വിശ്വാസമല്ല, വികസനമാകെട്ട തെരഞ്ഞെടുപ്പ് വിഷയം
text_fieldsഏപ്രിലിൽ നടക്കാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ബി.ജെ.പിയും കോൺഗ്രസ് മുന്നണിയും ഒരുപോലെ ഉപയോഗിക്കാൻ വീണ്ടും മൂർച്ചകൂട്ടുന്ന ആയുധം ശബരിമലയാണെന്ന് മനസ്സിലാകുന്നു. ആചാരങ്ങളും വിശ്വാസവും ആയുധമാക്കി വോട്ടുതേടുന്ന അധികാര രാഷ്ട്രീയക്കളി കേരളത്തിെൻറ അവശേഷിക്കുന്ന മതേതര സമൂഹാരോഗ്യത്തിന് കടുത്ത ഭീഷണിയാണെന്ന് മതേതര രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കണം. അടുത്ത അഞ്ചുവർഷം കഴിയുമ്പോഴേക്കും മറ്റു ന്യൂനപക്ഷ മതസ്ഥർക്കും ദലിതർക്കും സ്ത്രീകൾക്കും ഹിന്ദുത്വ ഫാഷിസം ഇന്ത്യയാകെ വിരിക്കുന്ന മരണവലയിലകപ്പെടാതെ, ഭയക്കാതെ ജീവിക്കാൻ കേരളം ഉണ്ടായിരിക്കണം എന്നത് ഇവരുടെ ചിന്തയിലുണ്ടായിരിക്കണം. തുറന്നുകൊടുത്ത ബാബരി മസ്ജിദിന് എന്തു സംഭവിച്ചുവെന്ന് ചരിത്രത്തിൽനിന്ന് പാഠം പഠിക്കേണ്ടതില്ലേ? കേന്ദ്രഭരണം നഷ്ടപ്പെട്ടു എന്നതു മാത്രമല്ല, ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തിനു കീഴിൽ രാജ്യം മുഴുവൻ നരകയാതനകളിലകപ്പെട്ടു എന്നതാണ് അതിെൻറ ദുരന്തം. പൗരത്വ ഭേദഗതി നിയമവും കാർഷിക നിയമങ്ങളും തൊഴിൽ നിയമവും തുടങ്ങി മുസ്ലിം മതന്യൂനപക്ഷങ്ങളും കർഷകരും തൊഴിലാളികളും ദലിതരും ആദിവാസികളും ദരിദ്രരും പണ്ഡിതരും എഴുത്തുകാരും വിദ്യാർഥികളുമടക്കം തെരുവുകളിലേക്കും ജയിലുകളിലേക്കും വലിച്ചിഴക്കപ്പെടുന്ന ഭീതിദമായ കാഴ്ചകളെ മുൻനിർത്തി ഇന്നത്തെ ഇന്ത്യയിൽ ശബരിമലക്കു ചുറ്റും സംസ്ഥാന തെരഞ്ഞെടുപ്പു രാഷ്ട്രീയം കളിക്കാൻ ഒരു സെക്കുലർ രാഷ്ട്രീയ മുന്നണിക്ക് സാധിക്കുമോ?
ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി ഹിന്ദുമതത്തിെൻറ പുരുഷാധികാര ശാസനങ്ങളെ തിരുത്താനും മനുഷ്യരെന്ന തുല്യനിലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെക്കൂടി ഉൾക്കൊള്ളാനും വേണ്ടിയുള്ള നിർണായക ഇടപെടലായിരുന്നു. അതിനെ പിന്തുണക്കുകയെന്ന ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തമാണ് സംസ്ഥാനം ഭരിക്കുന്ന മതേതര മൂല്യമുള്ള ജനാധിപത്യ സർക്കാർ ന്യായമായും ചെയ്യേണ്ടത്.
ഭരണഘടനപരമായ ചുമതല ഉൾക്കൊണ്ടുള്ള നിലപാടായിരുന്നു അത്. അതേത്തുടർന്നുണ്ടായ അക്രമസമരങ്ങൾ പുരോഗമന കേരളത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു. സ്ത്രീകളുടെ തല തേങ്ങകൊണ്ട് തല്ലിപ്പൊളിക്കാൻ ശ്രമിച്ചതു മുതൽ വലിയ അക്രമങ്ങൾ നടത്തിയവരുടെയൊക്കെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്ന് ഇപ്പോൾ പറയുന്നത് സ്ത്രീകളുടെ നേർക്കുള്ള വലിയ നീതിനിഷേധമല്ലേ?
