രാഹുൽ പാഴാക്കുന്ന വർഷങ്ങൾ
text_fieldsവർഷം രണ്ടു കഴിഞ്ഞു. ഇതുപോലൊരു ജൂലൈയിലാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഇട്ടെറിഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സംഭവിച്ച കനത്ത പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി. അനന്തരാവകാശിയായി മകനെ വാഴിച്ച് സ്വസ്ഥജീവിതത്തിലേക്കു പോയ സോണിയഗാന്ധിക്ക് തിരിച്ചു വരാതെ നിവൃത്തിയില്ലെന്നു വന്നു. പ്രവർത്തക സമിതിയുടെ സമ്മർദത്തെത്തുടർന്ന്, മറ്റൊരാളെ കണ്ടെത്തുന്നതു വരെ സോണിയ ഇടക്കാല പ്രസിഡൻറായി. നെഹ്റു കുടുംബത്തിെൻറ പിടിയിൽ നിന്ന് പാർട്ടി വഴുതിപ്പോകാതിരിക്കാനാണോ, പാർട്ടിയിൽ ഉത്തമ ഗുണസമ്പന്നരായ നേതാക്കൾ ഇല്ലാത്തതാണോ സോണിയ തന്നെ വരാൻ കാരണം? നെഹ്റു കുടുംബത്തിൽ നിന്നൊരാളല്ല ഹൈകമാൻഡെങ്കിൽ കോൺഗ്രസുകാരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയില്ല തന്നെ. സോണിയക്ക് വയ്യ. പ്രിയങ്ക ഗാന്ധിക്ക് ഊഴമായില്ല. അതുകൊണ്ട്, പോയ രാഹുൽ മടങ്ങി വന്നേ മതിയാവൂ. അക്കാര്യത്തിൽ ആർക്കുമില്ല സംശയം. മൻമോഹൻസിങ് പ്രധാനമന്ത്രിയായതു പോലെ തനിക്കു വേണ്ടിയൊരു വിശ്വസ്തൻ കാര്യങ്ങൾ നടത്തുക, താനൊരു ഹൈകമാൻഡായി തുടരുക എന്ന ലൈനിലാണ് രാഹുലിെൻറ പോക്ക്. കെ.സി. വേണുഗോപാലിനെ അങ്ങനെയൊരു വിശ്വസ്തനായി രാഹുൽ കാണുന്നുണ്ടോ എന്ന സംശയമാണ് ജി 23 എന്ന 'വിമത' സംഘത്തിെൻറ പിറവിക്ക് കാരണമെന്ന് കോൺഗ്രസിലെ പാണന്മാർ പാടി നടക്കുന്നുണ്ട്. ജി 23 സംഘം ആവശ്യപ്പെട്ടത് നേതൃമാറ്റം അടക്കം അടിമുടി പൊളിച്ചു പണിയാണ്. അങ്ങനെ കാര്യങ്ങൾ വിട്ടുപോകാൻ പാടില്ലെന്ന നെഹ്റു കുടുംബത്തിെൻറയും വിധേയ നേതാക്കളുടെയും ഉറച്ച നിലപാടിനൊത്താണ് ഇപ്പോൾ കോൺഗ്രസ് മുന്നോട്ടു പോകുന്നത്. കോവിഡിെൻറ പേരിൽ സംഘടന തെരഞ്ഞെടുപ്പും എ.ഐ.സി.സി സമ്മേളനവുമൊക്കെ അനന്തമായി നീളുന്നു. രോഗഗ്രസ്തയായ സോണിയഗാന്ധി ഇടക്കാല പ്രസിഡൻറായി തുടരുന്നു. സാങ്കേതികമായി നോക്കിയാൽ പദവിയൊന്നും ഇല്ലെങ്കിലും, പാർട്ടിയുടെ ഹൈകമാൻഡാണ് രാഹുൽ ഗാന്ധി. കേരളത്തിൽ പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡൻറിനെയും നിശ്ചയിച്ചത് രാഹുൽ ഗാന്ധിയാണ് എന്നതു പോലെ, ഏതു കാര്യത്തിലും അവസാനവാക്ക് അദ്ദേഹമാണ്. ഉത്തരവാദിത്തം ഏൽക്കാത്ത പരമാധികാരി. അതെന്ത് ഏർപ്പാടാണ്? അതു കോൺഗ്രസ് കൊണ്ടുനടക്കുന്ന ഏർപ്പാടാണ്.
