രാഷ്ട്രീയനേതാക്കളെ ലിംഗസമത്വം പഠിപ്പിക്കണം
text_fieldsആരു പഠിപ്പിക്കണം എന്നു ചോദിച്ചാൽ ഉത്തരവാദപ്പെട്ടവർ എല്ലാവരും കൂടി ആലോചിക്കണം എന്നാണ് പറയാനുള്ളത്. കാരണം, പരമാവധിയായിരിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്കിടയിൽ വലിയ നടുക്കവും പ്രതിഷേധവുമുണ്ടാക്കിയതായിരുന്നു കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രെൻറ പ്രസംഗം. മുല്ലപ്പള്ളി രാമചന്ദ്രൻ നിലവിൽ കെ.പി.സി.സി പ്രസിഡൻറാണ്. എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന നേതാവാണ്. അദ്ദേഹത്തിെൻറ പാർട്ടിയിലെ സ്ത്രീകൾക്കുകൂടി പ്രതിരോധിച്ചു നിൽക്കാൻ പറ്റാത്തത്ര അപമാനകരമായിരുന്നു ആ പ്രസംഗം. സ്ത്രീകൾക്കു നേരെ നിരവധി നേതാക്കൾ മുമ്പും പലവിധ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയും ആവർത്തനങ്ങളുണ്ടാകും.
അഭിസാരിക എന്ന വാക്കിെൻറ പുല്ലിംഗം എന്താണെന്നുകൂടി മുല്ലപ്പള്ളി ആലോചിക്കണം. അദ്ദേഹം ഉന്നംവെച്ച വ്യക്തിയുടെ നിരവധി പരാതികൾ പലരുടെ പേരിലും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട് എന്നതു കൊണ്ടു മാത്രമല്ല, ഏതു സ്ത്രീയും സ്വയം അഭിസാരികയാവുന്നില്ലെന്ന് മനസ്സിലാക്കാൻ അതിെൻറ പുല്ലിംഗപദം കൂടി അന്വേഷിക്കാം. ലിംഗസമത്വം പഠിക്കുന്നതിെൻറ ആദ്യപടിയാണ് ഭാഷയിലെ ലിംഗാധിപത്യത്തെപ്പറ്റി മനസ്സിലാക്കുക എന്നത്. അപ്പോൾ മനസ്സിലാവും ഭാഷയിൽ പുല്ലിംഗമില്ലാത്ത ഇത്തരം നിരവധി വാക്കുകളുണ്ടെന്ന്. പുരുഷന് സദാ അനുകൂലമായി നിൽക്കുന്ന സാമൂഹിക, സാംസ്കാരിക, സദാചാര ആണധികാര വ്യവസ്ഥയുടെ നിർമിതിയാണ് ഈ ഭാഷാപ്രയോഗങ്ങൾ. ആ നിർമിതികളെ അതേപടി, ഒരാലോചനയും കൂടാതെ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറയാനും എടുത്തു പ്രയോഗിക്കാനും രണ്ടാമതൊന്നാലോചിക്കാത്തവർ തീർച്ചയായും സ്ത്രീവിരുദ്ധതയുടെ നായകരായി വിലയിരുത്തപ്പെടും.
ഒരിക്കൽ ലൈംഗികാക്രമണം നേരിട്ട സ്ത്രീ രണ്ടാമതൊരിക്കൽകൂടി അതനുഭവിക്കുകയില്ലെന്നും അതിനുമുമ്പ് അവർ ആത്മഹത്യ ചെയ്തിരിക്കുമെന്നുമുള്ള- അല്ലെങ്കിൽ അഭിമാനത്തെ കരുതി അവൾ ആത്മഹത്യ ചെയ്യണം എന്ന വിധമുള്ള- അദ്ദേഹത്തിെൻറ ധാരണയും ആഗ്രഹവും എത്രമാത്രം യാഥാർഥ്യങ്ങളെ നിഷേധിക്കുന്നതും അബദ്ധജടിലവും ലൈംഗികാക്രമണം നേരിട്ട മുഴുവൻ സ്ത്രീകളുടേയും ജീവിതത്തിനുനേരെ മുൻവിധികൾ നിറഞ്ഞതുമാണ്! ഇത്തരം ആഗ്രഹപ്രകടനങ്ങളും മുൻവിധികളും പുരുഷനുമാത്രം അനുകൂലമായ ലൈംഗിക സദാചാര നിയമസംഹിതകളിൽ ആഴത്തിൽ വേരുകളുള്ളതാണ് എന്നതാണ് സ്ത്രീകൾ ശക്തമായി ചൂണ്ടിക്കാണിക്കുന്നത്.