വിശ്വാസം മാത്രം ഉയർത്തിപ്പിടിച്ച് വോട്ടുതേടുമ്പോൾ ഭരണഘടനപരമായ ലിംഗനീതി ആവശ്യമില്ലെന്നാണ് പ്രത്യക്ഷമായിത്തന്നെ പറയുന്നത്. മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ഭരണഘടനപരമായ നീതി ആവശ്യമില്ലെന്ന് ഹിന്ദുത്വ പാർട്ടികൾ പറയുന്നതും ഇതിനു സമാനമാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നു സ്ഥാപിക്കാൻ അവരുടെ ആചാര്യന്മാരും നേതാക്കളുമുണ്ടാക്കിയ മതാത്മക ഗ്രന്ഥങ്ങളെയും പ്രസംഗങ്ങളെയുമൊക്കെയാണ് അവർ ഉപയോഗിക്കുന്നത്. കേരളത്തിൽ അധികാരം കൊടുത്താൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിടുമെന്നും ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപിക്കുമെന്നും ബി.ജെ.പി പറയുന്നതിെൻറ മറുഭാഗമാണ് അവരുടെ അധികാരത്തിനു കീഴിൽ ജനാധിപത്യ രാഷ്ട്രം ഇല്ലാതാക്കുമെന്നും മതരാഷ്ട്രത്തിലേക്ക് ഇന്ത്യയെ മാറ്റുമെന്നും ഉള്ളത്.
അല്ലെങ്കിലും എത്രയോ മനുഷ്യവിരുദ്ധ ദുരാചാരങ്ങൾ മാറ്റിയെടുത്ത സംസ്ഥാനമാണ് കേരളം. ജാതി, മത, പുരുഷ ലിംഗാധിപത്യ ശാസനങ്ങളും അലിഖിത നിയമസംഹിതകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എല്ലാ കാലത്തേക്കും തുടരാനുള്ളതാണ് എന്ന അധികാരമോഹത്തെ ശക്തമായി എതിർത്ത നവോത്ഥാന മുന്നേറ്റങ്ങൾ മറക്കാനായിട്ടില്ല. ജാത്യാധിപത്യം അയിത്തം കൽപിച്ചപ്പോൾ ക്ഷേത്രങ്ങളിലേക്ക് പ്രവേശിച്ചു ക്ഷേത്രപ്രവേശനാവകാശം സ്വന്തമാക്കിയ ജനങ്ങളുടെ നാടാണിത്. ഉൽകൃഷ്ടമെന്ന് ഉദ്ഘോഷിച്ച വിശ്വാസം അന്നും വ്രണപ്പെട്ടിട്ടുണ്ട്. ജനാധിപത്യ സമൂഹത്തിനായുള്ള മുന്നോട്ടുപോക്കിൽ അതാര് കണക്കിലെടുക്കുന്നു! പത്തൊമ്പതാം നൂറ്റാണ്ടിൽ ജാതി ശാസനങ്ങൾക്കെതിരെ പതിറ്റാണ്ടുകളോളം മാറുമറയ്ക്കൽ, മേൽമുണ്ടു സമരം നടത്തി വിജയിച്ച സ്ത്രീകൾ മേൽക്കുപ്പായവും മേൽമുണ്ടും ധരിച്ചപ്പോഴും ഈ ജാതി ഹിന്ദു പുരുഷവികാരം വല്ലാതെ വ്രണപ്പെട്ടിട്ടുണ്ട്. കുപ്പായം ധരിച്ച സ്ത്രീകളെ ഉപദ്രവിക്കാൻ സ്ത്രീകളെത്തന്നെ ചട്ടുകങ്ങളാക്കിയിട്ടുമുണ്ട്.
നവോത്ഥാനകാലത്ത് മന്നത്തു പത്മനാഭൻ നേതൃത്വം കൊടുത്ത എൻ.എസ്.എസ് അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ജനാധിപത്യത്തിനായി നിലകൊണ്ടുവെങ്കിൽ ഇന്നത്തെ എൻ.എസ്.എസ് അന്ധവിശ്വാസത്തിനും അനാചാരത്തിനുംവേണ്ടി നിലകൊള്ളുന്നു എന്ന ദുരവസ്ഥയിലേക്ക് ജനങ്ങൾ കണ്ണുതുറന്നു നോക്കണം.
