'വി'രൂപമായ കരകയറ്റവും കോവിഡ്കാല ബജറ്റും
text_fieldsകോവിഡും ലോക്ഡൗണും മാന്ദ്യവും ചേർന്ന് തള്ളിയിട്ട പടുകുഴിയിൽനിന്ന് ഇന്ത്യ തിരിച്ചുകയറുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി'യുടെ ആകൃതിയിലാണത്രേ. താഴേക്കു വീണ അതേ മാതിരി, അതേ വേഗത്തിലുള്ള കരകയറ്റം. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ പാർലമെൻറിൽ വെച്ച സാമ്പത്തിക സർവേ എന്ന ആധികാരിക വാർഷികഗ്രന്ഥവും അതെഴുതാൻ മേൽനോട്ടം വഹിച്ച മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമെല്ലാം പ്രവചിക്കുന്നത് V shaped recovery എന്ന 'വി' ആകൃതി തിരിച്ചുവരവാണ്. കെടുതികളെല്ലാം ഏറ്റുവാങ്ങുന്ന ബഹുഭൂരിപക്ഷത്തിെൻറ നേരനുഭവം അനുസരിച്ചാണെങ്കിൽ തിരിച്ചുവരവ് തികച്ചും 'വി'രൂപമാണ്! വിരൂപമായ ജീവിതവും ജീവനോപാധിയും തിരിച്ചുപിടിക്കാൻ ഇനിയെത്ര കാലം വേണ്ടിവരുമെന്ന ഉൾഭയവും അനിശ്ചിതത്വവുമാണ് അവരെ ഭരിക്കുന്നത്. മാന്ദ്യം മൂടി നിന്ന അന്തരീക്ഷത്തിലേക്ക് പാഞ്ഞെത്തിയ അനിയന്ത്രിതമായ കോവിഡും അശാസ്ത്രീയമായ ലോക്ഡൗണും ചേർന്ന് ഉലച്ചുകളഞ്ഞ ജീവിതത്തിൽനിന്ന് അനായാസം തിരിച്ചുവരാൻ കഴിയാത്ത നിലയിലാണ് ശരാശരി ഇന്ത്യക്കാരൻ. പതിറ്റാണ്ടുകൾ പിറകിലേക്ക് എടുത്തെറിഞ്ഞ സ്ഥിതി.
എന്നാൽ, സർക്കാറിന് വാദിക്കാൻ പലതുണ്ട്. ധനസഹായം, അരി സഹായം, പലിശ സഹായം എന്നിങ്ങനെ പ്രഖ്യാപിച്ച വമ്പൻ മിനി ബജറ്റ് പാക്കേജുകൾ 28 ലക്ഷം കോടി രൂപയിൽ ഒട്ടും കുറയില്ല. ഏറ്റവുമൊടുവിലായി കോവിഡ് പ്രതിരോധത്തിന് ഇന്ത്യ നിർമിച്ചത് ഒന്നല്ല, രണ്ട് വാക്സിൻ. പരിഷ്കരണങ്ങളും നിയമനിർമാണങ്ങളും അതു വേറെ. ഇങ്ങനെ കാര്യക്ഷമമായി നടത്തിയ പ്രവർത്തനങ്ങൾ വഴിയാണ് കോവിഡിനെ പിറകോട്ടുതള്ളി രാജ്യം 'വി' ആകൃതിയിൽ അതിവേഗ തിരിച്ചുവരവ് നടത്തുന്നത്. ഓഹരി വിപണിയിലേക്ക് നോക്കിയാൽ വെച്ചടി കയറ്റമാണ്. സാമ്പത്തിക സർവേയുടെ പ്രവചനം അനുസരിച്ചാണെങ്കിൽ 2021 -22 സാമ്പത്തിക വർഷം 11 ശതമാനം വളർച്ചയാണ് ഉണ്ടാകാൻ പോകുന്നത്. അടുത്ത രണ്ടുവർഷം ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായിരിക്കും ഇന്ത്യ. സർക്കാർ നടപ്പാക്കിയ കോവിഡ് പ്രതിരോധ നടപടികൾ വഴി ലക്ഷം ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു, 57 ലക്ഷം പേരെ കോവിഡ് ബാധയിൽനിന്ന് രക്ഷിച്ചു തുടങ്ങിയ അവലോകനങ്ങളും സാമ്പത്തികസർവേയിൽ ഉണ്ട്. പക്ഷേ, യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത അവലോകനങ്ങളും അവകാശവാദങ്ങളും എത്രകണ്ട് ജനങ്ങളുടെ വിശ്വാസ്യത നേടുന്നു എന്നതാണ് പ്രധാനം.