സ്ത്രീകളുടെ ശരീരത്തെയും ലൈംഗികതയെയും ജീവിതത്തെയും സംബന്ധിച്ച സ്വന്തം ചിന്തകളും കാഴ്ചപ്പാടുകളും എത്രയധികം വികൃതവും പ്രതിലോമകരവും ആപൽക്കരവുമാണ് എന്ന് വെളിപ്പെടുത്തുന്ന പരാമർശങ്ങളും പ്രസ്താവനകളും സംഭാഷണങ്ങളും പല രാഷ്ട്രീയ നേതാക്കളിൽനിന്നും പുറത്തുചാടുന്നത് മുമ്പും കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ഫ്യൂഡൽ ബ്രാഹ്മണ്യ പാട്രിയാർക്കിയുടെ ശിക്ഷാധികാര സ്വഭാവം പൂണ്ട അധീശപുരുഷത്വങ്ങളുടെ പ്രതിരൂപമാണ് ഇവരുടെയെല്ലാം ഭാവത്തിലും ഭാഷയിലും പ്രകടമായിട്ടുള്ളത്. ആഴത്തിലുള്ള സ്ത്രീവിരുദ്ധതയുടെ അക്രമാസക്തമായ മനോഭാവങ്ങൾ ലൈംഗിക സദാചാരശാസനങ്ങളുടേയും അശ്ലീലതയുടേയും രൂപത്തിലാണ് ഇവരിൽനിന്ന് എപ്പോഴും പുറത്തുവരുന്നത്. അതിന് പലപ്പോഴും കക്ഷിരാഷ്ട്രീയ വ്യത്യാസമൊന്നും കാണാറില്ല.
രാജ്യത്തെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളും ആത്മാഭിമാനവും സ്വതന്ത്രജീവിതവും സുരക്ഷയും ഉറപ്പാക്കാൻ ജനസംഖ്യയിലെ പാതി ഭാഗമായ സ്ത്രീകളിൽനിന്നുകൂടി വോട്ടുവാങ്ങിയാണ് ഈ നേതാക്കൾ ഭരണഘടനാ പദവികളിലെത്തുന്നത്. അതിനാൽ പുരുഷന്മാരും സ്ത്രീകളുമായ മുഴുവൻ രാഷ്ട്രീയ നേതാക്കളും സ്ത്രീനീതിയെപ്പറ്റിയും ലിംഗസമത്വത്തെപ്പറ്റിയും സമൂഹത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും വ്യക്തമായി പഠിക്കാനും അറിയാനും പറയാനും ചുമതലയുള്ളവരാണ്. അവർ ആ ചുമതല നിർവഹിക്കേണ്ടത് സമൂഹത്തിൽ സ്ത്രീകളുടെ വികസനത്തിനും സുരക്ഷിതമായ ജീവിതത്തിനും അത്യാവശ്യമാണ്. അതിനുപകരം സ്ത്രീകളെ കൂടുതൽ അരക്ഷിതമാക്കുകയും ആക്രമിക്കുകയും ചെയ്യുന്ന നിലപാടുകൾ ഉണ്ടാകുന്നത് ദുഃഖകരവും പ്രതിഷേധാർഹവുമാണ്.
ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണാധികാരികൾ പൂർവാധികം ശക്തിപ്പെടുത്തുന്ന മനുവാദത്തിെൻറ പിൻബലമുള്ള സ്ത്രീവിരുദ്ധതയിൽ പുരുഷാധിപത്യ വാഹകരായ മതേതര പാർട്ടി നേതാക്കളടക്കമുള്ള പൊതു പുരുഷന്മാർ ഗുണഭോക്താക്കളാകുന്നത് അത്ഭുതകരമല്ല. പഴയകാലത്തും പുതിയ കാലത്തും സ്ത്രീകളുടെ നേർക്കുള്ള പുരുഷാധിപത്യത്തിെൻറ പ്രയോഗം അങ്ങനെയാണ്. കുടുംബത്തിലൂടെ, ജാതിയിലൂടെ, മതത്തിലൂടെ, സംഘടനകളിലൂടെ, സ്ഥാപനങ്ങളിലൂടെ പുരുഷന് കീഴടങ്ങി ജീവിക്കുകയാണ് സ്ത്രീകൾക്ക് നിർണയിക്കപ്പെട്ടിരിക്കുന്ന ജീവിതം. ഈ കടുത്ത സർവ സഖ്യത്തേയും അതുയർത്തുന്ന വെല്ലുവിളികളേയും നേരിടുക സ്ത്രീ സമൂഹത്തിന് വിശേഷിച്ച് ഒറ്റക്കൊറ്റക്ക് തീരെ എളുപ്പമല്ല.
