മമത വരുമോ, കേരളത്തിൽ?
text_fieldsമമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് കേരളത്തിൽ വേരു പടർത്തുമോ? അങ്ങനെയൊരു രാഷ്ട്രീയ മാറ്റത്തിലേക്ക് കേരളം നീങ്ങുന്നുണ്ടോ? ഈ ചോദ്യം ഒരുകൂട്ടർക്ക് ആശങ്കയാണ്; മെറ്റാരു കൂട്ടരുടെ ആഗ്രഹമാണ്. അതിനുമപ്പുറം, സാധ്യതകളുടെ കല പരീക്ഷിക്കാനുള്ള പുറപ്പാടിലേക്ക് ഇത്തരത്തിൽ നിശ്ശബ്ദമാെയാരു രാഷ്ട്രീയ ആലോചനയും ഇപ്പോൾ നടന്നുവരുന്നുണ്ട്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നതിനിടയിൽ കോൺഗ്രസിലെയും സി.പി.എമ്മിലെയും അതൃപ്തർക്കിടയിലാണ് പുതിയ രാഷ്ട്രീയ സാധ്യതയെക്കുറിച്ച് ചർച്ച നടക്കുന്നത്. കോൺഗ്രസിനും സി.പി.എമ്മിനും ബദലായി ബി.ജെ.പിയിതര മുന്നണി രൂപപ്പെടുത്താനുള്ള അണിയറശ്രമം കൂടിയാണത്.
കോൺഗ്രസിനെ മടുത്ത കോൺഗ്രസുകാർ പെരുകുന്നു. സി.പി.എമ്മിനെ മടുത്ത സി.പി.എമ്മുകാരും പെരുകുന്നു. മോദിസർക്കാർ ഏഴു വർഷം പിന്നിട്ടുകഴിഞ്ഞെങ്കിലും, കേരളത്തിൽ രണ്ടു പ്രബല പാർട്ടികൾക്കും ബദൽ ബി.ജെ.പിയല്ലെന്ന് ചിന്തിക്കുന്നവരുടെ എണ്ണമാകട്ടെ, കുറയുന്നുമില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വയനാടൻ സാന്നിധ്യംകൊണ്ട് കേരളം വീണ്ടും തൂത്തുവാരാമെന്ന മൂഢചിന്ത പോലും സംസ്ഥാനത്തെ കോൺഗ്രസുകാർക്കില്ല. മോദിയെ രണ്ടുവട്ടം നേരിട്ട് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന നേതാവ് അടുത്ത തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി സ്ഥാനാർഥിയായി വേഷം കെട്ടുമെന്നോ കെട്ടിക്കുമെന്നോ അവരിൽ നല്ലൊരു പങ്ക് ചിന്തിക്കുന്നില്ല. രാഹുൽ ഗാന്ധിയിലുള്ള വിശ്വാസം കുറഞ്ഞു. ബി.ജെ.പിയെ നേരിടാൻ തക്ക നല്ലൊരു മുദ്രാവാക്യം കണ്ടെടുക്കാനോ കെട്ടുറപ്പ് തിരിച്ചുപിടിക്കാനോ കഴിയാതെ കോൺഗ്രസ് ദരിദ്രമായി. സഖ്യകക്ഷികളും വകവെക്കാതായ ലോ കമാൻഡാണ് ഇന്ന് ഹൈകമാൻഡ്. അതിനെല്ലാമിടയിൽ മണ്ണൊലിക്കുന്ന ഭൂമികയിലാണ് തങ്ങൾ ചവിട്ടിനിൽക്കുന്നതെന്ന തിരിച്ചറിവിലാണ് കോൺഗ്രസിലെ കുറെയേറെ നേതാക്കൾ. യു.ഡി.എഫ് കൂടാരത്തിൽ ബാക്കിയുള്ള സഖ്യകക്ഷികളിൽ പലരും അങ്ങനെത്തന്നെ.
സി.പി.എമ്മിെൻറ കാര്യമോ? കേന്ദ്രത്തിൽ മോദിയും കേരളത്തിൽ മിനി മോദിയും ഭരിക്കുന്നുവെന്ന കാഴ്ചപ്പാടുകൾക്കു നടുവിലാണ് കേരളം. സി.പി.എം നയവും നിലപാടുമെല്ലാം വിട്ട് കോൺഗ്രസാകുന്നു എന്നായിരുന്നു മുമ്പത്തെ പരാതികൾ. സി.പി.എം വെറും കോൺഗ്രസായി മാറിപ്പോയി എന്നല്ല, ബി.ജെ.പിക്കു പഠിക്കുന്നുവെന്നാണ് ഇന്നത്തെ പരാതികൾ. കൂട്ടായ ചർച്ചകളുടെയും തിരുത്തലുകളുടെയും കാലം വിട്ട് ഒറ്റയാൾ ശാസനങ്ങളിലേക്കും തീരുമാനങ്ങളിലേക്കും കോലം മാറിയ 'മുന്നേറ്റ'മാണ് സി.പി.എമ്മിേൻറത്. കോൺഗ്രസിലെ അതൃപ്തർ ഒച്ചവെച്ച് പ്രതിഷേധിക്കുന്നുണ്ടെങ്കിൽ, അതിനുള്ള അവകാശവും നിഷേധിക്കപ്പെട്ട വികാരമാണ് സി.പി.എമ്മിലെ അതൃപ്തർ കൊണ്ടുനടക്കുന്നത്. ആവർത്തിത ഭരണത്തിെൻറ കാലത്ത്, അത് സാധ്യമാക്കിയ നേതാവിനോടുള്ള കൂറും വിനയവും ഏറ്റുപാടുന്നതാണ് ഇക്കാല സി.പി.എമ്മിലെ ഞാറ്റുപാട്ടും തേക്കുപാട്ടും. എതിരാളികളും അതൃപ്തരും ഗ്രൂപ്പും ഗുളികനുമൊന്നും ഇല്ലാത്തതല്ല, വെട്ടിനിരത്തൽ ഇല്ലാതെ തടി കാക്കുന്നതിലേക്ക് വിപ്ലവവീര്യമൊക്കെ അമർന്നുപോയി. എങ്കിലും ഇങ്ങനെ എത്രകാലം മുന്നോട്ടു പോകാൻ കഴിയും, ഇങ്ങനെ ജീവിച്ചിട്ടെന്ത് എന്ന് അവർക്കിടയിൽ ചിന്താശേഷിയുണ്ടെന്ന് അവകാശപ്പെടുന്നവർ ഉറക്കെ ചിന്തിക്കുന്നുണ്ട്.
പാർട്ടി അംഗത്വം കിട്ടാൻ ഒരു വ്യാഴവട്ടം ശീർഷാസനത്തിൽ നിർത്തുന്ന പണ്ടത്തെ കാലം പോയതു കൊണ്ട് കെ.പി. അനിൽ കുമാറിന് കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് ഓടിക്കയറാം. കെട്ടുകണക്കിന് ഷാൾ വാങ്ങിവെച്ച് പാർട്ടി സെക്രട്ടറി എ.കെ.ജി സെൻററിൽ കാത്തിരിക്കുന്നു. 'ഔസേപ്പച്ചാ, അൽപം വൈകിപ്പോയി'എന്നാണ് മുെമ്പാരു തെരഞ്ഞെടുപ്പുകാലത്ത് കേരള കോൺഗ്രസ് പിളർത്തി ഇറങ്ങിച്ചെന്ന പി.ജെ. ജോസഫിനോട് സാക്ഷാൽ ഇ.എം.എസ് പറഞ്ഞത്. നോട്ടെണ്ണൽ യന്ത്രത്തിന് മാപ്പ്; ജോസ് കെ. മാണിക്ക് ഇടതുമുന്നണിയിേലക്ക് കയറിച്ചെല്ലാൻ മുഹൂർത്തം പോയിട്ട്, വാച്ചിലേക്കുപോലും നോക്കേണ്ടി വന്നില്ല. സോവിയറ്റ് യൂനിയനും പശ്ചിമ ബംഗാൾ-ത്രിപുരയുമൊക്കെ വിട്ട് കേരളത്തിലേക്കു ചുരുങ്ങിയത് പാർട്ടിയോ പ്രത്യയശാസ്ത്രമോ എന്ന് സംശയിക്കേണ്ടതുപോലുമില്ലാത്ത കാലമാണ്. ആദ്യം കസേര, പിന്നെ പ്രത്യയം എന്നതാണ് ഇപ്പോഴത്തെ രീതിശാസ്ത്രം. അതിനിടയിൽ ജനാധിപത്യവും മതനിരപേക്ഷതയും ഭരണവും അടിച്ചമർത്തലും വ്യവസായവും വിപ്ലവവും വർഗീയതയും സമുദായവുമെല്ലാം തരാതരം ചേർത്ത അവിയലായി പാർട്ടി മാറിപ്പോയാൽ, അങ്ങനെ മാറാൻ നിർബന്ധിതമാണ് പാർട്ടിയെന്ന് ചിന്തിക്കാത്ത സഖാക്കൾ ഇന്നൊരു നിശ്ശബ്ദ ഭൂരിപക്ഷമാണ്.
