പഠനരീതി എങ്ങനെ പുതുക്കിപ്പണിയണം -ഒരു വിദ്യാർഥിനിയുടെ നിർദേശങ്ങൾ
text_fieldsഒന്നു മുതൽ ഉന്നത ബിരുദതലം വരെ ക്ലാസുകളിൽ പഠിക്കുന്ന നമ്മുടെ കുട്ടികൾ കോവിഡിെൻറ രണ്ടാം വർഷവും വീടുകളിലിരുന്നാണ് പഠിക്കുന്നത്. സമ്പൂർണ വാക്സിനേഷനോടുകൂടി ഇന്നല്ലെങ്കിൽ നാളെ കോവിഡിനെ നേരിടാനാവുമെന്നും കുട്ടികൾക്ക് മുമ്പത്തേതുപോലെ വിദ്യാലയങ്ങളിൽ പോയി പഠിക്കാനാവുമെന്നും നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നു. വീടുകളിലിരുന്നാണ് പഠനമെങ്കിലും അക്കാദമിക വർഷം നഷ്ടപ്പെടുകയോ പരീക്ഷകൾ നടക്കാതിരിക്കുകയോ അതുമൂലം ഭാവി പ്രതിസന്ധിയിലാവുകയോ ചെയ്യുന്നില്ല എന്ന ആശ്വാസവും കേരളത്തിലുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ച അപ്രതീക്ഷിത ആഘാതത്തിൽ നിർബന്ധിതമായ ഓൺലൈൻ പഠനരീതി പരമാവധി കുറ്റമറ്റതാക്കാൻ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്ത് ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ചില വിഷയങ്ങളിലേക്ക് സർക്കാറിെൻറ ശ്രദ്ധക്ഷണിക്കാൻ ആഗ്രഹിക്കുന്നു.
കോവിഡ് മൂലമുണ്ടായ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി ഒരു താൽക്കാലികമായ പ്രശ്നമാണ്. അതിനെ അതിജീവിച്ച് നാളെകളിൽ സ്കൂളിലും കോളജുകളിലുമെത്തുന്ന വിദ്യാർഥികൾക്ക് ഒരു പുതുജീവൻ അവരുടെ ജീവിതബോധത്തിലും ബഹുവിധമായ പ്രഫഷനൽ സാധ്യതകളിലും ഉണ്ടാക്കിയെടുക്കാൻ സർക്കാറിന് കഴിയണം. ഒരു കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിൽക്കൂടിയാണ് ഇതെഴുതുന്നത്. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന മകൾ അവനി കുറച്ചു വർഷങ്ങളായി എന്നോടു പറഞ്ഞുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളുണ്ട്. ഞാൻ പഠിച്ച കാലത്തിലല്ല മകൾ വളരുന്നതും പഠിക്കുന്നതും. അവരുടെ ലോകം വളരെ വിശാലമാണ്. തുറന്ന ലോകവും വിരൽത്തുമ്പിലുള്ള സാങ്കേതിക വിദ്യയും വിവരങ്ങളും ഉള്ള ഇന്നത്തെ കുട്ടികൾ സത്യത്തിൽ ആഗോള പൗരരാണ്.
സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരുപോലെയല്ല. കുട്ടികളുടെ സമഗ്രമായ വികസനത്തിനും അറിവിെൻറയും ശേഷികളുടേയും വൈവിധ്യവത്കരണത്തിനും ഉതകുംവിധത്തിലെ സിലബസ് അല്ല നമുക്കുള്ളത് എന്ന അടിസ്ഥാനപരമായ പരിമിതി ഇന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ എല്ലാ കുട്ടികളെയും ഒരേ രീതിയിൽ ഏകതാനമായി ക്ലാസ് മുറികളിൽ വാർത്തെടുക്കാൻ ശ്രമിക്കുന്നത് യഥാർഥത്തിൽ അവരുടെ ശേഷികളെ, പ്രതിഭകളെ, താൽപര്യങ്ങളെ പരിമിതപ്പെടുത്തുകയും ക്രമേണ ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ടാണ് സ്കൂൾ ജീവിതം കുട്ടികൾക്ക് പൊതുവേ സമ്മർദം നിറഞ്ഞതാകുന്നതും സന്തോഷകരമല്ലാതാവുന്നതും.
