രാജ്യത്തിനു വേണ്ടത് നിത്യഹരിത വിപ്ലവം
text_fieldsജനാധിപത്യവും ഭരണഘടനയും സമ്പൂർണമായും ലംഘിക്കുകയെന്ന ഏകാധിപത്യപ്രയോഗങ്ങളുടെ മൂർത്തതയിലേക്ക് ഇന്ത്യയിലെ കർഷകരെ മുതലാളിത്ത കോർപറേറ്റുകമ്പനികളുടെ അടിമകളാക്കുന്ന തീരുമാനമാണ് കാർഷികപരിഷ്കരണ ബില്ലുകളിലൂടെ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ ഇന്ത്യയുടെ സമ്പത്ത് ഒന്നൊന്നായി കോർപറേറ്റ് കമ്പനികൾക്ക് വിറ്റൊഴിക്കുന്ന തിരക്കിലാണ്. ഇനിയെന്തു ബാക്കിയുണ്ട് എന്നതാണ് ഭരണകൂടത്തിെൻറ പ്രധാന ഗവേഷണം എന്ന വിധമാണ് കാര്യങ്ങൾ.
നരേന്ദ്ര മോദിയുടെ ഹിന്ദുത്വസർക്കാറിെൻറ ജൈത്രയാത്രക്കായി സർക്കാറിന് ആവശ്യമുള്ളതെല്ലാം ഉദാരമായി നൽകാൻ തയാറുള്ള കോർപറേറ്റ് കമ്പനികൾക്ക്, വിശേഷിച്ച് അദാനി, അംബാനി മുതലാളിമാരുടെ കമ്പനികൾക്ക്, പ്രത്യുപകാരമായി ഇന്ത്യയെ മൊത്തമായും വിൽക്കുന്ന ഭരണകൂടമാണിത് എന്നു രാഹുൽ ഗാന്ധി ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നെങ്കിലും കോൺഗ്രസിനുള്ളിൽത്തന്നെ ആ ശബ്ദം ദുർബലമായി. ഇടതുപക്ഷവും ഇതേ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നെങ്കിലും ഭരണകൂടത്തിന് അതൊന്നും വലിയ രാഷ്ട്രീയഭീഷണിയായി ഇതുവരെ അനുഭവപ്പെട്ടിരുന്നില്ല എന്നുവേണം കരുതാൻ.
ദേശേദ്രാഹകരമായ കാർഷികപരിഷ്കരണ ബില്ലുകൾക്കെതിരെ ഇന്ത്യൻപാർലമെൻറിനുള്ളിൽ രൂപപ്പെട്ട പ്രതിപക്ഷപാർട്ടികളുടെ സമ്പൂർണ ഐക്യം എതിർപ്പിെൻറ ശബ്ദങ്ങൾ അവഗണിക്കാനാവുന്നതല്ലെന്നു സർക്കാറിന് താക്കീത് നൽകുന്നു. ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനാപരമായ ഫെഡറൽ വ്യവസ്ഥക്കും വേണ്ടി പ്രതിപക്ഷത്തിന് ഐക്യപ്പെടാനുള്ള അവസാന അവസരമാണിത്. ഇതു മുന്നോട്ടു കൊണ്ടുപോയില്ലെങ്കിൽ മോദി സർക്കാർ ഇന്ത്യക്കാരെ സമ്പൂർണമായും കോർപറേറ്റുകളുടെ അടിമജനതയായി മാറ്റിത്തീർക്കുന്നതിെൻറ ഉത്തരവാദിത്തത്തിൽ നിന്ന് പ്രതിപക്ഷത്തിനു മാറി നിൽക്കാനാവില്ല. കോടിക്കണക്കിന് ദരിദ്രജനങ്ങളുടെ അവകാശങ്ങളെ വെല്ലുവിളിച്ച് ഇന്ത്യയിലെ കോർപറേറ്റ് സ്വകാര്യവത്കരണത്തിെൻറ അജണ്ടകൾ അതിവേഗം നടപ്പാക്കുന്ന സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്കു വലിയ ബാധ്യതയാണ്. മത-ജാതി ധ്രുവീകരണത്തിലൂടെ ജനങ്ങളെ തമ്മിൽ ശത്രുക്കളാക്കിത്തീർക്കുകയാണ് ഹിന്ദുത്വഭരണകൂടം. ഈ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന ജനം പ്രതീക്ഷയോടെ പ്രതിപക്ഷത്തെ വീണ്ടും ഉറ്റുനോക്കുകയാണ്, ഇനിയും നിരാശപ്പെടുത്തരുതെന്ന കൂപ്പുകൈകളോടെ.