എ.കെ.ജി സെൻററിൽ ഷാളുമായി സെക്രട്ടറി കാത്തിരിപ്പുണ്ടെങ്കിലും കോൺഗ്രസ് വിട്ട് രതികുമാറിനെപ്പോലെ ഓടിച്ചെല്ലാൻ എ.വി. ഗോപിനാഥിന് കഴിയുന്നില്ല. കഴിയുമോ എന്ന് കെ.വി. തോമസ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും, ഉമ്മൻചാണ്ടിയിൽ തുടങ്ങി രമേശ് ചെന്നിത്തല വഴി നീളുന്ന അതൃപ്ത കോൺഗ്രസുകാരും കെ. സുധാകരനിൽ തുടങ്ങുകയോ വി.ഡി. സതീശനിൽ അവസാനിക്കുകയോ ചെയ്യാത്ത തൃപ്തകോൺഗ്രസുകാരും തമ്മിൽ ഏറ്റുമുട്ടുന്ന പടക്കൂട്ടത്തെയാണ് ജനം ഇന്ന് കോൺഗ്രസ് എന്നു വിളിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിൽ തനിക്കെന്തു കാര്യമെന്ന് ചോദിച്ച് പഴയ പ്രസിഡൻറ് വി.എം. സുധീരൻ രാജിവെച്ചെങ്കിൽ, മറ്റൊരു പഴയ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചാൽ ഫോണെടുക്കാത്തതുകൊണ്ട് വിളിക്കുന്നില്ലെന്നാണ് പുതിയ പ്രസിഡൻറ് കെ. സുധാകരെൻറ നിലപാട്. ഒരു കുഴിയിൽ നിന്ന് പടുകുഴിയിലേക്ക് എന്നമട്ടിൽ ഇങ്ങനെ പോകുന്ന കോൺഗ്രസിനൊപ്പം എങ്ങനെ പോകുമെന്ന് സംശയിക്കുന്നത് ആർ.എസ്.പി മാത്രമല്ല, ലീഗും ജോസഫുമൊക്കെയുണ്ട്. ശുദ്ധവായു കിട്ടില്ലെങ്കിലും, ശ്വസിക്കാവുന്ന വായു തേടുന്നവർ ബി.ജെ.പിയിലുമുണ്ടെന്ന് ചുരുക്കാം. അതിപ്പോൾ കൃഷ്ണദാസാണോ ശോഭ സുരേന്ദ്രനാണോ സാക്ഷാൽ സുരേന്ദ്രനാണോ എന്നൊക്കെ ചോദിച്ചാൽ, എല്ലാവരുമാണ് എന്നു പറയേണ്ടിവരുന്ന കൂട്ടത്തല്ലാണ് അവിടെ. ആരു പ്രസിഡൻറായാലും കർസേവ ഉറപ്പ്; കർമഫലം!