പാർലമെൻറിലും നിയമസഭയിലും അമ്പതു ശതമാനം സ്ത്രീസംവരണത്തെ എതിർക്കുന്നത് ഈ സർവസഖ്യമാണ്. അതിനാൽ സ്ത്രീകൾക്ക് ആകെ സഹായകമായി നിൽക്കുന്നത് ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടനയും സ്ത്രീകളുടെ നിരന്തരമായ സമരങ്ങളുടേയും പ്രവർത്തനങ്ങളുടേയും ഭാഗമായി ഉണ്ടായി വന്ന അവകാശനിയമങ്ങളും മാത്രമാണ്. എങ്കിലും പുരുഷന് അനുകൂലമായി പ്രബലപ്പെടുത്തിയ അലിഖിത സദാചാരം എന്ന ലൈംഗികചുവയും ദുർഗന്ധവുമുള്ള വല വീശിയെറിഞ്ഞ് അതിനുള്ളിൽ പെടുത്തി സ്ത്രീകളെ നിശ്ശബ്ദരും അപമാനിതരും അടിമകളുമാക്കി നിലനിർത്തുകയെന്ന തന്ത്രം സദാ ജാഗരൂകവും സജീവവുമാണ്.
ലൈംഗികപീഡന കേസുകളിൽ ശരിയായ വിധി നടത്തണമെങ്കിൽ ജഡ്ജിമാരെ ലിംഗസമത്വത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞത് കേരളത്തിലേയും എല്ലാ രാഷ്ട്രീയ നേതാക്കളും ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു. ബലാത്സംഗ കേസിൽ പ്രതിയായ വ്യക്തിക്ക് ജാമ്യം നൽകിയുള്ള വിധിയിൽ പ്രതിയുടെ ൈകയിൽ ഇര രാഖി കെട്ടണമെന്ന് മധ്യപ്രദേശ് ഹൈകോടതി വ്യവസ്ഥ വിധിച്ചതിെൻറ പശ്ചാത്തലത്തിലാണ് അറ്റോണി ജനറൽ ഇക്കാര്യം വലിയ ഗൗരവത്തോടെ പറഞ്ഞത്. മധ്യപ്രദേശ് ഹൈകോടതി വ്യവസ്ഥക്കെതിരെ ഒമ്പത് വനിത അഭിഭാഷകർ രംഗത്തുവന്നു. ലിംഗസമത്വത്തിെൻറ ആവശ്യകതയെക്കുറിച്ച് ജഡ്ജിമാരെ ബോധവത്കരിക്കണം. ജഡ്ജി നിയമന പരീക്ഷകളിൽ ലിംഗസമത്വ ബോധവത്കരണം വിഷയമാകണം, ജുഡീഷ്യൽ അക്കാദമികൾ ഇതേക്കുറിച്ച് പഠിപ്പിക്കണം എന്നാണ് അറ്റോണി ജനറൽ പറഞ്ഞത്.
കേരളത്തിൽ സിനിമാനടി നേരിട്ട ആസൂത്രിത ലൈംഗികാക്രമണ കേസിൽ വിചാരണ കോടതിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിചാരണയുടെ, പുറത്തു വരുന്ന വിവരങ്ങൾ കേൾക്കുമ്പോഴും ഇതേ കാര്യം ഗൗരവത്തോടെ അതിവേഗം ആലോചിച്ച് നടപ്പാക്കണമെന്നാണ് പറയാനുള്ളത്. നടിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന സമീപനമാണ് വിചാരണ കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഹരജിക്കാരിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ഹൈകോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് നടിയുടെ ആവശ്യം. സർക്കാറും ഇക്കാര്യത്തിൽ നടിക്കൊപ്പമാണ് എന്നത് വലിയ ആശ്വാസം തന്നെ. പക്ഷേ, അടിമുടി അവബോധത്തിൽ വ്യത്യാസം വരുത്താനുള്ള പരിശ്രമങ്ങൾ ലിംഗസമത്വം പഠിപ്പിച്ചുകൊണ്ടുതന്നെ നടത്തണം.
ജഡ്ജിയായാലും രാഷ്ട്രീയനേതാവായാലും വ്യക്തികൾ എന്ന നിലയിൽ അവരുടെ സ്ത്രീവിരുദ്ധ ലൈംഗികസദാചാര ധാരണകൾക്കനുസരിച്ചല്ല ലൈംഗികാക്രമണങ്ങളേയും സ്ത്രീകളുടെ ജീവിതത്തേയും സമീപിക്കേണ്ടതും വിധിക്കേണ്ടതും. അതിന് നിയതമായ ലിംഗനീതി വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള വാദങ്ങളും വിശകലന പദ്ധതികളുമുണ്ട്. അത് പഠിക്കാനും പ്രയോഗിക്കാനും നിയമപരമായി അവർ ഉത്തരവാദപ്പെട്ടവരായിരിക്കണം. നമ്മുടെ നിയമസഭ സാമാജികരടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്കും അടിയന്തരമായി ലിംഗസമത്വ വിദ്യാഭ്യാസം നൽകുന്നതിനുള്ള നടപടികൾ ഉണ്ടാകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.