മഹത്തായ ഇന്ത്യൻ അടുക്കള
text_fields'േഗ്രറ്റ് ഇന്ത്യൻ കിച്ചൺ–മഹത്തായ ഇന്ത്യൻ അടുക്കള' എന്ന മലയാളസിനിമയാണ് കഴിഞ്ഞ കുറച്ചുദിനങ്ങളായി എവിടെയും ചർച്ച. മൂന്നുതരം അഭിപ്രായങ്ങളാണ് ഞാൻ ശ്രദ്ധിച്ചത്. ആദ്യത്തേത് സന്തോഷംകൊണ്ടും ഇഷ്ടംകൊണ്ടും സിനിമക്കും സംവിധായകൻ ജിയോ ബേബിക്കുമുള്ള നീണ്ട കൈയടിയാണ്. ആ സന്തോഷത്തോടൊപ്പമാണ് ഞാനും.
നാട്ടിൽ പരമ്പരാഗതമായി നടക്കുന്നതുപോലെതന്നെയാണ് സിനിമയിലെ നായകെൻറയും നായികയുടെയും വിവാഹം. പെണ്ണുകാണാൻ പോകുന്നു, ചായകുടിക്കുന്നു, അന്നേവരെ ഒരു പരിചയവുമില്ലാത്ത ആണും പെണ്ണും തമ്മിൽ കാണുന്നു, കാഴ്ചയിലും മറ്റും ഇഷ്ടപ്പെട്ടാൽ ആൺവീട്ടുകാർ വ്യവസ്ഥകൾ വെക്കുന്നു, പെൺവീട്ടുകാർ അതെല്ലാം സമ്മതിക്കുന്നു, വിവാഹം നടക്കുന്നു, പെൺകുട്ടി ഭർത്താവിെൻറ വീട്ടിലെത്തുന്നു. ഇനിയങ്ങോട്ടുള്ള ആദ്യദിവസം മുതൽ ഭർത്താവിെൻറ മുഴുവൻ കാര്യങ്ങളും നിഷ്ഠകളും ഭാര്യ സമയാസമയങ്ങളിൽ സേവികയെപ്പോലെ നിർവഹിക്കുന്നു. ഇതാണ് നമ്മുടെ രാജ്യത്തെ അംഗീകരിക്കപ്പെട്ട മഹത്തായ ദാമ്പത്യം.
ഈ മഹത്തായ ഇന്ത്യൻദാമ്പത്യം നിലനിന്നു പോരുന്നത് ഭാര്യമാർ അടുക്കളയിൽ ചെലവഴിക്കുന്ന അധ്വാനത്തിനു മുകളിലാണ്. ആ ജോലിക്ക് വിലയില്ല, ദൃശ്യതയില്ല, അംഗീകാരമില്ല എന്നൊക്കെ സ്ത്രീവിമോചനപ്രസ്ഥാനങ്ങൾ ഉറക്കെ പറഞ്ഞു തുടങ്ങിയിട്ട് കാലം കുറെയായി. ശാസ്ത്രസാഹിത്യ പരിഷത്തിെൻറ ശാസ്ത്രകലാജാഥയിൽ 80കളുടെ അവസാനകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം കളിച്ച തെരുവുനാടകത്തിെൻറ പേരുപോലും 'കാണാപ്പണിയുടെ തീക്കുണ്ഠം' എന്നായിരുന്നു. കണ്ണൂരിൽ ഫെമിനിസ്റ്റ് സംഘടന അടുക്കള അടച്ച് സമരവും നടത്തി. കെ. സരസ്വതി അമ്മ ബഹുമാനപ്പെട്ട അമ്മയെപ്പറ്റി കഥയെഴുതി. മാധവിക്കുട്ടി 'നെയ്പായസ'വും സാറാജോസഫ് 'സ്കൂട്ടറും' ബി.എം സുഹറ 'ഭ്രാന്തും' കഥയായെഴുതി. അടുക്കളയിൽ തേഞ്ഞുതീരുന്ന വീട്ടുപകരണമാണ് ഞാൻ എന്ന് സാവിത്രി രാജീവൻ കവിതയെഴുതി. ആണായും പെണ്ണായും കുറച്ചുപേർ ഇതൊക്കെ തിരിച്ചറിഞ്ഞ് ദാമ്പത്യജീവിതത്തെ മാറ്റിപ്പണിയാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോഴും ഭൂരിപക്ഷം പുരുഷൻമാരും സ്ത്രീകളും 'മഹത്തായ ദാമ്പത്യം' തന്നെ പിന്തുടരുന്നു. ഈ ദാമ്പത്യത്തിൽ വീട്ടുപണിയും അടുക്കളപ്പണിയും മാത്രമല്ല, കിടപ്പുമുറിയിൽ സ്ത്രീക്ക് ആസ്വദനീയമല്ലാത്തതും വേദനിപ്പിക്കുന്നതും കൂടിയായ, ചോദ്യംചെയ്യാനോ അഭിപ്രായം പറയാനോ പാടില്ലാത്ത ലൈംഗികസേവന ജോലിയുമുണ്ട്. അതിനിടയിലാണ് സ്ത്രീകൾ ഗർഭംധരിക്കുന്നതും പ്രസവിക്കുന്നതും. അതോടെ, ദാമ്പത്യത്തിൽനിന്ന് സ്ത്രീകൾക്ക് വിടുതൽ എളുപ്പമല്ല. വിദ്യാസമ്പന്നയെങ്കിലും അവളെ വരുമാനമുള്ള ജോലിക്ക് പുറത്തുവിടാതിരിക്കുകയാണ് വീടിെൻറ ഭദ്രതക്കുവേണ്ടി സാമ്പത്തികഭദ്രതയുള്ള മഹത്തായ കുടുംബങ്ങളിലെ കാരണവന്മാർക്ക് താൽപര്യം. ഇതൊരു വലിയ കെണിയാണ്. അതു പൊട്ടിച്ച് പുറത്തുവരാനും സ്വതന്ത്രമായി ശ്വാസമെടുക്കാനും അസാമാന്യമായ തിരിച്ചറിവ് വേണം. അത്തരം തിരിച്ചറിവ് സ്ത്രീകൾക്ക് മാത്രമല്ല, ഒട്ടേറെ പുരുഷൻമാർക്കും നൽകാൻ കഴിഞ്ഞിരിക്കുന്നു എന്നതാണ് ഈ സിനിമയെ ഏറ്റവും സാമൂഹികപ്രാധാന്യമുള്ളതാക്കുന്നത്.
വിവാഹം കഴിഞ്ഞു വന്നതുമുതൽ നിമിഷ അടുക്കളയിലാണ്. ഭർത്താവിെൻറ അമ്മയുടെ ലോകവും അടുക്കളയാണ്. ഏതാണ്ടെല്ലാ അമ്മമാരുടേതും പോലെ. ഭർത്താവിന് രാവിലെ പല്ലുതേക്കാൻ ബ്രഷ് എടുത്തുകൊടുക്കുന്ന, അദ്ദേഹം പുറത്തേക്കിറങ്ങാൻ നേരം മറ്റു പണിത്തിരക്കിനിടയിലും നിശ്ശബ്ദമായി ഓടിവന്ന് പാദരക്ഷകൾ കാലിനടുത്ത് കൊണ്ടുവന്നു വെക്കുന്ന ആ അമ്മ മഹത്തായ ഇന്ത്യൻസ്ത്രീയുടെ വാർപ്പുരൂപമായി സിനിമയിലുണ്ട്. സ്വന്തം മകൾക്ക് പ്രസവസമയമടുത്തതോടെ മകളുടെ വീട്ടിലേക്ക് ഭർത്താവിെൻറ അമ്മ പോകുന്നതോടെയാണ് അതുവരെയും അമ്മയോടൊപ്പം പങ്കിട്ട് ചെയ്തിരുന്ന ഭർതൃവീടിെൻറ അടുക്കളപ്പണികളും വീട്ടുജോലികളും മുഴുവനോടെ നിമിഷയെ ഗ്രസിക്കുന്നത്. വീട്ടിലെ പുരുഷന്മാരായ ഭർത്താവിെൻറയും അദ്ദേഹത്തിെൻറ അച്ഛെൻറയും മുഴുവൻ ആവശ്യങ്ങളും സമയം തെറ്റാതെ, അവരുടെ രുചികൾക്കും ശീലങ്ങൾക്കും അനുസരിച്ച് ചെയ്തുതീർക്കാൻ അടുക്കളയിലും വീടിനുള്ളിലും പിടഞ്ഞുനടക്കുന്ന നിമിഷയെ കണ്ട് സ്ത്രീകൾ തങ്ങളോരോരുത്തരുടെയും ജീവിതത്തിലേക്ക് അൽപം മാറിയിരുന്നു ഉറ്റുനോക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
സിനിമയുടെ പരിചരണത്തിൽ ഞാൻ ശ്രദ്ധിച്ചതും ഇഷ്ടപ്പെട്ടതുമായ പ്രധാനഘടകം ഇതാണ്. 'മഹത്തായ ഇന്ത്യൻ അടുക്കള' കണ്ടു കഴിഞ്ഞ സ്ത്രീകളുടെ ഉള്ളിലുണ്ടായിട്ടുള്ള തിരിച്ചറിവിനെ ഇല്ലാതാക്കാൻ ഒരുനാളും കഴിയുകയില്ല. ഒപ്പം, ഈ സിനിമ കണ്ടുകഴിഞ്ഞശേഷം ഒട്ടേറെ പുരുഷന്മാർ കുറ്റബോധംകൊണ്ടും ലജ്ജകൊണ്ടും തലകുനിക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ തുറന്നെഴുതി. അവരും സ്ത്രീകൾക്കൊപ്പം മാറ്റത്തിെൻറ സാധ്യതകളെ ചിന്തകളിൽ കൊണ്ടുനടക്കാനും ജീവിതത്തെ കുടുംബത്തിനുള്ളിൽ സ്ത്രീകൾക്കൊപ്പം ജനാധിപത്യപരമായി മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്നവരായിരിക്കും. യഥാർഥ രാഷ്ട്രീയസിനിമ നിർവഹിക്കേണ്ട കലാതത്ത്വമാണ് ജിയോ ബേബി പിന്തുടർന്നിരിക്കുന്നത്. അതാണ് ഈ സിനിമയുടെ ശക്തിയും സൗന്ദര്യവും.
