Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightഅതിർത്തിയിൽ തോറ്റതിന്...

അതിർത്തിയിൽ തോറ്റതിന് മാപ്രയോട്

text_fields
bookmark_border
Media Person
cancel


പത്രക്കാരന് അനുതാപം പാടില്ല. ഇരയുടെ പക്ഷം പറയരുത്. സർക്കാർ ചെയ്യുന്നതെന്തും, എന്തും, മഹത്തരമായി കാണണം. ഭരണകൂട വിമർശനം വേണ്ട. ഉദാഹരണത്തിന്, കർഷകർ സമരം നടത്തിയാൽ അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചോ, സമരത്തിന് ആധാരമായ കാര്യങ്ങളെക്കുറിച്ചോ അല്ല പറയേണ്ടത്. സർക്കാർ കഴിയാവുന്നത്ര ചെയ്തിട്ടും ഈ കർഷകക്കൂട്ടം എന്തിന് പൊരിവെയിലിൽനിന്ന് ജനത്തെ അലോസരപ്പെടുത്തുന്നു എന്നായിരിക്കണം വാക്കിന്‍റെയും എഴുത്തിന്‍റെയും ഉന്നം. രാജ്യത്തിന്‍റെയും ഭരണകൂടത്തിന്‍റെയും താൽപര്യത്തിന് വിരുദ്ധമായി സമരം ചെയ്യുന്ന കർഷക പരിഷകളെ തുറുങ്കിലടക്കാൻ സർക്കാർ വൈകുകയല്ലേ എന്നാണ് പത്രക്കാരൻ സംശയിക്കേണ്ടത്.

അതിപ്പോൾ കർഷക സമരമല്ല, കോവിഡ് മഹാമാരിയായാലും ചിന്ത ഭരണകൂടത്തിന് അനുകൂലമായിരിക്കണം. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കിലോമീറ്ററുകൾ നടന്ന് കാൽവെള്ള പൊട്ടിയ തൊഴിലാളിപ്പടയുടെ വേദനയിൽ പത്രക്കാരൻ പങ്കുചേർന്നു കൂടാ. നടക്കാൻ കിലോമീറ്ററുകൾ നീളുന്ന റോഡ് ഉണ്ടാക്കിയ ഭരണകൂടത്തെക്കുറിച്ചാണ് വിസ്തരിക്കേണ്ടത്. കലാപമുണ്ടായാൽ, സമരമുണ്ടായാൽ, സർക്കാറിനെ വിമർശിക്കുന്നതിൽ എന്തർഥം? അതൊക്കെ മൂലം പൊതുജനത്തിനും സർക്കാറിനുമുണ്ടാകുന്ന അലോസരങ്ങൾക്കല്ലേ വാർത്താ പ്രാധാന്യം നൽകേണ്ടത്? അങ്ങനെയൊന്നുമല്ലാത്ത മാധ്യമപ്രവർത്തനം ഭീകരപ്രവർത്തനമാണ് -ചുരുങ്ങിയ പക്ഷം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും ജനാധിപത്യത്തിന്‍റെ മാതാവ് എന്നുമൊക്കെ വിശേഷിപ്പിച്ചു പോരുന്ന ഇന്ത്യയിൽ.

ന്യൂസ് ക്ലിക് കേസിൽ ഡൽഹി പൊലീസ് കോടതിയിൽ നൽകിയ എഫ്.ഐ.ആർ വായിച്ചാൽ അങ്ങനെയൊക്കെയാണ് മനസ്സിലാക്കേണ്ടത്. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ന്യൂസ് ക്ലിക്കിന്‍റെ എഡിറ്റർ ഇൻ ചീഫിനും മറ്റുമെതിരെ ചുമത്തിയ സാഹചര്യം പൊലീസ് പറയുന്നുണ്ട്. കർഷക സമരകാലത്ത് അവശ്യസാധന വിതരണം തടസ്സപ്പെടുത്താനും മറ്റും അവർ ഗൂഢാലോചന നടത്തി. ശത്രുതയുള്ള വിദേശരാജ്യത്തുനിന്ന് പണം സ്വീകരിച്ച് ഭരണകൂട നയങ്ങളെയും വികസന പദ്ധതികളെയും ബോധപൂർവം വിമർശിച്ചു. ചൈനാ സർക്കാറിന്‍റെ നയപരിപാടികൾ മഹത്തരമായി ഉയർത്തിക്കാട്ടി. കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്ന് കാണിക്കാൻ താൽപര്യമുള്ള ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു. കോവിഡ് മഹാമാരി നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളെ അവമതിക്കുന്ന വ്യാഖ്യാനങ്ങൾ പ്രചരിപ്പിച്ചു. ഒക്കെയും ഭീകരതാ നിർവചനത്തിന്‍റെ പരിധിയിൽ വരുന്ന കാര്യങ്ങളത്രേ. ഇനി കോടതി വേണം, അതു ശരിയോ എന്ന് പറയാൻ.