മണ്ണിൽ പണിയെടുത്ത് രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്ന കർഷകരെ സമരവുമായി തെരുവുകളിലേക്ക് വലിച്ചിഴക്കുന്നതിനേക്കാൾ വലിയ ദേശദ്രോഹം വേറെയെന്തുണ്ട്? മോദിസർക്കാർ കർഷകരെ മാത്രമല്ല, ദേശത്തെ മുഴുവൻ േദ്രാഹിക്കുകയാണ്. രാജ്യസഭയിൽ പ്രതിപക്ഷപാർട്ടികളുടെ വലിയ എതിർപ്പിനെ അവഗണിച്ചു പാസാക്കിയെടുത്ത കാർഷികപരിഷ്കരണ ബില്ലുകളുടെ പ്രത്യാഘാതങ്ങൾ നമ്മെ ഭയപ്പെടുത്തുന്നു. കോവിഡ് മറവിലും സൗകര്യത്തിലുമാണ് കേന്ദ്രം പാർലമെൻറിൽ ചർച്ച പോലുമില്ലാതെ ഇന്ത്യയുടെ നട്ടെല്ലായ കാർഷിക മേഖല സംബന്ധിച്ച ബില്ലുകൾ പാസാക്കിയെടുത്തത്. ഇതിൽ ജനാധിപത്യ പ്രക്രിയകളുടെ മാത്രമല്ല, ഭരണഘടന തത്ത്വങ്ങളുടെയും നഗ്നമായ ലംഘനമുണ്ട്.
കാർഷികോൽപന്നങ്ങളുടെ വിൽപന സ്ഥലം, വ്യാപാരികൾ എന്നിവയെക്കുറിച്ച പുതിയ നിയമത്തിലെ നിർവചനവും കരാർകൃഷിയും സംസ്ഥാനങ്ങൾക്ക് കൃഷിമേഖലയിലുള്ള അവകാശാധികാരങ്ങളുടെ ലംഘനവും തുടങ്ങി തീർത്തും കോർപറേറ്റ് ഒറ്റവിപണിയിലേക്ക് പരിഷ്കരിക്കണമെന്ന് പറയുന്ന കാർഷികബിൽ തകർക്കാൻ പോകുന്നത് ഇന്ത്യയിലെ മധ്യവർഗ, ചെറുകിടകർഷകരുടെ കാർഷിക വ്യവസ്ഥകളെയാണ്. ഉൽപന്നങ്ങൾക്ക് ന്യായമായ വില കിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ നാലുവർഷമായി ഇന്ത്യയിലെ കർഷകർ പലപ്പോഴായി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയത് രാജ്യം കണ്ടതാണ്. കർഷകരുടെ ഉൽപന്നങ്ങൾക്ക് വില നിശ്ചയിക്കേണ്ടത് എങ്ങനെയെന്ന് സമഗ്രമായി പഠിച്ച് സമർപ്പിച്ച സ്വാമിനാഥൻകമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നതായിരുന്നു ആ പ്രക്ഷോഭങ്ങളിൽ കർഷകരുടെ പ്രധാനാവശ്യം. കർഷകരോട് സ്നേഹമുണ്ടെന്ന് അവകാശപ്പെടുന്ന കേന്ദ്രസർക്കാർ നടപ്പിലാക്കേണ്ടത് ആ റിപ്പോർട്ടാണ്. കർഷകരുടെ ഉൽപാദന സംഘങ്ങൾ വളർത്തിയെടുക്കേണ്ടത് അവരുടെ തന്നെ കൂട്ടായ നേതൃത്വത്തിലും അവർക്കാവശ്യമായ പശ്ചാത്തലവികസന, സാങ്കേതിക വിദ്യയും നൈപുണ്യവും കൈമാറ്റം ചെയ്തുമാണ്. സർക്കാറുകളുടെ ഉത്തരവാദിത്തമാണത്. കാലാവസ്ഥ വ്യതിയാനത്തിെൻറ ആപത്കരമായ കാലത്ത് രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷയുടെ സുസ്ഥിരത പരമ്പരാഗത കാർഷിക ജൈവവൈവിധ്യങ്ങളുടെ കൂടി സംരക്ഷണത്തിലൂടെയായിരിക്കണം ശ്രദ്ധിക്കേണ്ടത്. ആ ഉൽപന്നങ്ങൾക്ക് കർഷകർക്ക് നല്ല വില ലഭ്യമാക്കുകയെന്നതും സർക്കാറിെൻറ ഉത്തരവാദിത്തമാണ്. കേന്ദ്രസർക്കാർ ആഗ്രഹിക്കുന്ന കരാർകൃഷിയിൽ വിളവൈവിധ്യങ്ങൾ തകർക്കപ്പെടുകയും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ പുതിയ കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ അശക്തമാവുകയും ചെയ്യും. ഇന്ത്യയെ ഭക്ഷ്യസുരക്ഷിതത്വത്തിലേക്കു നയിച്ച ഹരിതവിപ്ലവത്തിന് നായകത്വം വഹിച്ചവരിൽ പ്രധാനിയായ പ്രഫ. എം.