സി.പി.എമ്മിനോട് ഏറ്റുമുട്ടാൻ കോൺഗ്രസിന് കരുത്തില്ല, പിണറായിക്ക് എതിരു പറയാൻ സി.പി.എമ്മിൽ ആളില്ല, കേന്ദ്രത്തിെൻറ ഒറ്റമൂലികൊണ്ട് ബി.ജെ.പിയുടെ ക്ഷയരോഗം മാറുന്നില്ല തുടങ്ങിയ നേർക്കാഴ്ചകൾക്കിടയിലാണ് തൃണമൂൽ കോൺഗ്രസിെൻറ കേരള പ്രവേശനത്തെക്കുറിച്ചും ബദൽ മുന്നണി സാധ്യതകളെക്കുറിച്ചുമുള്ള ആലോചനകൾ. മുമ്പ് പല ഘട്ടങ്ങളിൽ, പല രൂപത്തിൽ സമാനമായ ബദൽ നീക്കങ്ങൾ നടന്നിട്ടുണ്ട്. കേരള കോൺഗ്രസിെൻറയും ഇന്ദിര കോൺഗ്രസിെൻറയും സി.പി.എമ്മിെൻറയും പിറവി തുടങ്ങി ആശയപരമായ പിളർപ്പുകളുടെ പഴയകാലം കേരളത്തിനുണ്ട്. ക്രമേണ രണ്ട് പ്രമുഖ മുന്നണികൾ രൂപപ്പെട്ടു. പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ ദുർമേദസ്സ് കൂടിവന്ന രണ്ടു മുന്നണികൾക്കും ബദലുണ്ടാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് അജഗളസ്തനത്തേക്കാൾ വളരാൻ മുമ്പും ഇന്നും കഴിഞ്ഞിട്ടില്ല. പഴയകാല പിളർപ്പിനൊടുവിൽ സി.പി.എം വടവൃക്ഷവും സി.പി.ഐ അതിലെ വള്ളിപ്പടർപ്പുമായെങ്കിലും കോൺഗ്രസിൽ സംഭവിച്ചത് മറ്റൊന്നാണ്. കോൺഗ്രസും യു.ഡി.എഫുമൊക്കെ വളർത്തിയ സാക്ഷാൽ കെ. കരുണാകരൻ പോലും തോറ്റു. ശരത്പവാറിെൻറ എൻ.സി.പിയെ വളർത്തി മൂന്നാമതൊരു മുന്നണിയായി വികസിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞു. അരവിന്ദ് കെജ്രിവാളിെൻറ ആം ആദ്മി പാർട്ടി പിറന്നപ്പോൾ കേരളത്തിൽ മൂന്നാം ബദലാക്കാൻ നടത്തിയ ശ്രമങ്ങളാകട്ടെ, സാറാ ജോസഫിലും മറ്റും തുടങ്ങി പി.ടി. തുഫൈലിൽ ഒടുങ്ങി. എന്നാൽ, തൃണമൂൽ വരുന്നതിനെക്കുറിച്ച നിശ്ശബ്ദ ചർച്ചകൾ നടക്കുന്ന ഈ സന്ദർഭത്തിൽ കേരളം ഒരുപാട് മാറി. ഒപ്പം ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിലും പല മാറ്റങ്ങളുണ്ട്.