ഭീകരത നിരോധിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ എഫ്.ഐ.ആറിൽ ചാർത്താൻ കഴിയുമെങ്കിൽ പിന്നെ എതു പാതിരാത്രിക്കും മാധ്യമ പ്രവർത്തകന്‍റെയല്ല, ആരുടെയും വീട്ടുവാതിൽക്കൽ പൊലീസിന് മുട്ടാം. എന്താണ് കാര്യമെന്ന ചോദ്യത്തിനുനേരെ കണ്ണുരുട്ടി റെയ്ഡ് നടത്താം. മൊബൈൽ ഫോണും ലാപ്ടോപ്പും എന്നുവേണ്ട, തോന്നിയതൊക്കെ പിടിച്ചെടുക്കാം, കസ്റ്റഡിയിലെടുക്കാം. ജാമ്യം കിട്ടാത്ത വിധം നിയമവല മുറുക്കാം. കുറ്റാരോപിതന് എഫ്.ഐ.ആർ നൽകേണ്ട കാര്യമില്ലെന്നുവരെ വാദിച്ചുകൊണ്ടാണ് ന്യൂസ് ക്ലിക് കേസിൽ ഡൽഹി പൊലീസിന്‍റെ പോക്ക്.

ജനാധിപത്യത്തിന്‍റെ നാലു തൂണുകളിൽ രണ്ടാമത്തേത് ഭരണ നിർവാഹകരും നാലാമത്തേത് മാധ്യമങ്ങളുമാണ്. പ്രത്യേക പരിരക്ഷ നൽകേണ്ട നാലാം തൂണിനോട് രണ്ടാം തൂൺ കാണിക്കുന്ന അന്യായത്തിന്‍റെ പരിധി എത്രത്തോളമാകാം എന്ന് എവിടെയും പറഞ്ഞിട്ടില്ല. പത്രക്കാരൻ എന്ന തൊഴിലാളിയെ റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുക്കുന്നതിനും അയാളുടെ തൊഴിലുപകരണങ്ങൾ കൂടിയായ മൊബൈൽ ഫോൺ, ലാപ് ടോപ് തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമൊന്നും ഒരു മാർഗരേഖയുമില്ലാത്ത വൻകിട ജനാധിപത്യത്തിലാണ് വിവരമറിയിക്കുന്ന ഫോർത്ത് എസ്റ്റേറ്റും, വിവരമറിയാൻ അവകാശമുള്ള ജനസഞ്ചയവും കഴിയുന്നത്. അത് പറ്റില്ലെന്ന് കോടതി ഒരിക്കൽക്കൂടി പറഞ്ഞേക്കാം. ഉത്തരവ് നടപ്പാക്കേണ്ട ഭരണസംവിധാനം മാനിച്ചില്ലെങ്കിലോ?

ഭരണകൂടത്തിന്‍റെ കണ്ണിൽ മാധ്യമ പ്രവർത്തനം അക്ഷന്തവ്യമായ അപരാധമായിരിക്കുന്നു. നേതാവ് നെഞ്ചുവിരിച്ചു നിൽക്കുന്ന പടം കൊടുക്കാനും ഭരണനേട്ട സങ്കീർത്തനം വമ്പൻ പരസ്യമായി എഴുതിയിടാനും മാധ്യമങ്ങൾ കൂടിയേ കഴിയൂ. അതേ മാധ്യമങ്ങളുടെ വാർത്തയും വിമർശനവും ഭരണകൂടത്തിന് അരോചകമാവുന്നു. ഇത്രമേൽ ശത്രുതയോടെ മാധ്യമങ്ങളെ ഭരണകൂടം സമീപിച്ച കാലമില്ല. പാട്ടത്തിനെടുക്കാനോ വിലകൊടുത്തു വാങ്ങാനോ കഴിയാത്ത മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയ പ്രതിയോഗികളെ ഇന്ന് കൈകാര്യം ചെയ്തുവരുന്ന രീതിയിൽത്തന്നെ കുടുക്കുന്നു. അത്തരക്കാരെ കാണിച്ചു കൊടുക്കുന്ന മുറക്ക് കുറ്റം ഒന്നിനു പിറകെ ഒന്നായി ചാർത്തിക്കൊടുക്കാനും പിടികൂടി ഞെരിക്കാനും ഇവിടെ പൊലീസും അന്വേഷണ ഏജൻസികളുമുണ്ട്.