വിദ്യാഭ്യാസ വ്യവസ്ഥയിൽ തങ്ങൾക്ക് സന്തോഷത്തിനായി എന്തുണ്ടായിരിക്കണം എന്നതിനെക്കുറിച്ച് പ്രാഥമിക ഉപയോക്താക്കളായ വിദ്യാർഥികൾക്കുതന്നെയാണ് ഏറ്റവും നന്നായി പറയാനാവുക. അവരുടെ കൂടി പങ്കാളിത്തത്തിൽ അത്തരം അഭിപ്രായങ്ങളും തീരുമാനങ്ങളും രൂപപ്പെടണം. സന്തോഷത്തിനും കൂടുതൽ അറിവിനുമായി എന്തു വേണമായിരുന്നു എന്ന ചോദ്യത്തിന് മകൾ എന്നോടു പറഞ്ഞ പ്രധാന ആവശ്യങ്ങളും അതിനുള്ള വിശദീകരണങ്ങളും ഇങ്ങനെയായിരുന്നു. ഇക്കാര്യങ്ങൾ എല്ലാവരോടും പറയണം എന്ന നിർദേശം പരിഗണിച്ചാണ് ഈ ആശയങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.
സർഗകലാ പഠനം
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഫൈൻ ആർട്സ്, പെർഫോർമൻസ് ആർട്സ്, കളിനറി ആർട്സ് എന്നിവ നിർബന്ധിതമായിരിക്കണം.
കുട്ടികളുടെ സർഗാത്്മകത (ക്രിയേറ്റിവിറ്റി) വികസിക്കുന്നതിന് ഇതാവശ്യമുണ്ട്. സർഗാത്്മകമായ പ്രശ്ന പരിഹാര (Creative problem solving ) ശേഷിയും വ്യക്തിപരമായ സർഗാത്്മകതയും വികസിപ്പിക്കുന്നതിനാവശ്യമായ പഠനം ആവശ്യമാണ്. ഭാവിയിൽ സർഗാത്്മക ജോലികളും സർഗാത്്മക സംരംഭങ്ങളും വർധിച്ചുവരുന്ന സാഹചര്യമുണ്ടാകും. ഈ തൊഴിലുകളിൽ വിജയിക്കണമെങ്കിൽ അടിസ്ഥാനപരമായ സർഗാത്്മകതാ പഠന പരിശീലനം കുട്ടികൾക്ക് ലഭിച്ചിരിക്കണം. പ്രതിഫലം ഒന്നുമില്ലാത്തതുകൊണ്ട് കുട്ടികളിലെ ആന്തരികമായ സർഗാത്മകതയെ വികസിപ്പിക്കാൻ അവരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാവുകയില്ല. എല്ലാ ദിവസവും ക്ലാസിൽ കഷ്ടപ്പെട്ട് കണക്കുപഠിച്ചെടുക്കുമ്പോൾ കിട്ടുന്ന മാർക്കുപോലെ സംഗീതവും ചിത്രകലയും നൃത്തവും പഠിച്ചെടുക്കുന്ന കുട്ടികൾക്കും മാർക്കും അവാർഡുകളും ലഭിക്കണം. ഭൂരിപക്ഷം കുട്ടികൾക്കും പ്രത്യേകമായി ഇഷ്ടമുള്ള സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയ ക്ലാസുകൾ വീട്ടുകാരുടെ മുൻകൈയിലും പണച്ചെലവിലും ലഭിക്കാവുന്ന സ്ഥിതി ഇവിടെയില്ല. അതുകൊണ്ട്, കണക്കിനും സോഷ്യൽ സയൻസിനും നൽകുന്ന ഗൗരവത്തോടെതന്നെ സർഗാത്്മകതാ ക്ലാസുകൾ സ്കൂളുകളിൽത്തന്നെ നൽകണം. ഇതിനായി വർക്ക്ഷോപ്പുകളും എക്സ്ചേഞ്ച് പരിപാടികളും ഉണ്ടാകണം. സർഗാത്്മക അധ്യാപകരായി യോഗ്യതയുള്ളവരെ നിയമിക്കണം. സ്കൂളുകളിൽ വായനശാലകൾ ഉള്ളതുപോലെ ഒഴിവുസമയങ്ങളിൽ പരിശീലനം ചെയ്യാനുള്ള സൗണ്ട് സിസ്റ്റവും ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളുമുള്ള സ്റ്റുഡിയോകളും ക്ലബ് റൂമുകളും വേണം.