സാമ്പത്തിക സർവേക്കു പിന്നാലെ ധനമന്ത്രി നിർമല സീതാരാമൻ പുതിയ ബജറ്റ് തിങ്കളാഴ്ച പാർലമെൻറിൽ അവതരിപ്പിക്കാൻ പോകുന്നു. പതിവു ബജറ്റുകളിൽനിന്ന് വ്യത്യസ്തമായ പ്രാധാന്യവും ഏറെ കരുതലും ആവശ്യപ്പെടുന്നതാണ് കോവിഡ്കാല ബജറ്റ്. വിവിധ തുറകളിലെ ജനങ്ങളുടെയും സാമ്പത്തികമേഖലയുടെയും ദുരവസ്ഥകൾ കണക്കിലെടുത്ത് രാജ്യത്തെ മുന്നോട്ടു നയിക്കാൻ സർക്കാറിനുള്ള താൽപര്യവും പ്രാപ്തിയും ബജറ്റ് തുറന്നുകാട്ടും. വളച്ചുകെട്ടാതെ പറഞ്ഞാൽ, ഒരു വർഷം മുമ്പ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റ് മിക്കവാറും ആവിയായി. ബജറ്റ് പാസാക്കി പാർലമെൻറ് പിരിയുേമ്പാഴേക്കും കോവിഡ് ഇന്ത്യയിലുമെത്തി. പിന്നെ ലോക്ഡൗണിെൻറ നാളുകൾ. ജനങ്ങളുടെ പോക്കറ്റിലേക്കും സർക്കാറിെൻറ പണപ്പെട്ടിയിലേക്കുമുള്ള വരവു കുറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനപോലും ഉദ്ദേശിച്ചപോലെ നടന്നില്ല. ചെലവുകൾ കൂടി. സർക്കാറിെൻറ ധനക്കമ്മിയും ജനത്തിെൻറ കടങ്ങളും പെരുകി. തൊഴിലില്ലായ്മക്കൊപ്പം തൊഴിൽ നഷ്ടവും പെരുകി. അങ്ങനെയെല്ലാം കറുത്ത കാലമെന്ന് ലോകചരിത്രം രേഖപ്പെടുത്തുന്ന മാസങ്ങളിലൂടെ ഇന്ത്യയും മറ്റു രാജ്യങ്ങളും കടന്നുപോകുന്ന ഘട്ടത്തിലാണ് പുതിയ ബജറ്റ് വരുന്നത്. അതിൽ സർക്കാറിെൻറ മുൻഗണനകൾ എന്തൊക്കെയാവും?
