ഗവർണറുടെ അപഥ സഞ്ചാരം
text_fieldsനിയമസഭയുടെ പ്രത്യേകസമ്മേളനം വിളിക്കാനുള്ള കേരള സർക്കാറിെൻറ ശിപാർശ തള്ളുക വഴി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. നമ്മുടെ പാർലമെൻററി ജനാധിപത്യവ്യവസ്ഥയിൽ പ്രസിഡൻറും ഗവർണർമാരും സ്വതന്ത്ര അധികാരകേന്ദ്രങ്ങളല്ല. പ്രസിഡൻറ് കേന്ദ്ര മന്ത്രിസഭയുടെയും ഗവർണർ സംസ്ഥാന മന്ത്രിസഭയുടെയും ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. ലോക്സഭയിൽ ഭൂരിപക്ഷപിന്തുണയുള്ള കേന്ദ്ര മന്ത്രിസഭയുടെയും നിയമസഭയിൽ ഭൂരിപക്ഷപിന്തുണയുള്ള സംസ്ഥാനമന്ത്രിസഭയുടെയും ശിപാർശകൾ തള്ളാൻ ഈ ആചാരപരമായ ആഡംബരസ്ഥാനങ്ങൾ വഹിക്കുന്നവർക്ക് അവകാശമില്ല.
സ്വന്തംനിലയിൽ അവർക്ക് തീരുമാനങ്ങളെടുക്കാൻ അവകാശമുള്ള അവസരങ്ങളുണ്ട്. അത് സഭയിൽ ഭൂരിപക്ഷപിന്തുണയുള്ള മന്ത്രിസഭ ഇല്ലാത്തപ്പോൾ മാത്രമാണ്. തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാതെ വരുമ്പോൾ ഉപദേശിക്കാൻ ഭരണഘടന വിഭാവന ചെയ്യുന്ന തരത്തിലുള്ള സംവിധാനത്തിന്റെ അഭാവത്തിൽ അവർക്ക് വിവേചനാധികാരം ഉപയോഗിക്കാം. എന്നാൽ, അവിടെയും ചില തത്ത്വങ്ങൾ പാലിച്ചേ മതിയാവൂ. പ്രധാന തത്ത്വം മന്ത്രിസഭ രൂപവത്കരിക്കാൻ ക്ഷണിക്കുന്നയാൾക്ക് സഭയിൽ ഭൂരിപക്ഷപിന്തുണ നേടാനാകണമെന്നതാണ്. അത്തരം സന്ദർഭങ്ങളിൽ മന്ത്രിസഭയുണ്ടാക്കാൻ നിയോഗിക്കപ്പെടുന്നയാൾ ഒരു നിശ്ചിത തീയതിക്കുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടാറുമുണ്ട്.
മന്ത്രിസഭയുടെ ഭൂരിപക്ഷ പിന്തുണയെക്കുറിച്ച് സംശയങ്ങളുള്ള സന്ദർഭങ്ങളിലും ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കേണ്ടി വരാം. അങ്ങനെയൊരു സാഹചര്യത്തിലല്ല ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കാൻ വിസമ്മതിച്ചത്.
ലോക്സഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ കേന്ദ്ര മന്ത്രിസഭ രൂപവത്കരിക്കാൻ ആരെ ക്ഷണിക്കണം എന്ന് തീരുമാനിക്കേണ്ടിവന്ന പ്രസിഡൻറുമാരുണ്ട്. നിയമജ്ഞരുടെ ഉപദേശം കൂടി തേടിയ ശേഷമാണ് അവർ തീരുമാനമെടുത്തത്. കേന്ദ്രത്തിൽ അത്തരം സന്ദർഭങ്ങളിൽ നീതിപൂർവകമായ തീരുമാനങ്ങളെടുക്കാൻ പ്രസിഡൻറുമാർക്ക് കഴിഞ്ഞത് അവർ വിവിധ മേഖലകളിൽ ഉന്നത തലങ്ങളിൽ സേവനം അനുഷ്ഠിച്ചവരും ഭരണഘടനപ്രകാരം പ്രവർത്തിക്കാൻ കഴിയുന്നവരും ആയതുകൊണ്ടാണ്. നിർഭാഗ്യവശാൽ ഗവർണർമാർക്ക് സാധാരണ അതിനു കഴിയാറില്ല. പലർക്കും ആ പദവിയുടെ അന്തസ്സ് പാലിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. അധികാരരാഷ്ട്രീയത്തിെൻറ സ്വാധീനത്തിൽനിന്ന് മോചനം നേടാനാകാഞ്ഞതാണ് പലരും അപഥസഞ്ചാരം നടത്താൻ കാരണമാകുന്നത്. അങ്ങനെയുള്ളവർ രാജ്ഭവനിലിരുന്ന് രാഷ്ട്രീയം കളിക്കുന്നു. ഭരണഘടനപ്രകാരം പ്രവർത്തിക്കാമെന്ന് പ്രതിജ്ഞയെടുത്താണ് എല്ലാവരും പദവി ഏറ്റെടുക്കുന്നത്.