വ്യക്തിത്വ വികസന ക്ലാസുകൾ
പ്രകൃത്യാലുള്ള സാമൂഹിക ഇന്ദ്രിയങ്ങളെ (Social senses ) മാത്രം ആശ്രയിക്കാതെ, നല്ല പരസ്പരാലോചനാ വിദഗ്ധർ (negotitaors), സംഭാഷണചതുരർ (conversationalstis), സംരംഭകർ എന്നിവരെ വികസിപ്പിച്ചെടുക്കുന്ന തരം വ്യക്തിത്വ വികസന പരിശീലനം എല്ലാ കുട്ടികൾക്കും ലഭിക്കണം. ആത്്മസാക്ഷാൽക്കാരം (Selfatcualize) നേടുന്നതിനായി കുട്ടികൾക്ക് ചെറിയ ക്ലാസ് മുതൽ പരിശീലന സഹായം ലഭിക്കണം. ആത്്മവിശ്വാസമുള്ളവരായിരിക്കുക, വിനീതരായിക്കുക, വ്യത്യസ്ത തരം മനുഷ്യരുമായി ഇടപെടുന്നവരായിരിക്കുക, കഴിഞ്ഞകാല ആഘാതങ്ങളെ നേരിടാൻ പ്രാപ്തരായിരിക്കുക എന്നിങ്ങനെ കുട്ടികൾ പൂർണവും ആനുപാതിക ഭംഗിയുള്ളതുമായ മുതിർന്ന മനുഷ്യരായി മാറുന്നത് അവർക്കും നാടിനും ഗുണകരമായി മാറും. പുരുഷത്വത്തെക്കുറിച്ചും സ്ൈത്രണതയെക്കുറിച്ചുമുള്ള തുറന്ന ചർച്ചകളിലൂടെ വിഷലിപ്തമായ പൗരുഷം, പിതൃമേധാവിത്വം, ഫെമിനിസം തുടങ്ങിയവ വിശകലനം ചെയ്യുകയും പുനർനിർമിക്കുകയും വേണം.
ലൈംഗിക വിദ്യാഭ്യാസം
കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ളതല്ല, ശരീരത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പ്രതിപാദിക്കുന്ന പാഠപുസ്തകത്തിലെ ചിത്രങ്ങൾ. ചിലർ വീട്ടിലെ മുതിർന്നവരിൽനിന്ന് പഠിക്കുകയും ഭൂരിപക്ഷവും ജീവിതത്തിൽ അപകടകരമായ സന്ദർഭങ്ങൾ അഭിമുഖീകരിക്കുന്നതുവരെയും ഒന്നും അറിയാതിരിക്കുകയും ചെയ്യുന്നു. ലൈംഗിക അക്രമങ്ങൾ കുറക്കുന്നതിനും ഇല്ലാതാക്കുന്നതിനും എന്താണ് സമ്മതം (Consent) എന്നതിെൻറ യഥാർഥ അർഥവും നിയമവും എന്നത് കുട്ടികളെ പഠിപ്പിക്കണം.
ലൈംഗിക പകർച്ചവ്യാധികളും അവയുടെ ലക്ഷണങ്ങളും എന്തെന്ന് തിരിച്ചറിയാനും അതിനെ തടയാനും കുട്ടികളെ പഠിപ്പിക്കണം. ഗർഭനിരോധന മാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കണം. ഇതൊരു സദാചാര വിഷയമല്ല, ശരീര ആരോഗ്യ പാഠമാണ്. വിവിധ ലിംഗഭേദങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയ, ട്രാൻസ് ജെൻഡർ പ്രശ്നങ്ങൾ, രീതികൾ എന്നതെല്ലാം വലിയ പരിഗണനയിൽ കുട്ടികളെ പഠിപ്പിക്കുകയും അതുവഴി കുട്ടികൾ നേരിടുന്ന അസ്വസ്ഥതകളെയും വേദനകളേയും ആരോഗ്യകരമായി നേരിടാൻ പ്രാപ്തരാക്കുകയും വേണം. ട്രാൻസ് ലിംഗഭേദങ്ങളുടെ നേർക്കുള്ള വിഷലിപ്തത ഇല്ലാതാക്കാനും ട്രാൻസ് ലിംഗഭേദങ്ങളെ സ്വീകാര്യമാക്കാനും സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കണം.
മാനസിക ആരോഗ്യ അവബോധം
കുട്ടികളുടെ മാനസിക ആരോഗ്യത്തെ എങ്ങനെ ശ്രദ്ധിക്കണമെന്നും വൈകാരികമായി അവർക്ക് തങ്ങൾ എങ്ങനെ ലഭ്യമായിരിക്കണമെന്നും രക്ഷിതാക്കളെ പഠിപ്പിക്കണം.
