മദ്റസയിലെ ഭാഗവത്
text_fieldsരാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സർസംഘ് ചാലക് മോഹൻ ഭാഗവത് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ തങ്ങിയ കൂട്ടത്തിൽ അസാധാരണമായ രണ്ട് സന്ദർശനങ്ങൾ നടത്തി. കസ്തൂർബ ഗാന്ധി മാർഗിലെ മസ്ജിദ് വളപ്പിലെത്തി അഖിലേന്ത്യ ഇമാം അസോസിയേഷൻ എന്നൊരു സംഘടനയുടെ നേതാവു കൂടിയായ അവിടത്തെ ഇമാം ഉമർ അഹ്മദ് ഇല്യാസിയെ കണ്ടു. അദ്ദേഹത്തെ കൂട്ടി ആസാദ്പുരിലെ മദ്റസ സന്ദർശിച്ച് കുട്ടികൾക്കൊപ്പം കുറച്ചുസമയം ചെലവിട്ടു. ഒരു മാസം മുമ്പാണ് മോഹൻ ഭാഗവത് മുസ്ലിംകളായ അഞ്ചു പ്രമുഖരുമായി ആശയങ്ങൾ പങ്കുവെച്ചത്. ഡൽഹി മുൻ ലഫ്. ഗവർണറും ജാമിഅ മില്ലിയ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. നജീബ് ജങ്, മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായി വിരമിച്ച എസ്.വൈ. ഖുറൈശി, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ ജനറൽ സമീറുദ്ദീൻ ഷാ, മുൻ പാർലമെന്റംഗം ഷാഹിദ് സിദ്ദീഖി, വ്യവസായി സഈദ് ഷേർവാനി എന്നിവരുമായാണ് കൂടിക്കാഴ്ച നടന്നത്.
ആർ.എസ്.എസ് നേതാവ് പള്ളിയിലും മദ്റസയിലും കയറുമോ? സ്വാഭാവികമായ ആ സംശയത്തിനൊപ്പം വാദപ്രതിവാദങ്ങളും തുടങ്ങി. എന്തിനു പോകണം, എന്തുകൊണ്ട് പോയിക്കൂടാ എന്നീ ചോദ്യങ്ങൾ ഉയർന്നു. ആ യാത്രയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നതും സ്വാഭാവികം. 2009ൽ സർസംഘ് ചാലക് സ്ഥാനമേറ്റ 72കാരനായ മോഹൻ ഭാഗവത് ഇതാദ്യമായാണ് ഒരു മസ്ജിദിലോ മദ്റസയിലോ പോകുന്നതെന്നിരിക്കേ, എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു തോന്നലുണ്ടായതെന്ന ചോദ്യവും ബാക്കിയായി. കാരണം, ഭൂരിപക്ഷ-ന്യൂനപക്ഷ ബന്ധം അത്രമേൽ മോശമാണ്. ബഹുസ്വരതകളുടെ സൗന്ദര്യം ആസ്വദിച്ച് മുന്നോട്ടുപോയിരുന്ന സമൂഹത്തിന്റെ ചിന്താധാര സംശയവും ശത്രുതയുമായി മാറിപ്പോയി. ന്യൂനപക്ഷം കടുത്ത അരക്ഷിത ബോധത്തിൽ. ഭൂരിപക്ഷം, മേധാവിത്തത്തിന്റെയും കീഴ്പ്പെടുത്തലിന്റെയും അർമാദത്തിൽ. ചേരിതിരിച്ചു നിർത്തുന്ന കാര്യപരിപാടി തുടരുമ്പോൾ, അതിന്റെ സൂത്രധാരന്മാർ പൊടുന്നനെ കൈക്കൊള്ളുന്ന സാത്വിക ഭാവം സംശയിക്കപ്പെടും. എങ്കിലും, അനുരഞ്ജനത്തിന്റെ വഴി എവിടെയെങ്കിലും തുടങ്ങിവെക്കേണ്ടതില്ലേ എന്ന അർഥശങ്ക ബാക്കിനിൽക്കും.
