Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightചങ്ങലക്കിടുന്നതും...

ചങ്ങലക്കിടുന്നതും അലങ്കാരമായാൽ

text_fields
bookmark_border
ചങ്ങലക്കിടുന്നതും അലങ്കാരമായാൽ
cancel

നിയമപ്രകാരമല്ലാതെ കുടിയേറിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ട് കൊടും ക്രിമിനലുകളെ പോലെ അപമാനിച്ച്​ ഇന്ത്യയിലെത്തിച്ചതിന്റെ രോഷവും സങ്കടവുമെല്ലാം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിൽ കണ്ടവേളയിൽ പ്രധാനമന്ത്രി നരേ​ന്ദ്ര മോദി അറിയിച്ചെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. പൗരന്മാരുടെ ‘ചൗക്കീദാർ’ ആയി സ്വയം പ്രഖ്യാപിച്ച നരേന്ദ്ര മോദി ‘വിശ്വഗുരു’വാക്കി​ താൻ മാറ്റിയെന്ന് പറയുന്ന ഒരു രാജ്യത്തിന്റെ അന്തസ്സ് ഇനിയും കെടാതിരിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടാകുമെന്ന് ദേശവാസികളെല്ലാം കരുതി. കാണുമ്പോഴെല്ലാം ‘മൈ ഫ്രണ്ട്’ എന്ന്​ വിളിച്ച് അണച്ചുപിടിച്ച് ആശ്ലേഷിക്കാറുള്ള പ്രിയസുഹൃത്താണല്ലോ മോദിക്ക് ​ട്രംപ്.

ആ പ്രതീക്ഷയിലാണ് നാടുകടത്തിയ ഇന്ത്യക്കാരുമായി രണ്ടാമത്തെ യു.എസ് വ്യോമസേനാ വിമാനം പഞ്ചാബിലെ അമൃത് സർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ അതിലുണ്ടായിരുന്ന മനുഷ്യരുടെ കൈകാലുകളിലേക്ക് രാജ്യം ഉറ്റുനോക്കിയത്. കൈകാലുകൾ ബന്ധിച്ചനിലയിലാണ് അവരുമെന്ന്​ കണ്ടതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.മൂന്നാം വിമാനത്തിൽനിന്നിറങ്ങിയവരുടെ കൈകാലുകളും ചങ്ങലപ്പൂട്ടുകളാൽ ബന്ധിതമായിരുന്നെന്നത്​ മോദിയ​ുടെ ‘മൈ ഫ്രണ്ട്’വിളിയും കെട്ടിപ്പിടിത്തവുമൊന്നും ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള ട്രംപി​ന്റെ മനോഭാവത്തിൽ തരിമ്പുപോലും മാറ്റം വരുത്തിയിട്ടിലെന്നതിന്​ അടിവരയിടുന്നു.

ഇന്ത്യ അതൃപ്തി അറിയിച്ചിട്ടും പിന്നീട് മോദി - ട്രംപ് കൂടിക്കാഴ്ച നടത്തിയിട്ടും വഴിയേ വന്ന രണ്ട് യു.എസ് സൈനിക വിമാനങ്ങളിലും എന്തുകൊണ്ട് ഇന്ത്യക്കാർക്ക് വിലങ്ങും ചങ്ങലയുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ ഇക്കുറി സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു വിദേശ മന്ത്രാലയത്തിന്റെ മറുപടി. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിൽ അമേരിക്കയിൽ നിലവിലുള്ള മാർഗരേഖ അനുസരിച്ചാണ് ഈ നാടുകടത്തൽ എന്ന് വിദേശ മന്ത്രിയും മന്ത്രാലയവും ന്യായീകരിക്കുന്നു.

ഇന്ത്യക്കാരെ കൈകൾക്ക് വിലങ്ങിട്ടും കാലുകൾക്ക് ചങ്ങലയിട്ടും അപമാനിച്ച്​ തിരിച്ചയക്കുന്നതിനെ ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള അമേരിക്കയുടെ ഒരു സാധാരണ നടപടിയായി മോദി സർക്കാർ അംഗീകരിച്ചുകഴിഞ്ഞുവെന്നാണ് ഇതിൽനിന്ന്​ മനസ്സിലാക്കേണ്ടത്. സ്വന്തം പൗര​ർക്ക്​ മേൽ ഒരു വിദേശ രാജ്യം അണിയിക്കുന്ന അപമാനച്ചങ്ങല ഊരിപ്പിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയാണെങ്കിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധമാണെന്ന വീമ്പിളക്കലി​ൽ എന്തർഥമാണുള്ളത്? ഇന്ത്യക്ക്​ നിരന്തരം മനുഷ്യാവകാശത്തിൽ ട്യൂഷനെടുക്കുന്ന യു.എസിനോട് അവരുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പറയാൻ കഴിയാത്ത നിലയിലാണോ രാജ്യമെന്ന് ചോദിക്കുമ്പോൾ വിദേശ മന്ത്രിക്കും മന്ത്രാലയത്തിനും മിണ്ടാട്ടമില്ല.