എല്ലാ സ്കൂളുകളിലും കൗൺസലിങ് നടത്തേണ്ടത് യോഗ്യതയുള്ള പ്രഫഷനലുകൾ ആയിരിക്കണം. കൗൺസലിങ്ങിന് മുൻഗണന നൽകുകയും ക്ലാസുകൾക്കിടയിലുള്ള സമയത്തോ ആവശ്യം വരുന്ന സമയത്തോ കൗൺസലറുടെ അടുത്തുപോകാൻ കുട്ടികൾക്ക് സുഖകരമായ അന്തരീക്ഷം സ്കൂളിൽ ഉണ്ടാക്കുകയും വേണം.
അടിസ്ഥാന സൈക്കോളജി (Basic psychology), പരിപൂർണ ശ്രദ്ധ(Mindfulnss) എന്നീ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കണം. മാനസിക പ്രശ്നങ്ങൾ അസാധാരണമല്ലെന്നും നാണക്കേടു വിചാരിക്കാതെ അതിന് ചികിത്സാ സഹായം തേടണമെന്നും കുട്ടികൾക്ക് മനസ്സിലാക്കാനാവും. കുട്ടികളെ കരുതലോടെ കാണാനും മനസ്സിലാക്കാനും പഠിക്കുന്നതിനുവേണ്ടി അധ്യാപകർക്കും ഈ ക്ലാസുകൾ നൽകണം.
മകൾ എഴുതി നൽകിയ ഈ നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് കൈമാറണമെന്നും വിചാരിക്കുന്നു. ഏറെ ആശയങ്ങളുള്ള, ആഗ്രഹങ്ങളുള്ള കുട്ടികൾ പന്ത്രണ്ടു വർഷക്കാലം നീണ്ട സ്കൂൾ ജീവിതത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ ഉന്നത വിദ്യാഭ്യാസ രംഗം ഏതുവിധം മാറണം എന്നതും നാം ഏറെ ആലോചിക്കണം. മകളുടെ തുടർപഠനത്തിനായി ഫൈൻ ആർട്സും പെർഫോമൻസ് ആർട്സും സോഷ്യൽ സയൻസും സാഹിത്യവും സയൻസും ഉൾക്കൊള്ളുന്ന ഇൻറേഗ്രറ്റഡ് ബിരുദ കോഴ്സുകൾക്കായി കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികളുടെയും വെബ്സൈറ്റുകൾ പരതിയിട്ടും ഒന്നും എനിക്ക് കണ്ടെത്താനായില്ല. നമ്മുടെ കുട്ടികളുടെ വിശകലന ബുദ്ധിക്കും ക്രിയേറ്റിവിറ്റിക്കും വളർന്നു വികസിക്കാനാവുന്ന വിധമുള്ള ഓണേഴ്സ് കോഴ്സുകൾ, പുതു തലമുറ കോഴ്സുകൾ ഇനിയും വൈകാതെ നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനാവണം എന്ന് ആഗ്രഹിച്ചുപോവുകയാണ്.
ഇതിനിടയിൽ, സ്ത്രീധനം വാങ്ങുകയില്ലെന്ന് വിദ്യാർഥികളിൽനിന്ന് യൂനിവേഴ്സിറ്റികൾ ബോണ്ട് വാങ്ങണമെന്ന് ഗവർണർ ആരിഫ്് മുഹമ്മദ്ഖാൻ ഉദ്ദേശ്യ ശുദ്ധിയോടെ മുന്നോട്ടുവെച്ച നിർദേശം കണ്ടു. സ്ത്രീധനം വാങ്ങുകയില്ലെന്ന് ആൺകുട്ടികളും കൊടുക്കുകയില്ലെന്ന് പെൺകുട്ടികളും തീരുമാനിക്കുന്ന കേരളമായിരിക്കണം ഇത്. പക്ഷേ, അതിനായി ആദ്യം മാറേണ്ടത് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയാണ്. ഒന്നാം ക്ലാസ്മുതൽ തന്നെ അഴിച്ചുപണിയേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ എത്രയധികം കാര്യങ്ങൾ ഒരു കുട്ടിയുടെ മാത്രം ചിന്തയിലുണ്ട്! അടിസ്ഥാനപരമായ മാറ്റത്തിനുവേണ്ടി നമ്മുടെ ലക്ഷക്കണക്കിന് കുട്ടികളുടെ ചിന്തകൾ ഇനിയും പ്രകാശിതമാകട്ടെ, ശബ്ദായമാനമാകട്ടെ. മാറ്റം അനിവാര്യമാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.