അടുത്ത തെരഞ്ഞെടുപ്പിൽ മോദിയെ ആരു നേരിടണമെന്ന ചോദ്യത്തിന് ഉത്തരമായി മമത ബാനർജി കയറി നിന്നെന്നിരിക്കും. കോൺഗ്രസിനെ നയിക്കാതെ നയിക്കുന്ന രാഹുലിെൻറ അന്തർമുഖത്വം അദ്ദേഹത്തെയോ കോൺഗ്രസിനെയോ രക്ഷപ്പെടുത്തുമെന്ന വിശ്വാസം അമിതവിശ്വാസമാണെന്ന് കരുതുന്നവർ ജി-23കാർ മാത്രമല്ല. അടുത്ത തെരഞ്ഞെടുപ്പിൽ നൂറു സീറ്റെങ്കിലും പിടിക്കാതെ നേതൃപരമായ പങ്ക് പ്രതിപക്ഷ പാർട്ടികളോട് ചോദിച്ചുവാങ്ങാൻ കോൺഗ്രസിനു പറ്റില്ല. അഞ്ചടി ഏഴിഞ്ചു പൊക്കവും 63 കിലോഗ്രാം ഭാരവും 52 എം.പിമാരുമാണ് രാഹുലിനുള്ളത്. പൊക്കവും തൂക്കവും ഇരട്ടിപ്പിക്കുന്നതുപോലെ പ്രയാസകരമാണ് കോൺഗ്രസ് എം.പിമാരുടെ എണ്ണം ഇരട്ടിപ്പിക്കൽ. അത് ആത്മാർഥതയും പരിശ്രമ താൽപര്യവും ഇല്ലാത്തതുകൊണ്ടല്ല. കോൺഗ്രസിലും പുറത്തും രാഷ്ട്രീയ സാഹചര്യങ്ങൾ വേറെയാണ്. പ്രതിപക്ഷം എന്ന വാക്കിെൻറ അർഥം പോലും, പരസ്പരം പ്രതിയാക്കുന്നവർ എന്നായി മാറിപ്പോയ കാലം. ഈ ദുരവസ്ഥക്കിടയിൽ കോവിഡ് പോലും ഭരണക്കാർക്ക് അനുകൂലമായി മാറിയ കാലം. അനിശ്ചിതത്വം പെരുപ്പിക്കുന്ന രാഹുൽ ഇനിയും തെരഞ്ഞെടുപ്പ് നയിക്കണമോ എന്ന് കോൺഗ്രസുകാർ പരസ്പരം ചോദിക്കുന്ന കാലം. സീറ്റ് മൂന്നക്കത്തിൽ എത്തിക്കാൻ കോൺഗ്രസിന് കഴിയില്ലെങ്കിൽ, പ്രതിപക്ഷത്തെ നയിക്കാൻ വേറെ ആളു വേണ്ടിവരും. ആളിനുണ്ടോ പഞ്ഞം? ദേവഗൗഡ മുതൽ പലരും ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന മട്ടിലാണ്.
അതിനിടയിൽ ഏറ്റവും സ്വീകാര്യമായ പേര് മമത ബാനർജിയുടെതായി മാറുന്നുണ്ട്. പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ മുട്ടുകുത്തിച്ചതിലൂടെ, മോദിയെ നേരിടാൻ ഏറ്റവും യോജിച്ച നേതാവാണെന്ന വിശ്വാസ്യതയാണിപ്പോൾ മമതക്ക്. സി.പി.എം ഒഴികെ പ്രതിപക്ഷ നിരയിൽ മറ്റാരും മമതയെ വർഗശത്രുവായി കാണുന്നില്ല. കോൺഗ്രസിെൻറയോ നെഹ്റുകുടുംബത്തിെൻറയോ താൽപര്യം എന്തായിരുന്നാൽ തന്നെയും, രാഹുലിനേക്കാൾ മമതക്കാണ് ഇപ്പോൾ അവരുടെ മാർക്ക്. കോൺഗ്രസിനോട് അടുക്കാൻ താൽപര്യമില്ലാത്ത പാർട്ടികളും മമതയെ മുന്നിൽനിർത്താൻ തയാർ. ശരത് പവാർ, നവീൻ പട്നായിക്, അരവിന്ദ് കെജ്രിവാൾ, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ തുടങ്ങി വിവിധ പാർട്ടികളുടെ നേതാക്കൾ മമതയുടെ നേതൃത്വത്തെ എതിർക്കില്ല. അവരിൽ ചിലർ രാഹുലിനെ എതിർക്കുമെന്നിരിെക്ക, മോദിയെ താഴെയിറക്കാൻ പൊതുസ്വീകാര്യരായി വരുന്ന ആരുടെയും നേതൃത്വം അംഗീകരിക്കാൻ കോൺഗ്രസ് നിർബന്ധിതവുമാണ്. അതിനുതക്ക വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വളരണമെന്നും തൃണമൂൽ കോൺഗ്രസിെൻറ സീറ്റെണ്ണം ചുരുങ്ങിയത് 50ൽ എത്തിക്കണമെന്നുമുള്ള താൽപര്യത്തോടെയാണ് മമതയുടെ നീക്കങ്ങൾ.