മതപുരുഷാധികാരത്തിെൻറ ഹിന്ദുത്വ താൽപര്യം മാത്രം നടപ്പാക്കുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറയുന്ന ശാസനങ്ങൾ കേരളത്തിൽ ജനാധിപത്യം ശക്തിപ്പെടണം എന്നാഗ്രഹിക്കുന്ന പൗരന്മാരാരും വിശേഷിച്ച് സ്ത്രീകളും ചിന്താശേഷിയുള്ള പുതുതലമുറയും വിലവെക്കില്ല. എന്നാൽ, അതേറ്റുപറയുന്ന മതേതര രാഷ്ട്രീയ നേതാക്കളെ കാണ്ടേണ്ടിവരുന്നത് ദുഃഖകരമാണ്. 'ഹേ റാം' എന്നു മാത്രം ഉരുവിട്ടിരുന്ന മഹാത്മ ഗാന്ധിയുടെ കാലത്തുനിന്ന് ജയ് ശ്രീറാം എന്നു വിളിക്കുന്ന നിലയിലേക്ക് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ വലിയ നേതാക്കൾ എത്തിപ്പെട്ടതിെൻറകൂടി പ്രതിഫലനമാണിത്.
ഹിന്ദുത്വ ഭരണത്തിനുള്ളിലെ അരക്ഷിതത്വത്തിൽനിന്ന് ഇന്ത്യയെ വിശേഷിച്ച് മതന്യൂനപക്ഷങ്ങളെ സമാധാനിപ്പിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളും പ്രവർത്തനങ്ങളുമാണ് കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജ്യം ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതിനായി പൂർവകാല തെറ്റുകൾ തിരുത്തുകയും താൽക്കാലിക അധികാരലാഭത്തിനു വേണ്ടിയുള്ള മതജാതി പ്രീണനനിലപാടുകൾ ഉപേക്ഷിക്കുകയും വേണ്ടതില്ലേ? ഹിന്ദുരാഷ്ട്രവാദത്തിെൻറ കെണികളിൽനിന്ന് ഇന്ത്യയെ തിരിച്ചുപിടിക്കാൻ ദേശീയതലത്തിൽ ഒന്നിച്ചു നിൽക്കേണ്ടവരാണ് കോൺഗ്രസും ഇടതുപക്ഷവും.
വികസനത്തെക്കുറിച്ചു സംസാരിക്കുന്നവരെ മാത്രമാണ്ഇനിയുള്ള കാലം ജനങ്ങൾ ചേർത്തുപിടിക്കേണ്ടത് എന്നു ഞാൻ കരുതുന്നു. അഞ്ചുവർഷം മുമ്പുള്ള കേരളത്തിലല്ല നമ്മളിപ്പോൾ ജീവിക്കുന്നത്. ലോകമെങ്ങും സംഭവിച്ചു കഴിഞ്ഞ കാലാവസ്ഥ വ്യതിയാനത്തിെൻറ ദുരന്തഭൂമിയാണിന്ന് കേരളവും. പ്രളയങ്ങളും ചുഴലിക്കാറ്റും വരൾച്ചയും മഹാമാരികളും ഇതിെൻറയെല്ലാം പ്രത്യാഘാതങ്ങളായി തകർന്നുപോകുന്ന സമ്പദ്വ്യവസ്ഥയുമാണ് മുന്നിലുള്ള യാഥാർഥ്യം. അതിനുള്ളിൽ ജനങ്ങളെ ചേർത്തുപിടിക്കാൻ, അതിജീവിക്കാൻ സഹായിക്കുക വിശ്വാസമല്ല, വികസനപ്രവർത്തനങ്ങൾ മാത്രമാണ്. ആരാധിക്കാൻ മനുഷ്യരുണ്ടെങ്കിലേ ദൈവങ്ങളുമുള്ളൂ.