എസ്. സ്വാമിനാഥൻ, ഉദ്യോഗസ്ഥതലത്തിലും മറ്റും അന്നത്തെ കാർഷിക പ്രയോഗരീതികളിൽ സംഭവിച്ചുപോയ പിഴവുകളെ തിരുത്തേണ്ടതുണ്ടെന്നും നിത്യഹരിതവിപ്ലവത്തിലേക്ക് ഇന്ത്യൻ കാർഷികവ്യവസ്ഥയെ വികസിപ്പിക്കേണ്ടതുണ്ടെന്നും പിന്നീട് ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് സുസ്ഥിരമായ കാർഷികവികസനത്തിെൻറ സാധ്യതകളെ കൃത്യമായി നിർദേശിച്ചുകൊണ്ടാണ്. കർഷകരുടെ സ്വന്തം വെറൈറ്റികൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അവകാശങ്ങളെ സ്ഥാപിക്കുന്ന ആക്ടിെൻറ നിലനിൽപും ഇനിയുള്ള ഘട്ടത്തിൽ ഭീഷണികൾ നേരിടാൻ ഇടവരരുത്. കോർപറേറ്റുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് കർഷകർ വിളയിച്ചെടുക്കാൻ ബാധ്യസ്ഥരാവുന്ന പ്രത്യേക വിളവുകൾ, വിത്തുകൾ, വളപ്രയോഗങ്ങൾ, മണ്ണ്, ജലവിനിയോഗം എന്നതെല്ലാം ആരാണ് ഇനി നിശ്ചയിക്കുക? കോർപറേറ്റുകൾ കൊയ്യുന്ന കൊള്ളലാഭം സർവതല ചൂഷണത്തിലൂടെയുള്ളതാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?
ഇൗ ബിൽ കർഷകരെ രക്ഷിക്കാനാണെന്ന അസത്യം പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളും ആവർത്തിച്ചിട്ടും സ്വന്തം കർഷകസംഘടനയെപോലും അത് വിശ്വസിപ്പിക്കാൻ കഴിയുന്നില്ല. നോട്ടുനിരോധം നടപ്പാക്കിയപ്പോൾ പ്രധാനമന്ത്രി വലിയ വായിൽ പറഞ്ഞതല്ല ജീവിതത്തിനുമേൽ സംഭവിച്ചത് എന്ന് ജനങ്ങൾക്കറിയാം. ആ ദുരന്തങ്ങൾക്കു പിന്നാലെയാണ് സംസ്ഥാനങ്ങളുടെ തലക്കടിച്ചു ജി.എസ്.ടി പരിഷ്കരണം നടത്തിയത്. അപ്പോഴും പറഞ്ഞു, എല്ലാം നല്ലതിനുവേണ്ടിയാണെന്ന്. ആരുടെ നല്ലതിനു വേണ്ടി? സംഘ്പരിവാറിെൻറയും കേന്ദ്രസർക്കാറിെൻറയും കോർപറേറ്റ് മുതലാളിമാരുടെയും മാത്രം.
കോവിഡ് കേസുകളിൽ ഇന്ത്യയാണിന്ന് ലോകത്ത് മുന്നിൽ. കൂടുതൽ സാമ്പത്തിക പാക്കേജുകൾ വഴി കോവിഡ് ദുരിതങ്ങളെ പ്രതിരോധിക്കാനല്ല, കോർപറേറ്റ് ആഗ്രഹപ്രകാരം ഇന്ത്യയുടെ കൃഷിഭൂമിയും വിളകളും കർഷകരോടുകൂടി അവർക്ക് കൈമാറാനുള്ള സുവർണാവസരമായിട്ടാണ് കോവിഡ് കാലം മാറിയത്.
നുണ ആവർത്തിച്ചാൽ അത് സത്യമാണെന്ന തോന്നലുളവാക്കാം എന്ന മനഃശാസ്ത്രമാണ് ഫാഷിസ്റ്റു ഭരണകൂടം എപ്പോഴും പ്രയോഗിക്കുന്നത്. കർഷകരെയും വോട്ടർമാരേയും ആശയക്കുഴപ്പത്തിലാക്കാൻ അവർ നുണകൾ ആവർത്തിക്കുന്നു. അവരുടെ ഫാഷിസ്റ്റ് മുഖവും ശബ്ദവുമുള്ള വാദങ്ങൾ, അസത്യങ്ങൾ ജനങ്ങളെ കൂടുതൽ കേൾപ്പിക്കാൻ കോർപറേറ്റ് നിയന്ത്രണത്തിലും പ്രീണനത്തിലുമുള്ള മാധ്യമങ്ങൾ നിരന്തരം മത്സരിക്കുകയും ചെയ്യുന്നു. എങ്കിലും എക്കാലവും സത്യങ്ങളെ മറച്ചുവെക്കാനാവില്ല. കേരളത്തിൽ ഈ ബില്ലിനെതിരെ ശക്തമായ പ്രതിരോധം സർക്കാറിെൻറ ഭാഗത്തുനിന്നുതന്നെ ഉണ്ടാകും എന്നത് ആശ്വാസകരമാണ്.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.