാരാഷ്ട്രയിലെ 48 സീറ്റിൽ സിംഹഭാഗവും കഴിഞ്ഞ തവണ കൈയടക്കിയെങ്കിൽ, ഇപ്രാവശ്യം 24 സീറ്റിൽ കൂടുതൽ കിട്ടില്ലെന്നാണ് വിലയിരുത്തൽ. പശ്ചിമ ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും തിരിച്ചടി ഉണ്ടാകും. മോദിസ്തുതി പാടിക്കൊണ്ടിരുന്ന ദേശീയ മാധ്യമങ്ങൾ പലതും കാമറ പ്രതിപക്ഷ പാർട്ടികളിലേക്കും തിരിച്ചുതുടങ്ങിയത്, കഴിഞ്ഞ മൂന്നു ഘട്ടത്തിലെ വോട്ടെടുപ്പു പ്രവണതകളുടെ പുറത്തുവിടാൻ വയ്യാത്ത സർവേ ഫലങ്ങൾ അവരുടെ പക്കൽ ഉള്ളതുകൊണ്ടു കൂടിയാകണം. സർക്കാറിനെ നിയന്ത്രിക്കുന്നവർക്ക് താഴേത്തട്ടിൽ നിന്ന് സൂക്ഷ്മമായ സർവേ-ഇന്റലിജൻസ് റിപ്പോർട്ടുകൾ അതിനും മുമ്പേ കിട്ടാതിരിക്കില്ല. ബാഹ്യമായ കാരണങ്ങളൊന്നുമില്ലാതിരിക്കെ, ഓഹരി വിപണി ചാഞ്ചാടുന്നതിൽ നിന്നുമുണ്ട്, വായിച്ചെടുക്കാൻ.
ഈ സാഹചര്യങ്ങൾ കൂടി മുൻനിർത്തി വേണം, മോദിയുടെ പരിധിവിട്ട പ്രസംഗങ്ങളെ കാണാൻ. ആരെയാണ് അദ്ദേഹം തെറ്റിദ്ധരിപ്പിക്കാനും മുതലാക്കാനും ശ്രമിക്കുന്നത്? സംഘ്പരിവാർ അംഗീകൃത വാട്സ്ആപ് യൂനിവേഴ്സിറ്റികൾക്കു കീഴിൽ ഉപരിപഠനം നടത്തുന്നവരിലേക്കും, അതിനുപോലും അവസരമില്ലാത്ത വെറും പാവങ്ങളും നിരക്ഷരരുമായ ഉൾനാടൻ വോട്ടർമാരിലേക്കുമാണ് മോദി ദുർവ്യാഖ്യാനം കുത്തിവെക്കുന്നതെന്ന് കാണാം. കെട്ടുതാലി കൊണ്ടുപോകും, സംവരണം പിടിച്ചു പറിക്കും തുടങ്ങിയ തെറ്റായ വിവരങ്ങൾ യുക്തിസഹമായ പരിശോധനയില്ലാതെ ആശങ്കയോടെ ഏറ്റുവാങ്ങുന്ന വലിയൊരു ജനസഞ്ചയം ഇന്നും രാജ്യത്തുണ്ട്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട് വർഷങ്ങൾക്കുശേഷവും പ്രധാനമന്ത്രി ഇന്ദിരയല്ലെന്ന് അറിയാതിരുന്നവർ യു.പിയുടെയും ബിഹാറിന്റെയും മധ്യപ്രദേശിന്റെയുമൊക്കെ ഉൾനാടൻ മേഖലകളിൽ ഉണ്ടായിരുന്നുവെന്ന് ഓർക്കണം. ജാതിയും ജാതിയും കൂടിക്കുഴഞ്ഞ ഈ ഗ്രാമങ്ങളിൽ വർഗീയ രാഷ്ട്രീയവ്യാഖ്യാനങ്ങൾ പ്രസരിപ്പിക്കാൻ സംഘ്പരിവാറിന്റെ ശക്തമായ ശൃംഖലകൾക്ക് സാധിക്കും.
അതിദുർബലവും അതിപിന്നാക്കവുമായ ഇത്തരം മേഖലകളിലെ വോട്ടുകളിൽ മോദിയും ബി.ജെ.പിയും കൂടുതൽ ശ്രദ്ധ വെക്കുന്നു. വിവിധ ജാതികളിൽപെട്ട ഹിന്ദുവിഭാഗങ്ങളെ ഒരു ചരടിൽ കോർത്തെടുക്കാൻ മുമ്പും ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ മിശിഹയായി അവതരിച്ച മായാവതി നയിക്കുന്ന ബി.എസ്.പിയുടെ അർഥഗർഭമായ മൗനവും നീക്കങ്ങളും ഇതിനൊപ്പം ചേർത്തു വായിക്കണം. തന്റെ പിന്തുടർച്ചാവകാശിയും ബി.എസ്.പിയുടെ പുതിയ സാരഥിയുമായി വാഴിച്ച ആകാശ് ആനന്ദിനെ, പാർട്ടി നയിക്കാൻ തക്കവിധം വളർച്ചയെത്തിയില്ലെന്ന വിശദീകരണത്തോടെ മായാവതി മാറ്റിയതിൽ ശക്തമായൊരു അന്തർധാര തെളിഞ്ഞുകിടക്കുന്നു. ബി.ജെ.പി സ്ഥാനാർഥിക്കെതിരെ ശക്തരായ സ്ഥാനാർഥികളെ നിർത്തിയതും മറ്റുമാണ് ആകാശ് ആനന്ദിന് വിനയായത്. ബി.ജെ.പിക്കുവേണ്ടി വോട്ടു മറിക്കുകയോ പ്രതിപക്ഷ സ്ഥാനാർഥികളെ തോൽപിക്കാൻ പാകത്തിൽ സ്ഥാനാർഥിയെ നിർത്തുകയോ ചെയ്യുന്നുവെന്ന സംശയ നിഴലിൽ ബി.എസ്.പി നിൽക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.
വോട്ടെടുപ്പു പോലും വേണ്ടാത്തവിധം ബി.ജെ.പി സ്ഥാനാർഥി ജയിച്ച സൂറത്ത് ജാലവിദ്യ മുതൽ തെരഞ്ഞെടുപ്പു കമീഷനെ നോക്കുകുത്തിയാക്കി നിരന്തരം നടത്തുന്ന തെറ്റായ പ്രചാരണങ്ങൾവരെ നീളുന്ന കൗശലങ്ങളുടെ പുതിയ രൂപങ്ങൾ ഇനിയങ്ങോട്ടുള്ള മൂന്നാഴ്ചകളിൽ ബി.ജെ.പി പുറത്തെടുത്തേക്കാം. എടുത്തു പറയേണ്ടതില്ലാത്ത പല കാരണങ്ങളാൽ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയിച്ചേ മതിയാവൂ. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് പാതി പിന്നിട്ട് നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കെ, തുടക്കത്തിലെ ബലഹീനതകൾ വിട്ട് ശക്തിയാർജിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നു. ഇനിയൊരു തെരഞ്ഞെടുപ്പിനെ നയിക്കാൻ കഴിയുമോ എന്ന ചോദ്യമുയർത്തുന്ന വിധം മോദിയുടെ നേതൃത്വം തെരഞ്ഞെടുപ്പു കളത്തിൽ അതുവഴി വെല്ലുവിളിക്കപ്പെടുകയുമാണ്. അത് യാഥാർഥ്യം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.