അതേസമയം, സ്ത്രീ/പുരുഷൻ ബൈനറിയിലല്ല 'മഹത്തായ അടുക്കള'യുടെ പ്രമേയ ഉള്ളടക്കം. ഇന്ത്യൻ ബ്രാഹ്മണിക് പാട്രിയാർക്കിയുടെ മുഖത്തേക്കാണ് അടിസ്ഥാനപരമായി ഈ സിനിമ അടുക്കളയിലെ എച്ചിൽവെള്ളം എടുത്തൊഴിച്ചിരിക്കുന്നത്. ഏറ്റവും സമീപ സ്ത്രീസ്വാതന്ത്ര്യവാദത്തിലെ ഇൻറർസെക്ഷനാലിറ്റി എത്ര ശക്തമായിട്ടാണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്! തുടക്കത്തിലും ഉടനീളവുമുള്ള, മൃദുലാദേവി എഴുതിയ പറയരുടെ പാളുവഭാഷയിലെ പാട്ട് അതിെൻറ ഒരു തലം മാത്രം. സിനിമയുടെ കേന്ദ്രത്തിലേക്ക് പിന്നെയും പടരുന്ന മറ്റൊരു തലമായി വരുന്ന അയിത്തജാതി വിഭാഗത്തിലെ കഥാപാത്രമാണ് ഇടക്ക് സഹായിക്കാൻ വീട്ടുജോലിക്ക് എത്തിയ സ്ത്രീ. ശബരിമലക്ക് പോകാൻ ഭർത്താവും അച്ഛനും മാലയിട്ടിരിക്കുന്ന ഈ വീട്ടിൽ ആർത്തവസമയത്ത് നിമിഷയും അയിത്തക്കാരിയാണ്. തൊടാൻ പാടില്ലാത്തത്, ചെയ്യാൻ പാടില്ലാത്തത് എന്നതെല്ലാം ശാസനകളുടെ രൂപത്തിലാണ് അവളെ കൈകാര്യം ചെയ്യുന്നത്. പീരിയഡ്സ് ആയിരിക്കുമ്പോഴും ഇതുമാതിരി വീടുകളിലെ അടുക്കളയിൽ താൻ ജോലിചെയ്യാറുണ്ടെന്നും മറ്റും പറയുന്ന വീട്ടുപണിയിൽ സഹായിക്കാൻവന്ന സ്ത്രീയുടെ സംഭാഷണങ്ങൾ കേട്ട് നായിക 'ചേച്ചി പൊളിയാണല്ലോ' എന്ന് സന്തോഷത്തോടെ പറയുന്നുണ്ട്. മാത്രമല്ല, പാട്ടുപാടി ജോലിചെയ്യുന്ന ആ സഹായി സ്ത്രീയുടെ സാന്നിധ്യത്തിലാണ് അവൾ തുടർന്ന് ഉൗർജസ്വലതയോടെ ഒപ്പം ജോലികൾ എടുക്കുന്നതും.
സ്ത്രീയോ പുരുഷനോ അതായി മാത്രമല്ല ജീവിക്കുന്നത്. പുരുഷനെ അവെൻറ മതം, ജാതി, ആചാരം, വിശ്വാസം, വർഗാവസ്ഥ, സെക്ഷ്വാലിറ്റി തുടങ്ങി എന്തെല്ലാം സംവർഗങ്ങൾ ചേർന്നാണ് നിർമിച്ചെടുത്ത് താങ്ങിനിർത്തുന്നത്! അതിൽ പലതരം പ്രിവിലേജുകൾ ഒന്നിച്ച് ജന്മനാ കിട്ടിയവർ സ്ത്രീയുടെ നേർക്കു നടത്തുന്ന നിയന്ത്രണാധികാരത്തിെൻറ രൂപങ്ങളും വ്യത്യസ്തവും സങ്കീർണവുമായിരിക്കും എന്ന ഉപപാഠം സിനിമയിലുണ്ട്.