മോഹൻ ഭാഗവതിനെ പള്ളിവളപ്പിൽ ഉണ്ടായിരുന്നവർക്കും മദ്റസ കുട്ടികൾക്കും ഇമാം പരിചയപ്പെടുത്തിക്കൊടുത്തത് 'രാഷ്ട്രപിതാവ്' എന്ന വിശേഷണത്തോടെയാണ്. ആ പദവിയുള്ള ഒരാൾ നിലവിലുണ്ടെന്ന് ഏതായാലും ഭാഗവത് തിരുത്തി. കുട്ടികൾ ഖുർആൻ ഓതുന്നത് ശ്രദ്ധാപൂർവം ഭാഗവത് കേട്ടിരുന്നുവെന്നും കുട്ടികൾ അദ്ദേഹത്തിനൊപ്പം ജയ്ഹിന്ദും വന്ദേമാതരവും ചൊല്ലിയാണ് പിരിഞ്ഞതെന്നും ഒപ്പമുണ്ടായിരുന്ന സംഘ് പ്രവർത്തകർ വിശദീകരിച്ചു. സൗഹാർദ-സാഹോദര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സന്ദർശനലക്ഷ്യമെന്ന വിവരണങ്ങൾക്കൊപ്പം ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ നൽകിയ വിശദീകരണവും ശ്രദ്ധേയമാണ്. ഭാഗവത് നടത്തിയ സന്ദർശനം ആർ.എസ്.എസിന്റെ നയനിലപാടുകളെയോ കാര്യപരിപാടികളെയോ ഒരുനിലക്കും ബാധിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ പ്രചാരകർക്ക് ഉണ്ടാവുന്ന സന്ദേഹങ്ങൾ ദൂരീകരിക്കാനായിരുന്നു അത്. ഭാഗവത് മസ്ജിദിൽ ചെന്നതല്ല, ഇമാം അതിനോടുചേർന്ന് താമസിക്കുന്നതുകൊണ്ടാണ് മറിച്ചൊരു പ്രതീതി ഉണ്ടായതെന്ന വിശദീകരണവും വന്നു. ഭാഗവത് ചെന്നുകണ്ട ഇമാം കാര്യപരിപാടിയുടെ ക്ഷണിതാവായാലും വാടകയായാലും, 16 കോടി വരുന്ന മുസ്ലിംകളുടെ പൊതു പ്രതിനിധിയല്ലെന്നത് മറുപുറം. ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ ഒരു തുണ്ടു കഷണമാണത്. ഭാഗവതിന്റെ മദ്റസ-മസ്ജിദ് സന്ദർശനത്തിന്റെ കാമ്പും കഴമ്പും അത്രതന്നെ.
പ്രമുഖ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, ബർഖ ദത്ത് എന്നിവർ നടത്തിയ അഭിമുഖങ്ങളിൽ ഭാഗവതുമായി ഒരു മാസം മുമ്പുണ്ടായ ചർച്ചയുടെ ഉള്ളിക്കാമ്പ് പോലുള്ള ഉള്ളടക്കം എസ്.വൈ. ഖുറൈശി, നജീബ് ജങ് തുടങ്ങിയവർ വിശദീകരിക്കുന്നുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ ആശയ സംഭാഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്ന താൽപര്യമറിയിച്ച് ഖുറൈശിയും മറ്റു നാലുപേരും ചേർന്ന് ഭാഗവതിന് ഇ-മെയിൽ അയച്ചിരുന്നു. ഡൽഹിക്ക് വരുമ്പോൾ തമ്മിൽ കാണാമെന്ന മറുപടിയും കിട്ടി. അതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. ന്യൂനപക്ഷ അരക്ഷിത ബോധം ചർച്ചയായി. ഭാഗവതിന്റെ വിവാദ പ്രസ്താവനകൾ അടക്കം പല വിഷയങ്ങൾ സംസാരിച്ചു. ഇന്ത്യയിലെ മുസ്ലിംകളെല്ലാം ഹിന്ദുക്കളാണെന്ന് ഒരിക്കൽ പറഞ്ഞത് ഉചിതമല്ലെന്ന് അഞ്ചംഗ സംഘം ബോധിപ്പിച്ചു. ഇന്ത്യൻ മുസ്ലിംകളെന്നോ ഭാരതീയ മുസ്ലിംകളെന്നോ വിളിക്കുന്നതിൽ തെറ്റില്ല. ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യയെ മുസ്ലിംരാഷ്ട്രമാക്കാൻ ശ്രമിക്കുന്നുവെന്ന പരാമർശം, മുസ്ലിംകൾ ഇവിടെ 16 ശതമാനം മാത്രമാണെന്നിരിക്കെ, നടപ്പുള്ള കാര്യമല്ലെന്ന് ബോധ്യപ്പെടുത്തി. എന്തിലും ഏതിലും ജിഹാദ് വിവാദം കൊണ്ടുവരുന്നതും മുസ്ലിംകളെ ജിഹാദികളായി വിശേഷിപ്പിക്കുന്നതും ശരിയല്ലെന്നും അറിയിച്ചു.