എന്നാൽ, ഭരണഘടനയോടുള്ളതിനേക്കാൾ കൂറ് ഡൽഹിയിലെ രാഷ്ട്രീയ യജമാനന്മാരോടു കാട്ടാൻ അവർ നിർബന്ധിതരാകുന്നു. ഗവർണറുടെ നിയമനത്തിൽ അഞ്ചു കൊല്ലത്തെ കാലാവധി നിർദേശിക്കാറുണ്ടെങ്കിലും ഭരണഘടനപ്രകാരം പ്രസിഡൻറിെൻറ പ്രീതിയുള്ളിടത്തോളമേ സ്ഥാനത്ത് തുടരാനാകൂ. പ്രീതിയുണ്ടെങ്കിൽ അഞ്ചുകൊല്ലം കഴിഞ്ഞും തുടരാം. പ്രീതിനഷ്ടപ്പെട്ടാൽ ഉടൻപുറത്താക്കപ്പെടും. പ്രസിഡൻറ് കേന്ദ്ര മത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്. അപ്പോൾ പ്രസിഡൻറിെൻറ പ്രീതി എന്നാൽ മന്ത്രിസഭയുടെ, അഥവാ പ്രധാനമന്ത്രിയുടെ പ്രീതി എന്നാണർഥം. ഈ വ്യവസ്ഥ ഗവർണറെ കേന്ദ്രത്തിെൻറ ദാസനാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവർണർപദത്തിലേക്ക് ആദ്യം തെരഞ്ഞെടുത്ത ഒരാൾ ഇന്ത്യയുടെ മുൻ ചീഫ്ജസ്റ്റിസ് പി. സദാശിവം ആയിരുന്നു. അദ്ദേഹം ഒഡിഷയിൽ ഒരു മിഷനറിയെ കൊല ചെയ്തതിന് ശിക്ഷിക്കപ്പെട്ട ബജ്റംഗ്ദൾ നേതാവിന് അപ്പീലിൽ ഇളവുകൊടുത്തിരുന്നു. ഇഷ്ടമുള്ളത് ചെയ്യുന്നവർക്ക് പ്രതിഫലം പ്രതീക്ഷിക്കാമെന്ന സന്ദേശമാണ് അതിലൂടെ മോദി നൽകിയത്.
മോദി നിയമിച്ച മറ്റു ഗവർണർമാരിലേറെയും ആർ.എസ്.എസ് പ്രചാരകരായിരുന്നവരാണ്. ജനാധിപത്യത്തിെൻറ കണിക പോലുമില്ലാത്ത ഒരു സംഘടനയാണത്. ഭരണഘടനയെക്കുറിച്ച അജ്ഞത അവരിൽ പലരുടെയും പ്രവർത്തനത്തിൽ കാണാം. വ്യത്യസ്ത പശ്ചാത്തലമുള്ളയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. അതിനാൽ, അദ്ദേഹം എടുത്ത നിലപാട് കൂടുതൽ നിർഭാഗ്യകരമാകുന്നു. മന്ത്രിസഭയുടെ തീരുമാനത്തോട് അദ്ദേഹത്തിന് വ്യക്തിപരമായി വിയോജിപ്പുണ്ടാകാം. അക്കാര്യം അറിയിക്കാനും തീരുമാനം പുനഃപരിശോധിക്കാൻ മന്ത്രിസഭയോട് ആവശ്യപ്പെടാനും അദ്ദേഹത്തിന് അവകാശമുണ്ട്. പക്ഷേ, മന്ത്രിസഭ തീരുമാനത്തിൽ ഉറച്ചുനിന്നപ്പോൾ വഴങ്ങുകയായിരുന്നു അദ്ദേഹത്തിെൻറ മുന്നിലുള്ള ജനാധിപത്യപരമായ ഏക പോംവഴി. സർക്കാർ തീരുമാനം ആവർത്തിക്കുകയും അതംഗീകരിക്കാൻ ഗവർണറുടെ മനഃസാക്ഷി അനുവദിക്കാതിരിക്കുകയും ചെയ്തെങ്കിൽ അദ്ദേഹത്തിെൻറ മുന്നിലുള്ള മാന്യമായ മാർഗം അന്തസ്സോടെ സ്ഥാനമൊഴിയുകയായിരുന്നു, അത് കളങ്കപ്പെടുത്തുകയല്ല.
കേരള നിയമസഭ പ്രമേയം പാസാക്കിയാൽ ഡൽഹിയിലെ കർഷക പ്രശ്നം തീർപ്പാകുമോ എന്നതു പോലെയുള്ള ഒരു വിഡ്ഢിച്ചോദ്യം ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചെന്ന പത്രവാർത്ത എനിക്ക് വിശ്വസിക്കാനാകുന്നില്ല. അദ്ദേഹം സമ്മേളനം തടഞ്ഞതുകൊണ്ടും പ്രക്ഷോഭത്തിന് ഒരു ചുക്കും സംഭവിക്കുന്നില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.