​ട്രംപിൽനിന്ന്​ നാം നേരിടേണ്ടി വന്ന അപമാനം വിലങ്ങിലും ചങ്ങലയിലുമൊതുങ്ങിയില്ല. ഇന്ത്യക്കാരെ യു.എസിൽനിന്ന്​ പാനമയിലേക്കും കോസ്റ്ററീകയിലേക്കും നാടുകടത്തിയതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നുകഴിഞ്ഞു. പാനമയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അവിടെ ഇന്ത്യക്കാരെ കൊണ്ടുവന്നിറക്കിയത് സ്ഥിരീകരിച്ചിട്ടുമുണ്ട്​. കോസ്റ്ററീകയിൽ കൊണ്ടുവന്നിറക്കിയവരിൽ ഇന്ത്യക്കാരു​ണ്ടോ എന്നുറപ്പുവരുത്താൻ പാനമയിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയതായി വിദേശ മന്ത്രാലയവവും അറിയിച്ചിരിക്കുന്നു. പാനമയിലും കോസ്റ്ററീകയിലും ഇന്ത്യക്കാരെ ഇറക്കിയിട്ടുണ്ടെങ്കിൽ അവരുടെ പൗരത്വം പരിശോധിച്ചുറപ്പുവരുത്തി കൊടുത്താൽ അവരെ അമേരിക്കതന്നെ അവരുടെ ചെലവിൽ ഇന്ത്യയിലെത്തിച്ചോളും എന്ന ആശ്വാസത്തിലാണ് ഇന്ത്യ. നിയമം ലംഘിച്ചെങ്കിൽ നമ്മുടെ പൗരരെ ഇന്ത്യയിലേക്ക് കയറ്റി വിടുന്നതിനു പകരം ​ക്രിമിനലുകളെന്ന കണക്കേ ഒരു മൂന്നാം രാജ്യത്ത് കൊണ്ടുപോയി പ്രദർശിപ്പിക്കുന്നതിൽ നാണക്കേടൊന്നും തോന്നുന്നി​േല്ല മോദിക്ക്​ ​? അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഇടത്താവളമായി ആ രണ്ട് വിദേശരാജ്യങ്ങളെയും ഉപയോഗിക്കാനുള്ള ഒരു കരാർ അമേരിക്ക ഉണ്ടാക്കിയിട്ടുണ്ട്​ എന്നാണ് വിദേശ മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യക്കാരെ ബന്ധനസ്ഥരാക്കിയത് അമേരിക്കൻ മാർഗരേഖ അനുസരിച്ചാണെന്ന് പറയുന്നതു പോലെയായി ഇതും. നയതന്ത്രമെന്ന് പറയുന്നത് വൺവേ ട്രാഫിക്കല്ലല്ലോ. അമേരിക്കയിൽനിന്ന് തിരിച്ചയക്കുന്ന സ്വന്തം പൗരരെ ഇങ്ങനെ മൂന്നാമതൊരു രാജ്യത്ത് കൊണ്ടുപോയി ഇറക്കാതെ നേരിൽ ഇന്ത്യയിൽ തന്നെയെത്തിക്കണമെന്ന്​ പറയാൻ പ്രധാനമ​ന്ത്രിക്ക് കഴിയുന്നില്ല.

അപമാനമു​ണ്ടെങ്കിൽ അത് രാജ്യത്തിനല്ലെന്നും നാടുകടത്തപ്പെടുന്നവർക്ക് മാത്രമാണെന്നും അനധികൃതമായി കുടിയേറിയവർ അതനുഭവിക്കേണ്ടവരാണെന്നുമുള്ള നരേറ്റിവ് കൊണ്ട് ഈ നാണക്കേടെല്ലാം മറച്ചുപിടിക്കാനുള്ള ശ്രമം സർക്കാറും ബി.ജെ.പിയും നടത്തുന്നുണ്ട്. ലോകത്തെ അഞ്ചാമത്തെ മികച്ച സമ്പദ്ഘടനയാണ് തങ്ങളു​ടേതെന്ന് പറഞ്ഞുകൊണ്ടിരിക്കേ, കിടപ്പാടങ്ങൾ വിറ്റും ഭീമമായ തുക വായ്പ​യെടുത്തും വൻതുക കടം വരുത്തിയും ഏതു വിധേനയെങ്കിലും സ്വന്തം രാജ്യം വിട്ടുപോകാൻ ഗുജറാത്തികളടക്കമുള്ള സ്വന്തം പൗരരെ പ്രേരിപ്പിക്കുന്ന​തെന്താണെന്ന് പറയാനിവർ ബാധ്യസ്ഥരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi Trump MeetingUS Deportation
News Summary - US Deportation and modi
Next Story
RADO