കരകയറ്റം ചൂണ്ടിക്കാട്ടാൻ ജി.ഡി.പി വളർച്ചയുടേയോ സെൻസെക്സ് സൂചികയുടെയോ കണക്കുകൾ മതിയാവില്ല. കരകയറേണ്ടത് ശരാശരിക്കാരാണ്. പരിഹരിക്കപ്പെടേണ്ടത് ജനങ്ങളുടെ ജീവിതപ്രശ്നങ്ങളാണ്. കോവിഡും ലോക്ഡൗണും രാജ്യത്തിെൻറ സാമൂഹികഘടനതന്നെ മാറ്റിമറിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം കൂടി. ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ പാകത്തിൽ ധനസഹായം നൽകുകയും പൊതുനിക്ഷേപം വർധിപ്പിക്കുകയും ചെയ്യേണ്ട ഘട്ടമാണ്. കാര്യങ്ങൾ തുറന്നുപറയാനും സുതാര്യതയിലൂടെ വിശ്വാസ്യത നേടാനും സഹകരണാത്മക ഫെഡറലിസത്തിെൻറ ആശയങ്ങളിലൂടെ സംസ്ഥാനങ്ങൾക്ക് കൈത്താങ്ങു നൽകണം. പുരപ്പുറ പ്രസംഗങ്ങൾക്കും കിണ്ണം കൊട്ടൽ മാമാങ്കങ്ങൾക്കുമപ്പുറം, സാന്ത്വനവും സഹായവും നൽകാനുള്ള പ്രതിബദ്ധതയും ദർശനവും സർക്കാർ കാണിച്ചുപോരുന്നില്ലെന്നാണ് ഇതുവരെയുള്ള അനുഭവം. കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്ന കാര്യത്തിൽ കേന്ദ്രസർക്കാറിന് കൂടുതൽ പലതും ചെയ്യാനുണ്ടായിരുന്നു. അങ്ങനെയെങ്കിൽ അന്തർസംസ്ഥാന തൊഴിലാളികൾ കിലോമീറ്ററുകൾ കാൽനടയായി അലഞ്ഞ ദുഃസ്ഥിതി ഉണ്ടാവുമായിരുന്നില്ല. പാവപ്പെട്ടവരെ സഹായിക്കാൻ നല്ലൊരു പാക്കേജ് ഉണ്ടാവുമായിരുന്നു. അവിടം മുതൽ ഓരോന്നിലും സാന്ത്വനത്തേക്കാൾ പ്രകടനപരതയാണ് സർക്കാറിനെ ഭരിക്കുന്നത്.
അതിലേറെ കോർപറേറ്റ് താൽപര്യങ്ങൾ കൂടിയാണ്. കോവിഡ് കാലത്ത് എത്ര കോടി ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. കോവിഡിെൻറ മറവിൽ തൊഴിൽ നിയമങ്ങൾതന്നെ ഇല്ലാതായി. തൊഴിലാളി തൊഴിലുടമയുടെ ഭൃത്യന്മാർ മാത്രമായി. തൊഴിൽതന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ, തൊഴിലാളി നിശ്ശബ്ദരായി. അവരുടെ സാമ്പത്തികപരാധീനതയല്ല, കോർപറേറ്റുകളുടെ സാമ്പത്തികവിഷമതകൾ മാറ്റുന്നതിനാണ് സർക്കാർ ഊന്നൽ നൽകിയത്. കോർപറേറ്റ് നികുതി കുറച്ചതും തൊഴിൽ നൽകുന്നതിനായി വിവിധ സഹായങ്ങൾ പ്രഖ്യാപിച്ചതുമൊക്കെ പ്രയോജനപ്പെടുത്തിയ കോർപറേറ്റുകൾ, സഹായം പറ്റിയതല്ലാതെ പുതിയ നിേക്ഷപം നടത്താനോ തൊഴിലവസരങ്ങൾ നൽകാനോ താൽപര്യം കാണിച്ചില്ല. ഓഹരി വിപണിയുടെ മേലോട്ടുള്ള കയറ്റം, 'വി' ആകൃതിയിലുള്ള തിരിച്ചുവരവിെൻറ ലക്ഷണമല്ല; കോവിഡിെൻറ മറവിൽ വൻകിട കോർപറേറ്റുകൾ സമ്പത്ത് പെരുപ്പിച്ചതിെൻറ തെളിവാണ്. ഓഹരി വിപണിയിലെ വൻകിടക്കാരായ 50 കോർപറേറ്റുകളുടെ വിപണിസമ്പത്ത് മൂന്നു ലക്ഷം കോടി രൂപ കണ്ട് വർധിച്ചുവെന്നാണ് കണക്കുകൾ. ശരാശരി ഇന്ത്യക്കാരെൻറ ഇടപാടു പരിധിക്കു പുറത്താണ് ഓഹരി വിപണി. വിദേശ നിക്ഷേപകർ അവസരത്തിനൊത്ത് ഓഹരിയിൽ നിക്ഷേപിക്കുകയും തൊട്ടുപിന്നാലെ പിൻവലിക്കുകയും ചെയ്തതു മൂലമുണ്ടായ സൂചിക തകർച്ച വഴി കഴിഞ്ഞ 10 ദിവസത്തിനിടയിൽ ആഭ്യന്തര നിക്ഷേപകർക്ക് നഷ്ടപ്പെട്ടത് 12 ലക്ഷം കോടിയാണ്. പ്രതിസന്ധിക്കാലത്തും ഓഹരിവിപണിയെ അസാധാരണ ഉയരങ്ങളിലെത്തിച്ച മറ്റൊരു കാരണം, സർക്കാർ താൽപര്യപ്രകാരം പൊതുമേഖല ബാങ്കുകൾ ഒഴുക്കിയ അധിക പണലഭ്യതയാണ്. ഈ ബാങ്കുകൾ വൻകിടക്കാർക്കല്ലാതെ, അർഹരായ പൊതുജനങ്ങൾക്കിടയിൽ എത്ര വായ്പാസഹായം എത്തിച്ചു?