മനുഷ്യനിർമിത കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങളോട് സമരസപ്പെടാനും കരകയറാനും മനുഷ്യരുടെയും ഒപ്പം സസ്യ-മൃഗജാലങ്ങളുടെയും ജീവനും അതിജീവനത്തിനുമുള്ള വികസന കാഴ്ചപ്പാടുകളും പരിപാടികളും മുൻഗണനകളും യുദ്ധകാലാടിസ്ഥാനത്തിൽ ഉയർന്നുവരേണ്ട സമയമാണിത്. തുല്യാവകാശങ്ങളുടെയും നീതിയുടെയും അടിസ്ഥാനത്തിലുള്ള സുസ്ഥിര വികസന നയവും പരിപാടികളുമാണ് രാഷ്ട്രീയ മുന്നണികൾക്ക് ഉണ്ടായിരിക്കേണ്ടത്. ഇക്കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ വിശ്വാസികളായ സ്ത്രീകളെ മുന്നിൽ നിർത്തിയുള്ള ശബരിമല നാമജപസമരങ്ങളും ഹിന്ദുത്വതാൽപര്യം നടപ്പാക്കാനുറച്ച ഒരുകൂട്ടം പുരുഷന്മാരുയർത്തിയ അക്രമഭീകരതകളും അരങ്ങേറിയെങ്കിലും കേരളം ഉലഞ്ഞുപോകാതെ പിടിച്ചുനിന്നത് എല്ലാ പ്രതിസന്ധികളിലും–ഓഖിയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും കോവിഡിലും– സമയബന്ധിതമായി വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയതുകൊണ്ടു മാത്രമാണ്. അതിനാൽ, വികസനത്തിനു പകരം വികസനം മാത്രമെന്ന ശക്തമായ അടിത്തറയും ആകർഷകമായ മേൽക്കൂരയുമില്ലാതെ കേരളത്തിൽ ഇനി രാഷ്ട്രീയമുന്നണികൾക്ക് മുന്നോട്ടുപോകാനാവില്ല.
ഭൗതികസൗകര്യ, സാമ്പത്തിക, സാമൂഹിക, മാനവശേഷി, പരിസ്ഥിതി രംഗങ്ങളിലെ വികസനത്തിനും ഇതിനെയെല്ലാം പരസ്പരം ബന്ധിപ്പിച്ചുള്ള സാംസ്കാരിക വികസനത്തിനും ഓരോ രാഷ്ട്രീയ മുന്നണിക്കും എന്തു പറയാനുണ്ട് എന്നാണ് ജനം നോക്കിയിരിക്കുന്നത്. കാലം തീർത്തും മാറിയിരിക്കുന്നു. ജനാധിപത്യ-മതേതര രാഷ്ട്രീയ പാർട്ടികൾ കാലത്തിനൊത്തുയരുകയും അടിമുടി നവീകരിക്കുകയും ചെയ്യണം. അന്ധവിശ്വാസവും അനാചാരങ്ങളും സാമൂഹിക വിഭജനവും തൊഴിലാളി, കർഷകേദ്രാഹവും ഭക്ഷ്യസുരക്ഷ തകർക്കലും പൊതുമുതൽ വിറ്റഴിക്കലും ജനാധിപത്യ ധ്വംസനവും വർഗീയത വളർത്തലും ഭരണഘടന സ്ഥാപനങ്ങളുടെ ദുരുപയോഗവും മനുഷ്യാവകാശ നിഷേധവും നീതിരാഹിത്യവും എല്ലാം ഉൾച്ചേർന്ന ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ കാലത്ത് ദയവുചെയ്ത് ശബരിമലയുടെ പേരിൽ വോട്ട് ചോദിച്ച് കോൺഗ്രസ് മുന്നണി ജനങ്ങൾക്കിടയിൽനിന്ന് വിശ്വാസ വിളവെടുപ്പ് നടത്താൻ ഒരുങ്ങരുത്. അങ്ങനെ ചെയ്യുന്ന ഹിന്ദുത്വ പാർട്ടികളെ യഥാർഥത്തിൽ പ്രതിരോധിക്കുകയാണ് വേണ്ടത്. ആത്മീയതയെന്നാൽ ജാതീയതയോ വർഗീയതയോ പുരുഷ ശാസനങ്ങളോ അല്ലെന്നിരിക്കെ തിരിച്ചറിവുള്ള സ്ത്രീകളുടെ ആത്മീയലോകത്തെയും ഭക്തിയെയും ആരാധനസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും തീരെ വിലകുറച്ച് കാണുകയുമരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.