തലയില്ലാ കോൺഗ്രസിൽ പൊല്ലാപ്പുകൾ വർധിച്ചു കൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവിലത്തെ നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നു മാത്രമായി ചുരുങ്ങി. ഛത്തിസ്ഗഢ് കഴിച്ചാൽ പാർട്ടി ഭരിക്കുന്ന പഞ്ചാബിലും രാജസ്ഥാനിലും കൂട്ടയടി. അതിനു കാരണക്കാർ ഹൈകമാൻഡല്ലെങ്കിലും, പാർട്ടിയുടെ ഭാവി ഭദ്രമാക്കാത്ത കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തം നേതൃത്വത്തിനു തന്നെ. ലോ കമാൻഡായി മെലിഞ്ഞൊട്ടിയ ഹൈകമാൻഡിന് പഴയ ഭക്ത്യാദരം ആരും കൽപിച്ചു നൽകുന്നില്ല. അതുകൊണ്ടാണ്, അടിച്ചേൽപിച്ച തീരുമാനത്തിെൻറ അതൃപ്തിയുമായി ഉടക്കിനിന്ന ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും ഡൽഹിക്ക് വിളിച്ചു സമാധാനിപ്പിക്കേണ്ടി വന്നത്. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കേണ്ട ഏഴു സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർസിങ്ങും യുവനേതാവ് നവജോത് സിദ്ദുവുമായുള്ള പൊരിഞ്ഞ പോര് തീർക്കാൻ ഹൈകമാൻഡിനു കഴിയുന്നില്ല. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവനേതാവ് സചിൻ പൈലറ്റും കൊമ്പുകോർത്ത് പാർട്ടിയുടെ ഗതി എന്താക്കുമെന്ന ആശങ്ക മാസങ്ങൾക്കു ശേഷവും തുടരുന്നു. അധികാരം കൈവിട്ടുപോയ മധ്യപ്രദേശിൽ ഹൈകമാൻഡ് ഫലപ്രദമായി ഇടപെട്ടിരുന്നെങ്കിൽ കോൺഗ്രസ് ഇന്നത്തെ താഴ്ചയിലേക്ക് വീണുപോകുമായിരുന്നില്ല എന്ന് കരുതുന്നവർ ഏറെ. തമിഴ്നാട്ടിൽ ഡി.എം.കെയുടെ കൈത്താങ്ങിൽ പിടിച്ചു നിന്നതൊഴിച്ചാൽ, പശ്ചിമ ബംഗാളിൽ വട്ടപ്പൂജ്യമായതടക്കം മറ്റു നാലിടത്തും കോൺഗ്രസ് നേരിട്ടത് വലിയ തിരിച്ചടിയാണ്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കേണ്ട പഞ്ചാബിൽ ബി.ജെ.പി, അകാലിദൾ സഖ്യം തകർന്നു പോയിട്ടും മുന്നേറാൻ കഴിയാത്ത തമ്മിലടിയാണ് നടക്കുന്നതെങ്കിൽ, ഗുജറാത്തിൽ തമ്മിലടിക്കാൻ ആളില്ലാത്ത അവസ്ഥയായി. ഉത്തരഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗോവ എന്നിവിടങ്ങളിലും തിരിച്ചുവരവ് കോൺഗ്രസിന് എത്രത്തോളം സാധ്യമാണ്? ഏറ്റവും പ്രമുഖ സംസ്ഥാനമായ യു.പിയുടെ ചുമതല പ്രിയങ്ക ഗാന്ധി നേരിട്ടു വഹിക്കുേമ്പാഴും, തെരഞ്ഞെടുപ്പ് കളം വലിയ പ്രതീക്ഷകളൊന്നും കോൺഗ്രസിന് നൽകുന്നില്ല. ഈ കോവിഡ് കാലത്ത് പാർട്ടി സംവിധാനങ്ങൾ ഓരോയിടത്തും കൂടുതൽ ദുർബലമായതിന് വൈറസിനെ പഴിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്.
ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ പ്രതിപക്ഷ നിരയെ നയിക്കാനുള്ള ഉത്തരവാദിത്തം ദേശീയ സാന്നിധ്യമുള്ള കോൺഗ്രസിനാണ് കൽപിച്ചു നൽകിയിട്ടുള്ളത്. കോൺഗ്രസിെൻറ പങ്കാളിത്തമില്ലാതെ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ മുന്നേറ്റം സാധ്യമാവില്ല. എന്നാൽ ആ ഉത്തരവാദിത്തം കോൺഗ്രസ് എത്രത്തോളം ഏറ്റെടുക്കുന്നുവെന്നതാണ് കാതലായ ചോദ്യം. രാഹുൽ സ്ഥാനമൊഴിഞ്ഞിട്ടു മാത്രമല്ല, ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രണ്ടുവർഷമായി. 2024ലെ തെരഞ്ഞെടുപ്പ് ലാക്കാക്കി ബി.ജെ.പി അതിെൻറ കാര്യപരിപാടി മുന്നോട്ടു നീക്കുന്നുണ്ട്. കോവിഡ് കാലത്തിനു മുന്നേ സാമ്പത്തിക മാന്ദ്യത്തിലായിരുന്ന ഇന്ത്യ കോവിഡ് കാല അനിശ്ചിതത്വങ്ങൾക്കിടയിൽ വലിയ പിന്നോട്ടടിയാണ് അഭിമുഖീകരിക്കുന്നത്. മോദിസർക്കാറിെൻറ പാളിച്ചകൾ അതിന് ആക്കം കൂട്ടുന്നു. പെട്രോൾ വില അടക്കം മേലോട്ടു കയറുകയും മനുഷ്യ ജീവിതത്തിന് വിലയിടിഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്യുന്നതിൽ ജനത്തിന് കടുത്ത അമർഷമുണ്ട്. വർഗീയതയുടെയും വിഭാഗീയതയുടെയും വിത്തെറിഞ്ഞാൽ എല്ലായിടത്തും വിളവെടുക്കാനാവില്ലെന്ന് പശ്ചിമ ബംഗാൾ ഫലം ബി.ജെ.പിക്ക് കാണിച്ചു കൊടുത്തു. പ്രതിപക്ഷം ഒത്തൊരുമിച്ചു നീങ്ങാൻ സമയം വൈകിയെന്ന സന്ദേശം കൂടിയാണ് ശരദ്പവാറും മറ്റും പങ്കെടുത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു പറയുന്നത്. പക്ഷേ, അത്തരമൊരു മുന്നേറ്റത്തിനുള്ള കോൺഗ്രസിെൻറ സക്രിയത കാണ്മാനില്ല. മോദിസർക്കാറിനെതിരെ ട്വിറ്ററിൽ ദിനേന വിളിച്ചു പറയുന്നതു കൊണ്ടുമാത്രം കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രമേയങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തില്ല. അതിന് പാർട്ടി സംവിധാനം ചലിക്കണം. ചിതറി നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിലാക്കാൻ തക്ക ഊർജസ്വലമായ ആശയവിനിമയവും ഇടപെടലുകളും കോൺഗ്രസ് നേതൃത്വം നടത്തണം. മുന്നിൽ നിന്ന് നയിക്കണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസ് ഇക്കാര്യങ്ങളിലൊക്കെ ഇന്ന് പിന്നിലാണ്. ഒളിച്ചു കളിക്കുന്ന രാഹുലിനും കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിയുന്നില്ല. രാഹുലിെൻറ ഒളിച്ചുകളി ഫലത്തിൽ, കോൺഗ്രസിനുള്ളിൽ മാത്രമല്ല പ്രതിപക്ഷ നിരയിലും ഏൽപിക്കുന്നത് മാരക പരിക്കാണ്. സജീവമായി ഇറങ്ങാനോ, മാറിനിൽക്കാനോ ഉള്ള ആർജവം കാണിക്കാൻ രാഹുൽ ഗാന്ധി വൈകുന്നതിെൻറ കെടുതിക്ക് ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യ ഇരയാവുന്നു എന്നതാണ് യാഥാർഥ്യം.
കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും അംഗീകരിക്കാൻ പല പ്രതിപക്ഷ പാർട്ടികളും തയാറല്ല എന്ന യാഥാർഥ്യമുണ്ട്. ഓരോ പാർട്ടിയും പ്രതിപക്ഷ കൂട്ടായ്മയിൽ തേടുന്നത് സ്വന്തം മേൽകൈയാണ്. അതിനിടയിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തി വിശ്വാസ്യതയും അംഗീകാരവും നേടുകയാണ് രാഷ്ട്രീയത്തിലെ പ്രായോഗിക ബുദ്ധി. എന്നാൽ പാർട്ടിയിലും പുറത്തുമുള്ളവർ തെൻറ നേതൃത്വം അംഗീകരിക്കണമെന്നാണ് രാഹുലിെൻറ മനോഭാവം. അതിനു തക്ക രീതിയിൽ കോൺഗ്രസ് മറ്റു പ്രതിപക്ഷ പാർട്ടികൾക്കു മുന്നിൽവെക്കുന്ന കർമപദ്ധതി എന്താണ്? സ്വയം വീണ്ടെടുക്കുന്നുവെന്ന പ്രതീതി മറ്റു പാർട്ടികൾക്ക് സമ്മാനിക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ? മോദിവിരുദ്ധത എന്നതിൽ മാത്രമായി ഒരു പ്രതിപക്ഷ മുന്നേറ്റം സാധ്യമാവില്ല. പ്രതിപക്ഷ സഖ്യം മുന്നോട്ടുവെക്കുന്ന ബദൽ ഭരണസമീപനം പ്രധാനമാണ്. അഭിപ്രായ ഭിന്നതകളും സ്വന്തം താൽപര്യങ്ങളും മാറ്റിവെച്ച് പൊതുലക്ഷ്യം ഉയർത്തിപ്പിടിക്കാൻ കഴിയണം. ആ നിലക്കെല്ലാം പ്രതിപക്ഷവും, അതിനു മുന്നിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസും വിശ്വാസ്യത നേടണം. വിശ്വാസ്യതയും പ്രത്യാശയും പകർന്നു നൽകുന്ന സന്ദേശവാഹകരാകാൻ തക്ക കർമപദ്ധതികളോ കാന്തശക്തിയോ കോൺഗ്രസ് കാണിക്കുന്നില്ല. രാഹുലിെൻറ പ്രവർത്തനവും നിലപാടുകളും കറകളഞ്ഞ ആത്മാർഥതയുടേതാകാം. അതേ ആത്മാർഥതയുമായി തനിക്കൊപ്പം ഓടാൻ പാർട്ടിയിൽ എത്ര പേരുണ്ടെന്ന രാഹുലിെൻറ പരാതിയും ന്യായമാകാം. പക്ഷേ, ഒരു ദേശീയ പാർട്ടി ഒന്നാകെ ഓച്ചാനിച്ചു നിൽക്കുന്ന വിധം നേതൃപദവി തളികയിലാക്കി കിട്ടിയ മറ്റൊരു നേതാവും വർത്തമാനകാല ഇന്ത്യയിൽ ഇല്ല. എന്നിട്ടും കഴിയാത്തതാണ്, രാഹുൽ എന്ന രാഷ്ട്രീയ നേതാവിെൻറ പരാജയം. ചിതറിയ പ്രതിപക്ഷത്തെ ഒന്നിപ്പിച്ചെടുക്കാൻ ഒരു നേതാവ് ഉണ്ടായിത്തീരുന്ന കാലത്തോളം, വോട്ടർമാരിൽ മൂന്നിലൊന്നിെൻറ മാത്രം പിന്തുണയുള്ള ബി.ജെ.പിക്കും നരേന്ദ്രമോദിക്കും ഭരിക്കാൻ കഴിയുന്നുവെന്നത് ജനാധിപത്യ ഇന്ത്യയുടെ പരാജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.