തങ്ങളുടെ സ്ത്രീലിംഗാവസ്ഥയുടെ പ്രിവിലേജ് ഇല്ലായ്മ പുരുഷാധികാര സമൂഹത്തിൽ എല്ലാ സ്ത്രീകളും പൊതുവായി അനുഭവിക്കുന്നതാണ്. ജീവശാസ്ത്രപരമായി സ്ത്രീശരീരത്തിെൻറ പ്രത്യേകതയിൽ കേന്ദ്രീകരിച്ചുതന്നെയാണ് പുരുഷെൻറ ശാരീരികാക്രമണങ്ങൾ, കീഴടക്കലുകൾ നടക്കുന്നത്. ബലാത്സംഗങ്ങളും മർദനവും സ്ത്രീശരീരത്തിൽ എളുപ്പം പുരുഷന് സ്ഥാപിക്കാൻ പറ്റുന്നത് ശരീരഘടനയിലെ വ്യത്യാസത്തിന്മേലാണ്. ഗർഭധാരണവും പ്രസവവും അവളെ സംബന്ധിച്ച് ശരീരത്തെ കൂടുതൽ ദുർബലമാക്കുന്ന അവസ്ഥകളാണ്. ആ പ്രകൃതിദത്തമായ സവിശേഷതയെയാണ് ലിംഗാധികാര പ്രയോഗത്തിനുള്ള സാധ്യതയായി പുരുഷൻ കണ്ടെടുത്തത്. മനുഷ്യർ പുരുഷകേന്ദ്രീകൃത പുരോഗതിയിലേക്കും വികസനത്തിലേക്കും ഉന്നതവിദ്യാഭ്യാസത്തിലേക്കും മറ്റും കുതിക്കും തോറും ബലാത്സംഗങ്ങളും സ്ത്രീകളുടെ അടുക്കളഭാരവും പോലും വളർന്നുവളർന്ന് ഇന്ന് ഈ രൂപത്തോളമെത്തി നിൽക്കുന്നു.
ഈ നല്ല സിനിമ കുടുംബസമേതം എല്ലാവരും കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ കാഴ്ചകളിലെ, ജീവിതത്തിലെ ഇരുട്ട് നീക്കാൻ അതു സഹായിക്കും. ലോക്ഡൗൺ കാലത്ത് മുഖ്യമന്ത്രി പറഞ്ഞപോലെ നമ്മുടെ പുരുഷന്മാർ അടുക്കള കൂടി പങ്കിടട്ടെ. സ്ത്രീകൾ പുറംലോകത്തെ ജോലികളും പങ്കിടട്ടെ.
രണ്ടാമത്തെ തരം അഭിപ്രായം ഒറ്റ വാചകത്തിൽ പറയാം. ആർത്തവം അശുദ്ധമായതിനാൽ ശബരിമലയിൽ സ്ത്രീകൾ പോകാൻ പാടില്ല എന്ന് ബഹളംവെച്ച് നാമജപഘോഷയാത്രകൾ നടത്തി സർക്കാറിനെ എതിരിട്ട സ്ത്രീകളുടേതുപോലെയുള്ള നിലപാടാണത്. ഞങ്ങടെ ഭർത്താവ് ഞങ്ങളെ തല്ലിയാ നിങ്ങൾക്കെന്താ നാട്ടാരേ എന്ന ഗതികെട്ട തിരിച്ചറിവില്ലായ്മയും നിസ്സഹായതയുമാണത്. മൂന്നാമത്തേത് പുരുഷാധികാരം അവകാശമാണെന്ന് തുറന്നുപറയുന്നതിൽ ഉൗറ്റംകൊള്ളുന്ന പുരുഷന്മാരുടെ വിഭാഗത്തിൽ നിന്നുയർന്നു വന്നിട്ടുള്ളതാണ്.
എന്തായാലും സ്ത്രീകളുടെ മുൻകാല സാഹിത്യത്തിനും ഫെമിനിസ്റ്റുകൾ തൊണ്ണൂറുകളിൽ നടത്തിയ അടുക്കളസമരത്തിനും ശബരിമലയിൽ ഒരുമിച്ച് കയറി ഐക്യപ്പെട്ട ബിന്ദു അമ്മിണി, കനകദുർഗ എന്നീ ദലിത്-സവർണ സ്ത്രീകൾക്കും ശേഷം പൊതുവെ, എല്ലാ സ്ത്രീകളുടെയും ഉള്ളിൽ പ്രതികരണബോധവും പലവിധ പൊട്ടിത്തെറികളും നടത്താൻ കെൽപുള്ള സിനിമയാണ് 'മഹത്തായ ഇന്ത്യൻ അടുക്കള'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.