പശ്ചിമ ബംഗാളിലെന്നപോലെയാണ് കേരളത്തിൽ. കോൺഗ്രസിലെ അതൃപ്തർക്കും സി.പി.എം വിരോധികൾക്കും ബദൽമുന്നണി ചിന്തകർക്കും ബി.ജെ.പി വിരുദ്ധർക്കും ഒരുപോലെ മമതയുടെ രാഷ്ട്രീയം ഇഷ്ടമത്രേ. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നുവെന്ന പഴയ ബി.ജെ.പി ബന്ധത്തിെൻറ കറ മോദി-അമിത്ഷാമാരോട് അങ്കംവെട്ടുന്ന മമത ഇതിനകം കഴുകിക്കളഞ്ഞിട്ടുണ്ടെന്നിരിെക്ക, കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും തൃണമൂൽ കോൺഗ്രസിനോട് പ്രത്യേക വാത്സല്യമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കഴിയില്ലെന്ന ചിന്തയാണ് അതിനു കാരണം. കോൺഗ്രസിനിപ്പോൾ നേതാക്കൾ മാത്രമേയുള്ളൂ. സംഘടിപ്പിക്കാനോ ഉത്തേജനം നൽകാനോ പ്രാദേശിക തലത്തിൽ പാർട്ടി സംവിധാനമില്ല. ദേശീയതലത്തിൽ മാത്രമല്ല, സംസ്ഥാനത്തും നീണ്ട 10 വർഷം അധികാരത്തിനു പുറത്തുനിൽക്കേണ്ടിവരുന്നതിലൂടെ പാർട്ടി കൂടുതൽ ദുർബലപ്പെടുമെന്ന ആശങ്ക വളരുന്നതിനൊപ്പമാണ് മുതിർന്ന നേതാക്കൾതന്നെ പരസ്പരം മുറുമുറുത്തു നിൽക്കുന്നത്. ഘടകകക്ഷികൾ അതൃപ്തരാകുന്നത്.
കോൺഗ്രസിെൻറ ശക്തിയിൽ സംശയിച്ച് സി.പി.എമ്മിനോട് ഒട്ടുന്നതാണ് കേരളത്തിലെ സമീപകാല പ്രവണത. അതിനിടയിലും സി.പി.എമ്മിെൻറയും ഭരണത്തിെൻറയും ഇന്നത്തെ പോക്കിനെക്കുറിച്ച ആകുലതകൾ അതിനുള്ളിലും ഇടതുമുന്നണിയിലും വർധിക്കുന്നു. പഴയ കോൺഗ്രസുകാരി, സി.പി.എം എതിരാളി, ബി.ജെ.പി ശത്രു എന്നീ വിശേഷണങ്ങളിലൂടെ പുതിയൊരു മുന്നണിക്കു തുടക്കമിട്ട് വളരാൻപാകത്തിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് കേരളത്തിൽ വേരൂന്നുമോ? മുന്നണികളിൽ പൊളിച്ചെഴുത്തു നടക്കുമോ? അതിന് ഉത്തരമോ ഊർജമോ നൽകുന്നത്, മമതയുടെ പാർട്ടി കേരളത്തിൽ എത്തുന്നതിന് നിശ്ശബ്ദ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ അടുത്ത ചുവടുവെപ്പുകളായിരിക്കും, ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാകാവുന്ന ഭാവിസാഹചര്യങ്ങളും തൽപര കക്ഷികളുടെ കരുത്തും തൂക്കിനോക്കി കോൺഗ്രസ്, സി.പി.എം നേതൃത്വങ്ങളെ പിണക്കേണ്ടതുണ്ടോ എന്നകാര്യത്തിൽ മമത സ്വീകരിക്കുന്ന നിലപാടു കൂടിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.