ജനസംഖ്യാനുപാതികമായി വർഷം തോറും തൊഴിൽലഭ്യത കൂടേണ്ട സ്ഥാനത്ത്, കോവിഡ് കാലത്ത് ഡിസംബർ വരെയുള്ള കണക്കുപ്രകാരം 1.20 കോടി പേർക്ക് ഔപചാരിക തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ. അസംഘടിത മേഖലയിൽ ഇത് 20 കോടിയാണ്. സേവന, ഉൽപാദന, നിർമാണ, കയറ്റുമതിമേഖലകളെല്ലാം തകർന്നുപോയ കോവിഡ് പ്രതിസന്ധിക്കിടയിലും സാമ്പത്തികരംഗത്തിന് താങ്ങായിനിന്ന ഏകമേഖല കൃഷിയാണെന്ന് സാമ്പത്തിക സർവേ തുറന്നുസമ്മതിക്കുന്നു. എന്നാൽ, കോർപറേറ്റ് താൽപര്യങ്ങൾക്കു മുന്നിൽ കർഷകർക്കുള്ള പരിഗണന എത്രയെന്ന് ആഴ്ചകളായി തുടരുന്ന സമരം വിളിച്ചുപറയുന്നുണ്ട്്. കർഷകരുടെ പേരിലുള്ള നിയമനിർമാണവും കോർപറേറ്റുകൾക്കു വേണ്ടിയാണ്. സംഭരണം, മിനിമം താങ്ങുവില തുടങ്ങിയ കാര്യങ്ങളിൽ കർഷകനിലവിളി തുടരുന്നു. വീണ പടുകുഴിയിൽനിന്ന് പാവപ്പെട്ടവരും സാധാരണക്കാരും തിരിച്ചുകയറണമെങ്കിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് കൂടുതൽ ഇടപെടൽ ഉണ്ടായേ മതിയാവൂ. തിങ്കളാഴ്ച പാർലമെൻറിൽ അവതരിപ്പിക്കുന്ന ബജറ്റിന് ആ ദിശാബോധമാണ് ഉണ്ടാകേണ്ടത്. പ്രതിസന്ധി കാലത്ത് വരുമാനം കുറഞ്ഞാലും ചെലവും നിക്ഷേപവും കുറക്കാൻ പാടില്ല. വ്യക്തിക്ക് അത് സാധ്യമല്ലെങ്കിലും, പെട്രോൾ- ഡീസൽ തീരുവ കൂട്ടിയും മറ്റുമല്ലാതെ, സർക്കാറിനു മുന്നിൽ വിഭവസമാഹരണത്തിന് സാധ്യതകളുണ്ട്. രക്ഷപ്പെടുത്താനാകണം ഊന്നൽ. അങ്ങനെയാണ് ഒരു സർക്കാറിെൻറ ജനകീയമുഖം പ്രകടമാവുന്നത്. എന്നാൽ, സമാശ്വാസ നടപടികളുടെ നേരത്ത് പാർലമെൻറ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും നിർമിക്കാൻ സഹസ്രകോടികൾ ചെലവിടുകയാണ് സർക്കാർ. മുൻഗണനകൾ ഇങ്ങനെ മറ്റു പലതുമായിരിക്കേ, കോവിഡ്കാല ബജറ്റിൽ എന്തു സമാശ്വാസം പ്രതീക്ഷിക്കാനാവുമെന്നാണ് തിങ്കളാഴ്ച കണ്ടറിയേണ്ടത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.