ഉന്നമിട്ടവനെ ആദ്യം പിടികൂടണം, കുറ്റം പിന്നെ തീരുമാനിക്കാമെന്ന ലൈനിലാണ് പോക്ക്. കള്ളപ്പണം, നികുതിവെട്ടിപ്പ്, ദേശസുരക്ഷ, സമാധാനം തകർക്കൽ തുടങ്ങിയ ഊരാക്കുടുക്കുകളിൽ പെട്ടുകിടക്കുന്ന മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും നിരവധിയുണ്ട്. ന്യൂസ് ക്ലിക്കിലേക്ക് എത്തിയപ്പോൾ ഭീകരത-വിഘടനവാദത്തോളമായിരിക്കുന്നു കുറ്റത്തിന്‍റെ വ്യാപ്തി. വൻകിടക്കാരെ വരച്ച വരയിലാക്കി; നട്ടെല്ലു വളയാൻ എവിടെയെങ്കിലും ബാക്കിനിൽക്കുന്ന കൂട്ടർ ജാഗ്രതൈ എന്നാണ് ഇതെല്ലാം വഴി മാധ്യമ ലോകത്തിന് ലഭിക്കുന്ന സന്ദേശം.

അതിർത്തിയിൽ തോറ്റതിന് ‘മാപ്ര’യോട് എന്ന മട്ടിൽ ചൈനാനുകൂല നിലപാട് ആരോപിച്ച് ന്യൂസ് ക്ലിക് പ്രവർത്തകരെ തളക്കുന്ന ഭരണകൂടത്തിന്‍റെ ഉന്നം ചൈനയാണോ, മാധ്യമങ്ങളാണോ? രണ്ടുമാണ് എന്ന ഉത്തരമാണോ കൂടുതൽ ശരിയെന്നും സംശയിക്കാം. അതിർത്തിയിൽ ചൈനയെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ തോറ്റുനിൽക്കുന്നുവെന്നാണ് പ്രതിപക്ഷവാദം. അതേസമയം, വിദേശ നിക്ഷേപം ഏതുരംഗത്തും നിർബാധം വരട്ടെയെന്ന നയമുള്ള സർക്കാറാണ് ചൈനാഫണ്ടിന്‍റെ പേരിൽ പിടിത്തമിടുന്നത്. ചൈനയുടെ ഫണ്ട് സ്വീകരിക്കുകയോ ദേശവിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് ന്യൂസ് ക്ലിക് ആണയിടുമ്പോൾ തന്നെയാണിത്. വേറെയും സംഭവിക്കുന്നുണ്ട്.

പ്രതിപക്ഷ പാർട്ടികളെ ശക്തമായി ഉന്നമിട്ട് എൻഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണത്തേക്കാൾ, ആക്രമണോത്സുകതയോടെ കളത്തിലുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡും ആം ആദ്മി പാർട്ടി എം.പിയുടെ അറസ്റ്റുമൊക്കെയായി അത് മുന്നേറുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സർക്കാറിലുള്ള പിരിമുറുക്കം രാഷ്ട്രീയ പ്രതിയോഗികളും മാധ്യമ ലോകവും ഏറ്റുവാങ്ങുകയാണ്. എൻ.ഡി.ടി.വി മുതൽപേർ വാഴ്ത്തുപാട്ടുകാരായി മാറിയ ദേശീയ മാധ്യമ ലോകത്തുനിന്ന് വരുന്ന നേർത്ത എതിർശബ്ദങ്ങളുടെ വായ് മൂടിക്കെട്ടിയാൽ സർക്കാർ വീഴ്ചകൾ വിമർശനങ്ങളായി ജനം കേൾക്കാതിരിക്കണമെന്ന നിർബന്ധ ബുദ്ധി അതിൽ നിഴലിക്കുന്നുണ്ട്. യഥാർഥത്തിൽ ജനത്തിന്‍റെ തിരിച്ചടി ഭയക്കുമ്പോഴാണ് ഇത്തരം പരാക്രമങ്ങൾക്ക് തീവ്രത കൂടുക. ഭരണകൂടത്തിന്‍റെ പ്രവർത്തനത്തിൽ പ്രതിഫലിക്കുന്ന വികൃതബുദ്ധി അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്‍റെ അന്തസ്സ് ചോർത്തിക്കൊണ്ടേയിരിക്കുന്നുവെന്നത് മറുപുറം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media PersonIndia News
News Summary - To Media Person for losing at the border
Next Story