ഹിന്ദുക്കളുടെ കാഴ്ചപ്പാടുകളും വികാരങ്ങളും അംഗീകരിക്കാൻ മുസ്ലിംകൾ തയാറാവുന്നില്ല, പശു വിഷയത്തിൽ ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്നു, ബീഫിന്റെ കാര്യത്തിൽ നിർബന്ധം പിടിക്കുന്നു, വിശ്വാസികളല്ലാത്ത 'കാഫിറു'കളായി ഹിന്ദുക്കളെ കാണുന്നു എന്നിങ്ങനെ ചില കാര്യങ്ങൾ ഭാഗവത് തിരിച്ചും പറഞ്ഞു. രാജ്യപുരോഗതിക്ക് സൗഹാർദം പ്രധാന വിഷയമാണെന്ന കാര്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പറഞ്ഞ വിഷയങ്ങൾ തടസ്സപ്പെടുത്തൽ കൂടാതെ ക്ഷമയോടെ ഭാഗവത് കേട്ടിരുന്നതിൽ ആത്മാർഥത കണ്ടെത്താൻ കഴിയുന്നുവെന്നാണ് അഞ്ചംഗ സംഘത്തിന്റെ പക്ഷം. എല്ലാ പള്ളിയിലും ശിവലിംഗം തിരയേണ്ട എന്ന ആഹ്വാനവും മസ്ജിദ്-മദ്റസ യാത്രയുമൊക്കെ നല്ല ലക്ഷണങ്ങളായും അവർ നിരീക്ഷിക്കുന്നു. പരിമിതികളുണ്ടെങ്കിലും, പരസ്പരബന്ധം കലങ്ങിനിൽക്കുന്നതിലുള്ള അസ്വസ്ഥത ഭരണം നയിക്കുന്നവരെ അറിയിക്കുമെന്ന് വാക്കുനൽകിയിട്ടുണ്ട്. ഭാഗവതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു സംഭാഷണം ഒത്തുകിട്ടാനുള്ള ശ്രമത്തിലാണ് അഞ്ചംഗ സംഘം. ഏതായാലും ഉന്നത പദവികൾ വഹിച്ച ചിലർ ഉപകാരസ്മരണയിൽ കുളിരുകൊള്ളുന്നതും ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് കളത്തിലിറങ്ങുന്നതും പുതിയ ലാഭചേതങ്ങളിൽ കണ്ണുനട്ട് വാലാട്ടുന്നതുമെല്ലാം കൗതുകമുണർത്തുന്ന കാഴ്ചയാണ്.
സംഭാഷണവും അനുരഞ്ജനവുമാണ് ഭിന്നതയും അവിശ്വാസവും അവസാനിപ്പിക്കാൻ ഏറ്റവും നല്ല വഴിയെന്ന കാര്യത്തിൽ രണ്ടു പക്ഷമുണ്ടാവില്ല. അതിനൊരു കളമൊരുങ്ങിയിട്ടുണ്ടോ എന്ന കാതലായ ചോദ്യം ബാക്കി നിൽക്കുന്നു. വിശ്വാസയോഗ്യവും സ്വീകാര്യവുമല്ലാത്ത ചുവടുകൾ അസംബന്ധ നാടകമായി മാറും. നിയമനിർമാണ സഭകളിലും ഭരണത്തിലും ഉദ്യോഗത്തിലുമൊക്കെ ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പി എത്ര പ്രാതിനിധ്യം നൽകുന്നുവെന്നതുപോലുള്ള വിഷയങ്ങൾ നിൽക്കട്ടെ. പുച്ഛവും വിദ്വേഷവും പുറന്തള്ളലും പ്രമേയമാക്കി പുതിയൊരു രാഷ്ട്രനിർമിതിക്ക് ശ്രമിക്കുന്നവർ ഭരണസൗകര്യം ദുരുപയോഗിച്ച് നടത്തുന്ന അപര വേട്ടയാടൽ സൃഷ്ടിച്ച അരക്ഷിതബോധത്തിന്റെയും ഭയാശങ്കകളുടെയും പിടിയിലാണ് ന്യൂനപക്ഷം. ഭാഗവത് മദ്റസയിൽ പോകുന്നതോ വരേണ്യസംഘം താത്ത്വിക ചർച്ച നടത്തുന്നതോ ഇത്തരം കാതലായ പ്രശ്നങ്ങളെ തൊടാതെയാണ്. എന്നാൽ അജണ്ടകൾ മുന്നോട്ടു നീക്കുന്നതിനൊപ്പം, ന്യൂനപക്ഷങ്ങളിൽ പരസ്പര ഭിന്നത വളർത്താനും മെരുങ്ങുന്ന കൂട്ടരെ വരച്ച വഴിയേ നടത്താനുമുള്ള ഇരട്ടലാക്ക് അതിൽ അടക്കം ചെയ്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.